ഞായര്‍ പ്രസംഗം 2 കൈത്താക്കാലം 3-ാം ഞായര്‍ ആഗസ്റ്റ് 11 ആന്തരിക അന്ധത പെരുകുമ്പോള്‍

ശ്ലീഹന്മാരുടെയും അവരുടെ പിന്‍ഗാമികളുടെയും പ്രേഷിതപ്രവര്‍ത്തനം വഴി വിശ്വാസത്തിന്റെ ഫലങ്ങളാല്‍ സമ്പന്നമായ സഭാവൃക്ഷത്തെ സ്മരിച്ചുകൊണ്ട് നാം ഇന്ന് കൈത്താക്കാലം മൂന്നാമത്തെ ആഴ്ചയിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. ഈശോ ലോകത്തിന്റെ പ്രകാശമാണെന്ന സത്യത്തിലേയ്ക്ക് നമ്മെ നയിക്കുന്നതാണ് ഇന്നത്തെ വചനഭാഗം. പിറവിയാല്‍ തന്നെ അന്ധനായ യാചകന്റെ കണ്ണുകള്‍ ഈശോ തുറക്കുന്ന അത്ഭുതം. വി. യോഹന്നാന്റെ സുവിശേഷത്തില്‍ മാത്രം പരാമര്‍ശിക്കപ്പെടുന്ന ഒരു സംഭവമാണ് ഈ അത്ഭുതം.

ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ മടിച്ചുകൊണ്ട് സ്വന്തം കണ്ണുകളടച്ച് ഇരുട്ടിന്റെ മറ തേടി ജീവിക്കുന്നവരുടെ ലോകത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ഈയൊരു ജീവിതശൈലിയുടെ സ്വാധീനം ചിലപ്പോഴൊക്കെ നമ്മുടെ ജീവിതത്തിലും പ്രകടമാണ്. ഇവിടെ അന്ധരുടെ ജീവിതത്തിലെ ചില നേട്ടങ്ങളെക്കുറിച്ച് അന്ധയായ ഹെലന്‍ കെല്ലര്‍ പറഞ്ഞ ഫലിതചിന്ത ശ്രദ്ധേയമാണ്:
‘അന്ധര്‍ക്ക് കണ്ണടയ്ക്കാതെ ഉറങ്ങാന്‍ സാധിക്കുമെന്നതിനാല്‍ ഏതൊരു തിരക്കിനിടയിലും ഉറങ്ങാന്‍ കഴിയും. ലോകത്തിലെ തിന്മ കണ്ട് വഴിതെറ്റേണ്ട ഗതികേട് അവര്‍ക്കില്ല. തന്നോട് സംവദിക്കുന്ന ആരെയും ഭൂമിയിലെ ഏറ്റവും സൗന്ദര്യമുള്ള വ്യക്തിയായി കരുതാന്‍ അന്ധര്‍ക്കു മാത്രമേ കഴിയൂ.’

ഹെലന്‍ കെല്ലറുടെ അഭിപ്രായത്തില്‍ ഈ ലോകവും പരലോകവും തമ്മിലുള്ള അന്തരം ഏറ്റവുമധികം അനുഭവിക്കാനാകുന്നത് അന്ധര്‍ക്കാണത്രേ. അന്ധര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കുന്ന ഒരു സമൂഹത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. വാഹനങ്ങളിലും മറ്റിടങ്ങളിലുമെല്ലാം പ്രത്യേക പരിഗണന അവര്‍ക്ക് നാം നല്‍കുന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്നു വ്യത്യസ്തമായ ഒരു കാലഘട്ടമായിരുന്നു ഈശോയുടേത്. യഹൂദര്‍ക്കിടയില്‍ കാഴ്ചയില്ലാത്തവരെ പാപികളും പൂര്‍വ്വീകരുടെ പാപം പേറുന്നവരുമായിട്ടാണ് കണ്ടിരുന്നത്.

