എന്റെ കഥ: കുരിശിന്റെ വഴിയിൽ

അലന്‍ ജെ.മാത്യു

കാലത്തിന്റെ നിമിഷാർദ്ദ തിരയൊഴുക്കിൽ നാം കണ്ടുമുട്ടുന്ന അനേകം മുഖങ്ങളിൽ ചിലതെങ്കിലും ഓർത്തുവയ്ക്കുന്നത് നല്ലതായിരിക്കും. കാരണം, അവയിൽ ചിലത് ഭാവിയിൽ നമ്മെ തേടി വന്നെന്നിരിക്കാം! ഓരോ ജീവിതയാത്രകളിലും, നമ്മുടെ ജീവിതത്തിൽ ഏതെങ്കിലും രീതിയിൽ മൂല്യങ്ങൾ നൽകുംവിധം അടുത്തുവരുന്ന അനേകം ആളുകളുണ്ട്. നമ്മെ ‘തൊട്ടുണർത്തി’ കടന്നുപോകുന്നവർ എന്റെ ഈ ജീവിതത്തിലും ഉണ്ടാകാറുണ്ട്

ട്രെയിനിന്റെ ജനാലയിൽ ചാരിയിരുന്നു കൊണ്ട് ഞാൻ പുറത്തേക്ക് നോക്കി, നഗര കാഴ്ചകളും, സന്ധ്യ മയങ്ങിയ മദ്രാസ് തെരുവോരങ്ങളും, ആകാശവും നോക്കിക്കണ്ട് ആസ്വദിക്കുകയായിരുന്നു. തണുത്ത തെന്നൽ തഴുകി കടന്നുപൊയ്ക്കൊണ്ടിരുന്നു. പരിമിതമായ സ്റ്റേഷനുകളിൽ നിറുത്തിക്കൊണ്ട് തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് കുതിച്ചുപാഞ്ഞു. ആളുകൾ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നു.

വെളുത്ത് സുമുഖനായ ഒരു ചെറുപ്പക്കാരൻ അപ്പോൾ എന്റെ അരികിൽ വന്നിരുന്നു. ജനറൽ കമ്പാർട്ട്മെൻറ് ആയിരുന്നതിനാൽ ആർക്കും എവിടെ വേണമെങ്കിലും ഇരിക്കാമല്ലോ. എന്റെ തൊട്ടപ്പുറത്തായി കുറെ അയ്യപ്പഭക്തർ ശബരിമലയിലേയ്ക്ക് പോകാൻ ട്രെയിനിൽ ഉണ്ടായിരുന്നു. അവരോട് തമിഴിൽ കുശലം പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ഇയാളുടെ വരവ്. കയ്യിൽ ഒരു ഭാണ്ഡം; താടിയും മീശയും മുടിയും നീട്ടി കണ്ടാൽ, യേശുക്രിസ്തുവിനെ പോലെ തോന്നിക്കുന്ന ഒരു മനുഷ്യൻ! ചിരപരിചിതനെപ്പോലെ അയാൾ എന്നെ നോക്കി ഒന്ന് ചിരിച്ചു. ഒന്നും മനസ്സിലാകാതെ, എന്നാൽ ചിരിക്ക് മറുപടിയായി ഞാനും പതിയെ ഒന്നു പുഞ്ചിരിച്ചു. കുറേ സമയത്തെ നിശബ്ദമായ ചിന്തകൾക്ക് വിരാമമിട്ടു കൊണ്ട് അയാൾ കുശലാന്വേഷണം തുടങ്ങി.

