ഞായര്‍ പ്രസംഗം 2, കൈത്താക്കാലം നാലാം ശനി ആഗസ്റ്റ് 15 ദൂരക്കാഴ്ചയില്ലാത്തവര്‍

അപ്പസ്‌തോലന്മാരുടെ ജീവിതസാക്ഷ്യം വഴിയും രക്തസാക്ഷികളുടെ ചുടുനിണം വീണും തഴച്ചുവളര്‍ന്ന് ഫലം ചൂടിനില്‍ക്കുന്ന സഭയെ ധ്യാനിക്കുന്ന കൈത്താക്കാലത്തിലെ അഞ്ചാമത്തെ ആഴ്ചയിലേയ്ക്കാണ് നാം ഇന്ന് പ്രവേശിക്കുന്നത്. ഇന്നത്തെ വചനവിചിന്തനത്തിനായി സഭാമാതാവ് നല്‍കിയിരിക്കുന്ന വചനഭാഗം നമുക്കേവര്‍ക്കും സുപരിചിതമാണ്. വി. ലൂക്കായുടെ സുവിശേഷം 16-ാം അദ്ധ്യായത്തില്‍ വിവരിക്കുന്ന ധനവാന്റെയും ലാസറിന്റെയും ഉപമ. ഇരുതല മൂര്‍ച്ചയുള്ള വാള്‍ പോലെയുള്ള ഉപമ എന്നാണ് വി. തെര്‍തുല്യന്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

ഭൗതികസമ്പത്തിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും അതിലുപരി മരണമെന്ന യാഥാര്‍ത്ഥ്യത്തിന്റെ വാതിലിനപ്പുറം എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നും നമ്മെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ സുവിശേഷഭാഗം. അതിനാല്‍ത്തന്നെ എക്കാലത്തും ധനവാന്റെയും ലാസറിന്റെയും ഉപമയ്ക്ക് ഒരു കാലികപ്രസക്തിയുണ്ട്. കാരണം, ഭൗതികസമ്പത്തിനെ, നിത്യകൂടാരം നേടിത്തരുവാനുള്ള ഒരു ഉപാധിയാക്കണമെന്ന് ഈ സുവിശേഷഭാഗത്തിലൂടെ ഈശോ നമ്മെ പഠിപ്പിക്കുന്നു.

ബാംഗ്ലൂരിലെ എന്റെ തത്വശാസ്ത്ര പഠനകാലത്ത് പങ്കെടുത്ത ഒരു വാര്‍ഷികധ്യാനത്തിനിടയില്‍, ധ്യാനഗുരു പാപത്തെ നിര്‍വചിക്കുന്നത് കേട്ടത് ഇപ്രകാരമായിരുന്നു: ‘ഒരുവന്റെ ദൂരക്കാഴ്ച നഷ്ടപ്പെടുന്നതാണ് പാപം’ എന്നാണ്. ഇന്നത്തെ ഈ സുവിശേഷഭാഗത്തെയും അത്തരത്തില്‍ നിര്‍വചിക്കുകയാണ് ഉചിതമെന്നു തോന്നുകയാണ്. അതായത്, ദൂരക്കാഴ്ച നഷ്ടപ്പെട്ട ധനികനായ ഒരു വിശ്വാസിയുടെ പറുദീസാനഷ്ടത്തെക്കുറിച്ചുള്ള തേങ്ങലാണ് ഈ ഉപമ.

സ്വര്‍ഗ്ഗത്തോളം എത്തിനില്‍ക്കുന്ന വീക്ഷണമുള്ളവനായിരിക്കണം (ദൂരക്കാഴ്ച) ഒരു വിശ്വാസി. ഈ ലോകത്തിലെ സാഹസമൊക്കെയും അവിടേയ്‌ക്കെത്തിപ്പെടുവാനുള്ളതായിരിക്കണം. ഈ ഉപമയിലെ ധനവാന്‍, തെരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ പ്രതീകമായിരുന്നു എന്നത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. അത് നമുക്ക് മനസ്സിലാകുന്നത് പിതാവായ അബ്രഹാത്തിനെ ധനവാന്‍, ‘പിതാവേ’ എന്നു വിളിക്കുമ്പോള്‍ അബ്രാഹം തിരിച്ചുവിളിക്കുന്നത് ‘മകനേ’ എന്നാണ്.

