ഞായര്‍ പ്രസംഗം ദനഹാ മൂന്നാം ഞായര്‍ ജനുവരി 17 യോഹ. 1: 29-34 ദൈവത്തിന്റെ കുഞ്ഞാട്

ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍

ഈശോമിശിഹാ ലോകത്തിനു വെളിപ്പെടുന്നതിനെക്കുറിച്ചാണല്ലോ ദനഹാക്കാലത്ത് നമ്മള്‍ ധ്യാനിക്കുന്നത്. പിതാവായ ദൈവവും പരിശുദ്ധ റൂഹായും ചേര്‍ന്ന് ഈശോയുടെ മാമ്മോദീസാ വേളയില്‍ അവിടുത്തെ ദൈവപുത്രത്വം വെളിപ്പെടുത്തുന്നത് ദനഹാത്തിരുനാളില്‍ നമ്മള്‍ കണ്ടതാണ്. ഈ രംഗത്തിന് ഏറ്റവും അടുത്ത സാക്ഷി ഈശോയെ മാമ്മോദീസാ മുക്കിയ യോഹന്നാന്‍ മാംദാനയാണ്. ഈശോയ്ക്ക് വഴിയൊരുക്കുവാനായി അവിടുത്തേക്കു മുമ്പേ പിതാവിനാല്‍ അയയ്ക്കപ്പെട്ട യോഹന്നാന്‍, താന്‍ ദൃക്‌സാക്ഷിയായ സംഭവത്തെക്കുറിച്ച് വിവരിച്ചുകൊണ്ട് മിശിഹായെ ലോകത്തിനു വെളിപ്പെടുത്തുന്നതാണ് ഇന്നത്തെ ധ്യാനവിഷയം (യോഹ. 1:29-34).

നാലു കാര്യങ്ങളാണ് ഈശോയെക്കുറിച്ച് യോഹന്നാന്‍ സ്‌നാപകന് സാക്ഷ്യപ്പെടുത്തുവാന്‍ ഉണ്ടായിരുന്നത്:

ഈശോ ദൈവത്തിന്റെ കുഞ്ഞാടാണ്, അവിടുന്ന് അനാദി മുതലേ ഉള്ളവനാണ്, പരിശുദ്ധാരൂപിയാല്‍ സ്‌നാനം നല്‍കുന്നവനാണ് അവിടുന്ന്, അവിടുന്ന് ദൈവപുത്രനാണ്.

ഈശോ ദൈവത്തിന്റെ കുഞ്ഞാട്

യോഹന്നാന്‍ മാംദാന ഈശോയെ തന്റെ ശ്രോതാക്കള്‍ക്ക് പരിചയപ്പെടുത്തുന്നത്, ‘ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്’ എന്ന ആമുഖത്തോടെയാണ്. ഈശോയുടെ മനുഷ്യാവതാരലക്ഷ്യം മുഴുവന്‍ വ്യക്തമാക്കുന്ന ഒരു പ്രസ്താവനായാണിത്. പൗരസ്ത്യ സഭാപിതാവായ മാര്‍ അപ്രേമിന്റെ അഭിപ്രായത്തില്‍, അബ്രാഹത്തിന്റെ ദാസനായ ഏലയാസര്‍ ഇസഹാക്കിനെ ഭാവിവധുവായ റബേക്കായ്ക്ക് കിണറ്റുകരയില്‍ വച്ച് പരിചയപ്പെടുത്തിയതു പോലെയാണ് (ഉല്‍. 24:1-67), സ്‌നാപകയോഹന്നാന്‍ ഈശോയെ അവിടുന്നില്‍ വിശ്വസിക്കാനിരുന്ന ജനത്തിന് പരിചയപ്പെടുത്തിയത്. അതുപോലെ തന്നെ യാക്കോബ് റാഹേലിനെയും (ഉല്‍. 29:1-20), മോശ സിപ്പോറായെയും (പുറ. 2:16-21) ആദ്യമായി കണ്ടുമുട്ടിയതും കിണറ്റുകരയില്‍ വച്ചാണ്. ഇതെല്ലാം ജോര്‍ദ്ദാന്‍ നദിക്കരയില്‍ നിറവേറാനിരുന്നതിന്റെ മുന്നോടികളായിരുന്നു എന്നും അപ്രേം പിതാവ് വിശ്വസിക്കുന്നു.