പേരും യാത്രോദ്ദേശവും അന്വേഷിച്ചതിനു ശേഷം അയാൾ ചോദിച്ചു: എങ്ങോട്ടാ?
ഞാൻ പറഞ്ഞു: കോട്ടയത്തിന്, പാലായിലാ വീട്. അടുത്ത ചോദ്യം കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. എന്നെ അറിയുമോ എന്നായിരുന്നു അത്. അറിയില്ല എന്ന് ഞാൻ മറുപടി നൽകി. അപ്പോൾ അയാൾ പറഞ്ഞു: നിന്നെ ഞാൻ മുൻപ് കണ്ടിട്ടുണ്ട്; അന്ന് നീ വളരെ ചെറുതായിരുന്നു. ഞാൻ ഓർക്കുന്നില്ല എന്ന് ഞാൻ മറുപടി നൽകി. അപ്പോൾ പെട്ടന്ന് മറുപടി പറഞ്ഞുവെങ്കിലും എവിടെയോ ഒരിടത്ത് ഞാൻ ഇയാളെ കണ്ടതായി ഓർമ്മയിൽ വരുന്നു…

വഴിയോരങ്ങളിൽ വൈദുതി വിളക്ക് കത്തുംപോൽ മങ്ങുകയും തെളിയുകയും ചെയ്യുംപോൽ… ഏതോ ഒരു വഴിയോരത്ത് രക്തവർണ്ണമാർന്ന മുഖത്തോടെ അയാളുടെ പുഞ്ചിരിക്കുന്ന മുഖം… ചിന്തകൾ കാടുകയറി പോകുന്നത് അവസാനിപ്പിച്ച് ഒരിക്കൽക്കൂടി അയാളെ ഒന്ന് നോക്കി…
ശേഷം അയാളുടെ കരങ്ങളിലേക്ക് എന്റെ ശ്രദ്ധ പോയി. ഇരു കൈപ്പത്തിയിലും എന്തോ തറച്ചുകയറിയ പഴുതുകൾ… പൊടുന്നന്നെ, എവിടെയോ എന്തോ ഒന്ന് എന്റെ മനസ്സിൽ തട്ടി. പുഞ്ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു: “അടുത്ത സ്റ്റോപ്പിൽ ഞാൻ ഇറങ്ങും. വൈകാതെ നമ്മൾ തമ്മിൽ കാണും. ഞാൻ എപ്പോഴും നിന്റെ കൂടെ ഉണ്ടാകും”.

*********************************

“ഈശോയെ ക്രൂശും താങ്ങിപ്പോയ നിന്റെ അന്ത്യയാത്രയിതിൽ…”

എന്ന പഴയ ‘കുരിശിൻറെ വഴി’ ഗാനം അപ്പന്റെ ഫോണിൽ കേട്ടുകൊണ്ടാണ് ഞാൻ ഉറക്കം തെളിഞ്ഞ് എഴുന്നേറ്റത്. ചുറ്റും നോക്കിയപ്പോൾ സമയം ഏകദേശം ഒൻപതര ആയിരിക്കുന്നു. എന്നുപറഞ്ഞാൽ ഉപരിപഠനത്തിനായി കേരളം വിട്ട് ചെന്നൈയിലേക്ക് പോയതിനുശേഷം ആ ഗീതം പിന്നെ ഇതുവരെ ഞാൻ കേട്ടിട്ടില്ല! ഒരു തവണ പോലും കുരിശിന്റെ വഴി കൂടിയിട്ടുമില്ല! ഒരു ദുഃഖവെള്ളിയാഴ്ചയും പങ്കെടുത്തിട്ടുമില്ല! വളരെ നാളുകൾക്കുശേഷം ഒത്തുകിട്ടിയതാണ് ഈ അവധി. എല്ലാം ഒരുവിധം പാക്ക് ചെയ്ത് പെട്ടെന്നിറങ്ങി. എന്നാൽ ട്രെയിൻ വൈകിയതിനാൽ കൃത്യസമയത്ത് വീട്ടിൽ എത്താൻ സാധിച്ചില്ല….

