ഞായര്‍ പ്രസംഗം ഏലിയാ സ്ലീവാ മൂശാക്കാലം 7-ാം ഞായര്‍ ഒക്ടോബര്‍ 20 മത്തായി 8: 23-34 പ്രപഞ്ചശക്തികളുടെ മേൽ വിജയം നേടുന്ന മിശിഹാ

ഈശോമിശിഹായുടെ പുനരാഗമനത്തെയും അന്ത്യവിധിയിയെയും കുറിച്ച് ധ്യാനിച്ചുകൊണ്ട് ജീവിതത്തെ പ്രത്യാശാപൂര്‍വ്വം കരുപ്പിടിപ്പിക്കുവാന്‍ സഭാമാതാവ് തന്റെ മക്കളെ ആഹ്വാനം ചെയ്യുന്നു. ഏലിയാ സ്ലീവാ മൂശാക്കാലത്തിന്റെ അവസാന ആഴ്ചയിലേയ്ക്ക് നാം പ്രവേശിക്കുമ്പോള്‍ ഇന്ന് വിചിന്തനം ചെയ്യുന്ന നാല് തിരുവചന വായനകളിലേയ്ക്ക് നമ്മുടെ മനസ്സുകളെ തിരിക്കാം.

നിയമാവര്‍ത്തന പുസ്തകം 13: 12-18 വരെയുള്ള ഭാഗങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് മനസ്സിലാകും നിയമാവര്‍ത്തന ഗ്രന്ഥത്തിന്റെ ദൈവശാസ്ത്രത്തില്‍ ഏകദൈവ വിശ്വാസത്തിന് ഏറെ സ്ഥാനമുണ്ടെന്ന്. അക്കാരണം കൊണ്ടുതന്നെ മറ്റ് ദൈവങ്ങളെയോ വിഗ്രഹങ്ങളെയോ ആരാധിക്കുക എന്നത് കര്‍ശനമായി നിരോധിക്കപ്പെട്ട യാഥാര്‍ത്ഥ്യമാണ്. അതിനുള്ള പ്രേരണ നല്‍കുന്ന സാഹചര്യങ്ങളെപ്പോലും (നഗരങ്ങള്‍ പോലും) നശിപ്പിച്ചു കളയുവാനുള്ള ആഹ്വാനത്തിലൂടെ, ദൈവം തന്റെ ജനത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത് തന്റെ വചനം ശ്രവിക്കുകയും, നിയമങ്ങളെ കൃത്യമായി പാലിക്കുകയും, നന്മ ചെയ്യുകയും ചെയ്യുന്ന വിശുദ്ധമായ ഒരു ജനത്തെയാണ്.

യഥാര്‍ത്ഥ ദൈവത്തിലുള്ള വിശ്വാസമാണ് മനുഷ്യന് നന്മയും സ്വാതന്ത്ര്യവും നിര്‍ഭയത്വവും ഉറപ്പാക്കുന്നത്. എന്നാല്‍, മനുഷ്യര്‍ ഇക്കാര്യം മറന്ന് അന്യദൈവങ്ങളുടെ പിറകെ പോകുന്നതും അന്ധവിശ്വാസങ്ങളില്‍ അകപ്പെടുന്നതും ഈ ആധുനിക കാലഘട്ടത്തിലെന്നതുപോലെ അന്നത്തെ കാലഘട്ടത്തിലും നമുക്ക് കാണുവാന്‍ സാധിക്കും. മനുഷ്യന്റെ ഈ തെറ്റായ വഴി, അവനെ നാശത്തിലേയ്ക്ക്  നയിക്കും എന്ന സത്യമാണ് ഒന്നാമത്തെ വചനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.

രണ്ടാം വായനയിലേയ്ക്ക് കടക്കുമ്പോള്‍, 40 സംവത്സരങ്ങള്‍ നീണ്ടു നിന്ന ബാബിലോണിയന്‍ അടിമത്വത്തില്‍ നിന്ന് മോചിതരായ ഇസ്രായേല്‍ ജനത്തിന് ദൈവം നല്‍കുന്ന സാന്ത്വനവചനങ്ങളാണ് പ്രവാചകനിലൂടെ നാം വായിച്ചു കേട്ടത്. എശയ്യാ, പ്രതീക്ഷയുടെ പ്രവാചകനാണ്. ദൈവം ഇസ്രായേലിന്റെ കൂടെ സദാ സന്നിഹിതനാണെന്നും അവിടുന്നാണ് യഥാര്‍ത്ഥ സുരക്ഷിതത്വം നമുക്ക് പ്രദാനം ചെയ്യുന്നത് എന്നുമുള്ള സന്ദേശമാണ് പ്രവാചകന്‍ ദൈവജനത്തിന് നല്‍കുന്നത്. ഇസ്രായേല്‍ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമാണ്. അതിനാല്‍ അവര്‍ ഒരിക്കലും ഭയത്തിന് അടിമപ്പെടാന്‍ പാടില്ല. ദൈവം കൂടെയുണ്ട് എന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ അവര്‍ ഭയരഹിതരായിരിക്കണം. അവിടുന്ന് മരുഭൂമിയെ ജലാശയമായും ഉദ്യാനമായും മാറ്റും. ഇത്തരം അത്ഭുതകരമായ അനുഭവങ്ങളുണ്ടാകുമ്പോള്‍ തങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന- തങ്ങളെ തിരഞ്ഞെടുത്ത ദൈവത്തെ ജനം അംഗീകരിക്കും എന്ന പ്രതീക്ഷയാണ് പ്രവാചകന്‍ നല്‍കുന്നത്.

