കത്തോലിക്കാ സഭയ്ക്ക് കോവിഡ് കാല നിർദ്ദേശങ്ങൾ – അഡ്വ. മനു ജെ. വരാപ്പള്ളി എഴുതുന്നു

കാലത്തിനൊപ്പം കുതിച്ചുപാഞ്ഞിരുന്ന കത്തോലിക്കാ സമൂഹത്തെ ഒന്ന് ഇരുത്തി ചിന്തിപ്പിച്ച കാലമാണ് ലോക്ക് ഡൗൺ.

എന്തൊക്കെയായിരുന്നു ലോക്ക് ഡൗൺ കുടുംബങ്ങളിൽ വരുത്തിയ മാറ്റങ്ങള്‍?

 • ജോലിയിൽ മുഴുകി മക്കളുടെ കൂടെ സമയം കണ്ടത്താതിരുന്ന മാതാപിതാക്കൾ മക്കളുടെ കൂടെ കളിക്കാനും സംസാരിക്കാനും സമയം കണ്ടെത്തിയിരിക്കുന്നു.
 • ഇന്നു വരെ ഒരു വീട്ടുജോലിയും ചെയ്യാത്ത മക്കളും മാതാപിതാക്കളും ഒക്കെ സമയം ചിലവഴിക്കാനെങ്കിലും വീട്ടുജോലികൾ ചെയ്തു. കുറെയേറെ ജോലികൾ എങ്ങനെ ചെയ്യണം എന്ന് പഠിച്ചു.
 • പുസ്തകവായനയും സീരിയസ് ഓൺലൈൻ വായനയും എല്ലാം കുടുംബങ്ങളിൽ ആരംഭിച്ചു.
 • ജീവിതത്തിൽ ക്രൈസിസ് വരില്ല എന്ന് ചിന്തിച്ചവർ ഒരു അപകടം ജീവിതത്തിൽ എപ്പോള്‍ വേണമെങ്കിൽ വരാമെന്നും അതിനെ നേരിടാൻ തയ്യാറായിരിക്കണം എന്നും പഠിച്ചു. അതോടൊപ്പം വൈറ്റ് കോളർ ജോലിയും വിദേശ ജോലിയും ഒന്നും   സുരക്ഷിതമല്ല എന്നു പഠിച്ചു.
 • മികച്ച ജോലിയുണ്ടായിട്ട് കാര്യമില്ല, കിട്ടുന്ന ശമ്പളം കുറെശ്ശെയെങ്കിലും നാളകളിലേയ്ക്ക് സ്വരുകൂട്ടണം എന്നും അത് ആപത്തുകാലത്ത് സഹായിക്കും എന്ന് പഠിച്ചു.
 • ദൈവാലങ്ങളെ അടച്ചിട്ടതിന് കളിയാക്കിയവർക്കും ശാസ്ത്രത്തിൻ്റെ ശക്തിയാൽ ജീവൻ രക്ഷിക്കാൻ ആകില്ല എന്നു പഠിച്ചു.
 • ചില ജോലികളോട് മാത്രം പ്രതിബന്ധത കാണിച്ചിട്ട് ഇനിയുള്ള കാലത്ത് പ്രയോജനം ഇല്ലന്നും ഡോക്ടർ, നഴ്സ് ജോലികൾക്കും ഏറെ റിസ്ക്ക് ഉണ്ടന്നും ഏത് തൊഴിലും മാന്യമാണന്നും പഠിച്ചു.
 • മദ്യം, കഞ്ചാവ് എന്നിവ ഇല്ല എങ്കിലും ജീവിക്കാം എന്നും അതിന് വേണ്ടി മുടക്കുന്ന തുക മിച്ചം വച്ചാൽ വലിയ ഒരു തുക മിച്ചം വരും എന്നും പഠിച്ചു.
 • ആരോഗ്യ പരിരക്ഷണത്തെ പറ്റി ചിന്തിക്കാൻ തുടങ്ങി. ഫാസ്റ്റ്ഫുഡുകൾ നിത്യജീവിതത്തിലെ അവശ്യ ഘടകം അല്ലന്നും അത് ഒഴിവാക്കാവുന്ന ചിലവുകളിൽ പെട്ടെതെന്നും വ്യായാമങ്ങൾ മനുഷ്യനെയും ശരീരത്തെയും ആരോഗ്യപ്പെടുത്തും എന്നും ചിന്തിച്ച് തുടങ്ങി.
 • കൃഷിയും വീട്ടു വളപ്പിലെ പച്ചക്കറിത്തോട്ടവും എല്ലാം പട്ടിണിക്കാലത്ത് നമ്മെ രക്ഷിക്കുമെന്നും സ്വയംപര്യാപ്ത കൃഷിത്തോട്ടങ്ങൾ നിലനിൽപ്പിൻ്റെ ആവശ്യമെന്നും മനസ്സിലായി.
 • ഏത് തൊഴിലും ഓൺലൈനുമായി ചേർത്ത് ക്രമീകരിക്കുന്നത് ജീവിതത്തിന് അത്യന്താപേക്ഷിതം എന്ന നിലയിലേക്ക് ലോക്ക് ഡൗൺ എത്തിച്ചു.
 • ചിലർക്ക് ഭാവിജീവിതത്തെ പറ്റി ഉത്കണ്ഡ കൂടി മറ്റ് ചിലർക്ക് തിരക്കിൽ നിന്ന് ഒഴിവായി മനസ്സിനെ ഒന്ന് ശാന്തമാക്കാൻ സാധിച്ചു.
 • കുടുംബാംഗങ്ങൾക്ക് ഒത്തുചേരാനുള്ള ഏറ്റവും സ്നേഹമുള്ള ഇടം കുടുംബം തന്നെയെന്ന് തിരിച്ചറിഞ്ഞു.
 • കുടുംബം തന്നെ ഒരു ദൈവാലയം എന്നും പള്ളികളിൽ മാത്രം നടക്കേണ്ട ഒന്നല്ല പ്രാർത്ഥനയെന്നും ഉളള തിരിച്ചറിവ്.