തന്റെ ജീവിതത്തിലൂടെയും സഹന – മരണോത്ഥാനങ്ങളിലൂടെയും മനുഷ്യകുലത്തിന്റെ പാപത്തിന് പരിഹാരം ചെയ്യുവാനായിരുന്നല്ലോ ഈശോ മനുഷ്യരൂപമെടുത്തത്. ഈ പെസഹാരഹസ്യത്തെ സൂചിപ്പിക്കുന്നതാണ് ‘ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്’ എന്ന പ്രയോഗം. കാരണം, യോഹന്നാന്റെ ശ്രോതാക്കളായിരുന്ന യഹൂദരെ സംബന്ധിച്ച് ഈജിപ്തില്‍ നിന്നുള്ള അവരുടെ വിമോചനത്തിന്റെ അനുസ്മരണവും ആഘോഷവുമായ പെസഹായുമായി ബന്ധപ്പെട്ട് കുഞ്ഞാടിന് വലിയ പ്രാധാന്യമുണ്ടായിരുന്നു (പുറ. 12:1-13). ഈജിപ്തില്‍ വച്ച് സംഹാരദൂതനില്‍ നിന്ന് ഇസ്രായേല്‍ജനത്തെ രക്ഷപെടുത്തിയത് അവരുടെ ഭവനങ്ങളുടെ കട്ടിളപ്പടിയില്‍ തളിച്ചിരുന്ന കുഞ്ഞാടിന്റെ രക്തമായിരുന്നല്ലോ. നന്ദിപൂര്‍വം ഈ സംഭവം അനുസ്മരിച്ചുകൊണ്ട് ആണ്ടുതോറും പെസഹായോടനുബന്ധിച്ച് ഒരു വയസ്സുള്ള ഒരു കുഞ്ഞാടിനെ യഹൂദര്‍ ബലികഴിച്ചിരുന്നു. ഈ പെസഹാക്കുഞ്ഞാടിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു യോഹന്നാന്‍ മാംദാനയുടെ ‘ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്’ എന്ന പ്രസ്താവന.

കുരിശിലെ ബലി വഴി മനുഷ്യവര്‍ഗ്ഗത്തെ പാപത്തില്‍ നിന്നും മോചിപ്പിച്ച് ദൈവവുമായി രമ്യപ്പെടുത്തിയ പെസഹാക്കുഞ്ഞാടായ ഈശോയെ പുതിയനിയമത്തില്‍ പലയിടങ്ങളിലും അവതരിപ്പിക്കുന്നുണ്ട് (യോഹ. 19:14.36; 1കോറി 5:7; 1 പത്രോ. 1:19; വെളി. 5:9). ഈജിപ്തില്‍ വച്ച് കട്ടിളപ്പടിയിലെ കുഞ്ഞാടിന്റെ രക്തം ഇസ്രായേല്‍ ജനത്തിന്റെ വിമോചനത്തിന് നിദാനമായെങ്കില്‍, ഇന്ന് പരിശുദ്ധ കുര്‍ബാനയില്‍ നമ്മില്‍ തളിക്കപ്പെടുന്ന ദിവ്യകുഞ്ഞാടായ മിശിഹായുടെ രക്തം നമ്മുടെ രക്ഷയ്ക്ക് കാരണമാകുന്നു.

ജറുസലേം ദൈവാലയത്തിലെ പാപ പരിഹാരബലിയില്‍ കുഞ്ഞാട് ഒരു പ്രാധാന ബലിമൃഗമായിരുന്നു (ലേവ്യ 1:1-13). ജനത്തിന്റെ പാപ പരിഹാരത്തിനായി അനുദിനം ദഹനബലിയായി ഊനമറ്റ കുഞ്ഞാടിനെ ബലിയര്‍പ്പിക്കണമെന്ന് മോശ നിര്‍ദ്ദേശിക്കുന്നതും അതുകൊണ്ടാണ് (പുറ. 29:38-44). കുഞ്ഞാട് ബലിയര്‍പ്പിക്കപ്പെടുന്നതിലൂടെ ജനത്തിന്റെ പാപങ്ങള്‍ മോചിക്കപ്പെടുന്നു എന്നതായിരുന്നു ഇസ്രായേല്‍ ജനത്തിന്റെ വിശ്വാസം. മനുഷ്യശരീരമെടുത്ത ഈശോയാണ് യഥാര്‍ത്ഥത്തില്‍ ജനത്തിന്റെ പാപം നീക്കുന്ന ഊനമറ്റ കുഞ്ഞാട് എന്ന് ഒരിജന്‍ അഭിപ്രായപ്പെടുന്നു. നമ്മുടെ പാപങ്ങളുടെ മോചനത്തിനായാണ് തന്റെ രക്തം ചിന്തപ്പെടുന്നത് എന്ന് അവിടുന്ന് അന്ത്യ അത്താഴവേളയില്‍ വ്യക്തമാ ക്കുകയും ചെയ്തിരുന്നല്ലോ.

