രോഗം തളർത്താത്ത മിഷൻ തീക്ഷ്ണത; മാർപാപ്പയെ കണ്ട സന്തോഷത്തിൽ ഹംഗറിയിൽ നിന്നും ഒരു മിഷനറി കുടുംബം

ജോസ് മരിയ – അമയ ദമ്പതികൾക്ക് എട്ട് മക്കളാണ്. 2015 മുതൽ ഇവർ ഹംഗറിയിലാണ് താമസം. ഈ മിഷനറി കുടുംബം മാർപാപ്പയെ കാണുവാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ്. സെപ്റ്റംബർ 12-15 വരെയാണ് ഫ്രാൻസിസ് മാർപാപ്പ ഹംഗറിയും സ്ലൊവാക്യയും സന്ദർശിച്ചത്. ഹംഗറിയിൽ പാപ്പായുടെ പരിപാടികളിൽ പങ്കെടുത്ത ആയിരക്കണക്കിന് ആളുകളിൽ എട്ട് മക്കളുടെ മാതാപിതാക്കളായ ജോസ് മരിയ പാലാസിയോസും അമയ ഫ്രാൻസസും ഉണ്ടായിരുന്നു. അമയ ഇന്ന് വലിയൊരു രോഗത്തിൽ നിന്നും അദ്‌ഭുതകരമായി രക്ഷപ്പെട്ട് തന്റെ മക്കളോടൊപ്പം ആയിരിക്കുന്നതിന്റെ സന്തോഷത്തിലാണ്.

“എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് പാപ്പായെ കണ്ടപ്പോൾ ആരും ആരവങ്ങൾ മുഴക്കിയില്ല എന്നതാണ്. ഞാൻ ഒരിക്കലും ഇങ്ങനെ ബഹളം വെയ്ക്കുന്ന ആളുകളിൽ ഒരാളല്ല. ഹംഗേറിയയിൽ ഉള്ളവർ പാപ്പയെ കണ്ടപ്പോൾ വളരെ ശാന്തരും നിശബ്ദരുമായിരുന്നു. പാപ്പാ പറഞ്ഞ കാര്യങ്ങൾ എന്റെ മുതിർന്ന മക്കൾ ഹൃദയത്തിൽ സൂക്ഷിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” അമയ പറയുന്നു.

സ്പെയിനിൽ നിന്നുള്ള ഈ മിഷനറി കുടുബം വളരെ ലളിതമായ ജീവിത ശൈലിയാണ് ഹംഗറിയിൽ നയിക്കുന്നത്. “ഞങ്ങൾ ജോലിചെയ്യുന്നു, കുട്ടികളെ സ്കൂളിൽ അയക്കുന്നു. ഇവിടെയുള്ളവർക്ക് വിശ്വാസ പരിശീലനവും, വിവാഹ കോഴ്സുകളും നൽകി വരുന്നു. ഞായറാഴ്ചകളിൽ ദൈവാലയത്തിൽ പാടാനും പ്രാർത്ഥിക്കാനുമായി ഞങ്ങൾ പോകുന്നു. ” – ഈ കുടുംബം പറയുന്നു.

2015 -ൽ ആണ് ഇവർ ഹംഗറിയിലേക്ക് വരുന്നത്. ആദ്യ മാസങ്ങളിൽ ഇവിടുത്തെ ബുദ്ധിമുട്ടുള്ള ഭാഷ പഠിച്ചു. ഇപ്പോൾ മക്കളും ഈ ഭാഷ നന്നായി കൈകാര്യം ചെയ്യും. ഈ രാജ്യത്തിൻറെ വ്യത്യസ്തയുമായി പൊരുത്തപ്പെട്ട് പോകുവാൻ ഇപ്പോൾ ഇവർക്ക് കഴിയുന്നുണ്ട്. എങ്കിലും ഹംഗറിയിലേക്ക് ഒരു മിഷനറിയായി ഉള്ള കടന്നുവരവ് അത്ര എളുപ്പമായിരുന്നില്ല. സ്‌പെയിനിൽ ജോസ് മരിയ ഒരു കാർഷിക എഞ്ചിനീയർ ആയിരുന്നു. വളരെ നല്ല ജോലി ചെയ്യുമ്പോഴാണ് ഒരു മിഷനറിയായി ഹംഗറിയിലേക്ക് വരുന്നത്. ഇവിടെ വന്നതിന് ശേഷം വളരെ കഠിനമായ ജോലികൾ ചെയ്താണ് കുടുംബം നോക്കുന്നത്. പക്ഷെ ദൈവം ഇവർക്ക് ഒന്നിനും ഒരു കുറവും വരുത്താതെ പരിപാലിക്കുന്നു. വിദേശികളായതിന്റെ പല ബുദ്ധിമുട്ടുകൾക്കിടയിലും കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ഹംഗറിയിൽ ഇവർ സന്തോഷവാന്മാരാണ്.