ഈ കാലഘട്ടം മനുഷ്യജീവന് നൽകിയ ഈ തിരിച്ചറിവുകളെ എങ്ങെനെ സഭയ്ക്ക് പ്രയോജനപ്പെടുത്താം? ഭാവിയിൽ ഇത്തരം വെല്ലുവിളികളെ എങ്ങനെ നേരിടാം?

സഭാതലം

വിശ്വാസപരിശീലനം സാമ്പത്തിക മാനേജ്‌മെൻറ് എന്നിവയിൽ സമഗ്രമായ മാറ്റങ്ങൾക്ക് സഭ തയാറാകേണ്ടിയിരിക്കുന്നു. വേദപാഠ പുസ്തകങ്ങൾ സ്മാർട്ഫോണുകളിൽ ഉപയോഗിക്കാവുന്ന വിധത്തിലുള്ള ഓൺലൈൻ വേർഷനായി കൂടി ഉണ്ടാക്കുക എന്നതാണ് ഒന്നാമത്തേത്.

ഇങ്ങനെ ഉണ്ടാക്കുമ്പോൾ ഒന്ന് രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. സിലബസുകൾ റിവേഴ്‌സ് ചെയ്യുകയും കുറയ്ക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. കുറഞ്ഞപക്ഷം ഓൺലൈൻ ബോധനത്തിൽ പല പാഠങ്ങൾ ഒന്നിപ്പിച്ച് സംക്ഷിപ്ത രൂപത്തിൽ നൽകാം. ഇങ്ങനെ നൽകുന്നത് ഓഡിയോ ക്ലാസ് PPT എന്നതിൽ ഉപരി പാഠത്തിലെ പ്രധാന പോയിന്റുകൾ ഉൾപ്പെടുത്തിയുള്ള കളികൾ, പാട്ട്, വർക്കുകൾ എന്നിവ അടിസ്ഥാനപ്പെടുത്തി ആകണം.

സാധാരണ വേദപാഠ ക്‌ളാസ്സുകളിലും ഈ ഓൺലൈൻ രീതിയോട് പരിചയപ്പെടുക എന്ന ഉദ്ദേശത്തിൽ ഒരു ടേമിൽ ഒന്ന് എന്ന കണക്കിൽ ഒരു ഓൺലൈൻ റ്റാസ്ക്കും നൽകാം. മുതിർന്ന ക്ലാസ്സുകളിലെ കുട്ടികൾക്ക് വേദപാഠ പാഠങ്ങൾക്ക് ഒപ്പം ഓരോ പാഠത്തിലെയും വിഷയങ്ങളെ സംബന്ധിച്ച ഔദ്യോഗിക സഭാ നിലപാടുകളും സഭാ പ്രബോധനങ്ങളും സാമൂഹിക പ്രബോധനങ്ങളും പഠിപ്പിക്കേണ്ടതും കാലഘട്ടത്തിൻറെ ആവശ്യമാണ്.

