സഹനം നിന്നെ ശുദ്ധീകരിക്കും; ഉറപ്പാണ്

അനിത

വിശുദ്ധ ഗ്രന്ഥം മനുഷ്യജീവിതത്തോട് ചേർത്തുവച്ച ദൈവത്തിന്റെ തിരുവചനങ്ങളുടെ സമാഹാരമാണ്. താൻ സൃഷ്ടിച്ച മനുഷ്യൻ കടന്നുപോകാൻ ഇടയുള്ള സാഹചര്യങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ട് അവനായി പ്രത്യേകം തയ്യാറാക്കിയ നിർദ്ദേശങ്ങൾ… അതാണ് തിരുവചങ്ങൾ.

ചില വചനങ്ങളിലൂടെ കടന്നുപോകുമ്പോൾ ആ വചനങ്ങൾ നമ്മുടെ ഹൃദയത്തോട്, ജീവിതത്തോട് ചേർന്നിരിക്കുന്നതായി തോന്നാറുണ്ട്. അതല്ലെങ്കില്‍ എന്ന് നാം അനുഭവിക്കുന്ന പല പ്രശ്ങ്ങൾക്കും ഉത്തരമായി, ആശ്വാസമായി അവ മാറാറുമുണ്ട്. സങ്കടത്തിന്റെ, വേദനയുടെ നിമിഷങ്ങളിൽ ദൈവം നമ്മുടെ കാതിൽ ചിലതൊക്കെ മന്ത്രിക്കുന്നതു പോലെ തോന്നിക്കുന്ന ചില വചനങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടാകും. അത്തരത്തിലുള്ള ഒരു ദൈവസ്പർശത്തിന്റെ അനുഭവത്തിലൂടെ നമുക്കൊന്ന് കടന്നുപോകാം…

കർമ്മബന്ധങ്ങൾ കൊണ്ട് എൻറെ നല്ല സുഹൃത്തും അതിലുപരി ഒരു നല്ല വൈദികനുമായ ഒരു എളിയ മനുഷ്യൻ ഒരിക്കൽ പങ്കുവച്ച ഹൃദയസ്പർശിയായ ആ അനുഭവം ഞാൻ നിങ്ങളോടും പങ്കുവയ്ക്കുകയാണ്. ഒരിക്കൽ അദ്ദേഹം ജീവിതത്തിലെ ഒരു വലിയ പ്രതിസന്ധിഘട്ടത്തിലൂടെ കടന്നു പോകുകയാണ്. താൻ ഏറെ ആഗ്രഹിച്ചു കടന്നുവന്ന തന്റെ സന്യാസജീവിതം എന്നെന്നേയ്ക്കുമായി ഉപേക്ഷിക്കേണ്ടി വരുമോ എന്ന വേദനയിൽ നിസ്സഹായനായി നിൽക്കുമ്പോൾ ദൈവം അദ്ദേഹത്തിന് ഒരു വചനം കാണിച്ചു കൊടുക്കുകയാണ്.

മലാക്കിയുടെ പുസ്തകം മൂന്നാം അധ്യായത്തിൽ മൂന്നാം വാക്യം. അത് ഇപ്രകാരമാണ് “വെള്ളി ഉലയിൽ ശുദ്ധീകരിക്കുന്നവനെപ്പോലെ അവിടുന്ന് ഉപവിഷ്ടനാകും”

ഈ വചനത്തിന്റെ അർത്ഥം തേടി അദ്ദേഹം ഒരു വെള്ളിപ്പണികാരന്റെ അടുത്തെത്തി. അയാളോട് ചോദിച്ചു താങ്കൾ എങ്ങനെയാണ് വെള്ളി ശുദ്ധീകരിച്ചെടുക്കുന്നത്? അയാൾ പറഞ്ഞു: “ഞാൻ ഉലയിൽ തീയുടെ അടുത്തേയ്ക്ക് പോയി ഇരിക്കും. അതിനുശേഷം എൻന്റെ കയ്യിലിരിക്കുന്ന സ്പൂണിലേക്ക് ഒരു വെള്ളി കട്ട എടുത്തുവച്ചിട്ട് അത് തീയുടെ അടുത്തേക്ക് നീട്ടിപ്പിടിക്കും. തീയിലേയ്ക്ക് നീട്ടിപ്പിടിച്ച ഈ സ്പൂണിന് ചൂട് പിടിക്കുകയും അതിൽ ഇരിക്കുന്ന വെള്ളിക്കട്ട ഉരുകാൻ തുടങ്ങുകയും ചെയ്യും” അദ്ദേഹം പറഞ്ഞു തുടങ്ങി…

സംസാരത്തിനിടയിൽ പ്രധാനമായ ഒന്നു കൂടെ ആ വൈദികനോട് വെളിപ്പെടുത്തി. “സ്വർണ്ണത്തെ അപേക്ഷിച്ച് വെള്ളി ശുദ്ധീകരിക്കുമ്പോൾ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ഒരിക്കൽ കെട്ടുപോയി കഴിഞ്ഞാൽ വെള്ളിയുടെ ഭംഗി തിരിച്ചെടുക്കാൻ പ്രയാസമാണ്. അതുകൊണ്ടു തന്നെ അതീവ ശ്രദ്ധയോടെ വെള്ളി ഉരുകുന്നതും അത് ശുദ്ധീകരിക്കപ്പെടുന്നതും നോക്കിയിരിക്കണം.”

