ഇസ്സി ഇസാഗ്വി: ലോകത്തെ ആദ്യത്തെ ഒറ്റക്കൈയ്യന്‍ ഷാര്‍പ്പ് ഷൂട്ടര്‍

മനുഷ്യന്റെ ബലം അവന്റെ മനസ്സ് തന്നെയാണ് എന്ന് പലപ്പോഴായി കേട്ടിട്ടുണ്ട്. എന്നാല്‍ മനസ്സ് ഇത്രത്തോളം പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് എന്ന സത്യം ഊട്ടി ഉറപ്പിക്കുന്നതാണ് ഇസ്സി ഇസാഗ്വിയുടെ ജീവിതം. ഈ ലോകത്തെ വിജയിച്ച 90%   ആളുകളും ജീവിതത്തെ പൊരുതി നേടിയവരാണ്. ജീവിതത്തിന്റെ ബുദ്ധിമുട്ടുകളെ മനോധൈര്യം ഒന്ന് കൊണ്ട് മാത്രം വെട്ടി പിടിച്ച ആളുകള്‍. വേദനയും ബുദ്ധിമുട്ടും സംഘര്‍ഷങ്ങളും ഒക്കെ നാളെയുടെ കരുത്താക്കി മാറ്റിയവര്‍. ഇസ്സി ഇസാഗ്വി അത്തരം ചിലരില്‍ ഒരാളാണ്.

ജീവിതം തോല്‍പ്പിക്കാന്‍ നോക്കിയപ്പോഴും തളരാതെ ലക്ഷ്യത്തിലേക്ക് നടന്നു നീങ്ങിയ ചുണക്കുട്ടി! ഒറ്റ കൈയ്യനായ ഈ ചെറുപ്പക്കാരന്‍, ഇസ്രായേല്‍ ഡിഫെന്‍സിലെ ഷാര്‍പ്പ്  ഷൂട്ടറാണ്.

അമേരിക്കക്കാരനാണ് ഇസ്സി. 19-ാം വയസ്സില്‍ ഇസ്രയേലിലേക്ക് കുടിയേറിയ ഇയാള്‍, വൈകാതെ തന്നെ ഇസ്രയേല്‍ ഡിഫെന്‍സ് ഫോര്‍സില്‍ ചേര്‍ന്നു. തന്റെ ജൂതനാടിനെ ജീവനുള്ള കാലം വരെ സംരക്ഷിക്കണം എന്ന് മാത്രമായിരുന്നു ഇസ്സിയുടെ മനസ്സില്‍. തന്റെ ജന്‍മനാടിനെ സംരക്ഷിക്കുകയും ചേര്‍ത്തു നിര്‍ത്തുകയും ചെയ്യാനാണ് അയാള്‍ സൈന്യത്തില്‍ ചേരുന്നത്.

തന്റെ ജോലി നല്‍കുന്ന തൃപ്തിയില്‍ അങ്ങനെ മുന്നോട്ട് നീങ്ങുമ്പോഴാണ് വിധി പ്രതിനായകന്‍ ആകുന്നത്. ആളുകൾ  പരീക്ഷണങ്ങളിലൂടെ കടന്നു പോകുമ്പോള്‍ രണ്ട് കാര്യങ്ങളാണ് സംഭാവിക്കാറ്. ഒന്നുങ്കില്‍ അവര്‍ ആ പരീക്ഷണങ്ങള്‍ക്ക് ഇരകളായി അവർ മാറും, അല്ലെങ്കില്‍ അവയോട് പൊരുതി വിജയിക്കും. പക്ഷേ ഇസ്സിയെ കാത്തിരുന്നത് വലിയ പരീക്ഷണങ്ങളായിരുന്നു.