എല്ലാ ക്ലാസ്സുകളിലെയും കൂട്ടികളെ/കുട്ടികളുടെ മാതാ പിതാക്കളെ ബന്ധിപ്പിച്ച് ഒരു വാട്സപ്പ്/ഓൺലൈൻ ഗ്രൂപ്പും ഉണ്ടാക്കാം. ആ ഗ്രൂപ്പിൽ വികാരി അച്ഛൻ, ക്ലാസ്സ് അധ്യാപകൻ, ഓൺലൈൻ ചാർജുള്ള ഒരു അദ്ധ്യാപകൻ എന്നിവരെ ഉൾപ്പെടുത്താം. ടാസ്ക്കുകളും ക്ലാസ്സുകളും ഇതിൽ നൽകാം. മറ്റൊരു കാര്യം സമൂഹത്തിലെ ഓരോ നന്മയെയും സാമൂഹിക പ്രവർത്തനങ്ങളെയും സഭയും സഭ പ്രബോധനകളും ബൈബിളും ആയി ബന്ധപ്പെടുത്തി മതാദ്ധ്യാപനവും കുട്ടികൾക്കുള്ള ഓൺലൈൻ ടാസ്ക്കുകളും ഉണ്ടാക്കുക എന്നതാണ്. അതുവഴി സാമൂഹിക ജീവിതവും വിശ്വാസപരമായ ഒന്നാണെന്നുള്ള ചിന്ത ഉടലെടുക്കുകയും പ്രവർത്തിമേഖലകളിലും സാമൂഹിക മേഖലകളിലും ക്രൈസ്തവ ചിന്തയും സ്വത്വബോധവും ഉള്ള ഒരു തലമുറയെ വാർത്തെടുക്കാൻ കഴിയും.

ഇതിനായി ഓൺലൈൻ ടീമുകളെ ഓരോ രൂപതയിലും ഉണ്ടാക്കണം. ഈ ടീമുകൾ കൊണ്ട് മതാധ്യാപനം മാത്രമല്ല രൂപതയിൽ നിന്നുള്ള ഏത് ഓൺലൈൻ ആക്ടിവിറ്റികളും അതോടൊപ്പം ഇടവകയുടെ ഓൺലൈൻ ആക്ടിവിറ്റികളും കോർഡിനേറ്റ് ചെയ്യാനാവും. അവശ്യ ഘട്ടങ്ങളിൽ ഇടവക ജനങ്ങളുമായി ഫോൺ ഓൺലൈൻ ബന്ധം നിലനിർത്തുന്നതിനും ആഴ്ചയിൽ ഒന്നെങ്കിലും ഇടവകയിലെ ഓരോ കുടുംബത്തെയും  ആധുനിക മാധ്യമങ്ങളിലൂടെ ബന്ധപ്പെടുന്നതിനും വിവര ശേഖരണം നടത്തുന്നതിനും ഒരു മീഡിയ ആക്റ്റീവ് ടീം ഉണ്ടാകുന്നതും നല്ലതാണ്.

മാനസിക ആരോഗ്യ രംഗത്തെയും ശാസ്ത്രീയമായും പ്രഫഷണൽ ആയും സമീപിക്കേണ്ട സമയം ആയിരിക്കുന്നു. രൂപതാ തലത്തിൽ തന്നെ സഭാ സ്നേഹികളായ സൈക്കോളജിസ്റ്റുകളുടെയും പ്രൊഫഷണൽ കൗൺസിലർമാരുടെയും ഓരോ പാനൽ ഉണ്ടാക്കുകയും ഇടവക തലങ്ങളിൽ ഇതിൻെറ ഒരു സെൽ ഉണ്ടാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. സമകാലിക സാഹചര്യങ്ങളിൽ പ്രതീക്ഷ നഷ്ടപ്പെട്ടവർക്ക് മാനസിക ആരോഗ്യം നൽകാനും മാനസിക പിന്തുണ നൽകാനും ഈ ടീമിന് സാധിക്കും.

വൈദികരുടെയും സന്യസ്ഥരുടെയും ഭവന സന്ദർശനങ്ങൾ വർദ്ധിപ്പിക്കേണ്ടതും ഇന്നിൻറെ ആവശ്യമാണ്. വിശ്വസത്തെ തിരികെ കൊണ്ടുവരാനും എല്ലാരും ഒന്നായി പ്രശ്നങ്ങളെ നേരിടും എന്ന മാനസിക ചിന്ത ഉളവാകാനും ഇത് സഹായിക്കും. കോവിഡ് കാലം കഴിഞ്ഞു വരുന്ന ഒരു വർഷക്കാലം സഭയിൽ എല്ലാ സംഘടനകളെയും ഇടവകയിലെ കുടുംബങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനുള്ള പ്രത്യേക നിർദ്ദേശങ്ങൾ നൽകുക. ഓരോ ഇടവകയിലെയും എല്ലാ വീടുകളും എല്ലാ സംഘടനക്കാരും സന്യസ്തരും  ഈ കൊല്ലം കയറുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക. ഇത് കുടുംബ ബന്ധ, മാനസികാരോഗ്യ, വിശ്വാസ ബന്ധ സുവിശേഷ വൽക്കരണത്തിൻറെആവശ്യം ഏറെയുള്ള സമയമാണ്. സഭയുടെ ശ്രദ്ധ അതിലേക്ക് തിരിയേണ്ടിയിരിക്കുന്നു.