ഈശോ തന്റെ മരണത്തെ, ഏശയ്യാ പ്രവാചകനിലെ സഹനദാസനുമായി ബന്ധപ്പെടുത്തിയാണ് പലപ്പോഴും അവതരിപ്പിച്ചിരുന്നത്. ഈ സഹനദാസനെ കുഞ്ഞാടിനോട് താരതമ്യപ്പെടുത്തുന്നതും നമ്മള്‍ കാണുന്നുണ്ട്: ‘കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പില്‍ നില്‍ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവന്‍ മൗനം പാലിച്ചു’ (ഏശ. 53:7). നമ്മുടെ വേദനകളാണ് യഥാര്‍ത്ഥത്തില്‍ അവന്‍ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവന്‍ ചുമന്നത്. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി അവന്‍ ക്ഷതമേല്‍പ്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ നമുക്ക് രക്ഷ നല്‍കി. ജെറമിയാ പ്രവാചകനും ഇതെക്കുറിച്ച് അറിയിച്ചിട്ടുണ്ട്: ‘എന്നാല്‍ കൊലയ്ക്കു കൊണ്ടുപോകുന്ന ശാന്തനായ കുഞ്ഞാടിനെപ്പോലെയായിരുന്നു ഞാന്‍’ (ജെറ. 11:19). ‘ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്’ എന്ന മാംദാനയുടെ പ്രസ്താവന, ഈശോയാണ് പ്രവാചകന്മാര്‍ മുന്‍കൂട്ടി അവതരിപ്പിച്ച സഹനദാസന്‍ എന്ന് വെളിവാക്കുന്നു.

ബലിയര്‍പ്പിക്കപ്പെടാനുള്ള കുഞ്ഞാടിനെക്കൂടാതെ, പാപ പരിഹാരദിനത്തില്‍ മറ്റൊരു ആട് കൂടിയുണ്ട്. ‘ഈ ആടിന്റെ മേല്‍ ജനത്തിന്റെ പാപം ആരോപിച്ച് മരുഭൂമിയിലേയ്ക്ക് അയച്ചിരുന്നു’ (ലേവ്യ 16:6-10). പഴയനിയമത്തിലെ ഈ ആട്ടിന്‍കുട്ടിയെയും അനുസ്മരിപ്പിക്കുന്നതാണ് മാംദാനയുടെ ഈ പ്രസ്താവന. വി. ആഗസ്തീനോസ് നല്‍കുന്ന വ്യാഖ്യാനം ശ്രദ്ധേയമാണ്: ദൈവത്തിന്റെ കുഞ്ഞാട് എന്ന പ്രയോഗം, മുള്‍പ്പടര്‍പ്പില്‍ അബ്രാഹത്തിന് കാണപ്പെട്ടതും ഇസഹാക്കിനു പകരമായി ബലിയര്‍പ്പിക്കപ്പെട്ടതുമായ കുഞ്ഞാടിനെ ഓര്‍മ്മപ്പെടുത്തുന്നു. ഈ മുള്‍പ്പടര്‍പ്പിനെ അനുസ്മരിപ്പിക്കുന്നതാണ് കര്‍ത്താവിന്റെ ശിരസ്സിലണിയിക്കപ്പെട്ട മുള്‍ക്കിരീടം.

വെളിപാട് പുസ്തകം ഉത്ഥിതനായ ഈശോയെ അവതരിപ്പിക്കുന്നത്, അറക്കപ്പെട്ടതുപോലെ നില്‍ക്കുന്ന കുഞ്ഞാടായാണ് (വെളി. 5:6). എന്തിനു വേണ്ടിയാണ് ഈ കുഞ്ഞാട് അറക്കപ്പെട്ടത് എന്നും വ്യക്തമാക്കപ്പെടുന്നുണ്ട്. ‘എന്തെന്നാല്‍ നീ അറക്കപ്പെടുകയും നിന്റെ രക്തം കൊണ്ട് എല്ലാ വംശങ്ങളിലും ഭാഷയിലും ജനത്തിലും ജനതകളിലും നിന്ന് ദൈവത്തിനായി ഞങ്ങളെ നീ വിലയ്ക്കു വാങ്ങി’ (വെളി. 5:9). മനുഷ്യവര്‍ഗ്ഗത്തിന്റെ വിമോചനത്തിനായി ഈശോ, മരണത്തിന് സ്വയം ഏല്‍പ്പിച്ചുകൊടുക്കുന്നത് സ്വന്ത ഇഷ്ടപ്രകാരമാണ് (യോഹ. 10:18). അറുക്കപ്പെട്ട കുഞ്ഞാട് നില്‍ക്കുന്നത് ഉത്ഥിതനായ മിശിഹായെ പ്രതിനിധാനം ചെയ്താണ്. അതുകൊണ്ടാണ് നമ്മുടെ ദൈവാലയങ്ങളിലും അറുക്കപ്പെട്ട കുഞ്ഞാട് നില്‍ക്കുന്നതായുള്ള ചിത്രീകരണങ്ങള്‍ കാണപ്പെടുന്നത്.

