‘കണ്ണിമചിമ്മാതെ ക്രൂശിതനിലേയ്ക്ക്..’ എന്ന ഗാനത്തിന്റെ പിറവിയിലേയ്ക്ക് നയിച്ച ജീവിത കഥ

കീര്‍ത്തി ജേക്കബ്

ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും പുതുതായി ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുന്ന ഗാനമാണ്, റോസിനാ പീറ്റി വരികളെഴുതി, ഫാ. മാത്യൂസ് പയ്യിപ്പിളളി എംസിബിഎസ് സംഗീതം കൊടുത്ത്, ലിബിന്‍ സ്‌കറിയ ആലപിച്ച ‘ കണ്ണിമചിമ്മാതെ ക്രൂശിതനിലേയ്ക്ക്..’. അളവറ്റ ആശ്വാസവും ധൈര്യവും പകരുന്ന വരികളും മിഴിവുള്ള സംഗീതവും അത്യാകര്‍ഷകമായ ആലാപനവും ചേര്‍ത്തിണക്കി രൂപപ്പെടുത്തിയിരിക്കുന്ന ഈ ഗാനത്തിന്റെ പിറവിയ്ക്ക് പിന്നില്‍ ഒരു യഥാര്‍ത്ഥ ജീവിത കഥ കൂടിയുണ്ട്. ആ കഥയും, ഈ ഗാനത്തിന്റെ പിറവിയ്ക്ക് ആ കഥയിലെ കഥാപാത്രങ്ങള്‍ ചെലുത്തിയ സ്വാധീനവും കൂടി അറഞ്ഞിരുന്നാല്‍ ‘ കണ്ണിമ ചിമ്മാതെ ക്രൂശിതനിലേയ്ക്ക്’ എന്ന ഗാനത്തിന്റെ ആസ്വാദ്യത പതിന്മടങ്ങ് വര്‍ധിക്കും.

‘ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു ( റോമ: 8:28 ) ‘ എന്ന് വി. പൗലോസ് ശ്ലീഹാ തിരുവചനത്തിലൂടെ നമ്മെ അറിയിച്ചിട്ടുണ്ട്. ഈ തിരുവചനം മുറുകെ പിടിച്ച് ജീവിക്കുന്ന ഒരു സ്ത്രീയെക്കുറിച്ച്, അറിയാന്‍ ഇടയായതാണ് യുകെയില്‍ നഴ്‌സ് കൂടിയായ റോസിനാ പീറ്റിയ്ക്ക് കണ്ണിമചിമ്മാതെ ക്രൂശിതനിലേയ്ക്ക് എന്ന ഗാനം എഴുതാന്‍ പ്രേരണയായത്. പ്രശസ്ത ധ്യാനഗുരുവും ഫാമിലി കൗണ്‍സിലറുമായ റവ. പൗലോസ് പാറേക്കര ഒരിക്കല്‍ തന്റെ പ്രസംഗത്തില്‍ അദ്ദേഹം പരിചയപ്പെട്ട ഒരു സ്ത്രീയെക്കുറിച്ചും അവരുടെ കുടുംബത്തെക്കുറിച്ചും വിവരിച്ചു. ആ സ്ത്രീ നൊന്തു പ്രസവിച്ച മൂന്ന് ആണ്‍ മക്കളും മനോദൗര്‍ബല്യമുള്ളവര്‍. ആദ്യ രണ്ടു കുഞ്ഞുങ്ങളെ കണ്ട് ആ സ്ത്രീ നിരാശപ്പെട്ട സമയത്ത് അവരെ അങ്ങേയറ്റം ആശ്വസിപ്പിച്ച്, മിടുക്കനായ കുഞ്ഞിനെ ദൈവം നമുക്ക് നല്‍കുമെന്ന് പറഞ്ഞ് ധൈര്യം പകര്‍ന്ന അവരുടെ ഭര്‍ത്താവ് മൂന്നാമത്തെ കുഞ്ഞിനെ ആശുപത്രിയില്‍ വന്ന് കണ്ടമാത്രയില്‍ മനോരോഗിയായി മാറുകയും ചെയ്തു. ഇപ്പോള്‍ സുഖമില്ലാത്ത നാല് മക്കളുടെ അമ്മയാണ് താനെന്ന് അഭിമാനത്തോടെ പറഞ്ഞുകൊണ്ട് പുഞ്ചിരിയോടെ, ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് ജീവിക്കുകയാണ് ആ സ്ത്രീ.