“വാടക വീടുകൾ വളരെ ചെലവേറിയതാണ്, പക്ഷേ കർത്താവ് ഞങ്ങൾക്ക് വളരെ മനോഹരമായ ഒരു വീട് നൽകി. വീട് മേടിക്കുവാൻ ബാങ്കിൽ നിന്നും വായ്പ അനുവദിക്കാൻ കുറച്ച് കാലതാമസം എടുത്തു. വളരെ സാധാരണ ശമ്പളത്തിൽ ഭർത്താവ് മാത്രമാണ് ജോലി ചെയ്തിരുന്നത്.” – എട്ട് മക്കളുള്ള ഈ അമ്മ പറയുന്നു.

അവർ പുതിയ വീട്ടിൽ സ്ഥിരതാമസമാക്കിയപ്പോൾ, സ്വസ്ഥമായി എന്നാണ് അവർ കരുതിയത്. എന്നാൽ, എല്ലാം മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു. “ഏറ്റവും ഇളയ മകൾ ജനിച്ച് ദിവസങ്ങൾക്കുള്ളിൽ, എന്റെ തലയോട്ടിയുടെ അടിയിൽ മെനിഞ്ചിയോമ (ഒരു തരം ട്യൂമർ) ഉണ്ടെന്ന് കണ്ടെത്തി. ഗർഭാവസ്ഥയിലും വളരെയേറെ ആരോഗ്യപ്രശ്ങ്ങൾ ഉണ്ടായിരുന്നു. എപ്പോഴും തലകറക്കം, ഒരു ചെവിയുടെ കേഴ്വി പോയി. ഗൈനക്കോളജിസ്റ്റുകൾ എന്നോട് പറഞ്ഞത് ഗർഭധാരണത്തിന്റെ ഫലമാണെന്നാണ്. പിന്നീട് പ്രസവശേഷംതലയുടെ MRI സ്കാൻ എടുത്തപ്പോൾ ആണ് മെനിഞ്ചിയോമ എന്ന രോഗമാണെന്ന് സ്ഥിരീകരിച്ചത്.” -അമയ പറയുന്നു.

നവജാത ശിശുവായ സോഫിയയുടെ പാസ്‌പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ എടുത്തു. അതിനുശേഷം അടിയന്തര ശസ്ത്രക്രിയയ്ക്കായി സ്പെയിനിലേക്ക് മടങ്ങി. അക്കാലയളവിൽ മാഡ്രിഡിൽ ഒരു മാസത്തോളം അമയയുടെ സഹോദരിയാണ് ദിവസങ്ങൾ മാത്രമുള്ള സോഫിയയെ നോക്കിയത്. അന്ന് മകളെ കാണാൻ സാധിക്കാത്തത് ആണ് അമയക്ക് രോഗത്തെക്കാൾ വേദന നൽകിയത്. ഓപ്പറേഷൻ ചെയ്ത് വിശ്രമത്തിലായിരുന്നു അമയ അപ്പോൾ. ശസ്ത്രക്രിയയ്ക്ക് ഒരു ദിവസം മുമ്പ് അമയ രോഗിലേപനം സ്വീകരിച്ചു. തന്റെ വിവാഹം ആശീര്വദിച്ച അതെ വൈദികനിൽ നിന്ന് തന്നെ. ആ സമയത്ത്, തന്റെ കുടുംബവും ഭർത്താവും തനിക്ക് വളരെയേറെ ബലം പകർന്നുവെന്ന് ഈ അമ്മ ഓർമ്മിക്കുന്നു.

ഓപ്പറേഷൻ നല്ല രീതിയിൽ പൂർത്തിയാക്കി. ട്യൂമർ നീക്കം ചെയ്തു. പിന്നീട് ഇതുവരെയും അത് വീണ്ടും വളർന്നിട്ടില്ല, എങ്കിലും ഓരോ ആറുമാസത്തിലും പരിശോധനകൾ ഉണ്ട്.

“എന്റെ തല വളരെ സെൻസിറ്റീവ് ആയതിനാൽ എനിക്ക് മുമ്പത്തേക്കാൾ ശാന്തമായ ജീവിതം നയിക്കണം. കേഴിവിശക്തി നഷ്ട്ടപ്പെട്ടു. തലയ്ക്ക് കുറച്ച് വിറയൽ ഉണ്ട്. പക്ഷേ എന്റെ മക്കളോടൊപ്പം ആയിരിക്കുവാൻ കഴിയുന്നതിൽ ഞാനിന്ന് സന്തോഷവതിയാണ്.” -അമയ പറയുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.