ആത്മഹത്യാ വര്‍ദ്ധനവ്‌: ഓൺലൈൻ കൗൺസിലിംഗിനായി ഇന്ത്യയിലെ കത്തോലിക്കാ സഭ  

ഇന്ത്യയിൽ കൊറോണ വൈറസ് അതിരൂക്ഷമായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ അതുപോലെ തന്നെ പെരുകുന്ന ഒന്നാണ് ആത്മഹത്യാ പ്രവണത. തന്മൂലം മാനസിക വൈകല്യങ്ങൾ, വിഷാദം, സാമൂഹിക ഒറ്റപ്പെടൽ ഇവ മൂലം ബുദ്ധിമുട്ടുന്നവർക്ക് ഓൺലൈൻ കൗൺസിലിംഗ് നൽകുവാൻ ഒരുങ്ങുകയാണ് കത്തോലിക്കാ സഭ.

കാരിത്താസ് ഇന്ത്യയുമായി ബന്ധപ്പെട്ട സ്പെഷ്യലിസ്റ്റുകൾ മുഖേനയുള്ള ഈ സേവനം കൂടുതൽ ആവശ്യമായിത്തീർന്നിരിക്കുന്നു. കാരണം ഓരോ വർഷവും ആയിരക്കണക്കിന് ആളുകൾ ആത്മഹത്യ ചെയ്യുന്നു. ആത്മഹത്യ ചെയ്യുന്ന ആളുകളുടെ എണ്ണം നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.” -കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. പോൾ മൂഞ്ഞേലി പറഞ്ഞു.

ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷണൽ ക്രൈംസ് റെക്കോർഡ് ബ്യൂറോ (എൻ‌സി‌ആർ‌ബി) സെപ്റ്റംബർ ആദ്യം പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2019 ൽ 139,000 -ലധികം ഇന്ത്യക്കാർ ആത്മഹത്യ ചെയ്തു. അതില്‍  67% പേര്‍ (93,061) ചെറുപ്പക്കാരാണ്. 2018 -ലെ എണ്ണവുമായി (89,407) താരതമ്യപ്പെടുത്തുമ്പോൾ, ഇന്ത്യയില്‍ യുവാക്കളുടെ ഇടയിലുള്ള ആത്മഹത്യാ നിരക്ക് ഒരു വര്‍ഷത്തിനിടയില്‍ 4% ആണ് വര്‍ദ്ധിച്ചിട്ടുള്ളത്. അതോടൊപ്പം മൊത്തത്തിലുള്ള ആത്മഹത്യാ കണക്കുകൾ 3.4% വർദ്ധിച്ചു. എൻ‌സി‌ആർ‌ബി റിപ്പോർട്ടിൽ വിവരിച്ചിരിക്കുന്ന പ്രായവും ആത്മഹത്യയുടെ കാരണങ്ങളും സംബന്ധിച്ച വിശദമായ അന്വേഷണത്തിൽ സാമ്പത്തിക തകർച്ച, കുടുംബ പ്രശ്‌നങ്ങൾ, വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, പ്രണയകാര്യങ്ങൾ, മയക്കുമരുന്ന് ഉപയോഗം, മദ്യപാനം, മാനസികരോഗങ്ങൾ എന്നിവ യുവാക്കൾക്കിടയിൽ ആത്മഹത്യയ്ക്ക് പ്രധാന കാരണമാകുമെന്ന് വെളിപ്പെടുത്തുന്നു.

എൻ‌സി‌ആർ‌ബി റിപ്പോർട്ട് അനുസരിച്ച് 2019 ൽ ആത്മഹത്യ ചെയ്തവരിൽ മൂന്നിൽ രണ്ട് പേരും പ്രതിദിനം 278 രൂപയിൽ താഴെ വരുമാനമുള്ളവരാണ്. ആത്മഹത്യ ചെയ്തവരിൽ 30% പേർക്ക് മാത്രമാണ് വാർഷിക വരുമാനം ഒരുലക്ഷത്തിനടുത്തുള്ളത്. ഈ കണക്കുകൾ ആത്മഹത്യയുടെ ഒരു പ്രധാന കാരണം ദാരിദ്ര്യമാണെന്നത്തിലേക്ക് വിരൽ ചൂണ്ടുന്നു.

“എൻ‌ജി‌ഒകൾ, സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ, മതസംഘടനകൾ എന്നിവ മനശാസ്ത്രപരമായ പിന്തുണയിലൂടെ ആവശ്യമുള്ള ആളുകളെ സഹായിക്കണം. പ്രത്യേകിച്ചും ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പകർച്ചവ്യാധി സമയത്ത്.” -മനശാസ്ത്രജ്ഞയായ സബിത പാർമർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.