സ്വന്തം കൈപ്പടയിൽ ബൈബിൾ തയ്യാറാക്കി ഒരു വീട്ടമ്മ

  മരിയ ജോസ്

  “സിസ്റ്ററെ, ഇനിയും ബൈബിൾ ഭാഗം എഴുതാനുണ്ടോ?” നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇടവകയിലെ ഒരു മതാദ്ധ്യാപികയുടേതാണ് ചോദ്യം. “ഇല്ലാ” എന്ന് സിസ്റ്റർ പറയുമ്പോഴും ഉള്ളിൽ വീണ്ടും വചനം എഴുതുവാനുള്ള ഒരു ആഗ്രഹം. പിന്നെ ഒന്നും നോക്കിയില്ല. രണ്ടും കൽപിച്ച് ബൈബിൾ പൂർണ്ണമായും എഴുതുവാൻ തീരുമാനിച്ചു. ആ തീരുമാനത്തിന്റെ പൂർത്തീകരണം സംഭവിച്ചിരിക്കുകയാണ് ബിൻസി ബിനോദ് എന്ന നെടുംകുന്നംകാരിയുടെ ജീവിതത്തിൽ. ബൈബിൾ പൂർണ്ണമായും സ്വന്തം കൈപ്പടയിൽ പകർത്തി എഴുതിയ ഈ മതാദ്ധ്യാപിക, അതിനു പ്രചോദനമായ കാര്യങ്ങളും ദൈവാനുഭവങ്ങളും ലൈഫ് ഡേയോട് പങ്കുവയ്ക്കുകയാണ്…

  നെടുംകുന്നം പുളിക്കൽ കുടുംബാംഗമായ ബിൻസി, വചനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞത് ഡാനിയേൽ പൂവണ്ണത്തിലച്ചന്റെ ധ്യാനത്തിലൂടെയാണ്. അന്നുമുതൽ വിശുദ്ധ ഗ്രന്ഥം വായിക്കുവാനും അറിയുവാനുമുള്ള ഒരു വലിയ ആഗ്രഹം ഈ വീട്ടമ്മയുടെ മനസ്സിൽ കയറിയിരുന്നു. അങ്ങനെ മുന്നോട്ട് പോകുന്ന സമയത്താണ് ഇടവക ദൈവാലയത്തിൽ സൺഡേ സ്കൂൾ കുട്ടികളും മതാദ്ധ്യാപകരും ചേർന്ന് ബൈബിൾ എഴുതുന്നത്. കുട്ടികൾക്കും അദ്ധ്യാപകർക്കും നിശ്ചിത അധ്യായങ്ങൾ വീതിച്ചുകൊടുത്ത് ബൈബിൾ എഴുതി പൂർത്തിയാക്കി. ഇതിൽ ബിൻസി ടീച്ചറിനു ലഭിച്ചത് പത്ത് അധ്യായങ്ങളാണ്. പത്ത് അദ്ധ്യായവും എഴുതി സിസ്റ്ററിനെ ഏൽപ്പിച്ചശേഷവും വീണ്ടും എഴുതുവാൻ താല്പര്യം തോന്നി. അപ്പോൾ സിസ്റ്ററിനെ സമീപിച്ച് ഇനിയും എഴുതാൻ ഉണ്ടോ എന്ന് ചോദിച്ചു. അതിനോടകം എല്ലാവർക്കും എഴുതാനുള്ള ഭാഗങ്ങൾ വീതിച്ചുകൊടുത്തിരുന്നു. ആ സമയത്താണ് സ്വന്തമായി ബൈബിൾ എഴുതുവാൻ ശ്രമിച്ചുകൂടേ എന്ന ചോദ്യം ഉള്ളിൽ നിന്നും ഉയരുന്നത്. അങ്ങനെയാണ് ബൈബിൾ എഴുതുക എന്ന തീരുമാനത്തിലേയ്ക്ക് എത്തിയത്.

