ഞായര്‍ പ്രസംഗം 3 – സെപ്റ്റംബര്‍ 08 രക്ഷയിലേയ്ക്കുള്ള ചുവടു വയ്പ്പ്

ദിവ്യകാരുണ്യ ഈശോയില്‍ പ്രിയമുള്ളവരേ, ഇന്ന് ആരാധനാക്രമ വത്സരത്തിലെ പുതിയ കാലത്തിലേയ്ക്ക് നമ്മള്‍ പ്രവേശിച്ചിരിക്കുകയാണ്; ഏലിയാ-സ്ലീവാ-മൂശാക്കാലങ്ങള്‍. കര്‍ത്താവിന്റെ രണ്ടാമത്തെ ആഗമനത്തെയും കുരിശിന്റെ വിജയത്തേയുമാണ് ഈ കാലം നമ്മെ അനുസ്മരിപ്പിക്കുന്നത്. കൂടാതെ, ലോകാവസാനം, മരണം, അവസാന വിധി എന്നീ മൂന്ന് കാര്യങ്ങളെ ധ്യാനവിഷയമാക്കി, പ്രലോഭനങ്ങളെ അതിജീവിച്ച്, പാപങ്ങളില്‍ നിന്നകന്ന്, രക്ഷയെ പ്രതീക്ഷിച്ച്, ഒരുക്കത്തോടെ ജീവിക്കുവാന്‍ ഈ കാലം നമ്മെ ആഹ്വാനം ചെയ്യുന്നു.

തിരുസഭാ മാതാവ് ഇന്ന് വിചിന്തനത്തിനായി തന്ന വായനകളിലെല്ലാം തന്നെ മനുഷ്യജീവിതത്തിലെ ദൈവത്തിന്റെ രക്ഷാകരമായ ഇടപെടല്‍ കാണിച്ചു തരുന്നു. പ്രത്യേകിച്ച് ഇന്നത്തെ സുവിശേഷത്തില്‍ ലൂക്കാ 18:35-43 വരെയുള്ള വാക്യങ്ങളില്‍, ഈശോ ജറീക്കോയെ സമീപിച്ചപ്പോള്‍ അന്ധയാചകന് കാഴ്ച നല്‍കുന്ന അത്ഭുതമാണ് വിവരിച്ചിരിക്കുന്നത്. പരിശുദ്ധാത്മാവിനാല്‍ അഭിഷേചിച്ച് പിതാവ് അയച്ച മിശിഹാ ആയ യേശുവാണ് അന്ധര്‍ക്ക് കാഴ്ച നല്‍കുന്നതെന്ന് വ്യക്തമാക്കുന്ന ഭാഗം കൂടിയാണിത്. 26-ാം വാക്യത്തില്‍ ‘രക്ഷ പ്രാപിക്കാന്‍ ആര്‍ക്കു കഴിയും?’ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് അന്ധ യാചകന്റെയും തുടര്‍ന്നുള്ള സക്കേവൂസിന്റെയും സംഭവങ്ങള്‍ പറഞ്ഞു തരുന്നത്.

രക്ഷ പ്രാപിക്കാന്‍ നാം ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങളാണ് വചനം ഇന്ന് പഠിപ്പിക്കുന്നത്.

ഒന്നാമതായി, രക്ഷാകരമായ ആത്മീയതയുടെ ഉടമകളാവുക. ഇന്നത്തെ സുവിശേഷത്തില്‍ കണ്ട യാചകന് ഒരു കുറവുണ്ട്. അവന്‍ അന്ധനാണ്. എന്നാല്‍, ദൈവം ആ യാചകന്റെ അവസ്ഥയെ വിശേഷിപ്പിക്കുന്നത് ‘കുറവ്’ എന്നല്ല ‘അവസരം’ എന്നാണ്; ദൈവത്തെ കണ്ടുമുട്ടാനുള്ള അവസരം. ഇങ്ങനെ ഒരവസ്ഥയില്‍ കഴിയുന്ന ഒരാളില്‍ രണ്ട് മനോഭാവങ്ങളില്‍ ഏതെങ്കിലും ഒരെണ്ണം ഉണ്ടാകാനിടയുണ്ട്; ഒന്നുകില്‍ സ്വന്തം ജീവിതത്തെയും ചുറ്റുപാടുമുള്ള എല്ലാത്തിനെയും ദൈവത്തെ തന്നെയും പഴിക്കുന്ന മനോഭാവം. അല്ലെങ്കില്‍ കുറവിനെ അംഗീകരിക്കുകയും പ്രതീക്ഷയോടെ ദൈവത്തിന്റെ ഇടപെടലിനായി കാത്തിരിക്കുകയും ചെയ്യുന്ന മനോഭാവം.