ദൈവത്തിന്റെ വാഗ്ദാനമായ നിത്യരക്ഷ കൈവശപ്പെടുത്താന്‍ അര്‍ഹതയും അവകാശവുമുള്ള ആളായിരുന്നു ഈ ധനവാന്‍. എന്നിട്ടും നരകാഗ്നിക്ക് ഇരയായി. വിദൂരതയിലുള്ള നഷ്ടസ്വര്‍ഗ്ഗത്തെ നോക്കി വിലപിക്കുന്ന ധനവാന്‍, നമ്മുടെ മനഃസാക്ഷിയെ ഉണര്‍ത്താന്‍ ഈശോ നല്‍കുന്ന ഒരു താക്കീതാണിത്. ദൂരക്കാഴ്ചയില്ലാതെ ഈ ലോകത്തിലെ ജീവിതം ഇവിടം കൊണ്ടു തീരുമെന്നു കരുതി നമുക്ക് ലഭിച്ച ദൈവത്തിന്റെ കൃപാദാനങ്ങള്‍ നാം ചൂഷണം ചെയ്താല്‍, അവയൊന്നും നിത്യരക്ഷ നേടിത്തരാന്‍ നമ്മെ സഹായിക്കില്ലെന്ന് ഈ ഉപമ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ഈ വചനഭാഗങ്ങളിലൂടെ കടന്നുപോകുമ്പോഴൊക്കെ നമ്മുടെ മനസ്സില്‍ തോന്നിയേക്കാവുന്ന ഒരു ചോദ്യമാണ്, എന്താണ് ധനവാന്‍ ചെയ്ത തെറ്റ്? അയാള്‍ ആരെയും വഞ്ചിക്കുകയോ, ചതിക്കുകയോ, പിടിച്ചുപറിക്കുകയോ, വ്യഭിചാരം ചെയ്യുകയോ ചെയ്തിട്ടില്ല. അയാള്‍ അയാള്‍ക്കുള്ള വസ്തുവകകള്‍ മത്രമാണ് ഉപയോഗിച്ചിട്ടുള്ളതും. പിന്നെ എന്താണ് ധനവാന്റെ കുറ്റം? അതിന് ഉത്തരമറിയണമെങ്കില്‍ യാക്കോബ് ശ്ലീഹായുടെ ലേഖനം 4-ാം അദ്ധ്യായം 17-ാം വാക്യം വായിക്കണം. ‘ചെയ്യേണ്ട നന്മ എന്താണെന്നറിഞ്ഞിട്ടും അത് ചെയ്യാതിരിക്കുന്നവന്‍ പാപം ചെയ്യുന്നു.’ ഇതാണ് ധനവാന്റെ ദുരിതത്തിനു കാരണമായ തെറ്റ്. തന്റെ വസ്തുവകകള്‍ ഉപയോഗിച്ചതുകൊണ്ടല്ല, തനിക്ക് ചെയ്യാമായിരുന്ന നന്മ ചെയ്യാതെ അത് അര്‍ഹതപ്പെട്ടവന് നിരസിച്ചതാണ് ധനവാന്റെ തെറ്റ്. കുനിഞ്ഞ ശിരസ്സും ഒട്ടിയ വയറുമായി നമ്മുടെ കരുണയ്ക്ക് അര്‍ഹതപ്പെട്ട് കാത്തുനില്‍ക്കുന്നവന് ലഭിക്കേണ്ട നീതി നമ്മള്‍ ഇല്ലാതാക്കരുത്. എന്ന് വചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ആദ്യവായനയില്‍ ലേവ്യരുടെ പുസ്തകത്തില്‍, ദൈവം ഇസ്രായേല്‍ ജനത്തോട് കല്‍പിക്കുന്നത് നാം വായിച്ചുകേട്ടു: “ഏഴു ദിവസത്തേയ്ക്ക് നിങ്ങള്‍ കൂടാരങ്ങളില്‍ വസിക്കണം.” ദൈവത്തിന്റെ വാഗ്ദാനമനുസരിച്ച് തേനും പാലും ഒഴുകുന്ന നാട്ടിലെത്തി യ ദൈവത്തിന്റെ സ്വന്തം ജനം. തങ്ങളുടെ ജീവിതത്തിന്റെ സമൃദ്ധിയില്‍ തങ്ങളെത്തന്നെ മറക്കാതിരിക്കാനും ഈജിപ്തിലെ കഠിനയാതനകളില്‍ നിന്ന് തങ്ങളെ രക്ഷിച്ച ദൈവത്തിന്റെ കാരുണ്യം അനുസ്മരിക്കാനും കൂടാരങ്ങളില്‍ വസിക്കുമ്പോള്‍ ഇടയാകും.