  2020 ജനുവരി ഒന്നാം തീയതിയാണ് ബിൻസി ബൈബിൾ എഴുതുവാൻ തുടങ്ങുന്നത്. ‘പുതിയൊരു വർഷം പുതിയ ജീവിതം’ അതായിരുന്നു അപ്പോൾ മനസ്സിൽ. ഇന്ന ദിവസം തീർക്കണം എന്നൊന്നും വിചാരിച്ചല്ല ബൈബിൾ എഴുതിത്തുടങ്ങിയത്. കഴിയുന്നിടത്തോളം ദൈവത്തോട് അടുത്തിരിക്കണം. അതിനുവേണ്ടി മാത്രമാണ് ഇവർ ബൈബിൾ എഴുതുവാൻ ആരംഭിച്ചത്. ആദ്യം പുതിയ നിയമം മാത്രം എഴുതുവാനാണ് തീരുമാനിച്ചിരുന്നത്. ഏതാണ്ട് മൂന്നു മാസം കൊണ്ട് പുതിയ നിയമം എഴുതിക്കഴിഞ്ഞു. അപ്പോഴാണ് പഴയ നിയമം കൂടെ എഴുതിയാൽ കൊള്ളാം എന്നു തോന്നുന്നത്. ഭർത്താവ് ബിനോദ് പൂർണ്ണപിന്തുണയും നൽകി ഒപ്പം നിന്നു. അതോടെ പഴയ നിയമം കൂടി എഴുതുവാനുള്ള ശ്രമം ആരംഭിച്ചു.

  വീട്ടുജോലിക്കിടെ കിട്ടുന്ന ഇടവേളകളാണ് ബിൻസി ബൈബിൾ എഴുതുവാനായി ചെലവിട്ടത്. ബൈബിൾ എഴുതുന്നു എന്നതുകൊണ്ട് തന്റെ ഉത്തരവാദിത്വങ്ങളിൽ നിന്നു മാറിനിൽക്കുവാൻ ഒരിക്കലും അവർ ശ്രമിച്ചില്ല. രാവിലെ പള്ളിയിൽ പോയി. വീട്ടുജോലികൾ തീർത്തശേഷം ഇടയ്ക്കിടെയുള്ള സമയങ്ങളിൽ ബൈബിൾ എഴുതി. പലപ്പോഴും ബൈബിൾ എഴുതുന്നത് നിർത്തുവാൻ തോന്നാത്ത വിധത്തിൽ ഉത്സാഹമായിരുന്നു എന്ന് ഈ വീട്ടമ്മ പറയുന്നു. അങ്ങനെ നവംബർ മാസത്തോടെ ബൈബിൾ പൂർണ്ണമായും എഴുതിത്തീർത്തു. ഇടയ്ക്ക് ഡിസ്കിന്റെ പ്രശ്നം വന്ന് രണ്ടു മാസത്തോളം തീർത്തും കിടപ്പിലായി. “ആ സമയങ്ങളിൽ ബൈബിൾ എഴുതുവാൻ പറ്റുന്നില്ലല്ലോ എന്നതു മാത്രമായിരുന്നു സങ്കടം. അപ്പോഴും ‘ആരോഗ്യം ശരിയായ ശേഷവും എഴുതാമല്ലോ’ എന്ന ആശ്വാസവാക്കുകളുമായി ഭർത്താവ് ഒപ്പം നിന്നു” – ബിൻസി പറയുന്നു.

