ഞായര്‍ പ്രസംഗം നോമ്പുകാലം നാലാം ഞായര്‍ മാര്‍ച്ച് 07 മത്തായി 21: 33-44 കൃഷിക്കാര്‍ക്ക് നഷ്ടമായ സൗഭാഗ്യം

ലോകം എന്തെന്നില്ലാത്ത രീതിയിലുള്ള വളര്‍ച്ചയുടെ പാതയിലാണ്. എല്ലാം വളരെ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. സമ്പത്ത്, ദാരിദ്ര്യം, വിദ്യാഭ്യാസം, ആയുസ്സ്, ആരോഗ്യം, തിന്മകള്‍, ആഡംബരം എന്നുവേണ്ട എല്ലാം ഇന്ന് വളര്‍ച്ചയുടെ പാതയിലാണ്. ഒരു കാലത്ത് ആഡംബരത്തിനും സുഖലോലുപതയ്ക്കുമായി എല്ലാം സ്വന്തമാക്കാനുള്ള തത്രപ്പാടിലായിരുന്നു നാം. അതിനായി രാവ് പകലാക്കി മാറ്റി നാം കഷ്ടപ്പെട്ടു. എന്നാല്‍ ഇന്ന് എല്ലാം സ്വന്തമാക്കുക എന്നതിലുപരി അപരന്റെ കൂടെ സ്വന്തമാക്കുക എന്ന ചിന്തയില്‍ നയിക്കപ്പെടുന്നവരായി നാം മാറുന്നു.

കണ്‍മുമ്പില്‍ കൊള്ളയടിക്കുന്നവരുടെയും കണ്‍മുമ്പില്‍ കൊല ചെയ്യപ്പെടുന്നവരുടെയും ഈ കാലത്ത് മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ ഏറെ പ്രസക്തമാണ്. സമാന്തര സുവിശേഷങ്ങളില്‍ ഒരുപോലെ ആവര്‍ത്തിക്കപ്പെടുന്ന ഈ ഉപമ നമ്മുടെ മനോഭാവങ്ങളെ ഈ നോമ്പുകാലത്ത് ചോദ്യം ചെയ്യാനുതകുന്ന വലിയ ഒരു സഹായിയാണ്.

ഏതാനും നാളുകള്‍ക്കുമുമ്പ് 9,000 കോടിയോളം രൂപ തട്ടിയെടുത്ത് നാടുവിട്ട വിജയ് മല്യയെപ്പറ്റി നാം കേട്ടിരുന്നു. അതിന്‍റെ കേസ് തീര്‍പ്പാകും മുമ്പേ നീരവ് മോദിയെന്ന വജ്രവ്യാപാരി 10,000 മുകളില്‍ കോടി രൂപയുമായി മുങ്ങിയ വാര്‍ത്തയും നാം കേട്ടു. ദാരിദ്രനാരായണന്മാര്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിനാല്‍ പിഴയടക്കുകയും കൃഷിനാശം മൂലം ലോണ്‍ തിരിച്ചടക്കാന്‍ പറ്റാത്തതിനാല്‍ ജപ്തി നേരിടുകയും ചെയ്യുമ്പോള്‍ ഇതേ പാവപ്പെട്ടവന്റെ നാണയത്തുട്ടുകള്‍ പോലും പെറുക്കിയെടുത്ത് നാടുവിടുന്നവരുടെ നാട്ടിലാണ് നാം ഇന്ന് ജീവിക്കുന്നത്. അടിവയറ്റില്‍ കത്തിക്കാളുന്ന വിശപ്പ് മാറ്റാനായി അരി മോഷ്ടിച്ച മധു എന്ന ആദിവാസി ഇന്ന് ലോകത്തിലേയില്ല.

അപരന്റെ കൂടെ സ്വന്തമാക്കണമെന്ന വികലമായ ചിന്തയിലാണ് നാമെല്ലാവരും ഇന്ന് ജീവിക്കുന്നത്. രണ്ടുള്ളവര്‍ ഒന്നില്ലാത്തവന് നല്‍കട്ടെ എന്ന ക്രിസ്തുവിന്റെ ഓര്‍മ്മപ്പെടുത്തലിനെ മനഃപൂര്‍വ്വം മറന്ന് എനിക്ക് രണ്ട് ഉള്ളപ്പോഴും അപരന്റെ ഒന്നുമില്ലായ്മയില്‍ അവശേഷിക്കുന്നവ കൂടെ സ്വന്തമാക്കാനുള്ള ശ്രമം നടത്തുന്നവരൊക്കെ ശിക്ഷാവിധിക്ക് വിധേയരായ മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരനായി മാറുന്നു. മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ യഹൂദനേതാക്കന്മാരും ഈശോയും തമ്മിലുള്ള ബന്ധത്തെപ്പറ്റി പ്രതിപാദിക്കുന്നു. ഇവിടെ ഉടമസ്ഥന്‍ ദൈവവും മുന്തിരിത്തോട്ടം ഇസ്രായേല്‍ ജനവും കൃഷിക്കാര്‍ യഹൂദനേതാക്കളും ഫലം അന്വേഷിച്ചുവരുന്ന ഭൃത്യന്മാര്‍ പ്രവാചകരും ഉടമസ്ഥന്റെ പുത്രന്‍ സാക്ഷാല്‍ ഈശോയുമാണ്.