ഈ ഭവന സന്ദർശനത്തിനൊപ്പം കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടവർ, വിദ്യാഭ്യാസം നിറുത്തേണ്ടി വന്നവർ, വിദേശങ്ങളിൽ നിന്ന് തിരികെ വന്നവർ, ലോൺ എടുക്കേണ്ടി വന്നവർ തുടങ്ങി സഭാ താനായരുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ തലങ്ങളിലെ വിവര ശേഖരണം നടത്തുകയും അതനുസരിച്ച് സഭ പ്രവർത്തനങ്ങളുടെ മുൻഗണനാ മേഖലകൾ പുനർ നിർമ്മിക്കുകയും പ്രവർത്തനം പുനഃക്രമീകരിക്കുകയും ചെയ്യുക.

അവശ്യ നിർമ്മിതികൾ ഒഴിച്ച് നിർത്തി വരുന്ന മൂന്നു കൊല്ലത്തേക്ക് എങ്കിലും നിമ്മാണ രംഗത്ത് മൊറൊട്ടോറിയം പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു. ഈ തുക ഇടവകകളിൽ കാർഷിക വികസനം, സ്വാശ്രയത്വം, പുതു തലമുറ സാങ്കേതിക വിദ്യ പരിശീലനം, മാനസിക ആരോഗ്യ രംഗം എന്നിവയുടെ വളർച്ചയ്കായും, സാമൂഹിക മതബോധന പ്രക്രിയയ്ക്കയും മാറ്റി വെയ്ക്കുവാൻ നിർദ്ദേശിക്കണം.

ഇടവകതലം

ഇടവക തലത്തിൽ സാമ്പത്തിക രംഗത്ത് ഉണ്ടാകേണ്ട ഒരു മാറ്റം. ഇടവക അക്കൗണ്ടുകൾ അടിയന്തിര ഘട്ടങ്ങളിൽ വികാരിക്കും കൈക്കാരനും നേരിട്ട് കാണാതെ തന്നെ ഇടപാടുകൾ നടത്തുക എന്ന രീതിയിൽ ഓൺലൈൻ ആകുക എന്നതാണ്. ഇതുവഴി ഫണ്ട് ശേഖരിക്കാനും മോണിറ്റർ ചെയ്യാനും ട്രാൻസ്ഫർ ചെയ്യാനും എളുപ്പത്തിൽ സാധിക്കും.

മറ്റൊരു കാര്യംമാറ്റം വരുത്തേണ്ടത്. എല്ലാ ഇടവകയിലും ഒരു നിശ്ചിത ശതമാനം തുക അടിയന്തിര ആവശ്യങ്ങൾക്കായി മാറ്റി വെയ്ക്കുക എന്നതാണ്. ആവശ്യഘട്ടങ്ങളിൽ ഇടവകക്കാർക്ക് വ്യത്യാസങ്ങൾ ഇല്ലാതെ സഹായം കൊടുക്കാവുന്ന രീതിയിലേക്ക് ഈ ഫണ്ടിനെ മാറ്റുക. ഇടവകയുടെ ജീവകാരുണ്യ നിധികളുടെ അളവ് കൂട്ടി അതിൻറെ വിനയോഗ മാനദണ്ഡങ്ങൾ മാറ്റം വരുത്തിയാലും ഇത് സാധിക്കും.

നിലവിലെ സാഹചര്യത്തിൽ സർക്കാർ തലത്തിൽ സഹായങ്ങൾ എത്തിച്ച തലങ്ങളും വിഭാഗങ്ങളും കണ്ടെത്തി ആ മേഖലകളിൽ ഉള്ള ഇടവക ജനങ്ങളെ  എല്ലാവരെയും സർക്കാർ പട്ടികയിൽ ഉൾപ്പെടുത്താനുള്ള സഹായസഹകരണങ്ങൾ നാം ചെയ്യേണ്ടിയിരിക്കുന്നു. കപട ആത്മാഭിമാനത്തിൽ നിന്ന് മുക്തരായി സർക്കാർ സേവനങ്ങൾ സ്വീകരിക്കുന്നതിൽ യാതൊരു തെറ്റും ഇല്ലന്നും ഒരോരോ കാലങ്ങളിൽ വിവിധ സർക്കാരുകൾ നടപ്പിലാക്കുന്ന പദ്ധതികളിൽ പങ്കാളിയായി അത് പ്രയോജനപ്പെടുത്താൻ ഇടവക ജനങ്ങളെ പ്രാപ്ത്തരാക്കണം. നാളെകളിൽ ഓരോ വിഭാഗത്തിൻറെയും പിന്നോക്കാവസ്ഥ പരിഗണിക്കുമ്പോൾ സർക്കാർ തലത്തിൽ നമ്മുടെ യഥാർത്ഥ അവസ്ഥ എത്തിക്കാനും ഇതുകൊണ്ടു സാധ്യമാകും.