രണ്ടര വയസ്സില്‍, അന്ധയായ മകളെ ഗംഗാനദിയിലേയ്ക്ക് വലിച്ചെറിയാന്‍ കൊണ്ടുപോയ വഴി, അവിചാരിതമായി ഒരാള്‍ മുന്നില്‍ വന്നുപെട്ടു. അയാളുടെ നിര്‍ദ്ദേശപ്രകാരം ആ മകളെ കൊണ്ടുപോയത് ഇന്ത്യയിലെ ആദ്യത്തെ അന്ധവിദ്യാലയത്തിലേയ്ക്കാണ്: ഡെറാഡൂണിലെ ‘Sharp Memorial School of the Blind.’ ചന്ദ്ര എന്നായിരുന്നു ആ പെണ്‍കുട്ടിയുടെ പേര്. അവിടുന്ന് തുടങ്ങി പിന്നീട് ബൈബിള്‍ കറസ്‌പോണ്ടന്‍സായി പഠിച്ച അവള്‍, പല സ്ഥലങ്ങളിലായി ജോലി ചെയ്തു. ഇപ്പോള്‍ 84 വയസ്സുള്ള ചന്ദ്ര, ആ സംഭവത്തെ വിശേഷിപ്പിക്കുന്നത് ദൈവീക ഇടപെടല്‍ എന്നാണ്. അവിചാരിതം എന്നല്ല. രക്ഷാകരമായ ആത്മീയതയുടെ ഉടമകള്‍ക്ക് മാത്രമേ, കുറവുകള്‍ ദൈവാനുഭവത്തിനുള്ള നിമിത്തങ്ങളാണെന്നും, ദൈവത്തെ വിളിച്ചപേക്ഷിക്കുവാനും, ദൈവവുമായി കൂടിക്കാഴ്ച നടത്തുവാനും അവിടുന്ന് നല്‍കുന്ന അവസരങ്ങളാണ് അതെന്നും തിരിച്ചറിയാന്‍ സാധിക്കൂ.

2 തെസ. 1:5 വാക്യത്തില്‍ നാം വായിച്ചുകേട്ടു: ‘ദൈവരാജ്യത്തിനു വേണ്ടിയാണല്ലോ നിങ്ങള്‍ കഷ്ടപ്പാടുകള്‍ സഹിക്കുന്നത്. നിങ്ങള്‍ ആ ദൈവരാജ്യത്തിന് അര്‍ഹരാക്കപ്പെടണമെന്ന ദൈവത്തിന്റെ നീതിപൂര്‍വ്വകമായ നിശ്ചയത്തിനുള്ള തെളിവാണ് ഇവയെല്ലാം.’ പീഡനങ്ങളില്‍ സഭാമക്കള്‍ പ്രദര്‍ശിപ്പിച്ച സ്ഥൈര്യത്തെയും വിശ്വാസത്തെയും അഭിനന്ദിച്ച്, സ്വര്‍ഗ്ഗരാജ്യം ലഭിക്കാന്‍ ഈ സഹനം ഇടയാക്കുമെന്ന ഉറപ്പാണ് വിശുദ്ധ പൗലോസ് ശ്ലീഹാ നല്‍കുന്നത്. അന്ധ യാചകനെപ്പോലെ രക്ഷാകരമായ ആത്മീയതയുടെ ഉടമകളായി എന്റെ കുറവുകളില്‍ ദൈവം ഒരുക്കിവച്ചിരിക്കുന്ന അവസരങ്ങളെ നഷ്ടപ്പെടുത്താതിരിക്കുക.

രണ്ടാമതായി വചനം പഠിപ്പിക്കുന്നു: ആത്മരക്ഷയ്ക്ക് സ്വന്തം തീരുമാനം അനിവാര്യമാണ്. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍ നാം കാണുന്നത്, ‘ഇസ്രായേലിനു സംരക്ഷണം തീര്‍ക്കുന്ന ദൈവത്തെ’ ആണ്. ഈ സംരക്ഷണത്തിന് ആധാരമാകുന്നത് ഇസ്രായേല്‍ക്കാരുടെ മടങ്ങിവരവാണ്. ഏശയ്യാ 31: 6-ാം വാക്യത്തില്‍ നമ്മള്‍ വായിക്കുന്നു: ‘ഇസ്രായേല്‍ ജനമേ, നിങ്ങള്‍ കഠിനമായി മത്സരിച്ച് ഉപേക്ഷിച്ചവന്റെ അടുത്തേയ്ക്ക് തിരിച്ചു ചെല്ലുവിന്‍.’ രക്ഷയിലേയ്ക്ക് ആദ്യചുവട് വയ്ക്കുവാന്‍ മനുഷ്യന്‍ സന്നദ്ധനാകണമെന്ന് ദൈവം ആഗ്രഹിക്കുന്നു.