രാത്രി വളരെ വൈകിയാണ് വീട്ടിൽ എത്തിച്ചേർന്നത്. ഏതായാലും വന്നപാടെ നേരെ കിടന്നുറങ്ങുകയാണ് ചെയ്തത്. പിന്നെ ഇപ്പോഴാണ് കണ്ണുതുറക്കുന്നത്. അവധിയുടെ ഉന്മേഷത്തോടെയും അതോടൊപ്പം അലസതയുടെ അകമ്പടിയോടും കൂടി ഞാൻ പതിയെ ബെഡിൽ എഴുന്നേറ്റിരുന്നു. ഉറക്കം തൂങ്ങിയ എന്റെ അബോധമനസ് ഒരു സ്വപ്നത്തിലേയ്ക്ക് യാത്രയായി…

*********************************

വർഷങ്ങൾക്കു മുമ്പ് ഒരു ദുഃഖവെള്ളിയാഴ്ച, അമ്മയോടൊപ്പം അമ്മയുടെ വിരൽത്തുമ്പിൽ പിടിച്ചുകൊണ്ട് കുരിശിൻറെ വഴി പദയാത്രയിൽ പങ്കെടുത്തു കൊണ്ടിരിക്കുന്ന ദൃശ്യം മനസ്സില്‍ തെളിഞ്ഞു… പദയാത്രയുടെ ഏറ്റവും മുമ്പിലായി വെളുത്ത സുമുഖനായ ഒരു മനുഷ്യൻ പ്രതീകാത്മകമായി ഈശോയുടെ രൂപത്തിൽ കുരിശും വഹിച്ചുകൊണ്ട് നടക്കുന്നുണ്ടായിരുന്നു… അയാളെ ചൂണ്ടിക്കാണിച്ചു കൊണ്ട് അമ്മ പറഞ്ഞു “മോനെ അതാണ് ഈശോ”…

*********************************

സത്യം നിങ്ങളെ സ്വതന്ത്രരാക്കും എന്നരുൾ ചെയ്ത്, ഒരു കരണത്ത് അടി കിട്ടിയാൽ മറുകരണവും കാണിച്ചുകൊടുക്കണം എന്നുപറഞ്ഞ്, താൻ സ്നേഹിച്ചവരെ ജീവിതാവസാനം വരെ സ്നേഹിച്ച മനുഷ്യൻ… സ്നേഹിതനാൽ ഒറ്റുകൊടുക്കപ്പെട്ടിട്ടും എല്ലാം സന്തോഷത്തോടെ സഹിക്കാൻ തയ്യാറായ ദൈവപുത്രൻ…

യേശുവേഷത്തിൽ വന്ന ആ മനുഷ്യന്റെ മുഖത്തേക്കു ഞാൻ സൂക്ഷിച്ചുനോക്കി. രക്തമൊലിക്കുന്ന മുഖം, ക്ഷീണിച്ച ശരീരം, കണ്ടാൽ ഈശോയെ പോലെ!! കുരിശ് വഹിക്കുന്ന അയാളുടെ കൈകളിലേക്ക് ഞാൻ സൂക്ഷിച്ചുനോക്കി. ആശ്ചര്യത്താൽ ഞാൻ ഞെട്ടിത്തരിച്ചു!! കാരണം, അയാളുടെ ഇരുകൈപ്പത്തിയിലും ആണിപ്പഴുതുകൾ!!!

ആ മനുഷ്യൻ അപ്പോൾ തിരിഞ്ഞ് എന്നെ ഒന്നു നോക്കി. ശേഷം ചെറുതായി പുഞ്ചിരിച്ചു.

*********************************

ഞെട്ടിത്തരിച്ചുകൊണ്ട് ഞാൻ കണ്ണുതുറന്നു. സ്വപ്നമാണെന്ന് മനസ്സിലാക്കിയ ഞാൻ, നീട്ടി ഒരു ദീർഘനിശ്വാസം വിട്ടു. അപ്പോഴേക്കും അടുക്കളയിൽ നിന്ന് അമ്മയുടെ ശബ്ദം മുഴങ്ങി… “പോയി പല്ലു തേക്കടാ”.