അപ്പോൾ അദ്ദേഹം വെള്ളിപ്പണിക്കാരനോട് ചോദിച്ചു: ഇത്ര സൂക്ഷ്മതയോടെ നോക്കിയിരിക്കുമ്പോൾ താങ്കൾക്ക് എങ്ങനെ വെള്ളി ശുദ്ധീകരിക്കപ്പെട്ടു എന്ന് മനസ്സിലാകും ? ചോദ്യം കേട്ട വെള്ളി പണിക്കാരൻ ചിരിച്ചുകൊണ്ടു പറഞ്ഞു: ശുദ്ധീകരിക്കുന്ന ആ വെള്ളിയിൽ ഞാൻ എന്റെ മുഖം എപ്പോൾ കാണുന്നുവോ അപ്പോൾ ആ വെള്ളി ശുദ്ധീകരിക്കപ്പെട്ടു എന്ന് എനിക്കു മനസ്സിലാകും.

അതിന്റെ കൂടെ അച്ചൻ ഇങ്ങനെ കൂട്ടിച്ചേർത്തത് ഞാനോർക്കുന്നു: “നമ്മുടെ ജീവിതത്തിൽ എത്രത്തോളം പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും പ്രതിസന്ധിഘട്ടങ്ങൾ നേരിടേണ്ടി വരുമ്പോഴും ഓർക്കുക, നീ അനുഭവിക്കുന്ന സഹനത്തിന്റെ തീച്ചൂളയിലേക്ക് കൈ നീട്ടിപ്പിടിച്ച് സൂക്ഷ്മതയോടെ നോക്കിയിരിക്കുന്നത് നിന്റെ ദൈവം മാത്രമാണ്. അവിടുന്നാണ് നിന്നെ കൈപിടിച്ച് സഹനത്തിലേയ്ക്ക് നീട്ടിപ്പിടിച്ചിരിക്കുന്നത്. വേദനയുടെ തീച്ചൂളയിലും അവിടുന്ന് അതിസൂക്ഷ്മമായി നിന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്. എപ്പോൾ നീ നിന്റെ സഹനത്തിൽ നിന്റെ ദൈവത്തെ കാണുന്നുവോ അപ്പോൾ നിനക്ക് മനസ്സിലാക്കാൻ സാധിക്കും ദൈവം നിന്നെ സഹനങ്ങളിൽ നിന്ന് നിന്നെ മാറ്റിയെടുത്ത് ശുദ്ധീകരിച്ചു എന്ന്.”

അച്ചന്റെ  ജീവിതത്തെ ഒരുപാട് മാറ്റിമറിച്ച ഒരു തിരിച്ചറിവായിരുന്നു അത്. കാരണം നമ്മുടെ സഹനങ്ങളിൽ നാം പലപ്പോഴും ദൈവത്തെ പഴിക്കുന്നതാണ് പതിവ്. എനിക്കെന്തിനീ സഹനങ്ങൾ നീ തന്നു എന്ന് ചോദിക്കാത്ത ആരും തന്നെ ഉണ്ടാവില്ല. വേദനകളുടെ നാടുവിലാണെങ്കിൽ തന്നെയും നമ്മുടെ സഹനങ്ങളിൽ എല്ലാം അതീവ സൂക്ഷ്മതയോടെ നമ്മുടെ ദൈവം നമ്മെ നോക്കിയിരിക്കുന്നുണ്ട് എന്ന തിരിച്ചറിവ് നമ്മിൽ എത്ര പേർക്കുണ്ട്? ഈ ഒരു തിരിച്ചറിവ്, നിന്റെ സഹനങ്ങളിലും നമ്മെ നോക്കിയിരിക്കുന്ന നമ്മുടെ കരം പിടിക്കുന്ന ഒരു ദൈവം ഉണ്ടെന്ന ബോധ്യം എപ്പോൾ നമുക്ക് ഉണ്ടാകുന്നുവോ അപ്പോൾ ദൈവം നമ്മളെ സഹനത്തിൽ നിന്നും എടുത്തുമാറ്റും.

