ഞായറാഴ്ച പ്രസംഗം: നീതിമാനായ ജോസഫ്

മംഗളവാര്‍ത്ത നാലാം ഞായര്‍ മത്താ 1:18-24

ആരാധന ക്രമവത്സരത്തിലെ ആദ്യകാലം മംഗളവാര്‍ത്തകാലത്തിന്റെ അവസാന ആഴ്ചയിലേക്ക് പ്രവേശിച്ചിരിക്കുകയാണല്ലോ. ഉണ്ണിയെ വരവേല്‍ക്കാന്‍ മനതാരില്‍ വചനംകൊണ്ടും പ്രാര്‍ത്ഥനകള്‍ക്കൊണ്ടും പുല്‍ക്കൂട് മെനയുന്നവര്‍ക്ക്, ക്രിസ്മസ്സിനായി ഏറ്റം അടുത്ത് ഒരുങ്ങിക്കൊണ്ടിരിക്കുന്നവര്‍ക്ക് സഭാമാതാവ് വിചിന്തനത്തിനായി നല്‍കുക വി. മത്തായിയുടെ സുവിശേഷം 1:18-24 വരെയുള്ള വചനങ്ങളാണ്.

വി. ലൂക്കായുടെ സുവിശേഷത്തില്‍ മംഗലവാര്‍ത്ത അറിയിക്കപ്പെടുന്നത് മറിയത്തോടാണെങ്കില്‍,  മത്തായിയുടെ സുവിശേഷത്തില്‍ മംഗളവാര്‍ത്ത അറിയിക്കുന്നത് ജോസഫിനോടാണ്. കാരണം, മത്തായി സുവിശേഷം എഴുതുന്നത് യഹൂദമതത്തില്‍ നിന്നും യേശുവിന്റെ ശിഷ്യത്വം സ്വീകരിച്ച പാലസ്തീനായിലെ ക്രൈസ്തവ സമൂഹത്തെ ഉദ്ദേശിച്ചാണ്. അതുകൊണ്ടുതന്നെ, യഹൂദപാരമ്പര്യത്തിലെ പുരുഷനുള്ള ആധിപത്യം ദൈവിക പദ്ധതിയുടെ ഭാഗമായി ഉയര്‍ത്തിക്കാട്ടുകയാണ് സുവിശേഷകന്‍.

ഇന്നുമുതല്‍ മരണംവരെ എന്നു പറഞ്ഞ് ആരംഭിക്കുന്ന ദാമ്പത്യജീവിതങ്ങളും, ദൈവനാമത്തില്‍ ആരംഭിക്കുന്ന സന്യാസ ജീവിതങ്ങളുമൊക്കെ ഇന്ന് ഒരു ചീട്ടുകൊട്ടാരംപോലെ നിലംപരിശായി പോകുന്ന ആധുനികയുഗത്തില്‍ മത്തായി സുവിശേഷകന്‍ അവതരിപ്പിക്കുന്ന ‘നീതിമാനായ ജോസഫ്’ ധ്യാനവിഷയമാക്കുക ഉചിതം തന്നെ. ജോസഫ് എപ്രകാരം തന്റെ ജീവിതത്തിലെ പ്രതിസന്ധികളെ കണ്ടു എന്നും, അത് തരണം ചെയ്തു എന്നും, നീതിമാന്‍ എന്ന പദം അതുകൊണ്ട് തന്നെ എത്രമാത്രം അദ്ദേഹത്തിന് അനുയോജ്യമാണ് എന്നും നമുക്ക് ഇന്നത്തെ വചനഭാഗത്തിലൂടെ വിചിന്തനം ചെയ്യാം.

വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന യുവതി- യുവാക്കള്‍ തങ്ങളുടെ മനസുകളില്‍ നെയ്തുതീര്‍ക്കുന്ന, തങ്ങളുടെ ജീവിതത്തെക്കുറിച്ച് സ്വപ്നങ്ങളുടെ കലവറതീര്‍ക്കുന്ന ഒരു കാലഘട്ടമുണ്ട്. ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്ന ദാവീദ് വംശത്തില്‍പ്പെട്ട ജോസഫിന്, താന്‍ ഭാര്യയായി സ്വീകരിക്കാനിരിക്കുന്ന മറിയം ഗര്‍ഭിണിയായി കാണപ്പെട്ടത് അത്ര മംഗളകരമായി തോന്നാത്ത ഒരു മംഗളവാര്‍ത്ത. എന്നാല്‍ ദൈവമൊഴികള്‍ക്ക് മേല്‍ മറുമൊഴി ഇല്ലാതാകുമ്പോഴുള്ള ശൂന്യത ജോസഫിനെയും അനാവരണം ചെയ്യുകയാണ്. ആ ശൂന്യതയിലേക്ക് അയാള്‍ ദൈവത്തെ, ദൈവഹിതത്തെ നിറയ്ക്കുകയാണ്. തന്നോടൊപ്പം സഹവസിക്കുന്നതിന് മുമ്പ് മറിയം ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ മാനുഷികമായി ആദ്യം അവളെ ഉപേക്ഷിക്കാനാണ് ജോസഫ് ചിന്തിച്ചത്. പക്ഷേ, ദൈവഹിതം നിറവേറ്റപ്പെടാന്‍ സ്വന്തം ഇഷ്ടങ്ങളെ ബലികഴിക്കുന്ന ജോസഫ് മംഗളവാര്‍ത്ത രചിക്കുകയാണ്.

നെയ്തുകൂട്ടിയ സ്വപ്നങ്ങളെല്ലാം താറുമാറായി നില്‍ക്കുന്ന ജോസഫിന്റെ ജീവിതം ഒരുപക്ഷേ, മനുഷ്യന് നന്നാക്കിയെടുക്കാനാവാത്തതായിരുന്നു. എന്നാല്‍ അയാള്‍ എല്ലാം ദൈവത്തിലര്‍പ്പിച്ചു. ദൈവികപദ്ധതികള്‍ നിറവേറ്റപ്പെടാന്‍ കാത്തുനില്‍ക്കുമ്പോഴാണ് അവിടെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു പറയുന്നത്. ”മറിയത്തെ ഭാര്യായായി സ്വീകരിക്കാന്‍ നീ ശങ്കിക്കേണ്ട അവള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍ നിന്നാണ്.’ പൂര്‍വ്വയൗസേപ്പിനെപ്പോലെ ജോസഫും സ്വപ്നത്തില്‍ ദൈവിക വെളിപാടുകള്‍ സ്വീകരിക്കുന്നതായി സുവിശേഷകന്‍ എടുത്തുകാട്ടുന്നു.

ജീവിത പ്രതിസന്ധിഘട്ടങ്ങളില്‍ നട്ടംതിരിയുമ്പോള്‍ അറിയാതെ നമ്മളൊക്കെ ചോദിച്ചു പോകുന്ന ചോദ്യം ”എന്തേ പ്രാര്‍ത്ഥിച്ചിട്ടും ഒരു പ്രയോജനമില്ലാത്തത്, എന്തേ ഈ ദൈവം ഇങ്ങനെ എന്നൊക്കെ…” മനുഷ്യന്‍ പറയുന്ന കാലതാമസം അത് ദൈവത്തിന്റെ ഹിതം നമ്മളിലൂടെ അനുവര്‍ത്തിക്കപ്പെടാനുള്ള വേദിയായി ദൈവം ഒരുക്കുന്ന നിമിഷങ്ങളാണെന്ന് തിരിച്ചറിയാം. ജെറ. 29:11 പറയുന്നു. ”എനിക്ക് നിന്നെക്കുറിച്ച് ഒരു പദ്ധതിയുണ്ട്. അത് നിന്റെ നാശത്തിനല്ല, ക്ഷേമത്തിനായുള്ള പദ്ധതിയാണ് എന്ന്.