ഉന്മേഷവാനായി ഞാൻ ചാടിയെഴുന്നേറ്റ് പരിപാടികൾ എല്ലാം തീർത്ത് അടുക്കളയിൽ വന്ന് ഒരു ഗ്ലാസ് കട്ടൻകാപ്പിയുമായി പത്രവായനയിൽ മുഴുകി. പതിവ് വാർത്തകളായ രാഷ്ട്രീയം, കൊലപാതകം, പ്രാദേശിക വാർത്തകൾ തുടങ്ങിവ വായിച്ചതിനുശേഷം പത്രം അടച്ചുവച്ചിട്ട് നടുവ് നിവർന്നു കൊണ്ട് ഞാൻ എഴുന്നേറ്റു. നാട്ടിലൂടെ കുറേനേരം ചുറ്റിയടിച്ചു കറങ്ങിനടന്നതിനു ശേഷം തിരിച്ച് വീട്ടിലെത്തി.

രാവിലെ മുതൽ ആ സ്വപ്നത്തെ പറ്റിയാണ് എന്റെ ചിന്തകൾ മുഴുവനും. സ്വപ്നത്തിൽ കണ്ട യേശുവിന്റെ രൂപത്തിലുള്ള മനുഷ്യൻ. ആരാണ് അയാൾ? എങ്ങനെ ഇയാൾ എന്നെ കണ്ടു? എന്നും എങ്ങനെ ഇയാൾ എന്റെ കൂടെ ഉണ്ടാകും? പോരാത്തതിന് സ്വപ്നത്തിലെ ഈ മനുഷ്യനും ട്രെയിനിൽ വച്ച് കണ്ട മനുഷ്യനും തമ്മില്‍ സാമ്യങ്ങൾ ഉണ്ട്. കയ്യിലെ മുറിവേറ്റ ആ അടയാളങ്ങൾ എന്നിൽ അമ്പരപ്പുളവാക്കി! ഏതായാലും വൈകുന്നേരമായപ്പോൾ കുരിശിന്റെ വഴി കൂടാൻ ഞാൻ തീരുമാനിച്ചു. പോകാൻ തയ്യാറായപ്പോൾ അമ്മയും വരുന്നു എന്നുപറഞ്ഞതിനാൽ ഞങ്ങൾ ഇരുവരും പള്ളിയിലേക്ക് തിരിച്ചു.

കുരിശിന്റെ വഴിയിൽ പങ്കുചേർന്ന് ഞങ്ങൾ മുന്നോട്ടുനീങ്ങി… ചരിത്രം വീണ്ടും ആവർത്തിക്കും പോലെ അപ്പോൾ അമ്മ വിളിച്ചു പറഞ്ഞു: “മോനെ, അതാ ഈശോ…” പ്രതീക്ഷിച്ചതുപോലെ തന്നെ ഞാൻ ഈശോയുടെ വേഷത്തിൽ വന്ന മനുഷ്യന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി…

ഒരു മാറ്റവുമില്ല. സ്വപ്നത്തിലും ട്രെയിനിൽ വെച്ച് കണ്ട അതേ ആൾ..!
ഒന്നും നോക്കാതെ ജനക്കൂട്ടത്തിനിടയിലൂടെ ഞാൻ അയാളുടെ അടുത്തേക്ക് ഓടി… ഒരുവിധം പണിപെട്ട് അയാളുടെ അടുത്ത് എത്തിച്ചേർന്നതിനു ശേഷം അയാളുടെ മുഖത്തേക്ക് ഞാൻ നോക്കി…

*********************************

ഞാൻ തിരഞ്ഞുകൊണ്ടിരുന്ന ആ സത്യത്തെ – സത്യമാണ് ദൈവം, ദൈവം സത്യമാണ് എന്ന പ്രപഞ്ചവിശ്വാസത്തെ മുറുകെപ്പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു:
“കുരിശു താങ്ങാൻ സഹായിച്ച ശിമയോനെപ്പോലെ ഞാനും ഈ കുരിശ് എടുക്കട്ടെയോ? നിന്നെ ഒന്ന് സഹായിക്കട്ടെയോ? ശേഷം എന്റെ കണ്ണുകൾ അയാളുടെ കൈപ്പത്തിയിലേക്കു നീങ്ങി…

ആണിപ്പഴുതുകൾ പ്രതീക്ഷിച്ചുകൊണ്ട് …

അലന്‍ ജെ. മാത്യു