രണ്ടാം വായനയില്‍ ഏശയ്യാ പ്രവാചകന്‍ പറഞ്ഞുവയ്ക്കുന്നു: “അതിനാല്‍ നിങ്ങള്‍ നിന്ദിക്കരുത്. നിങ്ങളുടെ ബന്ധനങ്ങള്‍ കഠിനമാകും.” ഇന്നത്തെ വായനകളിലെ എല്ലാ സൂചനകളും ധനവാന്റെയും ലാസറിന്റെയും ഉപമയിലൂടെ ഈശോ കൂടുതല്‍ വ്യക്തമാക്കിത്തരികയാണ്. ദൈവമാണ് നമുക്ക് സര്‍വ്വസമ്പത്തും സുഖസൗകര്യങ്ങളുമൊരുക്കുന്നത്. എന്നാല്‍, അത് നമുക്കുവേണ്ടി മാത്രമുള്ളതല്ല. നമ്മുടെ ജീവിതങ്ങളുടെ പടിവാതില്‍ക്കല്‍ കിടക്കുന്ന ദരിദ്രര്‍ക്കു വേണ്ടിക്കൂടിയുള്ളതാണ് എന്ന്. ആരെയും നിന്ദിക്കാതെ എല്ലാവരും ദൈവത്തിന് പ്രിയമുള്ളവരാണ് എന്നു കരുതി ബഹുമാനിക്കണമെന്നാണ് ധനവാന്റെ പതനത്തില്‍ നിന്നും നാം പഠിക്കേണ്ട ഒരു പാഠം.

കഥയിലെ ലാസറിന്റെ ജീവിതത്തിലേയ്ക്ക് വരുമ്പോള്‍, അയാളുടെ പേര് പോലും ‘ദൈവം സഹായിക്കുന്നവന്‍’ എന്നര്‍ത്ഥം വരുന്നതാണ്. വേറെയാരും അവനെ സഹായിക്കുവാനായി ഈ ഭൂമിയിലില്ലായിരുന്നുവെന്ന് വചനം സാക്ഷ്യപ്പെടുത്തുന്നു. ലാസറിന്റെ ഒരു പ്ലസ് പോയിന്റ് ആയി ഈ ഉപമയില്‍ കാണുന്നത്, അയാള്‍ ആരെയും കുറ്റപ്പെടുത്തുകയോ, പഴി പറയുകയോ ചെയ്യുന്നില്ല. വ്രണങ്ങള്‍ നക്കാന്‍ വന്ന നായ്ക്കളെയൊട്ട് ആട്ടിയോടിക്കുന്നുമില്ല. തന്റെ ദുരിതങ്ങളെ ഒരു ശാപമായിക്കാണുകയോ, ദൈവത്തെ തള്ളിപ്പറയുകയോ ചെയ്തില്ല. ധനവാന്റെ അവഗണനയ്‌ക്കെതിരായി അയാള്‍ പ്രകടനം നടത്തി അവകാശം നേടിയെടുക്കാന്‍ ശ്രമിച്ചതുമില്ല. ഒരുപക്ഷേ, നിത്യരക്ഷയെക്കുറിച്ചുള്ള ദൂരക്കാഴ്ച ഉള്ളതുകൊണ്ടായിരിക്കണം നശ്വരമായ ഈ ലോകത്തിലെ സഹനങ്ങള്‍ അയാളെ തളര്‍ത്താതിരുന്നത്.
പ്രതികൂല സാഹചര്യങ്ങളില്‍ മനസ്സ് അസ്വസ്ഥതയുടെ മൂടുപടങ്ങളില്‍പ്പെട്ട് വല്ലാതെ ഒറ്റപ്പെട്ടുപോകുമ്പോള്‍ നമുക്ക് ഈ ലാസറിനെ മാതൃകയാക്കാം. പ്രതിസന്ധികളില്‍ തളരാതെ ദൈവത്തിന്റെ കൃപയ്ക്കും കരുണയ്ക്കും വേണ്ടി കാത്തുനില്‍ക്കാന്‍ നമുക്ക് കഴിയട്ടെ. ഇന്ന് ഈ ഉപമയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മുടെയുള്ളില്‍ നാം രൂപപ്പെടുത്തേണ്ട ചിന്ത ഇതായിരിക്കട്ടെ. ഈ ഭൂമിയില്‍ മാത്രം അവസാനിക്കേണ്ടവരല്ല നമ്മള്‍. നമുക്ക് മുന്നോട്ട് ഇനിയും പോകാനുണ്ട്. സ്വര്‍ഗ്ഗത്തിലെത്തുംവരെ നമ്മുടെ യാത്രയ്ക്ക് തടസ്സമായ യാതൊന്നിനെയും കൂടെ കൂട്ടരുത്. ദൂരക്കാഴ്ചയുള്ളവരായി ജീവിക്കുമ്പോഴാണ് നമ്മുടെ ജീവിതത്തെ കൂടുതല്‍ ക്രമപ്പെടുത്താന്‍ നമുക്ക് കഴിയുന്നത്.

