ഞായറാഴ്ച പ്രസംഗം – മാര്‍ച്ച് 5; പിതാവിന്റെ ഹിതം നിറവേറ്റുക (മത്തായി 7:21-28)

നോമ്പുകാലം 2-ാം ഞായര്‍ മത്തായി 7:21-28

സര്‍ക്കസ്സ് കളിയില്‍ കോമാളി സ്റ്റേജില്‍ ഒരു പാട് തമാശകള്‍ കാട്ടിക്കൂട്ടുന്നു, ജനം ആര്‍ത്തു ചിരിക്കുന്നു. ഇടയ്ക്ക് സര്‍ക്കസ്സ് കൂടാരത്തിന്റെ പിന്നിലെവിടെയോ പുകയുയര്‍ന്നു. കോമാളി മാത്രം അത് കണ്ടു. അവന്‍ വിളിച്ചു പറഞ്ഞു തീ… തീ… അത് തമാശയാണെന്ന് കരുതി ജനം ആര്‍ത്ത് ചിരിച്ചു. അവന്‍ നിലവിളിച്ചു, അതാ അവിടെ തീ. ജനം വീണ്ടും ചിരിച്ചു. അധികം താമസിയാതെ പിന്നിലുയര്‍ന്ന തീ ഒരു അഗ്നിഗോളമായി, സര്‍വ്വതും ആ അഗ്നിയില്‍ ദഹിപ്പിക്കപ്പെട്ടു. ഇതുപോലെ പല അടയാളങ്ങളും മുന്നറിയിപ്പുകളും നമുക്ക് അനുദിനം ലഭിക്കുന്നുണ്ട്. ചില വ്യക്തികളിലൂടെയും സംഭവങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും അതുമല്ലെങ്കില്‍ ദൈവം തന്റെ തന്നെ സ്വരത്തിലൂടെ നമുക്ക് വേണ്ട നല്ല അടയാളങ്ങള്‍ തരും.

ഇന്നത്തെ വചനവും നമുക്ക് ഒരു അടയാളം നല്‍കുകയാണ്. നിന്റെ ജീവിതാവസാനം ”കര്‍ത്താവേ, കര്‍ത്താവേ” എന്ന് വിളിച്ചു കരയുന്നതില്ല കാര്യം മറിച്ച്, ദൈവത്തിന്റെ വചനത്തില്‍ അടിയുറച്ച് ജീവിച്ചുകൊണ്ട് പിതാവിന്റെ ഹിതം നിറവേറ്റുന്നതിലാണ്. മനുഷ്യന്റെ വിവിധ സാഹചര്യങ്ങള്‍ക്കനുസരിച്ച് വചനം മനുഷ്യനോട് സംവാദിക്കുന്നു, ആശ്വസിപ്പിക്കുന്നു, പ്രതീക്ഷ നല്‍കുന്നു, താക്കീത് നല്‍കുന്നു, പക്ഷേ മനുഷ്യന്‍ അത് കൂട്ടാക്കുന്നില്ല. വചനം ശ്രവിക്കുകയോ, സ്വീകരിക്കുകയോ, അതിനനുസരിച്ച് ജീവിതത്തില്‍ മാറ്റം വരുത്തുകയോ ചെയ്യുന്നില്ല.