ഇടവക തലങ്ങളിൽ ഒരു സോഷ്യൽ റെസ്പോൺസ് ടീമിനെ പ്രതീകമായി പരിശീലിപ്പിക്കേണ്ടിയിരിക്കുന്നു. ഇതിൽ എല്ലാ വിഭാഗത്തിൽ പെട്ടവരും ഉണ്ടാകണം. എല്ലാത്തരം സേവനങ്ങൾ നാളം പ്രാപ്തമായവരെയും ഇതിൽ ഉൾപ്പെടുത്തണം (ഉദാ. ഡോക്ടർ, നേഴ്സ്, എഞ്ചിനീയർ , അഡ്വക്കേറ്റ്, ഇലക്ട്രീഷ്യൻ, പ്ലമ്പർ, മേസ്തിരി, തടിപ്പണി etc). ഇവർക്ക് അടിയന്തിര സാഹചര്യങ്ങളിലെ പരിശീലനം നൽകുക അതോടൊപ്പം സാമൂഹിക വിഷയങ്ങളിൽ പഠനവും നൽകുക. സഭയുടെ അടിയന്തിര പ്രവർത്തന സേനയും അതോടൊപ്പം സമൂഹിക സംരക്ഷണത്തിനുള്ള സ്ലീപ്പിങ് സെൽ ആയും ഇത് മാറണം. ഇതിനു പരിശീലനത്തിന് വിളിക്കുമ്പോൾ സാമൂഹിക സംരക്ഷണത്തെ പറ്റി ആദ്യം തന്നെ പറയാതിരിക്കുക. സാമൂഹിക ക്‌ളാസ്സുകൾ സമൂഹത്തിൽ അടിയന്തിര ഘട്ടങ്ങളിൽ സേവനം ചെയ്യുമ്പോൾ ക്രൈസ്തവികത നിറഞ്ഞു നില്ക്കാൻ ആണ് എന്ന് മാത്രം പറയുക. ഈ ഗ്രൂപ്പ് കാലക്രമേണ സഭയുടെയും ഇടവകയുടെയും  സാമൂഹിക സഹായ സെൽ ആയി മാറിക്കൊള്ളും.

സമ്പാദ്യ ശീലം

ഇടവക ജനങ്ങൾക്കായി എല്ലാ ഇടവകകൾക്കും സ്വയം സമ്പാദ്യ പദ്ധതി ആവിഷ്‌ക്കരിക്കുക എന്നതാണ് മറ്റൊരു കാര്യം. പിഗ്മി കളക്ഷൻ മാതൃകയിൽ ഇടവക ജനങ്ങളിൽ നിന്ന് ദിവസവും ചെറിയ തുകകൾ പിരിച്ചു ഇടവകയുടെ നേതൃത്വത്തിലുള്ള ഒരു അക്കൗണ്ടിൽ നിക്ഷേപിക്കുകയും നിക്ഷേപകർക്ക് അവശ്യ സമയത്തു അത് എടുക്കുകയും ചെയ്യാവുന്ന പദ്ധതിയാണിത്. ഇതിനായി വേണമെങ്കിൽ ഒരു സൊസൈറ്റിയും രൂപീകരിക്കാം. ഇടവകയിലെ ഒന്നോ രണ്ടോ വാർഡ് തിരിച്ച് ഒരു ഇടവകാംഗത്തിനെ ഈ തുകയുടെ കളക്ഷനായി ചുമതലപ്പെടുത്താം അംഗങ്ങളിൽ നിന്ന് മാസം അമ്പതു രൂപയിൽ താഴെയുള്ള ഒരു തുക സർവീസ് ചാർജ് ആയി മേടിക്കുകയും പിരിവു നടത്തുന്ന വ്യക്തിക്ക് ശമ്പളം കൊടുക്കുന്നതിനു  ഉപയോഗിക്കുകയും ചെയ്യാം. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് പഠന കാലത്തേ ഒരു ചെറു വരുമാനമായി ഇത് ഉപയോഗപ്പെടുത്താം. ഇങ്ങനെ ഒരു സിസ്റ്റം വന്നാൽ ഇടവകയിലെ വിവരങ്ങൾ കൈമാറാനും ഈ സൗകര്യം പ്രയോജനപ്പെടും.