അനാദി മുതലേ ഉള്ളവന്‍

ഈശോയുടെ ദൈവികമഹത്വം വ്യക്തമാക്കുവാനായി യോഹന്നാന്‍ മാംദാന പല പ്രാവശ്യം അവിടുത്തെ പൂര്‍വ്വാസ്തിത്വത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. യോഹ. 1:15-ല്‍ സ്‌നാപകന്‍ ഇപ്രകാരം പറയുന്നതായി നമ്മള്‍ വായിക്കുന്നു: ‘ഇവനെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്; എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ മുമ്പനാണ്. കാരണം, എനിക്ക് മുമ്പുതന്നെ അവന്‍ ഉണ്ടായിരുന്നു’. തന്റെ പക്കലണഞ്ഞ യഹൂദ നേതാക്കന്മാരോട് മാംദാന ഇപ്രകാരം പറഞ്ഞു: ‘എന്റെ പിന്നാലെ വരുന്നെങ്കിലും അവന്‍ എന്നെക്കാള്‍ മുമ്പനാണ്’ (യോഹ. 1:27). ഇതേ കാര്യം തന്നെയാണ് ഇന്നത്തെ സുവിശേഷത്തിലും യോഹന്നാന്‍ ആവര്‍ത്തിക്കുന്നത്: ‘എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ മുമ്പനാണ്. കാരണം, എനിക്ക് മുമ്പു തന്നെ അവന്‍ ഉണ്ടായിരുന്നു’ (യോഹ. 1:30).

സുവിശേഷത്തിലെ ആദ്യവാചകത്തില്‍ യോഹന്നാന്‍ അവതരിപ്പിച്ച കാര്യവും ഇതായിരുന്നു: ‘ആദിയില്‍ വചനമുണ്ടായിരുന്നു; ആ വചനം ദൈവത്തോടു കൂടെയായിരുന്നു; ആ വചനം ദൈവമായിരുന്നു. മനുഷ്യനായി നമ്മുടെയിടയില്‍ കൂടാരമടിച്ച ദൈവത്തിന്റെ വചനം ദൈവം തന്നെയാണ്. ദൈവമായതു കൊണ്ടാണ് ലോകം മുഴുവന്റെയും പാപം നീക്കാന്‍ അവിടുത്തേയ്ക്കു സാധിക്കുന്നത്’.

പരിശുദ്ധാരൂപിയാല്‍ സ്‌നാനം നല്‍കാനായി റൂഹായാല്‍ അഭിഷിക്താനായവന്‍

ഏശയ്യാ പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്തിരുന്നത് ഈശോയില്‍ നിറവേറി. ഭാവിരാജാവിനെപ്പറ്റി പ്രവാചകന്‍ എഴുതുന്നു: ‘ജസ്സെയുടെ കുറ്റിയില്‍ നിന്ന് ഒരു മുള കിളിര്‍ത്തുവരും; അവന്റെ വേരില്‍ നിന്ന് ഒരു ശാഖ പൊട്ടിക്കിളിര്‍ക്കും. കര്‍ത്താവിന്റെ ആത്മാവ് അവന്റെ മേല്‍ ആവസിക്കും’ (ഏശ. 11:1-2).