ഇന്നത്തെ വചനത്തിലേയ്ക്ക് കടന്നുവരുമ്പോള്‍ രണ്ടുതരം അന്ധതയെക്കുറിച്ചാണ് വചനം സാക്ഷിക്കുന്നത്.

1. ബാഹ്യമായ കാഴ്ചയില്ലാത്ത യാചകന്റെ അന്ധത
2. ആന്തരീക കാഴ്ചയില്ലാത്ത ശിഷ്യരുടെയും ഫരിസേയരുടെയും അന്ധത.

ബാഹ്യനേത്രങ്ങള്‍ക്ക് അന്ധത ബാധിച്ച യാചകന്‍. അവന്‍ എന്നും മറ്റുള്ളവരുടെ സംസാരവിഷയമായിരുന്നു. അതിനാല്‍ തന്നെയാണ് ശിഷ്യര്‍ ഈശോയോട് ചോദിക്കുന്നത്: ഇവന്‍ അന്ധനായത് ആരുടെ പാപം നിമിത്തമാണ്..? കാരണം, ഇസ്രായേല്‍ സമൂഹത്തില്‍ മാതാപിതാക്കളുടെ പാപം മക്കള്‍ പേറണം എന്നതിന് ഒരു സാമൂഹികപശ്ചാത്തലം ഉണ്ടായിരുന്നത്രെ. മധ്യപൂര്‍വ്വദേശത്ത് അന്ധതയ്ക്ക് കാരണമായത് ലൈഗീകരോഗമായ ഗൊണോറിയ ആയിരുന്നു.

മോശമായ ജീവിതം നയിച്ചിരുന്ന അമ്മമാര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഈ രോഗത്തിന്റെ ഫലമായി കാഴ്ച്ചശക്തി ജന്മനാ തന്നെ ഇല്ലായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ പറയുന്നുണ്ട്. ഒരുപക്ഷേ, ഈയൊരു കാരണമാകാം ശിഷ്യന്മാരെ ഈ ചോദ്യത്തിലേയ്ക്ക് നയിച്ചത്. എന്നാല്‍, ഈശോ ഇവിടെ അവര്‍ക്ക് നല്‍കുന്ന ഉത്തരം ദൈവപ്രവൃത്തികളുടെ രഹസ്യങ്ങളെക്കുറിച്ചാണ്. വഴിയരികിലെ കുരുടന്റെ പ്രശ്‌നം പാപമല്ല. മറിച്ച്, ദൈവത്തിന്റെ പ്രവൃത്തികള്‍ പ്രകടമാക്കാനുള്ള അവസരമാണെന്നാണ് ഈശോ പറയുന്നത്.

വഴിയരികിലെ യാചകന് തന്റെ അന്ധത നിമിത്തം പ്രകാശമായ ഈശോയെ കാണുവനായിട്ട് സാധിക്കുന്നില്ല. തന്റെ അന്ധത മൂലം മനുഷ്യന്‍ ദൈവത്തെ കാണാതെ പോകുമ്പോഴും ദൈവം മനുഷ്യനെ കാണുന്നു, കണ്ടുകൊണ്ടിരിക്കുന്നു എന്ന സത്യത്തിലേയ്ക്കാണ് വചനം വിരല്‍ചൂണ്ടുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ജീവിതയാഥാര്‍ത്ഥ്യങ്ങളെ വേറൊരു വീക്ഷണത്തിലൂടെ ഈശോ ശിഷ്യന്മാര്‍ക്ക് കാണിച്ചുകൊടുക്കുകയാണ് ഇവിടെ. ജീവിതത്തിലെ പ്രയാസങ്ങളെയും ബുദ്ധിമുട്ടുകളെയും പ്രതി വിലപിക്കുകയല്ല, നേരെമറിച്ച് അവയിലെ ദൈവഹിതം എന്താണെന്ന് തിരിച്ചറിയാന്‍ ശ്രമിക്കുകയാണ് വേണ്ടത്. എന്തുകൊണ്ട് എന്നല്ല, എന്തിനുവേണ്ടി എന്ന ചോദ്യത്തിലേയ്ക്കാണ് ഈ സഹനങ്ങളും ജീവിതപ്രശ്‌നങ്ങളും നമ്മെ നയിക്കേണ്ടത് എന്നതാണ് സാരാംശം.

