അന്ധർക്കായി പ്രവർത്തിച്ച അന്ധയായ വിശുദ്ധ

കൗണ്ടസ് എന്ന ഔദ്യോഗിക പദവിയുള്ള ഒരു കുലീന പോളിഷ് കുടുംബത്തിൽ 1876 ഒക്ടോബർ 22 -നാണ് റിയ സാക്ക ജനിച്ചത്. ചെറുപ്പത്തിൽത്തന്നെ അവൾ ഉന്നത വിദ്യാഭ്യാസം നേടിയിരുന്നു. പക്ഷേ പിന്നീട് ഒരു അപകടം അവളുടെ ജീവിതത്തെയാകെ മാറ്റിമറിച്ചു. അന്ധയായി മാറിയ ഈ വിശുദ്ധയുടെ ജീവിതം വായിച്ചറിയാം.

ഇരുപത്തിരണ്ടാമത്തെ വയസ്സിൽ കുതിരപ്പുറത്തുനിന്ന് വീണ സാക്കയുടെ കാഴ്ച നഷ്ടപ്പെട്ടു. ഡോക്ടർമാരുടെ അടുത്ത് എത്തിച്ചെങ്കിലും കാഴ്ച തിരിച്ചുകിട്ടാൻ ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. എങ്കിലും ഡോക്ടർ സാക്കയ്ക്ക് ഒരു പുതിയ ദൗത്യം നൽകി. “നിനക്ക് വിദ്യാഭ്യാസം ഉണ്ട്. ഈ പ്രദേശത്തെ അന്ധരായ ആളുകളെ പഠിപ്പിക്കുക. കാരണം ഇവിടെ ആരും അങ്ങനെ ചെയ്യുന്നില്ല.” ഈ ദൗത്യത്തെ അവൾ ഏറ്റെടുത്തു.

ഇത് അവൾക്ക് പുതിയ ഉണർവ് നൽകി. തന്റെ അന്ധതയിൽ നിരാശപ്പെട്ടിരിക്കുന്നതിന് പകരം, അവൾ അതിനെ ഒരു അവസരമാക്കി മാറ്റി. 10 വർഷക്കാലം അന്ധരെ ശുശ്രൂഷിക്കാനായി പുതിയ വഴികൾ കണ്ടെത്താൻ സാക്ക യൂറോപ്പിലുടനീളം സഞ്ചരിച്ചു. അവൾ കൂടുതൽ അറിവുകൾ ഈ മേഖലയിൽ സമ്പാദിച്ച് തിരിച്ചെത്തി. അങ്ങനെ 1911 -ൽ അന്ധരുടെ സംരക്ഷണത്തിനായി ഒരു സൊസൈറ്റി സ്ഥാപിച്ചു.

1918 -ൽ ഒരു സന്യാസിനിയാകാൻ ദൈവം തന്നെ വിളിക്കുന്നതായി അവൾ തിരിച്ചറിഞ്ഞു. അങ്ങനെ സിസ്റ്റർ എലീബീറ്റയായി മാറി കുരിശിന്റെ സേവകരായ ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ്, എന്ന സന്യാസിനീ സഭ സ്ഥാപിച്ചു. അവളുടെ സേവനം പോളണ്ടിലും യൂറോപ്പിലുമുടനീളവുമുള്ള അന്ധരായ നിരവധി ആളുകൾക്ക് സഹായകമായി. രണ്ടാം ലോകമഹായുദ്ധത്തെ അവൾ അതിജീവിച്ചു. പോളണ്ടിലെ അന്ധരായ ആളുകളെ ശുശ്രൂഷിക്കാൻ തന്റെ ജീവിതകാലം മുഴുവൻ അവൾ മാറ്റിവെച്ചു.

അവസാനം, കാൻസർ രോഗം ബാധിച്ച് 1961 മെയ് 15 -ന് മദർ സാക്ക മരിച്ചു. ധൈര്യത്തോടെയുള്ള ഈ വിശുദ്ധയുടെ ജീവിതം അനേകർക്ക് പ്രചോദനമായി. 2021 സെപ്റ്റംബർ 12-ന് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തി.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.