ദാവീദിന്റെ പിതാവായിരുന്നു ജസ്സെ. ഈ വംശത്തില്‍ വരാനിരിക്കുന്ന രാജാവ് ദൈവാരൂപിയാല്‍ അഭിഷേചിക്കപ്പെടും എന്നതായിരുന്നു പ്രവചനം. അദ്ദേഹം മൂലം ഭൂമി, കര്‍ത്താവിനെക്കുറിച്ചുള്ള ജ്ഞാനത്താല്‍ നിറയും എന്നുകൂടി ഏശയ്യാ അറിയിച്ചിരുന്നു (ഏശ. 11:9). യോര്‍ദ്ദാനില്‍ വച്ച് യോഹന്നാനില്‍ നിന്ന് മാമ്മോദീസാ സ്വീകരിച്ചപ്പോഴാണ് ഈശോയുടെ മേല്‍ പരിശുദ്ധ റൂഹാ ഇറങ്ങിവസിച്ചത്. ഇതിന് പ്രഥമസാക്ഷി യോഹന്നാന്‍ മാംദാന തന്നെയാണ്. മാമ്മോദീസായില്‍ തന്റെമേല്‍ ഇറങ്ങിവന്ന റൂഹായെ തന്നെയാണ് ഈശോ തന്നില്‍ വിശ്വസിക്കുന്നവരുടെ മേല്‍ വര്‍ഷിക്കുന്നത്.

ഈശോ ദൈവപുത്രന്‍

പരിശുദ്ധാരൂപിയുടെ ആവാസമാണ്, ഈശോ ദൈവപുത്രനാണ് എന്ന സത്യം യോഹന്നാനെ ബോധ്യപ്പെടുത്തിയത്. താന്‍ നേരിട്ടുകണ്ട്, തനിക്ക് ബോധ്യം വന്ന കാര്യത്തെക്കുറിച്ച് യോഹന്നാന്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു: ‘അത് ഞാന്‍ കാണുകയും അവന്‍ ദൈവപുത്രനാണെന്ന് സാക്ഷ്യം നല്‍കുകയും ചെയ്യുന്നു’ (യോഹ. 1:34).

സമവീക്ഷണ സുവിശേഷങ്ങളില്‍ അനുതാപത്തിന്റെ സന്ദേശം പ്രസംഗിച്ച് മിശിഹായ്ക്ക് വഴിയൊരുക്കുന്നവനാണ് യോഹന്നാന്‍ സ്‌നാപകന്‍. യോഹന്നാന്‍ ശ്ലീഹായുടെ വിവരണപ്രകാരം സ്‌നാപകന്‍, താന്‍ പ്രഘോഷിച്ച മാമ്മോദീസായിലൂടെ വെളിച്ചമായ മിശിഹായ്ക്ക് സാക്ഷ്യം വഹിക്കുന്നവനാണ് (യോഹ. 1:6-7). ഈ സാക്ഷ്യം വഹിക്കലാണ് ഇന്നത്തെ സുവിശേഷഭാഗത്ത് (യോഹ. 1:29-34) നമ്മള്‍ കാണുന്നത്. വഴി ഒരുക്കിക്കൊണ്ടായാലും സാക്ഷ്യം വഹിച്ചുകൊണ്ടായാലും കര്‍ത്താവിന് മനുഷ്യഹൃദയങ്ങളിലേയ്ക്ക് പ്രവേശിക്കാന്‍ സാഹചര്യമൊരുക്കുക എന്നതായിരുന്നു മാംദാനയുടെ ലക്ഷ്യം.

സഭാപിതാവായ ക്രിസോസ്‌തോമിന്റെ വ്യാഖ്യാനപ്രകാരം, ജനം യോഹന്നാന്റെ പക്കലേയ്ക്ക് ഓടിക്കൂടിയത് അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ എന്നതിലുപരിയായി തങ്ങളുടെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് മാമ്മോദീസാ സ്വീകരിക്കാനായിരുന്നു. പരിശുദ്ധ കുര്‍ബാനയിലെ വചനശുശ്രൂഷ കൂദാശകളിലേയ്ക്ക് പ്രത്യേകിച്ച്, അപ്പം മുറിക്കലിലേയ്ക്ക് നയിക്കണമെന്നു സാരം. മിശിഹായെക്കുറിച്ചുള്ള ഏത് വചനപ്രഘോഷണത്തിന്റെയും മുഖ്യലക്ഷ്യം ഇതായിരിക്കണം. ഈശോമിശിഹായെക്കുറിച്ച് വിശുദ്ധഗ്രന്ഥ കര്‍ത്താക്കള്‍ നല്‍കുന്ന സാക്ഷ്യം വചനശുശ്രൂഷയിലൂടെ ശ്രവിക്കുന്ന നമുക്കും പരിശുദ്ധ കുര്‍ബാനയിലൂടെ ദൈവിക ജീവിനില്‍ പങ്കുചേരുവാന്‍ ഇടയാകട്ടെ.

ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.