മുൻ മോഡലും നടിയുമായിരുന്ന ‘അർജന്റീനയിലെ മദർ തെരേസ’

ഇത് ‘അർജന്റീനയിലെ മദർ തെരേസ’ എന്നറിയപ്പെടുന്ന നാറ്റി ഹോൾമാൻ ഡി പെട്രോസിനോയുടെ കഥ. മുൻപ് ഒരിക്കലും നാറ്റി പെട്രോസിനോയ്ക്ക് യാചിക്കേണ്ട ഒരു അവസ്ഥ ഉണ്ടായിട്ടില്ല. അവൾ പ്രശസ്ത മോഡലും നടിയുമായിരുന്നു. അർജന്റീനയിലെ തീരദേശ പട്ടണമായ ബഹിയ ബ്ലാങ്കയിൽ സുഖമായി ജീവിക്കുന്ന ഒരു കുടുംബം. എന്നാൽ, എല്ലാം മാറ്റിമറിക്കുന്ന ജീവിതാനുഭവം പാവങ്ങൾക്ക് വേണ്ടി ജീവിതം മുഴുവൻ മാറ്റിവെയ്ക്കുവാൻ അവളെ പ്രേരിപ്പിച്ചു.

27 -ാം വയസ്സിൽ കാൻസർ ബാധിക്കുകയും ചെവിയിലെ ശസ്ത്രക്രിയയ്ക്കിടെ അവൾ മരിച്ചെന്ന് എല്ലാവരും വിധിയെഴുതുകയും ചെയ്തു. എന്നാൽ, ദൈവം അത്ഭുതകരമായി അവൾക്ക് സൗഖ്യം നൽകി. അത് നാറ്റി പെട്രോസിനോയുടെ ജീവിതത്തിൽ വഴിത്തിരിവായി. തെരുവിൽ അലയുന്നവർക്കായി ശിഷ്ട ജീവിതം അവൾ മാറ്റിവെച്ചു. 50 വർഷത്തിലേറെയായി അർജന്റീനയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിയായിരുന്നു നാറ്റി പെട്രോസിനോ. 2021 ജൂലൈ 26 -ന് തന്റെ 81- -ാം വയസ്സിൽ, കോവിഡ് ബാധിച്ചാണ് ഇവർ മരിക്കുന്നത്. അർജന്റീനയിലെ മദർ തെരേസ എന്നാണ് പലരും അവളെ വിളിക്കുന്നത്.

നാറ്റി പെട്രോസിനോ 2009 -ൽ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. സ്പെയിനിലെ നവാരെയിലെ പബ്ലിക് യൂണിവേഴ്സിറ്റി, 2012 -ൽ മനുഷ്യാവകാശ പ്രമോഷനുള്ള ജെയിം ബ്രൂണറ്റ് ഇന്റർനാഷണൽ അവാർഡ് നൽകി ആദരിച്ചു. അവളുടെ ജന്മനാട്ടിൽ അവൾക്ക് ‘ബഹിയ ബ്ലാങ്ക നഗരത്തിലെ വിശിഷ്ട പൗരൻ’ എന്ന സ്ഥാനവും നൽകി. എന്നാൽ ഈ അംഗീകാരങ്ങളൊന്നും പാവപ്പെട്ടവരെ സേവിക്കുന്നതിൽ നിന്നും അവളുടെ ശ്രദ്ധയെ പിന്തിരിപ്പിച്ചില്ല. 2013 -ൽ റോമിലേക്കുള്ള ഫ്രാൻസിസ് മാർപ്പാപ്പയുടെ ക്ഷണം പോലും അവളുടെ രാജ്യത്തെ ദരിദ്രരുടെ പക്ഷത്ത് തുടരാനായി അവൾ നിരസിച്ചു. എന്നാൽ, പാപ്പയുടെ ക്ഷണത്തിന് ഏറെ നന്ദി പറയുകയും ചെയ്തു.

27 -ാം വയസ്സിൽ ഉണ്ടായ പരിവർത്തനം ഒന്നോ രണ്ടോ ദിവസത്തേക്ക് ഉള്ളത് ആയിരുന്നില്ല. ആജീവനാന്തം തുടർന്നു. 1978 -ൽ വി. ഫ്രാൻസിസ് അസീസിയുടെ ‘തീർത്ഥാടകരുടെ ഭവനം’ സ്ഥാപിച്ചു. അസുഖങ്ങളോ വൈകല്യങ്ങളോ ഉള്ള ദുർബലരെ പരിചരിക്കുന്നതിനുള്ള ഒരു സ്ഥലമായിരുന്നു ഇത്. ഒരു ദിവസം തന്നെ ആയിരക്കണക്കിന് ആളുകൾക്ക് സൗജന്യമായി ഭക്ഷണം നൽകുന്ന ഭവനം. എന്നാൽ, 30 വർഷങ്ങൾക്ക് മുമ്പ് രൂപതയ്ക്ക് ആ സ്ഥാപനം കൈമാറി. അത് അവളെ കൂടുതൽ സ്വതന്ത്രയാക്കി. അതിനാൽ പാവപ്പെട്ടവർ വിളിക്കുന്നിടത്തെല്ലാം അവൾക്ക് ചെന്നെത്തുവാൻ കഴിഞ്ഞു. അർജന്റീനയിലെ ഗ്രാമങ്ങളിലേക്ക് ചെന്നെത്തുവാനും അങ്ങനെ നാറ്റി പെട്രോസിനോയ്ക്ക് കഴിഞ്ഞു. അതിനുശേഷം, ഇടയ്ക്കിടെ അവരോടൊപ്പം താമസിക്കാനും അവരെ ശുശ്രൂഷിക്കാനും പോയി. കോവിഡ് പകർച്ചവ്യാധി പോലും അതിനവളെ തടഞ്ഞില്ല. 2020 -ൽ യാത്രാ നിയന്ത്രണങ്ങൾ ലംഘിച്ചതിന് നാറ്റി പെട്രോസിനോയ്ക്ക് എതിരെ കേസെടുത്തു.

നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടപ്പോൾ നാറ്റി പെട്രോസിനോ പറഞ്ഞു: “ഒരു അർജന്റീനക്കാരി എന്ന നിലയിൽ ഈ വാർത്ത എന്നെ സന്തോഷിപ്പിക്കുന്നു. മൂല്യങ്ങൾ ഇടിഞ്ഞുകൊണ്ടിരിക്കുന്ന സമയത്താണ് ഞാൻ നാമനിർദ്ദേശം ചെയ്യപ്പെടുന്നത്. ദൈവം ലോകത്തോട് സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് എനിക്ക് തോന്നുന്നു.” യേശുവിന്റെ വാക്കുകളെ പ്രവർത്തിയിലൂടെ ജീവിക്കുവാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് നാറ്റി പെട്രോസിനോ.

‘അർജന്റീനിയിലെ മദർ തെരേസ’ യുടെ മരണം ആയിരക്കണക്കിന് അനാഥർക്ക് വേദനയായി മാറി. മറ്റുള്ളവർക്കായി പൂർണ്ണമായി നൽകിയ ആ ജീവിതം ഇന്നും അർജന്റീനയിലെ ആളുകളുടെ മനസ്സിൽ ജീവിക്കുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.