ഞായര്‍ പ്രസംഗം ഉയിര്‍പ്പ് 2-ാം ഞായര്‍ ഏപ്രില്‍ 11 യോഹ. 20: 19-31 തോമാശ്ലീഹായുടെ വിശ്വാസ പ്രഖ്യാപനം

പ്രതീക്ഷയുടെ സ്വപ്നകൂടാരങ്ങള്‍ തകര്‍ന്നടിഞ്ഞ ഒരുപറ്റം മനുഷ്യരുടെ കൂട്ടായ്മ; രാജ്യം സ്ഥാപിക്കുമെന്ന് അവകാശപ്പെട്ട രാജാവിന്റെ പിന്നാലെ നടന്നതിന്റെ നഷ്ടദുഃഖം മാത്രം ബാക്കിയുള്ളവരുടെ ഒത്തുചേരല്‍. മൂന്നു വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടതിലും വലുതാണ് തങ്ങളുടെ ആത്മാഭിമാനത്തിനേറ്റ മുറിപ്പാടുകള്‍. ആദര്‍ശങ്ങളുടെ അടിത്തറയ്ക്ക് ഇളക്കം തട്ടിയോ? ആവേശത്തോടെ ഉപേക്ഷിച്ചുകളഞ്ഞ വള്ളവും വലയും ഗലീലിയുടെ തീരങ്ങളില്‍ ചോദ്യഛിഹ്നങ്ങളായി മാറി. നഷ്ടപ്പെട്ട സമ്പന്നതയുടെ നാണയക്കിലുക്കങ്ങള്‍ കാതുകളില്‍ പരാജിതന്റെ ആര്‍ത്തനാദങ്ങളായി. മൂന്ന് വര്‍ഷത്തെ ജീവിതശൈലി കൊണ്ട് അകന്നുപോയ ബന്ധങ്ങളുടെ ചങ്ങലക്കണ്ണികള്‍. മാതാപിതാക്കള്‍, ഭാര്യ, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ പിന്നെ പരാജിതന്റെ പരിവേഷം.

ആകെ അസ്വസ്ഥത, അസ്ഥിരത, ഭയം, പ്രതീക്ഷയുടെ തിരിനാളത്തെ തല്ലിക്കെടുത്തുന്ന അവ്യക്തത. ഈ അവസ്ഥയില്‍ ശാശ്വതമായ സമാധാനത്തിന്റെയും ആനന്ദത്തിന്റെയും സന്ദേശമായി ഈശോ അവരുടെ മധ്യേ പ്രത്യക്ഷനാകുന്നു. ഈ അവസരത്തില്‍ അവിടെ ഇല്ലാതിരുന്ന തോമാശ്ലീഹാ, യേശുവിനെ നേരില്‍ക്കാണാന്‍ ശഠിക്കുന്നു. ഈശോ അവന്റെ ആഗ്രഹം സാധിച്ചുകൊടുക്കുന്നു. “നീ എന്നെ കണ്ടതുകൊണ്ട് വിശ്വസിച്ചു. കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍” (യോഹ. 20:29). ഉത്ഥിതന്റെ വാക്കുകളില്‍, കണ്ടുവിശ്വസിച്ച തോമായും കാണാതെ വിശ്വസിച്ച നമ്മളും ഭാഗ്യവാന്മാരായി. ക്രൈസ്തവജീവിതത്തിന്റെ സമ്പന്നത, ഉത്ഥിതനില്‍ വിശ്വസിക്കുവാന്‍ സാധിക്കുക എന്നതു തന്നെയാണ്. വിശ്വാസത്തിന്റെ സൗഭാഗ്യം അനുദിനജീവിതത്തില്‍ നിറസാന്നിധ്യമായി അനുഭവിക്കുവാന്‍ കൃപ നല്‍കേണമെ എന്നതായിരിക്കട്ടെ നമ്മുടെ പ്രാര്‍ത്ഥന.