ദൈവമാണ് നമുക്ക് സര്‍വ്വസമ്പത്തും ഐശ്വര്യങ്ങളും നല്‍കുന്നത്. അത് നമ്മള്‍ മറ്റുള്ളവര്‍ക്ക് പങ്കുവയ്ക്കാന്‍ കൂടിയുള്ളതാണ്. നമ്മുടെ ഭൗതികസമ്പത്തുകള്‍ നമ്മുടെ സ്വര്‍ഗ്ഗപ്രാപ്തിക്ക് ഒരു തടസ്സമായി മാറാതെ അവയെ വിവേകത്തോടെ കൈകാര്യം ചെയ്ത് സ്വര്‍ഗ്ഗം കരസ്ഥമാക്കാം. ഒപ്പം ഈ ഉപമ പറഞ്ഞുവയ്ക്കുന്ന മറ്റൊരു സൂചന, ജീവിതനവീകരണത്തിന് അസാധാരണമായ മാര്‍ഗ്ഗം ഉപയോഗിക്കാതെ ലഭ്യമായിരിക്കുന്ന ധാര്‍മ്മിക നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ജീവിച്ച് രക്ഷ പ്രാപിക്കുക. അത്ഭുതങ്ങള്‍ക്കുവേണ്ടി കാത്തുനില്‍ക്കാതെ നമുക്ക് ലഭിച്ചിരിക്കുന്ന സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി രക്ഷ പ്രാപിക്കുക.

നാം അര്‍പ്പിച്ചുകൊണ്ടിരിക്കുന്ന ഊ ദിവ്യബലി നമുക്കുവേണ്ടി ദൈവം ഒരുക്കിയ തിരുപ്പാഥേയമാണ്. സ്വര്‍ഗ്ഗീയ യാത്രയില്‍ കരുത്തോടെ മുന്നേറാന്‍ ഈ ഭക്ഷണം നമ്മെ സഹായിക്കും. സ്വര്‍ഗ്ഗത്തോളം എത്തിനില്‍ക്കുന്ന ദൂരക്കാഴ്ചയുടെ ഉടമകളാകാന്‍ വിശുദ്ധ കുര്‍ബാനയാകുന്ന ദൂരദര്‍ശനിയിലൂടെ നോക്കിക്കാണാന്‍ സ്വര്‍ഗ്ഗീയാനുഭവത്തിന്റെ മുന്നാസ്വാദനമായി ഈ വിരുന്ന് ദൂരക്കാഴ്ചയുള്ളവരായി ജീവിക്കാന്‍ നമ്മെ സഹായിക്കും. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേന്‍.

ബ്ര. പ്രവീണ്‍ പുത്തന്‍പുരയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.