സ്കൂൾ വിദ്യാഭ്യാസ തലം

സ്കൂൾ വിദ്യാഭ്യാസത്തിൽ കിട്ടുന്ന മൂല്യങ്ങൾ ക്രൈസ്തവ വിശ്വാസത്തിനും ജീവിത രീതിക്കും അനുരൂപമായല്ലേ ഇടവകകളിൽ നടത്തുന്ന ഏത് പ്രവർത്തിയും വിജയത്തിലാക്കൂ. കത്തോലിക്കാ സ്കൂളുകൾക്ക് CHAI മാതൃകയിൽ ഒരു നയരൂപീകരണ സമതി ഉണ്ടാക്കുക എന്നത് ആണ് ഒരു പ്രധാന കാര്യം. സന്യാസ സമൂഹങ്ങളുടെ പ്രതിനിധ്യവും ഇതിൽ ഉണ്ടാകണം. കത്തോലിക്കാ സ്കൂളികൾക്കു ഒരു പൊതു ആഖ്യാന രീതി ഉണ്ടാകേണ്ടിയിരിക്കുന്നു. എഞ്ചിനീറിങ്ങിനും എൻട്രൻസിനും നഴ്സിങ്ങിനും മെഡിസിനും മാത്രം പ്രാമുഖ്യം കൊടുത്ത സ്കൂൾ വിദ്യാഭ്യാസവും അതിൻറെ മാർക്കും മാത്രമാണ് എല്ലാം എന്നും ചിന്തിച്ച് മത്സരിച്ച് പഠിപ്പിച്ച CBSE സ്കൂൾ ഉൾപ്പെടെയുള്ള നമ്മുടെ സ്കൂളുകൾ സഭാതനയരുടെ വിശ്വാസത്തിൽ ഏൽപ്പിച്ച കോട്ടങ്ങൾ ചെറുതല്ല.

ലോക്ക്ഡൗൺ ഏത് ജോലിയുടെയും അനിശ്ചിതാവസ്ഥയും അപകടാവസ്ഥയെയും പറ്റി ജനത്തെ ബോധവൽക്കരിച്ചതിനാൽ ചില പ്രൊഫഷനലുകളിൽ ഊന്നിയുള്ള നമ്മുടെ പാഠ്യ  ശൈലിക്ക് മാറ്റം വരുത്താനുള്ള സമയമാണിത്. ഏത് ജോലിയുടെയും മാഹാത്മ്യവും മാന്യതയും പറഞ്ഞു മനസിലാക്കുക. സർക്കാർ ജോലികളിലേക്കും മറ്റും നമ്മുടെ കുട്ടികളെ തിരിക്കുക. കൃഷിയുടെ ആവശ്യകതെയെ പറ്റിയും മറ്റും മനസിലാക്കി കൊടുക്കുക എന്ന ചെറിയ മാറ്റങ്ങൾ ഉടൻ വരുത്തേണ്ടിയിരിക്കുന്നു. സ്കൂളുകളിൽ വർക്ക്‌ ലോഡുകൾ കുറച്ച് ക്രൈസ്തവ മൂല്യത്തിൽ ഉറച്ച സാമൂഹിക പരിശീലനങ്ങളും കൃഷിയും എല്ലാം പാഠ്യനുബന്ധ പ്രവർത്തനങ്ങൾ ആക്കാം. നിർമ്മാണ ജോലികളും മറ്റും ചെറുതായി കുട്ടികളെ കൊണ്ട് ചെയ്യിക്കാം. ഇതിനു എല്ലാം കാരണമായി ലോക്കഡോൺ കാലത്തെ അടിയന്തിരാവസ്ഥകളെ നമ്മുക്ക് ശ്രദ്ധയിൽ വരുത്തിക്കാം.

പഠനത്തിൻറെ ഫോക്കസ് വൈറ്റ് കോളർ ജോലിയിൽ നിന്ന് മാറ്റി സാധ്യമായ എല്ലാ ജോലികളിലേക്കും മാറ്റുക, പഠനത്തോടൊപ്പം സമ്പാദ്യ ശീലം, കാർഷിക ശീലം, ശരിയും ധാർമ്മികവുമായ  ഏതു ജോലിയും ചെയ്തു സ്വയം പര്യാപ്‌തമാകാനുള്ള പരിശീലനം, ലോൺ എടുത്ത് പഠനം ക്രമീകരിച്ചാൽ ഉള്ള പ്രശ്നങ്ങൾ എല്ലാം സ്കൂളിൽ വരും കാലങ്ങളിൽ പറഞ്ഞു കൊടുക്കേണ്ടിയിരിക്കുന്നു.

ക്രൈസിസ് മാനേജ്മെൻ്റ് ശ്രദ്ധ കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസ രീതിയിലേക്കുള്ള മാറ്റം ഓൺ ലൈൻ വിദ്യാഭ്യാസത്തിന് പ്രചാരം, പഠന പ്രവർത്തനങ്ങൾ പുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കി ക്രൈസ്തവ ദർശനമുള്ള ചില സേവനങ്ങളും കൃഷി മുതലായ പൊതു കാര്യങ്ങളും സാമൂഹത്തിന് പ്രയോചനകരമായ ശാസ്ത്ര വിഷയങ്ങളും എന്ന രീതിയിലേക്ക് മാറൽ ഇവയും ഈ കാലഘട്ടത്തിൻറ ആവശ്യമാണ്.