ജോബിന്റെ￰ ജീവിതത്തിലേയ്ക്ക് കടന്നുവരുമ്പോഴും ഇതൊക്കെ തന്നെയാണ് നാം കാണുന്നത്. ആദ്യത്തെ വിവരണത്തിൽ തന്നെ ജോബിന്റെ മക്കളെ കുറിച്ചും സമ്പാദ്യത്തെ കുറിച്ചുമൊക്കെ നാം വായിക്കുന്നുണ്ട്. പക്ഷേ ജോബിന്റെ സഹന പരമ്പരയിലേയ്ക്ക് കടന്നുവരുമ്പോൾ ജോബിന്റെ ഭാര്യയും സ്നേഹിതന്മാരും ഒക്കെ ദൈവത്തെ തള്ളിപ്പറയാൻ ജോബിനെ പ്രേരിപ്പിച്ചപ്പോൾ, ശരീരത്തിൽ വ്രണങ്ങളും മറ്റും വന്ന് സഹനത്തിലൂടെ കടന്നുപോയപ്പോൾ ജോബ് പറഞ്ഞ ഒരു വലിയ വാക്യം ഉണ്ട്: “എന്റെ ചർമ്മം വലിഞ്ഞുപോയാലും എന്റെ മാംസത്തിൽ ഞാൻ എന്റെ ദൈവത്തെ കാണും” എന്ന്.

തന്റെ സഹനത്തിൽ ജോബ് ദൈവത്തെ പ്രതിഫലിപ്പിച്ചപ്പോൾ അവനുള്ള സമ്പത്തിനേക്കാൾ ഇരട്ടിയായി ദൈവം അവനെ കൊടുത്തു എന്ന് ആ പുസ്തകത്തിന്റെ അവസാനത്തിൽ രേഖപ്പെടുത്തുന്നുണ്ട്. ഇങ്ങനെ ഒരുപാട് അനുഭവങ്ങൾ ബൈബിളിൽ നാം കാണുന്നുണ്ട്. അതുകൊണ്ടാണ്, 1 പത്രോസ് 5: 6-ൽ ഇപ്രകാരം പറയുന്നത് “ദൈവത്തിന്റെ ശക്‌തമായ കരത്തിന്‍ കീഴില്‍, നിങ്ങള്‍ താഴ്‌മയോടെ നില്‍ക്കുവിന്‍. അവിടുന്ന് തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്‌കണ്‌ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്‌.”

നമ്മുടെ തമ്പുരാൻ നമ്മുടെ ഓരോരുത്തരുടെയും കാര്യത്തിൽ ശ്രദ്ധാലുവാണ്. നാം അനുഭവിക്കുന്ന വേദന, സഹന നിമിഷങ്ങൾ, ഒറ്റപ്പെടുന്ന നിമിഷങ്ങൾ അപ്പോഴെല്ലാം ദൈവം സൂക്ഷ്മതയോടെ നമ്മെ നോക്കിക്കൊണ്ടിരിക്കുകയാണ് എന്ന് ഓർക്കുക. നിന്റെ സഹനത്തിൽ നീ ഒരിക്കലും ഒറ്റയ്ക്കല്ല. നിനക്ക് ചുറ്റും പാളയമടിച്ചു ദൈവം നിൽപ്പുണ്ട്. നിൻറെ സഹനത്തിൽ നീ ദൈവത്തെ കാണുമ്പോൾ അവൻ നിന്നെ സഹനത്തിൽ നിന്നും മാറ്റിയെടുക്കും.

ഒരിക്കൽ ഒരു പൗരോഹിത്യ ജൂബിലിയിൽ ഒരു വൈദികൻ പറഞ്ഞ വാക്കുകൾ ഞാൻ ഓർക്കുന്നു: “നീണ്ട സന്യാസജീവിതത്തിൽ ഞാൻ പലപ്പോഴും അവിശ്വസ്തനായിരുന്നു പക്ഷേ, എന്നെ വിളിച്ച ദൈവം വിശ്വസ്തനായിരുന്നു!” അദ്ദേഹത്തിന്റെ ജീവിതത്തിൽ മാത്രമല്ല നമ്മുടെ ജീവിതത്തിലും ഇതൊരു ഉൾവിളി ആവട്ടെ. ഇനി മുന്നോട്ട് എന്ത്… എന്ന ഘട്ടം വരുമ്പോൾ കൂടെ എന്നെ താങ്ങാൻ താങ്ങിനിർത്താൻ ഒരു ദൈവം ഉണ്ട് എന്ന് ഉറച്ച ബോധ്യം നമ്മൾ എല്ലാവരിലും ഉണ്ടാകട്ടെ. ഈ ഒരു അനുഭവം എല്ലാവരിലും ഉണ്ടാകട്ടെ. കാരണം, നീ എനിക്ക് തന്ന ഒരുവനെയും ഞാൻ നഷ്ടപ്പെടുത്തിയിട്ടില്ല എന്നാണ് കർത്താവ് പറഞ്ഞത്. അതുകൊണ്ടു തന്നെ അവിടുന്ന് ഒന്നും നമുക്ക് നഷ്ടപ്പെടുത്തില്ല. പക്ഷേ, എന്റെ ജീവിതത്തിൽ എന്റെ ദൈവത്തെ പ്രതിഫലിപ്പിക്കാൻ എനിക്ക് കഴിയണം. കഴിയട്ടെ.

ദൈവം തന്റെ മഹത്വത്തിന് അടയാളമായി നമ്മളെ എല്ലാവരെയും ഉയർത്തട്ടെ, ഉയർത്തി നിർത്തുകയും ചെയ്യട്ടെ. ആമ്മേൻ. പ്രാർത്ഥനയോടെ,

അനിത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.