ഗർഭഛിദ്രത്തിനെതിരെ കർശന നിയമങ്ങളുമായി അലബാമ

ഗർഭഛിദ്രത്തിന് കർശന നിയമങ്ങൾ ഏർപ്പെടുത്താൻ അലബാമ. റിപ്പബ്ലിക്കൻ പാർട്ടിയിലെ തെറി കോളിൻസ് അവതരിപ്പിച്ച ബിൽ ആറിനെതിരെ 25 വോട്ടുകൾ നേടി പാസായി. ചൂടേറിയ ചർച്ചകൾക്കു ശേഷം ഈ ബില്ലില്‍ അലബാമ ഗവർണ്ണർ കേ ഐവി ഒപ്പ് വച്ചു.

പുതിയ നിയമം അനുസരിച്ച് ഗർഭഛിദ്രം നടത്തുന്നവർക്ക് ജീവപര്യന്തം തടവുശിക്ഷയോ പത്തു മുതൽ 99 വർഷം വരെ തടവോ ആണ് വിധിച്ചിരിക്കുക. ബലാത്സംഗത്തിൽ ഉള്ള ഗർഭങ്ങളുടെ കാര്യത്തിലും ബിൽ ഇളവ് അനുവദിക്കുന്നില്ല. ഗർഭം ധരിക്കുന്ന അമ്മയുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന സാഹചര്യത്തിൽ മാത്രമാണ് നിയമത്തിൽ ഇളവ് വരുത്താൻ കഴിയുന്നത്. അതും അതീവ ഗുരുതരമായ സാഹചര്യങ്ങളിൽ മാത്രം.

ജീവൻ, ദൈവത്തിന്റെ ദാനമാണെന്നും അതിനെ ഇല്ലാതാക്കുന്നത് ഏറ്റവും നീചവും നിന്ദ്യവുമായ ഒന്നാണെന്നും ചൂണ്ടിക്കാട്ടുന്നു. ഈ വിഷയുമായി ബന്ധപ്പെട്ട അലബാമിയൻ വോട്ടർമാരുടെ അഭിപ്രായമാണ് സെനറ്റിൽ ബില്ലിന് ലഭിച്ച ഭൂരിപക്ഷമെന്ന് ബില്ലിൽ ഒപ്പിട്ടതിനു ശേഷം ഗവർണർ പ്രസ്താവനയിലൂടെ അറിയിച്ചു.