പിന്നീട് ‘ദാവീദിന്റെ പുത്രനായ ജോസഫ്’ എന്ന മാലാഖയുടെ അഭിവാദനസ്വരം, അനുഗ്രഹീതമായ രാജവംശത്തിന്റെയും മിശിഹായുഗത്തിന്റെയും ഓര്‍മ്മയുണര്‍ത്തുന്നതാണ്. ക്രിസ്തു ദാവീദിന്റെ വംശത്തില്‍ നിന്നായിരിക്കും എന്ന പ്രവചനത്തെ ഓര്‍മ്മപ്പെടുത്തുന്ന വിധമാണ് മാലാഖ അഭിവാദനം ചെയ്യുന്നത്. ഈശോ തന്റെ പരസ്യജീവിതകാലത്തും അഭിസംബോധന ചെയ്യപ്പെടുക ‘ദാവീദിന്റെ പുത്രനായ ക്രിസ്തു’ എന്നാണല്ലോ? ജോസഫിനെ മറിയത്തിന്റെ ഭര്‍ത്താവായി നിയോഗിച്ചത് ദൈവം തന്നെയാണെന്നും ഇത് ദൈവത്തിന്റെ തിരഞ്ഞെടുപ്പാണെന്നും ദൂതന്‍ സൂചിപ്പിക്കുകയാണ്.

‘മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ നീ ശങ്കിക്കേണ്ട എന്ന വചനം രക്ഷാകരകര്‍മ്മത്തിലുള്ള ജോസഫിന്റെ പങ്ക് സൂചിപ്പിക്കുകയാണ്, ഒരു സാധാരണക്കാരനായ തച്ചനായിരുന്ന ജോസഫിനെ മറിയത്തിന്റെ ഭര്‍ത്താവും, യേശുവിന്റെ വളര്‍ത്തുപിതാവുമായി തിരഞ്ഞെടുത്തത് ദൈവവമാണെന്നും, മറിയത്തെ തെരഞ്ഞെടുത്തതുപോലെ ഇതും ദൈവത്തിന്റെ നിശബ്ദമായ ഒരു തെരഞ്ഞെടുപ്പാണെന്നും സുവിശേഷകന്‍ ഓര്‍മ്മിപ്പിക്കുകയാണിവിടെ.

വീണ്ടും വചനം പറുന്നു: ”നീ അവന് യേശു എന്ന് പേരിടണം. ‘ദൈവം നമ്മോടുകൂടെ’ എന്നര്‍ത്ഥമുള്ള ‘ഇമ്മാനുവല്‍’ എന്നവന്‍ വിളിക്കപ്പെടും. യഹൂദ ആചാരപ്രകാരം ശിശുവിന് പേരിടേണ്ടത് പിതാവിന്റെ അവകാശവും അധികാരവുമാണ്. എന്നാല്‍ ക്രിസ്തുവിന്റെ യഥാര്‍ത്ഥ പിതാവ് നിര്‍ദ്ദേശിച്ച നാമമാണ് ദൂതന്‍ ജോസഫിന് നല്‍കുന്നത്. വളര്‍ത്തുപിതാവ് എന്ന സ്ഥാനം സ്വര്‍ഗ്ഗത്തില്‍ നിന്ന് നല്കുകയാണിവിടെ.

ഏശയ്യാ 7:14 ല്‍ നാം കാണുന്നു. ‘യുവതി ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്ന് വിളിക്കപ്പെടും’ പഴയനിയമത്തില്‍ മേഘസ്തംഭമായും അഗ്നിസ്തംഭമായും തന്റെ സാന്നിധ്യമറിയിച്ച ദൈവം ഇടിമുഴക്കത്തിലും, കൊടുങ്കാറ്റിലും തന്റെ സാന്നിധ്യമറിയിച്ചു. എന്നാല്‍ പുതിയ നിയമത്തില്‍ അവന്‍ നമ്മിലൊരുവനായി മനുഷ്യരൂപം സ്വീകരിച്ചു നമ്മെപ്പോലെ ജീവിച്ചു. പഴയനിയമം പ്രതീക്ഷയോടെ കാത്തിരുന്ന രാജാവ് യേശുതന്നെയാണ് വിളിച്ചു പറയുകയാണിവിടെ.