അനുസരണമായിരുന്നു അന്ധന്റെ കണ്ണുകള്‍ തുറക്കപ്പെടുന്നതിലെ പ്രധാന സവിശേഷത. യേശു ചെളിയുണ്ടാക്കി അവന്റെ കണ്ണില്‍ തൊട്ട് സീലോഹാ കുളത്തില്‍ പോയി കഴുകാന്‍ പറഞ്ഞപ്പോള്‍ അവനത് അനുസരിച്ചു. അത് അവന്റെ ബാഹ്യനേത്രങ്ങളുടെ തുറവിക്ക് കാരണമായി. ദൈവം, തന്റെ ജനം അനുസരിക്കുന്നതിനായി നല്‍കിയ പത്ത് കല്‍പനകളെക്കുറിച്ചാണ് ഇന്നത്തെ ആദ്യവായനയില്‍ നിയമാവര്‍ത്തന പുസ്തകം 5:6-16-ല്‍ നാം കണ്ടത്. എന്നാല്‍, ദൈവകല്‍പനകളില്‍ നിന്നും വ്യതിചലിച്ച അവര്‍ അന്ധതയ്ക്ക് തങ്ങളെത്തന്നെ വിട്ടുകൊടുത്തു. അതിന്റെ തുടര്‍ച്ചെയെന്നോണം, താന്‍ പ്രതീക്ഷിച്ച അവരുടെ അനുസരണക്കേട് നിമിത്തം ലഭിക്കാതായപ്പോള്‍ ദൈവം അവരെ അടിമത്വത്തിലേയ്ക്ക് വിട്ടുകൊടുക്കുന്ന ഭാഗമാണ് ഏശയ്യാ 5: 1-7-ല്‍ നാം വായിച്ചുകേട്ടത്. ഇസ്രായേല്‍ ജനം അനുസരണക്കേട് കാട്ടിയപ്പോള്‍ അവരുടെ കണ്ണുകള്‍ അന്ധമായി. എന്നാല്‍, മിശിഹായെ അനുസരിച്ച കുരുടന്റെ കണ്ണുകളാകട്ടെ, തുറക്കപ്പെട്ടു. ഇന്നത്തെ തലമുറയിലെ ക്രിസ്തുശിഷ്യരെന്ന് അഭിമാനിക്കുന്ന നാമും ദൈവികപദ്ധതികള്‍ അനുസരിക്കാന്‍ തയ്യാറാകണം.

രണ്ടാമത്തെ അന്ധത ബാധിച്ചവരാണ് ബാഹ്യകാഴ്ച ഉണ്ടായിട്ടും ആന്തരിക കാഴ്ച്ച ലഭിക്കാതെ പോയ ഫരിസേയരും ശിഷ്യരും. അറിഞ്ഞതും അനുഭവിച്ചതുമായ സത്യത്തെ, അഹന്ത മൂലം തിരസ്‌കരിച്ച അന്ധതയാണ് യഹൂദപ്രമാണികളെ നയിച്ചത്. ഇവര്‍ക്ക് നന്മയെ തിന്മയായും, തിന്മയെ നന്മയായും മാത്രമേ കാണുവാനായിട്ട് കഴിയുന്നുള്ളൂ. അതിനാലാകണം അന്ധതയുടെ കാരണം തേടി അവര്‍ കുരുടന്റെ മാതാപിതാക്കളുടെ പാപത്തിന്റെ പിന്നാലെ പോകുന്നത്.

