കുടുംബത്തിൽ മികച്ച ആശയവിനിമയത്തിനായി ഫ്രാൻസിസ് പാപ്പാ നൽകുന്ന നിർദ്ദേശങ്ങൾ

ദാമ്പത്യജീവിതം സ്നേഹത്തിൽ അധിഷ്ടിതമാണ്. സ്നേഹം അനുഭവിക്കാനും പ്രകടിപ്പിക്കാനും വളർത്താനുമുള്ള ഏറ്റവും അനുയോജ്യമായ ഇടം കുടുംബമാണ്. ഈ മൂന്നു കാര്യങ്ങൾ നിറവേറ്റുന്നതിന് ആശയവിനിമയവും സംഭാഷണവും അനിവാര്യമാണെന്ന് ഫ്രാൻസിസ് മാർപാപ്പ പറയുന്നു.

എന്നാൽ സംഭാഷണം എന്ന് പറയുന്നത് അത്ര എളുപ്പമല്ല. യഥാർത്ഥത്തിൽ സുദീർഘമായ ഒരു പരിശീലനം ആവശ്യപ്പെടുന്ന ഒന്നാണിത്. എന്നിരുന്നാലും ആശയവിനിമയം എന്നത് പങ്കാളികൾ എന്ന നിലയിലും കുടുംബങ്ങൾ എന്ന നിലയിലുമുള്ള ഒരു ‘വിളി’ ആണ്. ദൈവത്തിന്റെ സ്വരൂപമായ കുടുംബത്തിൽ പരിശുദ്ധ ത്രിത്വമെന്നപോലെ സ്ഥിരവും ശാശ്വതവുമായ ആശയവിനിമയം ആവശ്യമാണ്. കുടുംബത്തിലെ ആശയവിനിമയം എങ്ങനെ വളർത്താമെന്ന് ഫ്രാൻസിസ് പാപ്പാ നൽകുന്ന നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.

1. ക്വാളിറ്റി സമയം കണ്ടെത്തുക, മറ്റുള്ളവർക്കായി ഇടം കൊടുക്കാൻ പഠിക്കുക

മറ്റുള്ളവർ പറയുന്നതെല്ലാം ക്ഷമയോടെ കേൾക്കാൻ ശ്രമിക്കുക. ഇതിന് ഒരു ആന്തരിക നിശബ്ദത വളർത്തിയെടുക്കേണ്ടതുണ്ട്. അത് മാനസികമായും വൈകാരികമായും ആവശ്യമാണ്. മറ്റുള്ളവരെ കേൾക്കുന്നത് ഒരു കലയാണ്. അത് നമുക്ക് സ്വയം ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒന്നാണ്.

2. മറ്റുള്ളവർക്ക് പ്രാധാന്യം കൊടുക്കുക

മറ്റൊരാളെ അഭിനന്ദിക്കുക, അവരുടെ നന്മയെ തിരിച്ചറിയുക, അവരുടെ മാനസികാവസ്ഥയെ ഉൾക്കൊള്ളാൻ പരിശ്രമിക്കുക. സന്തുഷ്ടരായിരിക്കുക. ചില കാര്യങ്ങളിൽ നമുക്ക് വിയോജിപ്പുണ്ടാകുമെങ്കിലും അവർ പറയുന്നതോ ചിന്തിക്കുന്നതോ കുറച്ചുകാണരുത്. ഓരോരുത്തർക്കും അവരുടേതായ അനുഭവങ്ങളും ആശങ്കകളും ഉൾക്കാഴ്ചകളും ഉള്ളതിനാൽ മറ്റുള്ളവർക്കായി എന്തെങ്കിലും നിർദ്ദേശങ്ങൾ സംഭാവന ചെയ്യാൻ സാധിക്കും.

3. തുറന്ന മനസ്സ് സൂക്ഷിക്കുക

നിങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും മാറ്റാനോ വിപുലീകരിക്കാനോ തയ്യാറാകുക. എല്ലാവരും ഒരുപോലെയല്ല. എങ്കിലും കുടുംബത്തിലെ എല്ലാവരുടെയും സന്തോഷത്തിനും സമാധാനത്തിനുമായി ചിന്താഗതികൾക്ക് അല്പമൊക്കെ മാറ്റം വരുത്തുന്നതിൽ തെറ്റില്ല.

4. വാക്കുകൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുക

മറ്റൊരാളെ വ്രണപ്പെടുത്താതെ അവരോട് സംസാരിക്കാൻ പഠിക്കുക. ഒരു കാര്യം പറയുന്നതുകൊണ്ട് ഒരിക്കലും മറ്റുള്ളവർക്ക് വേദനയുണ്ടാക്കരുത്. പല കുടുംബങ്ങളിലും വിയോജിപ്പുകൾ ഉണ്ടാകുന്നതും അത് മാറാത്തതും ഇത്തരം ചില തെറ്റായ വാക്കുകളുടെയോ ശബ്ദത്തിന്റെയോ ഉപയോഗം കൊണ്ടുള്ള പരിണിതഫലമാണ്.

5. സ്നേഹവും പരിഗണനയും കാണിക്കുക

നമ്മൾ മറ്റൊരാളാൽ സ്നേഹിക്കപ്പെടുന്നു എന്ന് നമുക്ക് ബോധ്യമാകണമെങ്കിൽ അവർ വാക്കുകളിലൂടെയോ പ്രവർത്തികളിലൂടെയോ അത് പ്രകടിപ്പിക്കണം. മറ്റൊരാളെ വാദപ്രതിവാദത്തിൽ തോൽപ്പിക്കുന്നതിലല്ല നമ്മുടെ വിജയമിരിക്കുന്നത്, മറിച്ച് അവരെ പരിഗണനയും സ്നേഹവും കൊണ്ട് പൊതിയുന്നതിലാണ്.

6. നമുക്കും സംസാരിക്കാൻ എന്തെങ്കിലും ഉണ്ടായിരിക്കണം

സംസാരിക്കുമ്പോൾ നാം നമ്മെത്തന്നെ മറ്റുള്ളവർക്ക് നൽകുകയാണ് ചെയ്യുന്നത്. നമുക്ക് നമ്മെ പ്രകടമാക്കുവാൻ നല്ല വായനയും പ്രാർത്ഥനയും തുറവിയും ലോകവീക്ഷണവും ആവശ്യമാണ്. നമ്മുടെ ആന്തരിക സമ്പന്നത എല്ലായ്പ്പോഴും നമ്മുടെ വാക്കുകളിൽ പ്രകടമാണ്. ഇത് കുടുംബജീവിതത്തിൽ മികച്ച ആശയവിനിമയത്തിനും വ്യത്യസ്തമായ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നതിനും സഹായകരമാകും.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.