യഹൂദരല്ലാത്ത ക്രിസ്ത്യാനികള്‍ മാത്രം അടങ്ങിയതായിരുന്നു ഗലാത്തിയായിലെ സഭ. വി. പൗലോസ് ഗലാത്തിയ വിട്ട ശേഷം യഹൂദക്രിസ്ത്യാനികള്‍ അവിടെച്ചെന്ന് അബദ്ധപ്രബോധനങ്ങള്‍ വഴി സഭയില്‍ ആശയക്കുഴപ്പമുണ്ടാക്കി. ഈ പശ്ചാത്തലത്തില്‍, തെറ്റിലകപ്പെട്ടു പോയവരെ വീണ്ടെടുക്കുന്ന കാര്യമാണ് അപ്പസ്‌തോലന്‍ പരാമര്‍ശിക്കുന്നത്. ക്രിസ്തുവിലായിരിക്കുന്നവന്‍ അരൂപിക്കടുത്ത ജീവിതം നയിക്കണം. പരസ്പരം തിരുത്തുമ്പോഴും സഹായിക്കുമ്പോഴും നാം അരൂപിക്കടുത്ത ജീവിതമാണ് നയിക്കുന്നത്. അരൂപിയുടെ പ്രവര്‍ത്തനത്തിനു കീഴില്‍ നന്മ ചെയ്യുന്ന – വചനം ജീവിക്കുന്ന – പങ്കുവയ്ക്കലിന്റെ പ്രതിബദ്ധതയുള്ള ദൈവമക്കളുടെ കുടുംബമാകാന്‍ അപ്പസ്‌തോലന്‍ നമ്മെ ഉപദേശിക്കുന്നു. ഇപ്രകാരം പഴയനിയമ ലേഖനങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഇന്നത്തെ സുവിശേഷ ഭാഗങ്ങളിലേയ്ക്ക് കടക്കുമ്പോള്‍ നമുക്ക് കാണുവാന്‍ സാധിക്കും, ഇന്ന് നാം വായിച്ചുകേട്ട മത്തായിയുടെ സുവിശേഷത്തിലെ 8-ാം അധ്യായം അത്ഭുതവിവരണങ്ങളുടെ ഒരു കലവറയാണ് എന്നത്. അതില്‍ കൊടുങ്കാറ്റിനെ ശമിപ്പിക്കുന്നതും, ഗദറായിലെ പിശാചുബാധിതരെ വിമോചിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ഇന്നത്തെ സുവിശേഷത്തിനാധാരം.

പ്രകൃതിശക്തികളുടെ മേലും ദുഷ്ടാരൂപികളുടെ മേലും അധികാരമുള്ളവനാണ് യേശുനാഥന്‍ എന്ന് വചനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. കൊടുങ്കാറ്റിനെ ശാന്തമാക്കുന്ന ആദ്യാത്ഭുതത്തിന് പശ്ചാത്തലമൊരുക്കുന്നത് ശിഷ്യന്‍ സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന് തയ്യാറാകണമെന്ന ആഹ്വാനത്തോടെയാണ്. യേശുവിനെ തോണിയില്‍ അനുഗമിക്കുവാന്‍, ജീവിതത്തെ അപകടത്തിലാക്കിക്കൊണ്ട് യേശുവിനോടൊപ്പം ജീവിതത്തിന്റെ കൊടുങ്കാറ്റിലേയ്ക്കിറങ്ങുവാന്‍ സന്നദ്ധനാകണം. മറിച്ച്, താന്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളാകുന്ന കൊടുങ്കാറ്റില്‍ നിന്നും രക്ഷിക്കണം എന്നപേക്ഷിക്കുന്ന ശിഷ്യന്‍ അല്‍പവിശ്വാസിയാണ്. വിശ്വസിക്കുന്നവരെങ്കിലും പ്രതിസന്ധിഘട്ടം തരണം ചെയ്യാന്‍ ശക്തരല്ലാത്തവര്‍ തന്റെ സാന്നിധ്യത്തിലും ശക്തിയിലും യഥാര്‍ത്ഥമായ ബോധ്യമില്ലാത്തവരെപ്പോലെ പെരുമാറിയതിനാണ് യേശു അവരെ ശാസിക്കുന്നത്. യഥാര്‍ത്ഥത്തില്‍ കാറ്റും കടലും പോലും അനുസരിക്കുന്ന യേശുവിന്റെ ശക്തിയെക്കുറിച്ച് ധ്യാനിക്കുവാനും അവിടുന്നില്‍ വിശ്വസിക്കുവാനുമുള്ള ക്ഷണമാണ് വചനം ഇന്ന് നമുക്ക് നല്‍കുന്നത്.