2008. ഗാസയുടെ ഭാഗത്ത്‌ നിന്നും തുടര്‍ച്ചയായി ആക്രമണങ്ങളും വെല്ലുവിളികളും നേരിടുന്ന സമയം. മാസങ്ങളോളം തുടര്‍ന്നുകൊണ്ടിരിക്കുന്ന മോര്‍ട്ടാര്‍ ആക്രമണങ്ങള്‍. ഇസ്രായേലിന്റെ പല നഗരങ്ങളും കനത്ത പ്രക്ഷോഭങ്ങള്‍ക്ക് ഇരയാകുന്ന ദിനങ്ങള്‍. സ്ഥിതി മോശപ്പെട്ടു തുടങ്ങിയപോള്‍ ഇസ്രേല്‍ സൈന്യം ‘ഓപ്പറേഷന്‍ കാസ്റ്റ്‌ ലെഡ്’ എന്ന ഒരു പുതിയ പദ്ധതിക്ക് തുടക്കമിട്ടു. ഗാസയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാനും ആളുകളെ സംരക്ഷിക്കാനുമായി ഒരു പ്രത്യേക പദ്ധതി. ഇസ്സിയും ഇതിൽ ഉൾപ്പെട്ടിരുന്നു. ഇസ്സിയുടെ ജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തിയ ആ ദിനത്തില്‍ ഇസ്സി ഏറ്റവും ആദ്യത്തെ നിരയിലാണ് ഉണ്ടായിരുന്നത്. മോര്‍ട്ടാര്‍ ആക്രമണങ്ങള്‍ സ്ഥിരം കാഴ്ചയായിരുന്നു. അങ്ങനെ ഒരിക്കല്‍ ഇസ്സിയുടെ ടെന്റില്‍ അവയിലൊന്ന് വന്നു വീണു. പിന്നീട് എല്ലാം ഒരു ദുഃസ്വപ്നം പോലെയാണ്. മോര്‍ട്ടാര്‍ വീണു ഇസ്സിക്ക് തന്റെ ഇടത്തെ കരം നഷ്ടമായി. മുട്ടിന് താഴേക്ക് ഉള്ള ഭാഗം മുറിച്ചു കളയേണ്ട സ്ഥിതിയിലേക്ക് അയാള്‍ നീങ്ങി.

സൈനിക ജീവിതം പൂര്‍ണമായും തകര്‍ന്നു എന്ന് പ്രതീക്ഷിക്കുന്നിടത്തു നിന്നും ഇസ്സി പുതിയ ഒരു ജീവിതം തുടങ്ങി. ഇരുമ്പ് തീയില്‍ ഇടുന്നത് അതിനെ കൂടുതല്‍ ബലപ്പെടുത്തും എന്ന് പറയും പോലെ ഈ വലിയ പ്രതിസന്ധി ഇസ്സിയെ തെല്ലും തളര്‍ത്തിയില്ല. മാസങ്ങളോളം  ഉള്ള ചികിത്സയ്ക്കും ആശുപത്രി വാസത്തിനുമൊക്കെ ഒടുവില്‍  ഇസ്സി തിരികെ എത്തി. നാളുകളോളം നീണ്ട വേദന സംഹാരികളുടെ ഉപയോഗവും വ്യായമാമില്ലയ്മയും ഒക്കെ ഇസ്സിയുടെ ശരീര ഘടനയെ തന്നെ മാറ്റി. പക്ഷേ അയാള്‍ തോല്‍ക്കാന്‍ തയ്യാറല്ലായിരുന്നു. അയാളിലെ സൈനികന്‍ ഓരോ ദിവസവും ഊര്‍ജസ്വലനായി മാറിക്കൊണ്ടേയിരുന്നു. ഏറെ പരിശ്രമങ്ങള്‍ക്കും പ്രയത്നങ്ങള്‍ക്കും ഒടുവില്‍ ശരീരത്തെ വീണ്ടെടുത്തു. തന്റെ ഏറ്റവും വലിയ കഴിവായ കൂര്‍മ്മതയുടെ മൂര്‍ച്ച കൂട്ടി അയാള്‍ സൈന്യത്തിലേക്ക് മടങ്ങി. അതും മുമ്പത്തെതിലും അധികം ശക്തിയോടെ. ഇസ്സി ഇന്ന് ഇസ്രയേല്‍ ഡിഫെന്‍സ് ഫോര്‍സിലെ സ്പെഷ്യല്‍ ഫോഴ്സസ്സ് ഷാര്‍പ്പ് ഷൂട്ടര്‍ ആണ്!

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.