വിശ്വാസം ഏറ്റുപറയുന്നതിനു മുമ്പ് തോമാശ്ലീഹാ ഏറ്റുപറഞ്ഞത് തന്റെ അവിശ്വാസം തന്നെയായിരുന്നു. ‘ഞാന്‍ വിശ്വസിക്കില്ല.’ തന്റെ അവിശ്വാസത്തെ മൂടിവയ്ക്കാതെ അത് തുറന്നുപറഞ്ഞ തോമസ് വിശ്വാസമില്ലാതെ, വിശ്വാസിയായി അഭിനയിക്കാന്‍ തയ്യാറല്ല. ഇത് പണ്ടേയുള്ള സ്വഭാവം തന്നെ. ‘ഞാന്‍ പോകുന്നിടത്തേയ്ക്കുള്ള വഴി നിങ്ങള്‍ക്കറിയാം’ എന്ന് യേശു പറഞ്ഞപ്പോള്‍ ‘നീ എവിടെ പോകുന്നുവെന്നത് അറിയാതിരിക്കെ അങ്ങോട്ടുള്ള വഴി ഞങ്ങളെങ്ങനെ അറിയും’ എന്ന് ചോദിക്കുന്ന തോമസിനെ നാം കാണുന്നു. അറിയാത്തത് അറിയാമെന്നും കഴിയാത്തത് കഴിയുമെന്നും വിചാരിക്കുന്ന നമുക്ക് തോമാശ്ലീഹാ വെല്ലുവിളി തന്നെയാണ്.

അകത്തും പുറത്തും ഒരുപോലെ പരമാര്‍ത്ഥത മുറ്റിനില്‍ക്കുന്ന സത്യവാനെയാണ് തോമസില്‍ നാം കാണുക. ഈ ഹൃദയപരമാര്‍ത്ഥത തന്നെയാണ് തോമസിനെ മാത്രം പ്രത്യേകം ക്ഷണിക്കാന്‍ കര്‍ത്താവിനെ പ്രേരിപ്പിച്ചതും. മറ്റൊരു ശിഷ്യര്‍ക്കും ഇതുപോലൊരു ക്ഷണം കിട്ടിയിട്ടില്ല. കര്‍ത്താവിന്റെ മാറില്‍ ചാരിക്കിടന്ന യോഹന്നാനു പോലും കിട്ടാത്ത അനുഭവം. ഹൃദയപരമാര്‍ത്ഥതയ്ക്ക് ദൈവം നല്‍കുന്ന സമ്മാനം വലുതാണ്.

അത്ഭുതം കാണാന്‍ ഓടിനടക്കുന്ന ജനത്തിന് വെല്ലുവിളിയാണ് തോമാശ്ലീഹായുടെ ചെയ്തികള്‍. കര്‍ത്താവിന്റെ വിലാവിലെ മുറിവുകള്‍ കാണാന്‍ കൊതിച്ച ശിഷ്യന്‍. കര്‍ത്താവിന്റെ പാര്‍ശ്വത്തിലെ മുറിവുകള്‍ കണ്ട് അതില്‍ കൈവിരലിടണം എന്ന് ശഠിച്ചവനു മുമ്പില്‍ അത്ഭുതം കാണിച്ച് പ്രത്യക്ഷപ്പെട്ട ഈശോ. അത്ഭുതങ്ങളെ ആഗ്രഹിക്കുമ്പോഴല്ല ഈശോ അത്ഭുതം ചെയ്യുന്നതെന്ന് ഓര്‍ക്കുക. സഹനങ്ങളെയും മുറിവുകളെയും തന്റെ ജീവിതത്തില്‍ ആവോളം ആഗ്രഹിക്കുന്നവര്‍ക്കു മുമ്പില്‍ ഈശോ അത്ഭുതം ചെയ്യുമെന്ന് തീര്‍ച്ചയാണ്. ഇതാണ് ഈ വചനഭാഗത്തിലൂടെ വെളിവാകുന്നത്.