യേശുവിന്റെ വഞ്ചിയില്‍ കയറി അവിടുത്തെ അനുഗമിക്കുന്ന ശിഷ്യര്‍, ശിഷ്യത്വത്തിന്റെ സമര്‍പ്പണബുദ്ധി കൈമുതലായി കരുതണം. തങ്ങളുടെ മധ്യേ വസിക്കുന്ന യേശുവില്‍ വിശ്വസിക്കുകയും സൃഷ്ടിയുടെ മേലുള്ള അവിടുത്തെ ആധിപത്യം തിരിച്ചറിയുകയും ചെയ്യുക എന്നതും അവന്റെ കടമയാണ്. കൂടാതെ, ക്രൈസ്തവജീവിതമെന്നത് അപകടങ്ങളില്‍ നിന്നും രക്ഷപെട്ടോടുന്നവരുടെ സമൂഹമല്ല. അപകടങ്ങളെയും പ്രതിസന്ധികളെയും ക്രിസ്തുസാന്നിധ്യത്തിന്റെ ശക്തി ഉപയോഗിച്ച് തരണം ചെയ്ത് മുന്നേറുന്നവരുടെ സമൂഹമാണെന്ന ഓര്‍മ്മപ്പെടുത്തലും ഇന്നത്തെ വചനം നമുക്ക് നല്‍കുന്നുണ്ട്.

ഗദാറായിലെ പിശാചുബാധിതരെ സുഖപ്പെടുത്തുന്നതു വഴി തിന്മയുടെ ശക്തികളിന്മേലുള്ള യേശുവിന്റെ അധികാരമാണ് വ്യക്തമാക്കപ്പെടുന്നത്. യേശുസാന്നിധ്യം ജീവിതത്തെ സുഖപ്പെടുത്തും, രൂപാന്തരീകരിക്കും. എന്നാല്‍, ഗദാറായിലെ ജനം ഈ അത്ഭുതത്തിലുള്ള ദൈവത്തിന്റെ കരം തിരിച്ചറിയാതെ തങ്ങള്‍ക്കുണ്ടായ ലൗകികനഷ്ടത്തെക്കുറിച്ചു മാത്രം ചിന്തിക്കുകയും യേശു നല്‍കുന്ന രക്ഷയെ താല്‍ക്കാലിക നഷ്ടങ്ങളുമായി താദാത്മ്യപ്പെടുത്തുകയും ചെയ്യുന്നത് ഒരിക്കലും ഒരു ക്രിസ്ത്യാനിയുടെയും ജീവിതത്തിനു ചേര്‍ന്നതല്ല എന്ന ഓര്‍മ്മപ്പെടുത്തലും വചനം നല്‍കുന്നുണ്ട്. തിന്മയുടെ ശക്തി എത്ര വലുതായാലും, തിന്മ ചെയ്യുന്നവരുടെ എണ്ണം എത്ര കൂടിയാലും സത്യത്തിനും ദൈവരാജ്യ പ്രഘോഷണത്തിനുമായി നമുക്കുള്ള ചുമതലയില്‍ നിന്ന് നാം പിന്മാറരുതെന്ന് യേശുനാഥന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ക്രിസ്തുവിന്റെ പുനരാഗമനത്തെയും അന്ത്യവിധിയെയും ധ്യാനവിഷയമാക്കുന്ന ഈ കാലഘട്ടത്തില്‍ സ്വര്‍ഗ്ഗരാജ്യം ലക്ഷ്യമാക്കിയുള്ള നമ്മുടെ യാത്രയില്‍ ഉണര്‍വ്വുള്ള വിശ്വാസവും അവിടുത്തെ ഉണര്‍ത്തുന്ന പ്രാര്‍ത്ഥനയും തിന്മകളെ അകറ്റുന്ന വിശുദ്ധിയും കൈമുതലാക്കാന്‍ നമുക്ക് സാധിക്കട്ടെ. അതിനുള്ള കൃപ ദൈവം നമുക്ക് നല്‍കി എല്ലാവരെയും അനുഗ്രഹിക്കട്ടെ. ആമേന്‍.

ബ്ര. ജോര്‍ജി കൈതപ്പറമ്പില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.