അനുദിന പ്രാര്‍ത്ഥനയ്ക്ക് സഹായകരമാകുന്ന ഏതാനും നിര്‍ദ്ദേശങ്ങള്‍

ജീവിതത്തിരക്കുകള്‍ക്കിടയില്‍ പലരും പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകുന്നു. അല്ലെങ്കില്‍ ആവശ്യമായ ഏകാഗ്രത ലഭിക്കുന്നില്ല. ഇതാ അനുദിന പ്രാര്‍ത്ഥനയ്ക്ക് സഹായകരമാകുന്ന ഏതാനും നിര്‍ദ്ദേശങ്ങള്‍…

  1. ദൈവത്തിന് സന്തോഷം നല്‍കുക

നാം എന്തിനാണ് പ്രാര്‍ത്ഥിക്കുന്നത്. ദൈവത്തെ പ്രീതിപ്പെടുത്തുക എന്നതാണ് പ്രാര്‍ത്ഥനയുടെ പരമവും പ്രധാനവുമായ ലക്ഷ്യം. ദൈവം തന്നില്‍ തന്നെ സര്‍വ്വരൂപിയാണെങ്കിലും നമ്മുടെ സ്നേഹത്തിനായി അവിടുന്ന് ദാഹിക്കുന്നുണ്ട്. വി. കൊച്ചുത്രേസ്യ പറയുന്നതുപോലെ, നമ്മുടെ സ്നേഹത്തിനായി അവിടുന്ന് നമ്മുടെ ഹൃദയത്തില്‍ വന്ന് ഭിക്ഷ യാചിക്കുന്നുണ്ട്. നമ്മെ സ്നേഹിക്കുന്ന ദൈവത്തെ സന്തോഷിപ്പിക്കുവാനാണ് പ്രാര്‍ത്ഥന എന്ന അറിവ് വരുമ്പോള്‍ നമുക്ക് പ്രാര്‍ത്ഥിക്കുവാനുള്ള ആഗ്രഹം വര്‍ദ്ധിക്കും.

2. വായനയിലൂടെ ആത്മീയതയിലേയ്ക്ക്

ശൂന്യമായ ഹൃദയത്തോടെ പ്രാര്‍ത്ഥിക്കാന്‍ ബുദ്ധിമുട്ടുള്ളവരുണ്ട്. അങ്ങനെയുള്ളവര്‍ക്ക് ബൈബിളോ വിശുദ്ധരുടെ ജീവിതമോ ആദ്ധ്യാത്മികമായ പുസ്തകങ്ങളോ വായിച്ച് അവയുടെ സഹായത്തോടെ പ്രാര്‍ത്ഥിക്കാം.

3. നിശബ്ദത പാലിക്കുക

നിശബ്ദത പാലിക്കുക എന്നു പറഞ്ഞാല്‍ മനസ് ശൂന്യമാക്കിയിടുക എന്നല്ല. മനസ്സ് അലഞ്ഞുനടക്കാന്‍ അനുവദിക്കാതിരിക്കുക എന്നാണ് അതിന്റെ അര്‍ത്ഥം. വലിയ സംഭാഷണങ്ങളൊന്നും പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തണമന്ന് നിര്‍ബന്ധമില്ല. നന്ദി ദൈവമേ, മാപ്പു തരൂ ദൈവമേ, എന്റെ ദൈവമേ ഞാനങ്ങയെ സ്നേഹിക്കുന്നു തുടങ്ങിയ കൊച്ചുകൊച്ചു വാക്കുകള്‍ മതി പ്രാര്‍ത്ഥിക്കാന്‍.

4. ആത്മവിശ്വാസം സൂക്ഷിക്കുക

വളരെ ലളിതമാണെന്ന് കേള്‍ക്കുമ്പോള്‍ തോന്നുമെങ്കിലും പ്രായാസകരമായ കാര്യമാണിത്. വേണ്ടവിധം പ്രാര്‍ത്ഥിക്കേണ്ടത് എങ്ങനെയെന്ന് നമുക്ക് അറിഞ്ഞുകൂടാ എന്ന് വി. പൗലോസ് പോലും പറഞ്ഞിട്ടുണ്ട്. പരിശുദ്ധാത്മാവാണ് നമ്മുടെ ഉള്ളിലിരുന്നത് പ്രാര്‍ത്ഥിക്കുന്നത്. ആബ്ബാ പിതാവേ എന്ന് ഉറക്കെ വിളിക്കുന്നത്. ദൈവപിതാവിന്റെ കരുതലില്‍ പ്രത്യാശ വയ്ക്കുക. നാം അവിടുത്തെ പ്രിയമക്കളാണെന്ന കാര്യം മറക്കാതിരിക്കുക.

5. ശ്രമം നടത്തുക

മനസ്സുണ്ടെങ്കിലേ പ്രാര്‍ത്ഥിക്കാന്‍ സാധിക്കുകയുള്ളൂ. പ്രാര്‍ത്ഥനയില്‍ സ്ഥിരതയോടെ നിലനില്‍ക്കുകയും വേണം. വീടിനകത്ത് പ്രാര്‍ത്ഥനയ്ക്കായി പ്രത്യേകം ഒരു സ്ഥലമുള്ളത് നല്ലതാണ്. അതുപോലെ പ്രാര്‍ത്ഥിക്കുമ്പോള്‍ മറ്റെല്ലാ കാര്യങ്ങളും മാറ്റിവച്ചു വേണം പ്രാര്‍ത്ഥിക്കാനിരിക്കാന്‍. അതുപോലെ തന്നെ ചെറിയ ചെറിയ ജോലികളോ മറ്റോ ചെയ്യുമ്പോഴും മനസില്‍ പ്രാര്‍ത്ഥന ഉരുവിടാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.