 സ്വാശ്രയ ജീവിത രീതി വളർത്തൽ, നിത്യോപയോഗ സാധന വിനിമയ ശൃംഖല 

ഗാർഹിക കൃഷിരീതികളുടെ പ്രോത്സാഹനം, കാർഷിക വിളകളുടെ കൈമാറ്റം,  സ്വാശ്രയ സംഘങ്ങൾ എന്നിവയിൽ ശ്രദ്ധിക്കേണ്ട സമയമായിരിക്കുന്നു.
വിവിധ കത്തോലിക്കാ സമൂഹങ്ങളുടെയും, രൂപതകളുടെയും സാമൂഹ്യ സേവന വിഭാഗങ്ങൾ തമ്മിൽ അവ നിർമ്മിക്കുന്ന ഉത്പന്നങ്ങളുടെ കൈമാറ്റത്തിനും വിപണനത്തിനും ഉള്ള ഒരു ശൃംഖല സ്ഥാപിക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണ്. റീത്തു വ്യത്യാസമില്ലാതെ സംയോജനം ഇക്കാര്യത്തിൽ വരേണ്ടിയിരിക്കുന്നു.

ഓരോ രൂപതയും പ്രത്യേകമായി ശ്രദ്ധിക്കുന്ന ഉൽപ്പന്നം ഏതെന്നു നിജപ്പെടുത്തി ഓരോ സംസ്ഥാനത്തെയും വിവിധ മേഖലകളായി തിരിച്ചു സപ്ലൈ ചെയിൻ ഉണ്ടാക്കാം. ഈ സപ്ലൈ ചെയിനിൽ പാൽ, പച്ചക്കറി, ഇറച്ചി, അരി, നാണ്യ വിളകൾ, ഗാർഹിക ഉൽപ്പന്നങ്ങൾ, കൈത്തറി ഉൽപ്പന്നങ്ങൾ ഇവയുടെ കൈമാറ്റം നടത്താം. ഈ സപ്ലൈ ചെയിനിൻറെ റീടൈൽ പോയിന്റുകളായി കടമുറികൾ ഉള്ള   ഇടവകകളിൽ ഇടവക കടമുറികൾ ചെറിയ നിരക്കിൽ കച്ചവടക്കാർക്ക് കൊടുക്കണം. ഇടവകാംങ്ങൾ ആയിട്ടുള്ളവർക്കാകണം ഇത്തരത്തിൽ കടകൾ നടത്താൻ അനുവാദം കൊടുക്കേണ്ടത്.

ഇടവക തലത്തിലെ ചെറുകിട കർഷകർക്ക് ഈ കടയിൽ നേരിട്ട് സാധനങ്ങൾ എത്തിക്കാം വൻകിടക്കാരുടെ ഉത്പന്നം സാമൂഹ്യ സേവന വിഭാഗങ്ങൾ ശേഖരിച്ച് വിവിധ ഇടങ്ങളിൽ എത്തിക്കാം. ഇടവകകളിൽ കെട്ടിടങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ ഇടവകക്കാർ ആയ ആരുടെ എങ്കിലും കടകൾ ഫ്രാഞ്ചെസി ആയി കൊടുക്കുകയും ചെയ്യാം. ഇപ്രകാരമുള്ള വിപണിയുടെ സംപൂർണ്ണ നിയന്ത്രണം സാമൂഹ്യ സേവന സമതികൾക്കോ കടയുടമയുടെ സംഘടനയ്‌ക്കോ ആകണം. ഇതിലേക്കുള്ള സാധന വിതരണം മാത്രം സാമൂഹ്യ സേവന വിഭാഗങ്ങൾ നടത്തിയാൽ മതിയാകും. ഇതിൻറെ ലാഭവും നഷ്ടവും നടത്തുന്നവർ വഹിച്ച പറ്റൂ. ഈ റീറ്റെയ്ൽ പോയിന്റുകളിൽ നിന്ന് കുറഞ്ഞ വിലക്ക് മികച്ച സേവനം എന്ന നിലയിലാകണം പ്രവർത്തനം. നിർധനരായവർക്ക് ചെറിയ ഇളവുകളോടെയും സാധനങ്ങൾ വിൽക്കാം.

വീടുകളിൽ കാർഷിക മുന്നേറ്റത്തിന് പ്രോത്സാഹനം നൽകുക, മൈക്രോ ഫാർമിംഗ്, വികേന്ദ്രീകൃത കാർഷിക രീതികൾ, സ്വാശ്രയ സംഘ രൂപീകരണം, വിളവെടുപ്പിൻറെ നൂതന മാതൃകകൾ എന്നിവയിൽ പ്രത്യേക പരിശീലനം നൽകേണ്ടിയിരിക്കുന്നു. അതുപോലെ മികച്ച വിത്തിനങ്ങളുടെ വിതരണത്തിനും ഈ വിതരണ ശൃംഖല ഉപയോഗിക്കേണ്ടിയിരിക്കുന്നു.

