ദൈവവിശ്വാസവും ബൈബിൾ വായനയും സ്ത്രീകൾക്ക് സമ്മർദ്ദം അതിജീവിക്കാനുള്ള മാർഗ്ഗം: പഠനം തെളിയിക്കുന്നത്

ജീവിതത്തിൽ വേദനയും ഒറ്റപ്പെടലും ഇല്ലാത്തവരായി ആരും തന്നെയില്ല. പ്രത്യേകിച്ച് സ്ത്രീകൾക്ക് പുരുഷന്മാരെ അപേക്ഷിച്ച് മാനസിക സമ്മര്‍ദം കൂടുതലുമാണ്. എന്നാൽ അവയെ ഒക്കെ അതിജീവിക്കാൻ സ്ത്രീകളെ ചില പ്രത്യേക ജീവിതരീതി സഹായിക്കും എന്നാണ് വേൾഡ് വാല്യൂ സർവ്വേയും, ഗ്ലോബൽ ഫാമിലി ആൻഡ് ജൻഡർ സർവ്വേയും ചേര്‍ന്ന് സ്ത്രീകളിൽ നടത്തിയ പഠനം തെളിയിക്കുന്നത്.

പഠനങ്ങളുടെ കണ്ടെത്തലിനെ ഇപ്രകാരം സംഗ്രഹിക്കാം: ബൈബിൾ വചനങ്ങൾ പിന്തുടരുന്ന സ്ത്രീകൾ പൂർണ്ണ സന്തുഷ്ടരാണ്. വിശ്വാസത്തിൽ അധിഷ്ഠിതമായ ജീവിതം നയിക്കുന്ന സ്ത്രീകളിൽ സമ്മർദ്ദം കുറയുകയും കാര്യങ്ങളെ ക്ഷമയോടെ കൈകാര്യം ചെയ്യാനുള്ള കഴിവ് വളരുകയും ചെയ്യുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് സ്ത്രീകൾ നൽകിയ സാക്ഷ്യങ്ങൾ ഉൾപ്പെടെയാണ് സർവ്വേ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അർജന്റീന, ഓസ്ട്രേലിയ, ചിലി, കാനഡ, കൊളംബിയ, ഫ്രാൻസ്, അയർലൻഡ്, മെക്സിക്കോ, പെറു, ലണ്ടൻ, അമേരിക്ക എന്നീ രാജ്യങ്ങളിലെ സ്ത്രീകൾക്കിടയിലായിരുന്നു പഠനം. ഇടവക ദൈവാലയങ്ങളിലും മറ്റും നടക്കുന്ന ബൈബിൾ പഠന ക്ലാസുകളിലും മതപരമായ പ്രാർത്ഥനാസമ്മേളനങ്ങളിലും പങ്കെടുക്കുന്നവരിൽ നല്ല മനോഭാവാങ്ങൾ വളരുന്നതായും പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ജീവിതത്തോട് പോസിറ്റീവായ സമീപനങ്ങൾ സ്വീകരിക്കാനും ഇക്കൂട്ടർക്ക് സാധിക്കാറുണ്ട്. മാത്രമല്ല, ബൈബിൾ വചനങ്ങളുമായി ആഴമേറിയ ഒരു ബന്ധം സ്ഥാപിച്ചതിനു ശേഷം കുടുംബ ബന്ധങ്ങൾ ഊഷ്മളമാക്കാനും ക്ഷമയോടെ പ്രതിസന്ധികളെ അഭിമുഖീകരിക്കാനും കഴിയുന്നതായി 94% പേരും വെളിപ്പെടുത്തി. ബൈബിൾ പഠനം വ്യക്തിജീവിതത്തിൽ ദൈവത്തിലാശ്രയം വയ്ക്കുന്നതിനുള്ള പ്രേരണ നൽകിയെന്നും വലിയ ശതമാനം പേരും അഭിപ്രായപ്പെട്ടു.