ഹേറോദോസ് രാജാവ്, കര്‍ത്താവിന്റെ ഒരു അത്ഭുതമെങ്കിലും കാണാന്‍ ആഗ്രഹിച്ചവനാണ്. അത്ഭുതം പ്രവര്‍ത്തിച്ചാല്‍ ഈശോ മോചിതനാകുമായിരുന്നു. പക്ഷേ, അവിടുന്ന് അത്ഭുതം ചെയ്തില്ല. കുരിശില്‍ കിടക്കുന്ന യേശുവിനോട് ഇടതുഭാഗത്തെ കള്ളന്‍ പറയുന്നു: “നീ അത്ഭുതം പ്രവര്‍ത്തിച്ച് ഞങ്ങളെയും നിന്നെയും രക്ഷിക്ക.” ഈശോ അത്ഭുതം പ്രവര്‍ത്തിച്ചില്ല. എന്നാല്‍, മുറിവുകളെ കാണാന്‍, കര്‍ത്താവിന്റെ സഹനങ്ങളെ സ്വന്തമാക്കാന്‍ ആഗ്രഹിച്ച തോമസിന്റെയടുത്ത് പ്രത്യക്ഷപ്പെടുന്നതാണ് ഈശോയുടെ അത്ഭുതം.

പത്തനംതിട്ടയ്ക്കടുത്ത് നടന്ന ഒരു സംഭവം ഓര്‍ക്കുന്നു. ഒരു യുവതിക്ക് ദേഹമാസകലം വ്രണങ്ങള്‍. അത് പഴുത്തൊലിച്ച് ദുര്‍ഗന്ധം. അതിലേറെ അവളെ വേദനിപ്പിച്ചത് ‘ഇവള്‍ മരിച്ചുപോയിരുന്നെങ്കില്‍’ എന്ന് മറ്റൊരാളോട് പറഞ്ഞ അവളുടെ അമ്മയുടെ വാക്കുകളാണ്. ഒരു ദിവസം അവളെ കാണാന്‍ അവളുടെ ഏറ്റവുമടുത്ത കൂട്ടുകാരി വന്നു. അമ്മയുടെ വാക്കിലുള്ള അസഹ്യമായ വേദനയും ജീവിതത്തോടുള്ള മടുപ്പും മൂലം തന്റെ ജീവിതം അവസാനിപ്പിക്കും എന്ന് അവള്‍ കൂട്ടുകാരിയോട് പറഞ്ഞു. ‘നാളെ ഞാന്‍ മരിച്ചെന്ന് നീ കേള്‍ക്കും!’ അവളെ തന്നാല്‍ കഴിയുംവിധം ആശ്വസിപ്പിച്ച് കൂട്ടുകാരി നേരെ പോയത് അടുത്ത ദൈവാലയത്തിലേയ്ക്കാണ്. അവിടെ കയറി ക്രൂശിതരൂപത്തിന് മുന്നില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. ‘ഈശോയെ, എന്റെ കൂട്ടുകാരിക്കെന്തിനാണ് താങ്ങാനാവുന്നതില്‍പ്പരം മുറിവുകള്‍ കൊടുക്കുന്നത്. ആ മുറിവുകള്‍ എനിക്ക് തരിക. ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കാം.’ അവള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ ദേമാസകലം വ്രണങ്ങള്‍ അവള്‍ക്ക് കിട്ടി. അതേ നിമിഷം അത്ഭുതകരമായി അവളുടെ കൂട്ടുകാരിയുടെ രോഗാവസ്ഥ വിട്ടുമാറിയെന്ന് അവള്‍ അറിഞ്ഞു. രണ്ട് ആഴ്ച്ചയ്ക്കുള്ളില്‍ കൂട്ടുകാരിയുടെ രോഗാവസ്ഥയും മാറി.

മുറിവുകളെ ചോദിച്ചുവാങ്ങിയപ്പോള്‍ അത്ഭുതം നടക്കുന്നത് നാം മനസ്സിലാക്കണം. അതുകൊണ്ട് നമ്മുടെ ജീവിതത്തില്‍ സഹനങ്ങളെ ചോദിച്ചുവാങ്ങുക. അപ്പോള്‍ അത്ഭുതം കാണാം. അല്ലാതെ അത്ഭുതം കാണാനായി ഓടിനടക്കരുത്.

ബ്ര. റിച്ചാര്‍ഡ് വാരിക്കാശ്ശേരില്‍ MCBS