സീറോ മലങ്കര സെപ്തംബര്‍ 07; ലൂക്കാ 2:15-20 – ഹൃദയത്തില്‍ സംഗ്രഹിക്കുക

ദൈവദൂതന്‍ പറഞ്ഞവ കേട്ടപ്പോള്‍ മറിയം തുള്ളിച്ചാടുകയോ, ദേഷ്യപ്പെടുകയോ, ചോദ്യം ചെയ്യുകയോ, മറ്റുള്ളവരോട് പറഞ്ഞു നടക്കുകയോ ചെയ്തില്ല. അവള്‍ എല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച് ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു. പല വ്യക്തികളില്‍ നിന്ന് പല കാര്യങ്ങള്‍ നമ്മള്‍ കേള്‍ക്കുന്നതാണ്. അവയോടുള്ള നമ്മുടെ മനോഭാവം എന്താണ്. കേള്‍ക്കുന്നവയില്‍ നിന്നും അല്പം കൂടി കൂട്ടിച്ചേര്‍ത്ത് പറയാന്‍ ശ്രമിക്കുന്നവരാണോ മറ്റുള്ളവരെക്കുറിച്ചുള്ള രഹസ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ മൂടിവയ്ക്കാതെ പറഞ്ഞു നടക്കുന്നവരാണോ? എങ്കില്‍ പരിശുദ്ധ അമ്മയിലേയ്ക്ക് നോക്കുക. കാരണം അവള്‍ അറിഞ്ഞിരുന്നു. ”ദൈവത്തിന് ഒന്നും അസാധ്യമല്ലെന്ന്.” കേള്‍ക്കുന്നതിന്റെ ആഴവും അര്‍ത്ഥവും മനസ്സിലാക്കണമെങ്കില്‍ ഹൃദയത്തിനുള്ളില്‍ മനനം നടക്കണം. പലകാര്യങ്ങളിലും നമ്മള്‍ക്ക് തെറ്റിപ്പോകുന്നത്, ഇത്തരം മനനം നടക്കാത്തതുകൊണ്ടാണ്. പരിശുദ്ധ അമ്മ കേട്ടവയെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച്, ഗാഢമായി ചിന്തിച്ച് അതിന്റെ പിറകിലെ ദൈവീകപദ്ധതി തിരിച്ചറിഞ്ഞതുകൊണ്ടാണ് പുത്രന്റെ കുരിശിന്റെ ചുവടുവരെ തളരാതെ നില്‍ക്കാന്‍ കഴിഞ്ഞത്. അതിനാല്‍ കേള്‍ക്കുന്നവയ്ക്ക് ഉടനടി പ്രതികരണം നല്‍കാതെ ഹൃദയത്തില്‍ സംഗ്രഹിച്ച് മനനം ചെയ്യുക. അപ്പോള്‍ പല മറുപടികളും ആവശ്യമില്ലാത്തവയാണെന്ന് മനസ്സിലാകും.
ഫാ. റോണി കളപ്പുരയ്ക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.