സഹനം എന്നത് ദൈവത്തിന്റെ പ്രവൃത്തികള്‍ പ്രകടമാകുന്ന അനുഭവമാണ് എന്ന വസ്തുത തിരിച്ചറിയാന്‍ ഇവര്‍ക്ക് സാധിക്കാതെ വരുന്നു. സഹനത്തില്‍ ദൈവത്തെ പഴിപറഞ്ഞും സ്വയം ശപിച്ചും മറ്റുള്ളവരെ കുറ്റപ്പെടുത്തിയും ജീവിതം തള്ളിനീക്കുമ്പോള്‍ സ്വയം അന്ധരായി നാമും തീര്‍ന്നുകൊണ്ടിരിക്കുകയാണ്.

പ്രകാശത്തിന്റെ പാതയില്‍ വളരാന്‍ വിളിക്കപ്പെട്ടവരാണ് ഓരോ ക്രൈസ്തവനും. ക്രിസ്തുവെന്ന പ്രകാശത്തിലേയ്ക്ക് നോക്കി ജീവിതം പടുത്തുയര്‍ത്താന്‍ വിളിക്കപ്പെട്ടവര്‍. ബാഹ്യമായ നേത്രങ്ങളിലൂടെ പലതും കാണുന്നുണ്ടെങ്കിലും, കാണാത്തവ കാണുന്നവരായി പലപ്പോഴും നാം മാറിപ്പോകാറില്ലേ എന്ന് നമുക്കൊന്ന് ചിന്തിച്ചുനോക്കാം. ഇവിടെയാണ് നമ്മുടെ ഉള്‍ക്കണ്ണ് തുറക്കേണ്ടതിന്റെ ആവശ്യകത. ഉള്‍ക്കണ്ണ് പ്രകാശപൂരിതമാണെങ്കില്‍ അതിന്റെ പ്രതിഫലനം നമ്മുടെ ബാഹ്യനേത്രങ്ങളിലും പ്രകടമാകും. ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളും സഹനങ്ങളും ദൈവമഹത്വം പ്രകടമാക്കുന്ന വഴികളായി കാണുവാനും അവയെ സന്തോഷപൂര്‍വ്വം സ്വീകരിക്കുവാനും സാധിക്കും.

ബാഹ്യാന്ധത ദൈവീകപദ്ധതിയുടെ ഭാഗമാണെങ്കില്‍ ആന്തരീകാന്ധത നാം തന്നെ നമ്മുടെ നന്മയെ മൂടിവയ്ക്കുന്ന അവസ്ഥയാണ്. അതിനാല്‍ നമ്മുടെ ഉള്‍ക്കണ്ണ് തുറക്കേണ്ടത് നമ്മുടെ തന്നെ കടമയാണ്. യേശു ലോകത്തിന്റെ പ്രകാശമാകയാല്‍ യേശുവിലായിരിക്കുന്നവര്‍ക്ക് അന്ധതയില്ല. ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ ഉള്‍ക്കണ്ണ് തുറന്നവരായി നമുക്കും മാറാം. നിത്യപ്രകാശമായ മിശിഹായെ ദര്‍ശിക്കാം.

നിത്യപ്രകാശമായ ഈശോ നമ്മെ തേടിവരുന്ന മഹാരഹസ്യമാണ് വിശുദ്ധ കുര്‍ബാന. നമ്മുടെ ഹൃദയാന്ധത മാറ്റി പ്രകാശപൂര്‍ണ്ണമാക്കാന്‍ കടന്നുവരുന്ന സമയം. അതിനാല്‍ മിശിഹാരഹസ്യമായ വിശുദ്ധ കുര്‍ബാനയ്‌ക്കെതിരെ കണ്ണുകളടച്ച് അന്ധരാകാതെ, ദൈവഹിതം തിരിച്ചറിയുന്ന കാഴ്ച്ചയുള്ളവരായി നമുക്ക് മാറാം. കുര്‍ബാന കണ്ട് കടന്നുപോകുന്നവരാകാതെ കുര്‍ബാനയില്‍ പങ്കുകൊള്ളുന്നവരാകാം. അതിനുള്ള കൃപയ്ക്കായി നമുക്ക് പ്രാര്‍ത്ഥിക്കുകയും ചെയ്യാം. നല്ല ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

ബ്ര. ഷിജോണ്‍ ജോസഫ് MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