ഈ ഉപമയിലെ ഉടമസ്ഥനില്‍ രണ്ട് പ്രത്യേകതകള്‍ നമുക്ക് കാണാനാകും. ഒന്നാമതായി അദ്ദേഹം തന്റെ കൃഷിയിടത്തോടൊപ്പം കൃഷിക്കാരുടെയും കൂടി സംരക്ഷണം ആഗ്രഹിക്കുന്നവനാണ്. വേലിയും ഗോപുരവുമെല്ലാം മുന്തിരിച്ചെടിയുടെ സംരക്ഷണത്തോടൊപ്പം വേലക്കാരുടെ സംരക്ഷണവും ജോലിയും സുഗമമാക്കുന്നുണ്ട്. രണ്ടാമതായി, അദ്ദേഹം തന്റെ കൃഷിക്കാരെ അകമഴിഞ്ഞ് വിശ്വസിക്കുന്നവനാണ്. അതിനാല്‍ തന്നെ നേരിട്ട് ഫലം ശേഖരിക്കാന്‍ വരാതെ ഭൃത്യരെ അയയ്ക്കുകയാണ് യജമാനന്‍ ചെയ്യുക. അവരെ അപമാനിച്ചിട്ടും കൊന്നുകളഞ്ഞിട്ടും വീണ്ടും ഭൃത്യരെയും തന്റെ പുത്രനെയും വിശ്വാസത്തോടെ അവന്‍ അവരുടെ പക്കലേയ്ക്ക് അയയ്ക്കുന്നുണ്ട്. മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരും രണ്ടുതരം പ്രത്യേകതകള്‍ പേറുന്നവരാണ്. ഒന്നാമതായി, മുന്തിരിത്തോട്ടം അവരുടെ സ്വന്തമല്ല. അതുകൊണ്ട് മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥത കരസ്ഥമാക്കാനായി അവര്‍ വെമ്പല്‍ കൊള്ളുന്നു. രണ്ടാമതായി, യജമാനന്റെ മുന്നറിയിപ്പുകളെ അവഗണിച്ച് യജമാനന് തങ്ങളിലുള്ള വിശ്വാസത്തെ നശിപ്പിക്കുന്നു.

ഇന്ന് വായിച്ചുകേട്ട രണ്ട് പഴയനിയമ വായനകളും (ഉല്‍. 11:1-9; ജോഷ്വ 7:10-15) നമുക്കു മുമ്പില്‍ വരച്ചുകാണിക്കുന്നത് കൃഷിക്കാരുടേതിനു സമാനമായ മനോഭാവത്തിനു ലഭിക്കുന്ന ശിക്ഷകളെപ്പറ്റിയാണ്. അഹങ്കാരവും വിശ്വാസവഞ്ചനയും ദൈവം തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തില്‍ നിന്ന് ആഗ്രഹിക്കുന്ന വസ്തുതകളല്ല. ലേഖനഭാഗം (റോമ 8:12-17) നമ്മോടു പറയുന്നത് കൃഷിക്കാര്‍ക്ക് നഷ്ടമായ സൗഭാഗ്യത്തെപ്പറ്റിയാണ്. ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ പുത്രന്മാരാണ് (റോമാ 8:14). നാം മക്കളെങ്കില്‍ അവകാശികളുമാണ്; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്റെ കൂട്ടവകാശികളും. ദൈവത്തിന്റെ (ഉടമസ്ഥന്റെ) വാക്കു കേള്‍ക്കാന്‍ തയ്യാറായിരുന്നെങ്കില്‍ കൃഷിക്കാര്‍ക്ക് ആ തോട്ടം തന്നെ സ്വന്തമാക്കാമായിരുന്നു. എന്നാല്‍, അത്യാഗ്രഹവും അഹങ്കാരവും വിശ്വാസവഞ്ചനയും അവരെ നിത്യശിക്ഷയ്ക്ക് അര്‍ഹരാക്കിത്തീര്‍ത്തു.

തിരുസഭയാകുന്ന മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരാണ് നാമോരോരുത്തരും. വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും നന്മയുടെയും ഒക്കെ ഫലങ്ങള്‍ ഉടമസ്ഥനായ ദൈവത്തിനു നല്‍കുക എന്നത് നമ്മുടെ കടമയാണ്. ദൈവാത്മാവിനാല്‍ നയിക്കപ്പെട്ട് ദൈവത്തിന്റെ പുത്രരായി തീര്‍ന്ന് സത്ഫലങ്ങള്‍ പുറപ്പെടുവിക്കാനുള്ള വലിയ വിളിയും ആഹ്വാനവുമാണ് നമ്മെ സംബന്ധിച്ചിടത്തോളം ഈ നോമ്പുകാലം. അതിനായി നമുക്ക് സാധിക്കുന്നുണ്ടോ എന്ന് ചിന്തിക്കാം. തിരുസഭയാകുന്ന മുന്തിരിത്തോട്ടത്തിലെ നല്ല വേലക്കാരനായി മാറാനുള്ള കൃപയ്ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം ആഗ്രഹിക്കാം.

മനു പനച്ചിക്കല്‍