വീണ്ടും വചനം പറയുന്നു. ‘ജോസഫ് നിദ്രവിട്ടുണര്‍ന്ന് ദൂതന്‍ കല്പിച്ചപോലെ പ്രവര്‍ത്തിച്ചു.’ ദൈവഹിതം മാലാഖയിലൂടെ അറിയപ്പെട്ടപ്പോള്‍ മറുത്തു ഒന്നും പറയുന്നില്ല ജോസഫ്. ‘ഇനി എന്ത്.’ എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല. ‘എല്ലാം ദൈവഹിതം പോലെ’ എന്ന ഉറച്ച ബോധ്യത്തില്‍ മുന്നോട്ടു നീങ്ങുകയാണ് ജോസഫ്. സഭാപിതാവായ വി. അപ്രേം പഠിപ്പിക്കുന്നു.

”ഉല്പത്തിപുസ്തകത്തില്‍ ആദിപിതാവായ ആദം തന്റെ ഭാര്യ ഹവ്വായെ സ്വീകരിച്ചപ്പോള്‍ അത് പാപത്തിലേക്കുള്ള ചുവടുവയ്പ്പായി. എന്നാല്‍ ജോസഫ് രണ്ടാം ഹവ്വായായ മറിയത്തെ സ്വീകരിച്ചപ്പോള്‍ അത് രക്ഷിലേക്കുള്ള ചുവടുവയ്പ്പായി” എന്ന്. അതെ, ദൈവഹിതത്തിന് വഴങ്ങിക്കൊടുക്കുന്നവന്റെ ജീവിതം അനേകേര്‍ക്ക് രക്ഷയിലേക്കുള്ള മാര്‍ഗ്ഗമാകുകയാണ്. ”എങ്കിലും എന്റെ ഹിതമല്ല, നിന്റെ ഹിതം” എന്നു പറഞ്ഞ് ക്രിസ്തു സ്വയം ഒരു ബലിയായപ്പോള്‍ അത് ഒരു ലോകത്തിന് തന്നെ രക്ഷയായി വര്‍ത്തിക്കുകയായിരുന്നു. ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്പോള്‍ ‘നിന്റെ ഹിതം’ എന്ന് പറയാന്‍ നമുക്ക് സാധിക്കണം.

വി. മത്തായി സുവിശേഷകന്‍ ജോസഫിനെ അലങ്കരിക്കുന്ന പദം ‘നീതിമാന്‍’ എന്നാണ്. നീതിമാന്‍ എന്ന പദം എന്തുകൊണ്ടും ജോസഫിന് അനുയോജ്യം എന്ന് പറയാന്‍ ഇനി നമുക്കും ആവും. കാരണം, നീതിമാന്‍ എന്നാല്‍ ‘നീതി’ എന്ന ഗുണം ഉള്ളയാള്‍ എന്നു മാത്രമല്ല, മറിച്ച് ദൈവപ്രമാണങ്ങളോടുള്ള വിശ്വസ്തതയും, സഹോദരസ്‌നേഹവും എല്ലാം ഒരുപോലെ അനുഷ്ഠിക്കുന്ന വ്യക്തി.

വിവാഹശേഷം  ഭര്‍ത്താവറിയാതെ ഗര്‍ഭിണിയാകുന്ന ഭാര്യയ്ക്കു കല്പിക്കപ്പെട്ടിരിക്കുന്ന ശിക്ഷയെ നിയമാവര്‍ത്തനം 22-ാം അധ്യായത്തില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ”അവര്‍ ആ യുവതിയെ തങ്ങളുടെ പിതൃഭവനത്തിന്റെ വാതില്‍ക്കല്‍ കൊണ്ടുവരികയും, അവളുടെ നഗരത്തിലെ പുരുഷന്മാര്‍ അവളെ കല്ലെറിഞ്ഞ് കൊല്ലുകയും വേണം.”

