കത്തോലിക്കർക്കു നേരെ കടുത്ത നിയന്ത്രണങ്ങളുമായി ചൈനീസ് ഭരണകൂടം

ചൈനയിൽ കത്തോലിക്കർക്കു നേരെ കടുത്ത നിയന്ത്രണങ്ങളുമായി കമ്മ്യൂണിസ്റ്റ് ഭരണകൂടം. ഭൂഗർഭസഭയിലെ അംഗങ്ങൾ ഏറെയുള്ള ഹെനാൻ, ഹുബേയ്, സെജിയാങ്, ഫുജിൻ തുടങ്ങിയ പ്രവിശ്യയിലെ വിശ്വാസികൾക്കു നേരെയാണ് സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.

പ്രായപൂർത്തിയാകാത്ത കുട്ടികളെ മതപരമായ പഠനക്ലാസിലോ ചടങ്ങുകളിലോ പങ്കെടുപ്പിക്കുക, മതപരമായ ചിഹ്നങ്ങൾ പ്രദർശിപ്പിക്കുക, സാമൂഹ്യ മാധ്യമങ്ങളിലൂടെ മതവിശ്വാസത്തെയോ വൈദികവൃത്തിയേയോ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ആശയങ്ങൾ പ്രചരിപ്പിക്കുക, വിദേശികളുമായി മതപരമായ കാര്യങ്ങളെക്കുറിച്ച് സംവദിക്കുക, പ്രാർത്ഥനകൾ ഉച്ചത്തിൽ ചൊല്ലുക തുടങ്ങിയ കാര്യങ്ങളിൽ ശിക്ഷാനടപടികൾ ഏർപ്പെടുത്തിക്കൊണ്ടാണ് സർക്കാർ ക്രിസ്ത്യാനികൾക്കു നേരെയുള്ള ആക്രമണം കടുപ്പിച്ചിരിക്കുന്നത്.

കൂടാതെ, ചൈനീസ് പാട്രിയോട്ടിക് അസോസ്സിയേഷനിൽ ചേരുവാൻ ആളുകളെ നിർബന്ധിക്കുകയും ചെയ്യുന്നു. ചൈന – വത്തിക്കാൻ ഉടമ്പടി സ്വാഗതം ചെയ്തതിനു ശേഷവും ചൈനീസ് ഭരണകൂടം ക്രിസ്ത്യാനികളുടെ മേൽ കഠിനമായ നിയന്ത്രണം കൊണ്ടുവരുന്നത് വർദ്ധിപ്പിക്കുന്നതല്ലാതെ കുറയ്ക്കുന്നില്ല എന്നത് ഈ ഉടമ്പടി ഫലപ്രദമാകുന്നില്ല എന്ന വസ്തുതയിലേയ്ക്കാണ് വിരൽചൂണ്ടുന്നത്.