  ദൈവവുമായി ചേർന്നിരിക്കുക എന്ന വലിയ ആഗ്രഹത്തോടെയാണ് ബൈബിൾ എഴുതുവാൻ തുടങ്ങിയത്. എഴുതിത്തുടങ്ങിയ ഓരോ നിമിഷവും ദൈവാനുഭവത്തിന്റെ വലിയ നിമിഷങ്ങളായിരുന്നു എന്ന് ബിൻസി വെളിപ്പെടുത്തുന്നു. ഓരോ നിമിഷവും കൂടുതൽ എഴുതുവാനുള്ള ഊർജ്ജവും ആവേശവുമായിരുന്നു മുന്നോട്ട് നയിച്ചത്. ഒപ്പം ഈശോയോടൊപ്പം ആയിരിക്കുവാനുള്ള വലിയ ആഗ്രഹവും മനസ്സിൽ തോന്നിത്തുടങ്ങി. കൂടാതെ, മറ്റുള്ളവരെ കൂടുതൽ സ്നേഹിക്കുവാൻ, ഹൃദയം തുറന്നു ക്ഷമിക്കുവാൻ, ഈശോയെ സ്നേഹിക്കുവാൻ ഒക്കെയുള്ള കൃപ ഈ സമയങ്ങളിൽ ദൈവം തന്നിലേയ്ക്ക് ചൊരിഞ്ഞതായിട്ടുള്ള അനുഭവം ഉണ്ടായി. ഏതാണ്ട് ഒൻപതു മാസം നീണ്ടുനിന്ന ഈ ഒരു ബൈബിൾ എഴുത്തിൽ ഒരിക്കൽപ്പോലും മടുപ്പോ ക്ഷീണമോ തോന്നിയിട്ടില്ല.

  “വിശുദ്ധഗ്രന്ഥം എഴുതുവാൻ തീരുമാനിച്ച നിമിഷം മുതൽ ഞാൻ ജീവിതത്തിൽ വലിയ സന്തോഷം അനുഭവിക്കുകയായിരുന്നു. കാരണം എന്താണെന്നു കണ്ടെത്തുവാൻ കഴിയാത്ത വിധത്തിലുള്ള സമാധാനവും സന്തോഷവും – അതാണ് ബൈബിൾ എഴുതിയതിലൂടെ ലഭിച്ചത്. തന്നെയുമല്ല, കൂടുതൽ പ്രാർത്ഥിക്കുവാൻ വചനം എഴുതിയത് സഹായകമായി” – ബിൻസി പറയുന്നു. ദിവസം അഞ്ചു മണിക്കൂർ വചനം എഴുതുന്നതിനായി മാറ്റിവച്ചിരുന്നു. ബൈബിൾ എഴുതി പൂർത്തിയാക്കിയ ശേഷം ഈ അഞ്ചു മണിക്കൂർ പ്രാർത്ഥനയിൽ ചിലവിടുകയാണ് ഈ വീട്ടമ്മ. ബൈബിൾ എഴുതിക്കഴിഞ്ഞു. 2262 പേജുകളിലായി പൂർത്തിയാക്കിയ ബൈബിൾ ബൈൻഡ് ചെയ്ത് ഭംഗിയാക്കിയിരിക്കുകയാണ്. അടുത്ത ദിവസങ്ങളിലായി ദൈവാലയത്തിൽ എത്തിച്ച് വെഞ്ചരിപ്പിക്കുന്നതിനും ഇടവകയ്ക്ക് മുഴുവൻ ഒരു മാതൃകയാക്കി നൽകുന്നതിനുമുള്ള പ്രവർത്തനങ്ങളിലാണ് ഈ കുടുംബം. വികാരിയച്ചന്റെ പിന്തുണയും ഇവർക്കുണ്ട്.

  തന്നെ ഈ ഒരു ദൗത്യത്തിൽ വിജയിപ്പിച്ചത് നല്ലവനായ ദൈവത്തിന്റെ അനുഗ്രഹവും വീട്ടുകാരുടെ പ്രോത്സഹനവുമാണെന്ന് ബിൻസി പറയുന്നു. ഭർത്താവ് ബിനോദ് എയർഫോഴ്‌സിൽ നിന്നും റിട്ടയർ ആയ വ്യക്തിയാണ്. ഇപ്പോൾ എൻഐഎഫ്ഇ യിൽ സേഫ്റ്റി എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു. മകൻ വിവാഹശേഷം ന്യൂസിലാൻഡിൽ സെറ്റിൽഡ് ആണ്. ‌ഇടവകയുടെ പ്രവർത്തനങ്ങളിൽ സജീവമായ ബിൻസി പാരീഷ് കൗൺസിൽ അംഗം കൂടെയാണ്.

  മരിയ ജോസ്

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.