കുടുംബങ്ങൾക്കായി വി. ഡൊമിനിക്കിന്റെ പഠനങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ

ഡൊമിനിക് സഭയുടെ സ്ഥാപകനും വലിയ മാതൃഭക്തനുമായ വിശുദ്ധനാണ് വി. ഡൊമിനിക്. അദ്ദേഹത്തിന്റെ തിരുനാൾ ദിനമാണ് ആഗസ്റ്റ് എട്ട്. ദൈവവചനം പ്രസംഗിക്കുന്നതിൽ പ്രശസ്തനാണ് വി. ഡൊമിനിക്. സന്യാസജീവിതം നയിക്കാൻ ആഗ്രഹിച്ച ഈ വിശുദ്ധന് ധാരാളം അനുയായികളുണ്ടായി.

വി. ഡൊമിനിക്കിന്റെ വിശ്വാസജീവിതത്തെ സംബന്ധിച്ച ആത്മീയനിർദ്ദേശങ്ങൾ കുടുംബജീവിതത്തിൽ വളരെയേറെ സഹായിക്കുന്നവയാണ്. മാതാപിതാക്കൾക്ക് അവരുടെ മക്കളെ നല്ല രീതിയിൽ വളർത്തുവാൻ പ്രചോദനം നൽകുന്നവയാണിവ. അവ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം…

1. സ്വന്തമെന്ന ബോധം വളർത്തുക

സ്വന്തമെന്ന ബോധം ചെറുപ്പത്തിലേ തന്നെ മക്കളിൽ വളർത്തേണ്ട ഒരു ഗുണമാണ്. ഈ ഗുണമുണ്ടെങ്കിൽ എവിടെപ്പോയാലും ജീവിതത്തിൽ വിജയിക്കുവാൻ സാധിക്കും. കുടുംബത്തിലായാലും അയൽപക്കത്തായാലും സ്കൂളിലായാലും ഇടവകയിലായാലും ഈ സാമൂഹ്യബോധം പ്രോത്സാഹിപ്പിക്കേണ്ടത് പ്രധാനപ്പെട്ടതാണ്. ഇതൊരു നല്ല സ്വഭാവം കെട്ടിപ്പടുക്കുക മാത്രമല്ല, സുരക്ഷിതത്വബോധം നൽകുകയും ചെയ്യുന്നു.

2. നല്ല മാതൃകയാകുക

തങ്ങൾ പ്രസംഗിച്ച സുവിശേഷങ്ങളുടെ ജീവിതം പരിശീലിക്കുന്നതിലൂടെ, ഡൊമിനിക്കക്കാർക്ക് യേശുക്രിസ്തുവിന്റെ ജീവിതത്തിന്റെയും പുനരുത്ഥാനത്തിന്റെയും ജീവനുള്ള സാക്ഷികളാകാൻ കഴിയുമെന്ന് വി. ഡൊമിനിക് വിശ്വസിച്ചു. സ്വന്തം ചിന്തയിലൂടെ കുട്ടികളെ ശരിയായ പാതയിലേക്ക് നയിക്കാൻ ശ്രമിക്കുന്ന മാതാപിതാക്കളുടെ ചിന്തയ്ക്ക് സമാനമായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. മക്കൾക്ക് നല്ല മാതൃകകൾ നൽകുകയാണ് ഉപദേശത്തേക്കാൾ ഗുണകരമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.

3. ദയയോടെ തിരുത്തുക

മക്കളെ തിരുത്തുമ്പോൾ ഡി. ഡൊമിനിക് നൽകുന്നത് ഒരു മികച്ച പാഠമാണ്. അമിതമായി ശിക്ഷിച്ചതുകൊണ്ടോ ദേഷ്യപ്പെട്ടതുകൊണ്ടോ മക്കളെ നേർവഴിക്ക് നടത്താമെന്ന് മാതാപിതാക്കൾ വിചാരിക്കരുത്. അവരെ സ്നേഹത്തോടെ, ശാന്തതയോടെ തിരുത്തുവാൻ തയ്യാറാകണമെന്ന് ഈ വിശുദ്ധൻ പഠിപ്പിക്കുന്നു.