പുഴയുടെ ഒഴുക്ക് നിലച്ചാലും, കരകവിഞ്ഞാലും അടയാളങ്ങളായ് ചാലുകള്‍ അവശേഷിക്കും. അഗ്നി ദഹിപ്പിക്കുന്നതിന്റെ ചാരവും, ശ്യൂന്യതയും അവശേഷിക്കും. ക്രിസ്തുവചനങ്ങള്‍ അഗ്നിയും, ജലവുമാണ്. അത് പലതവണ ജീവിതത്തില്‍ പെയ്‌തൊഴിഞ്ഞിട്ടും, അഗ്നിയായി പടര്‍ന്നു പിടിച്ചിട്ടും മാറ്റത്തിന്റെ തെളിവുകള്‍, അടയാളങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഏറെ അനുയോജ്യമായ കാലത്താണ് നാമിപ്പോള്‍. വിശ്വാസ ജീവിതത്തിലും, സാന്മാര്‍ഗിക ജീവിതത്തിലും പരാജയപ്പെടാത്തവന്‍ ഭാഗ്യവാന്‍, കാരണം ക്രിസ്തുവചനമാകുന്ന പാറമേല്‍ അവന്റെ അടിത്തറ ഭദ്രമാണ്. ആഴമായ ധ്യാനത്തില്‍ വചനത്തെ വിശകലനം ചെയ്തു നോക്കുക. ഇത് കര്‍ത്താവിന്റെ വെല്ലുവിളിയാണ്. മറ്റുള്ളവരേക്കാള്‍ ആത്മീയമായി ജീവിക്കുന്നുവെന്ന് കരുതുന്നവരോടും, പരിശുദ്ധാത്മാവിന്റെ അഭിഷേകം സിദ്ധിച്ചവരെന്ന് വിശ്വസിക്കുന്നവരോടും കര്‍ത്താവ് ചോദിക്കുന്നു. ”എന്റെ പിതാവിന്റെ ഹിതം നിറവേറ്റിയോ?” പിതാവാരാണെന്ന് പുത്രനായ ക്രിസ്തു വെളിപ്പെടുത്തി. പുത്രനാരാണെന്ന് തിരുവചനം വെളിപ്പെടുത്തി. തിരുവചനം എന്താണെന്ന് വിശ്വാസി ജീവിച്ചു കാണിക്കണം. തിരുവചനം പിതാവിന്റെ ഹിതമല്ലാതെ മറ്റൊന്നുമല്ല. അതുകൊണ്ടാണ് ക്രിസ്തു അസന്നിഗ്ധമായി പ്രഖ്യാപിച്ചത് ‘എന്റെ വചനം ശ്രവിക്കുകയും, അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ പാറമേല്‍ ഭവനം പണിത വിവേകമതിയായ മനുഷ്യന് തുല്യനെന്ന്.” കര്‍ത്താവിന്റെ നാമത്തില്‍ പ്രവചിക്കാനും, പിശാചുക്കളെ ബഹിഷ്‌കരിക്കാനും, രോഗികളെ സുഖപ്പെടുത്താനും പരിശുദ്ധാത്മാവിന്റെ അഭിഷേകമുള്ളവര്‍ക്ക് മാത്രമേ പറ്റൂ. എന്നാല്‍ അതുകൊണ്ട് മാത്രം നിത്യ ജീവനിലേക്കുള്ള വാതില്‍ തുറക്കപ്പെടുമെന്ന് നമ്മള്‍ തെറ്റിദ്ധരിക്കരുത്. പൗലോസ്ശ്ലീഹാ കോറീന്തോസുകാര്‍ക്ക് എഴുതിയ 1-ാം ലേഖനത്തില്‍ വ്യക്തമായി നമ്മെ പഠിപ്പിക്കുന്നു. ”ഓരോരുത്തരിലും പരിശുദ്ധാത്മാവ് വെളിപ്പെടുന്നത് പൊതുനന്മയ്ക്കായിട്ടാണ്” അതായത് ആത്മരക്ഷയല്ലാ എന്ന് സ്പഷ്ടം. വീണ്ടും പൗലോസ്ശ്ലീഹാ പഠിപ്പിക്കുന്നു, ”ഞാന്‍ മനുഷ്യരുടെയും ദൈവദൂതന്മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും, എനിക്കു സ്‌നേഹമില്ലെങ്കില്‍, ഞാന്‍ മുഴങ്ങുന്ന ചേങ്ങിലയോ, ചിലമ്പുന്ന കൈത്താളമോ ആണ് എന്ന്” (1 കോറി 13:1-3).

സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നത് ”കര്‍ത്താവേ, കര്‍ത്താവേ” എന്ന് വിളിച്ചപേക്ഷിക്കുന്നവരല്ല. അവിടുത്തെ വചനം ശ്രവിച്ച്, അതനുസരിച്ച് ജീവിച്ച്, പിതാവിന്റെ ഹിതം നിറവേറ്റുന്നവരാണ്. എനിക്ക് രക്ഷ നേടിത്തരുന്നത് കര്‍ത്താവിന്റെ കരങ്ങളില്‍ ഉള്ള എന്റെ അതഭുത പ്രവര്‍ത്തികളുടെ കണക്കുപുസ്തകമല്ല, മറിച്ച് കണ്ട് നില്‍ക്കുന്നവരെ അത്ഭുതപ്പെടുത്തുന്ന വിധത്തില്‍ ഞാന്‍ അനുഗമിച്ച ക്രിസ്തുവചനത്തിന്റെ തലങ്ങളായിരിക്കും. ക്രിസ്തു പറയുന്നു നിങ്ങള്‍ ആത്മീയ പ്രകടനങ്ങളില്‍ മാത്രം ചിന്തയര്‍പ്പിക്കുന്നവരാകാതെ എന്റെ പിതാവിന്റെ ഹിതം നിറവേറ്റുന്നതില്‍ തല്‍പരരാകുവിന്‍. ക്രിസ്തു വചനങ്ങളില്‍ ആശ്വാസം കണ്ടെത്തുന്നവരും ആശ്രയം വയ്ക്കുകയും, ഇടക്കിടെ അത് പറയുവാനും കഴിവുള്ള കുറച്ചു പേരെങ്കിലും നമ്മുടെ ഇടയില്‍ ഉണ്ടെന്നുള്ളത് ആശ്വാസകരമാണ്. പക്ഷേ സുവിശേഷം പോയിട്ട് പത്രം പോലും വായിക്കാന്‍ താല്‍പര്യപ്പെടാത്ത ഒരു തലമുറയില്‍ ”വചനം നിശബ്ദമായിപ്പോകുന്നു.”