ഇവിടെയാണ്  യോസഫ് ഒരു നീതിമാന്‍ എന്നതിന്  പ്രസക്തിയേറുന്നത്.  കാരണം ജോസഫ് ഒരു യഹൂദനിയമപ്രകാരമുള്ള നീതിമാനായിരുന്നെങ്കില്‍ അവന്‍ അവളെ ശിക്ഷാവിധിക്കു ഏല്‍പ്പിച്ചുകൊടുക്കുമായിരുന്നു. എന്നാല്‍ ജോസഫ് നിയമത്തെക്കാളുപരി  സ്‌നേഹത്തിനും, കാരുണ്യത്തിനും മുന്‍തൂക്കം നല്‍കി. ഒരു പക്ഷേ അതാവണം അവന്‍ അവളെ രഹസ്യത്തില്‍ ഉപേക്ഷിക്കാന്‍ തയ്യാറായത്.

ഒരുപക്ഷേ, ഈ കാരുണ്യമല്ലേ യോഹ 8-ാം അധ്യായത്തില്‍ ഈശോയിലും നാം കാണുക. കല്ലെറിഞ്ഞ് കൊല്ലാന്‍ തന്റെ മുമ്പിലേക്ക്  കൊണ്ടുവന്ന പാപിനിയായ സ്ത്രീയെ നോക്കി സ്‌നേഹത്തോടെയും കാരുണ്യത്തോടെയും ‘മേലില്‍ പാപം ചെയ്യരുത്.’ എന്ന സ്‌നേഹതാക്കീതുമായി അവന്‍ വിട്ടയയ്ക്കുന്നത്.

പ്രതിസന്ധികളില്ലാത്ത അവസ്ഥയെ ആരും സമാധാനം എന്നു വിളിക്കില്ല. മറിച്ച് ജീവിസാഹചര്യങ്ങള്‍ക്കും, വിചിന്തകള്‍ക്കും എല്ലാം വിപരീതമായി പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ ദൈവത്തിലാശ്രയിക്കുന്നവരുടെ മേല്‍ ദൈവത്തിന്റെ പദ്ധതികള്‍ ഉണ്ടാകും എന്ന് ജോസഫ് നിശബ്ദമായി പഠിപ്പിക്കുയാണിവിടെ. കാറ്റും കോളും ഉണ്ടായപ്പോള്‍ അലറി വിളിച്ച ശിഷ്യരെപ്പോലെ ആയിരുന്നില്ല ജോസഫ്. മറിച്ച് ദൈവത്തിലാശ്രയിച്ചു ദൈവഹിതം  അനുവര്‍ത്തിക്കപ്പെടാന്‍ അയാള്‍ ശാന്തനായി കാത്തുനിന്നു. സങ്കീര്‍ത്തനം 121:3-5 ല്‍ പറയുന്നു. ”നിന്റെ കാല്‍ വഴുതി പോകാന്‍ അവിടുന്ന് അനുവദിക്കുകയില്ല. നിന്നെ കാക്കുന്നവന്‍ ഉറക്കം തൂങ്ങുകയില്ല. ഇസ്രയേലിന്റെ പരിപാലകന്‍ മയങ്ങുകയില്ല. കര്‍ത്താവാണു നിന്റെ പരിപാലകന്‍.”

യുഗാന്ത്യം വരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും എന്ന് ചൊല്ലിയവന്റെ വചനത്തിന്റെ നിവര്‍ത്തനമാണല്ലോ പരിശുദ്ധ കുര്‍ബാന. അതെ, ഈശോ ഇന്നും എന്നും  എപ്പോഴും നമ്മോടുകൂടെയുണ്ട്, പരിശുദ്ധ കുര്‍ബാനയായി. ജീവിതപ്രതിസന്ധികളില്‍ നട്ടംതിരയുമ്പോള്‍ ഇനി ക്രിസ്തുവിലേക്കും പരിശുദ്ധ കുര്‍ബാനയിലേക്കും നമുക്ക് നമ്മുടെ കണ്ണുകളെ ഉയര്‍ത്താം. എന്നെ ശക്തനാക്കുന്നവനിലൂടെ എനിക്കെല്ലാം സാധ്യമാകും എന്നു പറയാന്‍ തക്കവിധം ഒരു ചങ്കൂറ്റം ഓരോ പ്രതിസന്ധി വേളകളിലും നമുക്ക് ഉണ്ടാവട്ടെ. അതിനായി ക്രിസ്തു നമ്മില്‍ പിറക്കട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.