അമ്മയായപ്പോള്‍ നേരിട്ട വിവേചനങ്ങളെ മറികടന്നു നേടിയ വിജയം: അമേരിക്കന്‍ അത്‌ലറ്റിന്റെ വിജയഗാഥ

അമേരിക്ക കണ്ട ഏറ്റവും മികച്ച വനിതാ അത്ലറ്റായ അലിസണ്‍ ഫെലിക്‌സ് 2018 -ല്‍ അമ്മയായപ്പോള്‍, സ്‌പോണ്‍സറായ നൈക്കി അവരുടെ പ്രതിഫലം 70 % ആണ് വെട്ടിക്കുറച്ചത്. അതിനു മുമ്പ് നാല് ഒളിമ്പിക്‌സുകളില്‍ തുടര്‍ച്ചയായി പങ്കെടുത്ത് സ്വർണ്ണം നേടിയ, ഒന്‍പതു മെഡലുകള്‍ സ്വന്തമാക്കിയ, ഒരു വനിതാ കായികതാരത്തിനു നേരിടേണ്ടിവന്ന അനുഭവമാണിത്.

എന്നാല്‍ ഫെലിക്‌സ് വിട്ടുകൊടുക്കാനും വീട്ടിലിരിക്കാനും തയ്യാറായില്ല. ലോകത്തിലെ ഒരു കായികതാരവും ഏറ്റുമുട്ടാന്‍ തയ്യാറാവാത്ത നൈക്കിയോട് ഫെലിക്‌സ് ഇടഞ്ഞു. സകല കരാറുകളും ലംഘിച്ചുകൊണ്ട്, നേരിടേണ്ടിവന്ന വിവേചനത്തെക്കുറിച്ച് ലോകത്തോടു മുഴുവന്‍ വിളിച്ചുപറഞ്ഞു. ഏഴാം മാസം അടിയന്തിര ശസ്ത്രക്രിയയിലൂടെ ഫെലിക്‌സ് മാസം തികയാത്ത ഒരു പെണ്‍കുഞ്ഞിന്റെ അമ്മയായി. അതോടെ അവരുടെ കരിയര്‍ അവസാനിച്ചുവെന്ന് ലോകം കരുതി. എന്നാല്‍ ഫെലിക്‌സ് ഗ്യാപ്പുമായി കരാര്‍ ഒപ്പിട്ടു, അവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ആദ്യത്തെ കായികതാരമായി.

ടോക്യോ ഒളിമ്പിക്‌സിന്റെ യോഗ്യതാമത്സരത്തില്‍ പങ്കെടുക്കാന്‍ രണ്ടു വയസ്സുകാരി കാമറിനുമൊത്താണ് ഫെലിക്‌സ് വന്നത്. ഇഞ്ചോടിഞ്ചു പോരാട്ടത്തില്‍ രണ്ടാമതായി ഫിനിഷ് ചെയ്ത് ഫെലിക്സ് യോഗ്യത ഉറപ്പിച്ചു. പിന്നീട് ടോക്യോയില്‍ 400 മീറ്ററില്‍ വെങ്കലം നേടി. 4*400 മീറ്റര്‍ റിലേയിലെ സ്വർണ്ണം കൂടി ആയപ്പോള്‍ ട്രാക്കില്‍ നിന്നും ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടുന്ന അമേരിക്കന്‍ കായികതാരത്തിനു നേര്‍ക്ക് ഫെലിക്‌സ് സ്വന്തം പേരെഴുതിച്ചേര്‍ത്തു; ജീവന്റെ വക്താവ് ആയിക്കൊണ്ടു തന്നെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.