അമ്മയുടെ യൂണിഫോം ധരിച്ച് ബിരുദദാന ചടങ്ങിൽ എത്തിയ മകൾ – വൈറലായ സ്നേഹത്തിന്റെ കഥ

ബിരുദദാന ചടങ്ങിന് ശേഷം ഗൗൺ അഴിച്ചുമാറ്റിയപ്പോൾ റോബർട്ട മസെന്ന എന്ന ബ്രസീലിയൻ പെൺകുട്ടിയുടെ ഉടുപ്പ് കണ്ട് എല്ലാവരും അമ്പരന്നുപോയി. ക്ലീനിങ് തൊഴിലാളിയായ തന്റെ അമ്മയുടെ യൂണിഫോം ആയിരുന്നു അവൾ ധരിച്ചിരുന്നത്. “അത് കണ്ട് അമ്മ ഓടിവന്നു എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. അമ്മയെന്നിട്ടും ഒന്നും തന്നെ പറഞ്ഞില്ല. കാരണം ആ നിമിഷത്തിനു പകരം വെയ്ക്കുവാൻ ഒരു വാക്കിനും കഴിയുകയില്ലായിരുന്നു.” -കണ്ണുകളിലും മനസ്സിലും നിറഞ്ഞ സ്നേഹവുമായി റോബെർട്ടയെന്ന പെൺകുട്ടി പറയുകയാണ്.

കോവിഡ് നിയന്ത്രണങ്ങൾ കാരണം വളരെ കുറച്ച് ആളുകൾ മാത്രം പങ്കെടുത്ത ചടങ്ങിലാണ് ഈ സംഭവം. എന്നാൽ ഇന്ന് ഈ സംഭവം സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. യാതൊരുവിധ മടിയോ നാണക്കേടോ ഇല്ലാതെ ഒരു മകൾ തന്റെ അമ്മയ്ക്ക് കൊടുത്ത വലിയ സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും നിമിഷങ്ങളെ ലോകം മുഴുവനും ഇന്ന് ഹൃദയപൂർവ്വം ഏറ്റെടുത്തിരിക്കുകയാണ്!

പതിമൂന്നാം വയസ്സിൽ പഠനം ഉപേക്ഷിച്ച് ജോലിക്കു പോകുവാൻ ഇറങ്ങിയ തന്റെ അമ്മ മാർലീൻ കോർഡേയ്‌റോ പിന്നീട് ടാക്സി ഡ്രൈവറായ തന്റെ പിതാവിനെ വിവാഹം കഴിക്കുകയായിരുന്നു. വളരെ ചെറിയ പ്രായത്തിൽ തന്റെ മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടി വളരെയധികം ജോലികൾ ചെയ്യുവാൻ സന്നദ്ധയായി ഈ അമ്മ. ഒടുവിൽ ക്ലീനിങ് തൊഴിലാളിയായി. മകളുടെ കോളേജ് വിദ്യാഭ്യാസത്തിനും മറ്റു ഫീസുകൾ അടയ്ക്കുവാനുമായി അവർ ഒരുപാട് ബുദ്ധിമുട്ടിയെങ്കിലും അതെല്ലാം സാധിച്ചത് ഈ തൊഴിലിലൂടെയാണ്. അതിനിടയിൽ മർലിൻ തന്റെ മകളുടെ സഹായത്തോടെ എലിമിറ്ററി സ്കൂൾ വിദ്യാഭ്യാസവും പൂർത്തീകരിച്ചു.

“ഈ ദിവസം എന്റെ മാതാപിതാക്കൾ എനിക്കുവേണ്ടി എടുത്ത എല്ലാ കഷ്ടതകളുടെയും മറുപടിയാണ്. അമ്മയുടെ യൂണിഫോമിൽ ഞാൻ എന്റെ ബിരുദം സ്വീകരിച്ചത് അവരുടെ ജീവിതം എന്നെ ഏറ്റവുമധികം സ്വാധീനിച്ചത് കൊണ്ടാണ്. അമ്മയോടുള്ള നന്ദി സൂചകമായിട്ടാണ് ഈ രീതി തിരഞ്ഞെടുത്തത്. അമ്മ വളർത്തിയെടുത്ത മാന്യമായ ജീവിതത്തിൽ ഞാൻ എത്രമാത്രം അഭിമാനിക്കുന്നുവെന്ന് കാണിക്കുവാനുമാണ്. ഒരു അത്ഭുത വ്യക്തിയായ അമ്മയെ അഭിനന്ദിക്കുവാൻ ഇതിലും മികച്ച ഒരു മാർഗ്ഗം എന്റെ മുന്നിൽ ഇല്ലായിരുന്നു. ദശലക്ഷക്കണക്കിനു ബ്രസീലുകാരുടെ ജീവിതം പോലെ തന്നെ എന്റെ അമ്മയുടെ കഥയും കഠിനമാണ്. എന്റെ അമ്മ അതിൽ വിജയിച്ചു.” – റോബർട്ട പറയുന്നു.

പെഡഗോജിയിൽ ബിരുദം നേടിയ റോബർട്ട സാമൂഹികമായി ദുർബലരായ കുട്ടികൾക്കുവേണ്ടി പ്രവർത്തിക്കുവാനാണ് താത്പര്യപ്പെടുന്നത്. ഉയർന്ന മാർക്ക് നേടിയാൽ റോബെർട്ടയ്ക്ക് സ്കോളർഷിപ്പോടുകൂടി ബിരുദാനന്തര ബിരുദത്തിനു അവസരം ലഭിക്കും. മാതാപിതാക്കളിൽ നിന്നും മക്കൾക്ക് ലഭിക്കുന്ന ഇത്തരം അവസരങ്ങളിൽ എങ്ങനെ നന്ദിയുള്ളവരാകാമെന്നു സമൂഹത്തിനു കാണിച്ചുകൊടുക്കുകയാണ് റോബെർട്ടയുടെ ജീവിതം.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.