4. അമിതമായ പ്രതീക്ഷകൾ വയ്ക്കാതിരിക്കുക

എല്ലാം പൂർണ്ണമായ, തെറ്റുകൾ ഒന്നും വരുത്താത്ത ഒരു ജീവിതം നയിക്കുവാനുള്ള പരിശീലനമാണ് മക്കൾക്ക് നൽകേണ്ടത്. കുറവുകൾ ഉണ്ടാകാം, അവയെ എങ്ങനെ തരണം ചെയ്യാമെന്നാണ് അവരെ പഠിപ്പിക്കേണ്ടത്. അമിതമായ പ്രതീക്ഷകൾ വച്ചുകൊണ്ട് മക്കളോട് നിരന്തരം സംസാരിക്കാതിരിക്കുക – വി. ഡൊമിനിക് മാതാപിതാക്കൾക്ക് നൽകുന്ന നിർദ്ദേശമാണിത്.

5. സംസാരിക്കാൻ നിങ്ങളുടെ കുട്ടികളെ പ്രോത്സാഹിപ്പിക്കുക 

ഡൊമിനിക്കൻ വൈദികരുടെ ദൗത്യം ദൈവവചനം പങ്കുവയ്ക്കുക എന്നതാണ്. വിശ്വാസം കൂട്ടുകാരുടെ ഇടയിൽ പങ്കുവയ്ക്കാനുള്ള പരിശീലനം ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ കുട്ടികൾക്കു നൽകുക. ചിലപ്പോൾ കുട്ടികളുടെ ഈ സംസാരം ചിലരെയെങ്കിലും സഹായിച്ചെന്നുവരാം. കാർലോ അക്യൂത്തിസിനെപ്പോലുള്ള യുവ-വിശുദ്ധരുടെ ഉദാഹരണങ്ങൾ നൽകിക്കൊണ്ട് അവരുടെ വിശ്വാസം മറ്റുള്ളവരുമായി പങ്കിടാൻ സഹായിക്കുക.

6. ‘ആവശ്യവും അത്യാവശ്യവും’ തമ്മിലുള്ള വ്യത്യാസം പഠിപ്പിക്കുക

ജീവിതത്തിൽ ആവശ്യമായതെന്തെന്നും അത്യാവശ്യമായത് എന്തെന്നും മനസിലാക്കുവാൻ ചെറുപ്പത്തിൽ തന്നെ മക്കളെ പഠിപ്പിക്കുക. ജീവിതത്തിൽ അവർക്ക് ശരിക്കും എന്താണ് വേണ്ടതെന്ന് തിരിച്ചറിയാൻ അവരെ സഹായിക്കുക. അവർക്ക് ലഭിച്ചിട്ടുള്ളതെല്ലാം നന്നായി ഉപയോഗിക്കാൻ പരിശീലിപ്പിക്കുക, ഒന്നിനെയും നിസാരമായി കണ്ട് ഉപേക്ഷിക്കരുത് എന്നതിന്റെ പ്രാധാന്യം അവരെ പഠിപ്പിക്കുക.

7. വായനാശീലം വളർത്തുക

മക്കളിൽ വായനാശീലം വളർത്തുവാൻ വേണ്ട ഉപദേശം നൽകുക. അതിന് സഹായിക്കുന്ന നല്ല പുസ്തകങ്ങൾ അവർക്ക് സമ്മാനമായി നൽകുക. പ്രായത്തിന്റെ വ്യത്യാസം അനുസരിച്ച് നല്ല ബുക്കുകൾ അവർക്ക് നൽകുക. അതിനെക്കുറിച്ച് വീട്ടിൽ സംസാരിക്കുക. ഇതൊക്കെ വായനാശീലം വളർത്തുവാൻ സഹായിക്കും.

8. ഒരുമിച്ച് പ്രാർത്ഥിക്കുന്ന ശീലം വളർത്തുക

എന്നും കൃത്യസമയത്ത് കുടുംബാഗങ്ങൾ ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കുന്ന ഒരു ശീലം വളർത്തുക. അത് അവരുടെ ജീവിതത്തിൽ എന്നും മുതൽക്കൂട്ടായിരിക്കും. ജപമാല ചൊല്ലുവാനും യാത്രയിൽ പ്രാർത്ഥിക്കാനും ഒരോ പ്രധാന കാര്യവും ചെയ്യുന്നതിനു മുമ്പ് എല്ലാവരും കൂടി ഒരുമിച്ച് പ്രാർത്ഥിക്കുന്ന പതിവ് കുടുംബത്തിൽ വളർത്തുക.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.