സമ്പാദ്യ ശീലം വളർത്തൽ, ചെലവ് ചുരുക്കൽ മാർഗ്ഗങ്ങൾ എന്നിവയിൽ ശാസ്ത്രീയമായ ബോധവൽക്കരണവും സഭാ തനയർക്ക് നൽകേണ്ടിയിരിക്കുന്നു.

ലഹരിക്കെതിരായ പ്രവർത്തനങ്ങൾ

സമകാലീന സമൂഹത്തിൽ നിന്ന് ക്രൈസ്തവ പുതു തലമുറ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മയക്കുമരുന്നിൻറെ അറിഞ്ഞോ അറിയാതെയോ ഉള്ള ഉപയോഗമാണ്. മദ്യപാനത്തേക്കാൾ അപകടകരമായി മയക്കുമരുന്ന് വർദ്ധിക്കുന്നു. അതുപോലെ തന്നെ മയക്കുമരുന്നിട്ട മദ്യപാനവും പുകവലിയും വർധിക്കുന്നു. മദ്യപാനം നമ്മുടെ കുടുംബത്തിൽ വരുത്തുന്ന സാമൂഹിക സാമ്പത്തിക വെല്ലുവിളികളും ഏറെയാണ്. ലോക്കടൗൺ കാരണം ലഹരി ഉപയൊഗിക്കാതെ വീട്ടിൽ ഇരുന്ന ആളുകൾക്ക് ഇതിൽ നിന്ന് മോചിതരാകാൻ ഉള്ള ഒരു അവസ്ഥയും വന്നിരിക്കുന്നു.

നേരിട്ടുള്ള ലഹരി വിരുദ്ധ ക്ലാസ്സുകളെക്കാൾ ഉപരി  പുതു തലമുറയുടെ ലഹരിയിലുള്ള ശ്രദ്ധ ക്രിയാത്മകവും  പ്രയോജനകരവുമായ തലങ്ങളിലേക്ക് മട്ടൻ ഉള്ള പരിശീലനം, കുടുംബത്തോടൊപ്പം ആയിരുന്ന കുട്ടികൾക്ക് കുടുംബത്തോട് വീണ്ടും ഉണ്ടായ അടുപ്പം നഷ്ടപ്പെടുത്താതെ കുട്ടികളെ കരുതാൻ  മാതാപിതാക്കൾക്ക് പിന്തുണ, ലോക്‌ഡോണിലൂടെ മുറിഞ്ഞു പോയ ലഹരിക്കണ്ണികൾ വീണ്ടും ബന്ധപ്പെടാത്ത വിധത്തിൽ സ്കൂൾ , കോളേജ്,  സാമൂഹിക തലങ്ങളിൽ കൂടുതൽ ശ്രദ്ധ, ലഹരിക്കണ്ണികൾ ദുർബലമായ ഈ സമയത്ത് ആവശ്യമായാൽ നിയമപരമായ ഇടപെടൽ, മദ്യപാനികൾക്ക് സാമ്പത്തിക വിലയിരുത്തലിലൂടെ ലോക്കഡോൺ നൽകിയ സാമ്പത്തിക ലാഭം മനസിലാക്കി കൊടുക്കൽ തുടങ്ങി ക്രിയാത്മകമായ വശങ്ങളിലൂടെ ലഹരിക്കെതിരായ പോരാട്ടം തുടങ്ങാനുള്ള ഏറ്റവും നല്ല സമയവും ഇത് തന്നെയാണ്. ലഹരിയുടെ ചങ്ങല വലകൾ ഇല്ലാതായാൽ സഭ നേരിടുന്ന പല സമകാലീന വെല്ലുവിളികൾ ഇല്ലാതാവുകയും സഭാ വിരുദ്ധ ശക്തികൾക്ക് ധനാഗമ മാർഗ്ഗങ്ങൾ ഇല്ലാതാവുകയും ചെയ്യും.

കോവിഡ് കാലം

കോവിഡ് എന്ന മഹാമാരിക്ക് ശേഷം വരുന്ന കാലഘട്ടം സഭയെ സംബന്ധിച്ചിടത്തോളം പുതു സുവിശേഷവൽക്കരണത്തിൻറെ  കാലഘട്ടമാണ്  ആ സുവിശേഷ വൽക്കരണം ആത്മപരിശോധനയുടെയും കുടുംബബന്ധ നവീകരണത്തിൻറെയും  സഭാതനയരോടൊപ്പം നിൽക്കുന്നതിൻറെയും ആകണം. ക്രിതുവിൻറെ സാമൂഹിക മാതൃകയുടെ പ്രാവർത്തീകരണം ആകണം ഈ സുവിശേഷ വൽക്കരണം.

അഡ്വ. മനു ജെ. വരാപ്പള്ളി 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.