കൂറ്റൻ ഗിത്താറിന്റെ മാതൃകയിൽ ഒരു പുൽക്കൂട്

ഈ പ്രപഞ്ചമെങ്ങും ആനന്ദത്തിന്റെയും സംഗീതത്തിന്റെയും അലയൊലികൾ മുഴങ്ങുന്ന സമയമാണ് ക്രിസ്തുമസ് കാലഘട്ടം. എങ്ങും മുഴങ്ങുന്ന ക്രിസ്തുമസ് ഗാനത്തിന്റെയും സംഗീത ഉപകരണങ്ങളുടെയും ശബ്ദം കാതുകൾക്ക് ഇമ്പമേകുന്നു. പുൽക്കൂടും രാത്രിയെ വർണ്ണാഭമാക്കുന്ന നക്ഷത്രങ്ങളും ബൾബുകളുമൊക്കെ ഈ ക്രിസ്തുമസ് കാലത്ത് പ്രകൃതിയെ കൂടുതൽ മനോഹരിയാക്കി അണിയിച്ചൊരുക്കുന്നു. എന്നാൽ, ഈ ക്രിസ്തുമസിന് സംഗീതോപകരണത്തിന്റെ തന്നെ ആകൃതിയിൽ പുൽക്കൂട് നിർമ്മിച്ചാലോ? ഗിറ്റാറിന്റെ ആകൃതിയിൽ ഒരു പുൽക്കൂട്! കേൾക്കുമ്പോൾ അതിശയിക്കുമെങ്കിലും കോട്ടയം മീനടം മുണ്ടിയാക്കൽ സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളി അങ്കണത്തിൽ അംബരചുംബിയായി നിലകൊള്ളുന്ന ഈ പുൽക്കൂട് ജനശ്രദ്ധയാകർഷിക്കുന്നു. ശ്രദ്ധേയമായ ഈ പുൽക്കൂടിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാം.

സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളി വികാരിയായ ഫാ. സ്‌കറിയ വട്ടയ്ക്കാട്ട്കാലായിലിന്റെ നേതൃത്വത്തിൽ ഇടവകയിലെ യുവജന കൂട്ടായ്മയാണ് ഈ ഗിറ്റാർ പുൽക്കൂടിന്റെ പിന്നണിയിൽ. നവംബർ ഒന്നാം തിയതി മുതൽ ആണ് ഈ പുൽക്കൂടിന്റെ നിർമ്മാണം ആരംഭിച്ചത്. ഒന്നരമാസം കൊണ്ട് പൂർത്തീകരിച്ച ഈ പുൽക്കൂടിന്റെ നിർമ്മാണം മുള, കമ്പി, തുണി, പഞ്ഞി എന്നിവകൊണ്ടാണ്. ഇടവക വികാരിയായ ഫാ. സ്‌കറിയയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് നിർമ്മിച്ച പുൽക്കൂട് തികച്ചും വ്യത്യസ്തമാവുന്നു.

29 അടി ഉയരത്തിൽ നിലകൊള്ളുന്ന കൂറ്റൻ ഗിറ്റാർ പുൽക്കൂട്, പുൽക്കൂടിന്റെ ലാളിത്യത്തിലേക്ക് എളിമയോടെ തലകുനിക്കാനും സ്വർഗ്ഗത്തിന്റെ ഉന്നതിയിലേക്ക് കണ്ണുകൾ ഉയർത്താനും പ്രേരിപ്പിക്കുന്നു. വ്യത്യസ്തമായ ഈ പുൽക്കൂട് സന്ദർശിക്കുവാൻ നിരവധിപ്പേരാണ് ദൈവാലയ അങ്കണത്തിൽ എത്തിച്ചേരുന്നത്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.