അന്ധന്റെ വിശ്വാസത്തോടു കൂടിയുള്ള നിലവിളി രക്ഷയിലേയ്ക്കുള്ള ആദ്യ ചുവടായിരുന്നു. വിശ്വാസ സ്ഥിരതയോടെ, തന്നെ വിളിച്ചപേക്ഷിച്ചു പ്രാര്‍ത്ഥിക്കുന്നവരെ ദൈവം ക്ഷമയോടെ കേട്ട് രക്ഷിക്കുമെന്ന് ന്യായാധിപന്റെയും വിധവയുടെയും ഉപമയില്‍ യേശു പഠിപ്പിക്കുന്നു. അന്ധന്‍ ഇവിടെ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു. വിശ്വാസവും രക്ഷയും പരസ്പരം ബന്ധപ്പെട്ടതാണ്. വിശ്വാസം കൂടാതെ രക്ഷയില്ല. വി. അംബ്രോസ് ഓര്‍മ്മിപ്പിക്കുന്നു: ‘ദൈവാനുഗ്രഹങ്ങള്‍ ലഭിക്കുന്നത് ഉറങ്ങുന്നവര്‍ക്കല്ല, ജാഗരൂകതയോടെ അദ്ധ്വാനിക്കുന്നവര്‍ക്കും സ്ഥിരോത്സാഹത്തോടെ വിളിച്ചപേക്ഷിക്കുന്നവര്‍ക്കുമാണ്.’ അതിനാല്‍, രക്ഷ എന്നത് ഒരു ദാനമാണ് എന്ന് നമുക്ക് മറക്കാതിരിക്കാം. അത് ഔദാര്യമായി കിട്ടുന്നതല്ല. ദൈവത്തിന്റെ പക്ഷത്തു നിന്ന് അത് ദാനമാണെങ്കിലും മനുഷ്യന്റെ പക്ഷത്ത് അത് നേടിയെടുക്കലാണ്. അതിന് സ്വന്തം തീരുമാനം വളരെ പ്രധാനപ്പെട്ടതാണ്.

മൂന്നാമതായി വചനം ഓര്‍മ്മിപ്പിക്കുന്നു: തന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ട് മറ്റുള്ളവര്‍ ദൈവത്തെ മഹത്വപ്പെടുത്തണം. അത് അവര്‍ക്ക് രക്ഷയ്ക്ക് കാരണമാകണം. അന്ധ യാചകന് ലഭിച്ച അനുഗ്രഹം കണ്ടതു കൊണ്ടു മാത്രമല്ല, സൗഖ്യത്തിനു ശേഷം അവന്‍ ഈശോയെ അനുഗമിച്ചതു കൊണ്ടു കൂടിയാണ് ജനം ദൈവത്തെ മഹത്വപ്പെടുത്തിയത്. ലഭിച്ച അനുഗ്രഹത്തിന് യോജിച്ച ജീവിതം നയിച്ച്, ലഭിച്ച ജീവിതസാഹചര്യങ്ങളിലൂടെ തമ്പുരാന്റെ അനുഗ്രഹങ്ങള്‍ക്ക് സാക്ഷ്യം നല്‍കുമ്പോള്‍ മറ്റുള്ളവര്‍ അതുകണ്ട് ദൈവത്തെ മഹത്വപ്പെടുത്തും. എല്ലാ വിശുദ്ധരുടെയും ജീവിതം ഇതാണ് കാണിച്ചുതരുന്നത്. കുഷ്ഠരോഗികള്‍ക്ക് വേണ്ട പരിചരണം നല്‍കിയ ഫാ. ഡാമിയാന്റെയും, ആരുമില്ലാത്തവര്‍ക്ക് അത്താണിയായ മദര്‍ തെരേസയുടെയും സാക്ഷ്യജീവിതങ്ങള്‍ കണ്ട് ദൈവത്തെ ലോകം മഹത്വപ്പെടുത്തി. അതിനാല്‍ രക്ഷയുടെ ഉപകരണങ്ങളാകാന്‍ നമ്മെത്തന്നെ വിട്ടുകൊടുക്കാം. രക്ഷാകരമായ ആത്മീയതയുടെ ഉടമകളാകുവാനും ആത്മരക്ഷയ്ക്ക് ആദ്യ ചുവടുവയ്പ്പ് നടത്തുവാനും മറ്റുള്ളവര്‍ക്ക് രക്ഷ സാധ്യമാക്കാന്‍ ഞാന്‍ ഇടയാകുവാനും ഈ വിശുദ്ധ കുര്‍ബാനയില്‍ ദൈവത്തിന്റെ സഹായത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം. ഈ ബലിയര്‍പ്പണം അതിനുള്ള ശക്തിസ്രോതസ്സാണ്.

നാം പ്രവേശിച്ചിരിക്കുന്ന പുതിയ കാലത്തിന്റെ ചൈതന്യം ഉള്‍ക്കൊണ്ട് സമാപന ശുശ്രൂഷയില്‍ വൈദികനോടൊപ്പം നമുക്കും പ്രാര്‍ത്ഥിക്കാം; ‘സകലത്തെയും പവിത്രീകരിക്കുന്ന നിന്റെ ശരീര-രക്തങ്ങള്‍ വഴി നിത്യസൗഭാഗ്യത്തില്‍ നിന്നോടൊപ്പം പങ്കുചേരുവാന്‍ ഞങ്ങളെ യോഗ്യരാക്കേണമേ, ആമ്മേന്‍.’

ബ്ര. ജോസഫ് ചിലമ്പിക്കുന്നേല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