വചനം വായിക്കണം മനസിലാക്കണം, സ്വീകരിക്കണം, അതനുസരിക്കണം, ജീവിക്കണം. അപ്പോള്‍ ആ സഭയില്‍ വിശുദ്ധരുടെ എണ്ണം അനുദിനം വളരും. ഒന്നും കഴിഞ്ഞില്ലെങ്കിലും കുഞ്ഞുനാള്‍ മുതല്‍ ചൊല്ലുന്ന ഈശോ പഠിപ്പിച്ച പ്രാര്‍ത്ഥന മനസ്സിരുത്തി ഒന്നു പ്രാര്‍ത്ഥിക്കുക. കാരണം ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ’ എന്ന പ്രാര്‍ത്ഥന സുവിശേഷമൂല്യങ്ങളുടെ ആകെ തുകയാണെന്ന് സഭാപിതാവായ തെര്‍ത്തുല്യന്‍ പഠിപ്പിക്കുന്നു. സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടാത്ത ഒന്നും തന്നെ സുവിശേഷങ്ങളില്ല എന്ന് വിശുദ്ധ അഗസ്തിനും പഠിപ്പിക്കുന്നുണ്ട്.

നീതീകരണത്തിനായി ക്രിസ്തുവിന് സമര്‍പ്പിച്ചവര്‍ക്ക് വിശുദ്ധിയും നിത്യ ജീവനും ലഭിക്കുന്നുവെന്ന് പൗലോസ് ശ്ലീഹാ (റോമ. 6:15-25) പഠിപ്പിച്ചതും ഒന്നേ ഉള്ളൂ; ജീവിതത്തില്‍ ദൈവം കാട്ടിതന്ന വഴിയേ (മോചനത്തിന്റെ) അനുധാവനം ചെയ്യുക, പിന്നാലെ ദൈവത്തിന്റെ അനുഗ്രഹങ്ങളും അനുഗമിച്ചു കൊള്ളും. ”പ്രകാശത്തില്‍ നടക്കുക, നിഴലുകള്‍ പിന്നാലെ പായുന്നത് നീ കാണും എന്ന് തോമസ് അക്വമ്പിസ്സ് പറയുന്നു. വചനം പ്രകാശമാണ്. ആ പ്രകാശത്തെ നടക്കുന്നവന്‍ ക്രിസ്തുവിന് സ്വയം സമര്‍പ്പിക്കുന്നവനാണ്. വചനവഴിയേ നടക്കുന്നവന്‍ ഉറച്ച പാറമേല്‍ ഭവനം പണിതവന് തുല്യനാണ്. അവനാണ് യഥാര്‍ത്ഥത്തില്‍ പിതാവിന്റെ ഹിതം നിറവേറ്റുന്നതും, സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നതും.

ദൈവത്തിന്റെ സ്വരം കൂടുതല്‍ പറഞ്ഞ സ്‌നാപകന്റെ അവസ്ഥയിലാണ് വചനമിന്ന്. സ്‌നാപകന്‍ അധികം പറഞ്ഞതുകൊണ്ട് തല വെള്ളിത്താലത്തിലായി. വീട്ടിലെ പ്രാര്‍ത്ഥനാ മുറിയില്‍ വെള്ളിപാത്രത്തിലെന്നപോലെ വചനം സൂക്ഷിച്ചിരുന്നു. ഇന്നു വചനത്തിന് അല്‍പം മാറ്റം വെച്ചിട്ടുണ്ട്. കട്ടിയുള്ള പുസ്തകമായിരുന്ന വചനം ഇന്ന് നിസാര MB മാത്രമുള്ള Soft  കോപ്പിയായി. കമ്പ്യൂട്ടറിലായി, പിന്നീട് ഫോണിലായി. വചനം ഇങ്ങനെ എളുപ്പവഴിയില്‍ നമ്മുടെ കൈകളിലും പോക്കറ്റുകളിലും ചെവികളിലും എത്തിയിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇതിന്റെ പ്രസക്തി എന്റെ ജീവിതത്തില്‍ നിന്നും നഷ്ടമായിട്ടുണ്ടോ എന്ന് ഒന്നാത്മശോധന ചെയ്യാം. ഇരുതല വാളിനെ പോലെ മൂര്‍ച്ചയുള്ള വചനം എന്റെ ജീവിതത്തിലെ വഴികാട്ടിയായിത്തീരാന്‍ ഇന്നുമുതല്‍ വചന വഴിയേ നടക്കാന്‍ പരിശ്രമിക്കാം.

റ്റിബിന്‍ കളപ്പുരയ്ക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.