അവരുടെ ജീവിതം നേരില്‍ കണ്ടറിഞ്ഞ അവസരത്തില്‍ ഒരു വാക്കുപോലും ഉരിയാടാനാവാതെ സ്തബ്ധനായി നിന്നുപോയ തന്നോട് ആ സ്ത്രീ പറഞ്ഞ വാക്കുകളും അച്ചന്‍ പറഞ്ഞു. ‘ അച്ചാ ഞാന്‍ ജീവിക്കുന്നത് ക്രൂശിതനായ ക്രിസ്തുവിനെ നോക്കിയാണ്. ഈ കുഞ്ഞുങ്ങളെ നോക്കാന്‍ കഴിയുന്നവളായി എന്നെ കണ്ടതുകൊണ്ട് മാത്രമാണ് ദൈവം എനിക്ക് ഇവരെ നല്‍കിയത്. അതുകൊണ്ട് ഞാനാണ് ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ അമ്മ എന്ന് ഞാന്‍ വിശ്വസിക്കുന്നു’ എന്ന്. പാറേക്കര അച്ചന്റെ ജീവിതത്തിലെ ഈ അനുഭവം യൂട്യൂബിലൂടെ കേള്‍ക്കാനിടയായ രാത്രി റോസിനാ പീറ്റിയുടെ പേനത്തുമ്പില്‍ നിന്ന് ഉതിര്‍ന്നു വീണത് നാലു വരികളാണ്..’ നിന്റെ കണ്ണില്‍ ശ്രേഷ്ടമായ് നീ എന്നെ കണ്ടുവോ നാഥാ..നിന്റെ നുകം എന്റെ തോളില്‍ തരാന്‍…’ പാറേക്കര അച്ചന്‍ പറഞ്ഞ ആ സ്ത്രീയുടേയും അതുപോലുള്ള കുറച്ചധികം ആളുകളുടേയും മനോഭാവം എടുത്തുകാട്ടുന്ന അര്‍ത്ഥവത്തായ നാലു വരികള്‍. ആ വരികള്‍ പിന്നീട് ഫാ. മാത്യൂസ് പയ്യിപ്പിള്ളിയ്ക്ക് റോസിനാ അയച്ചുകൊടുക്കുകയും അദ്ദേഹം അതിന് സംഗീതം നല്‍കിയശേഷം, ബാക്കി കൂടി എഴുതാന്‍ റോസിനായോട് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെയാണ് ഈ ഗാനം പിറന്നത്.

കഴിഞ്ഞ വര്‍ഷത്തെ അമ്പത് നോമ്പ് കാലത്ത് ലൈഫ് ഡേ ഓണ്‍ലൈന്‍ വായനക്കാര്‍ക്ക് നല്‍കിയ ആത്മീയ വിരുന്നായ ‘ക്രൂശിലൊരിടം’ ഒരുക്കിയത് ഫാ. മാത്യൂസ് പയ്യിപ്പിള്ളിയായിരുന്നു. അതിനാല്‍ ഇത്തവണത്തെ അമ്പത് നോമ്പിന്, തങ്ങള്‍ തയാറാക്കിയ ഈ ഈരടികള്‍ ‘കണ്ണിമചിമ്മാതെ ക്രൂശിതനിലേയ്ക്ക്’ എന്ന പേരിലാക്കി വായനക്കാര്‍ക്ക് നല്‍കാനും തീരുമാനിക്കുകയായിരുന്നു. അതിനും വലിയ സ്വീകാര്യത ലഭിച്ചു എന്നത് ദൈവാനുഗ്രഹമായാണ് ഇവര്‍ കരുതുന്നത്.

മനമിടിയുന്ന മനുഷ്യന് മരക്കുരിശിലെ മനുഷ്യപുത്രനാണ് കരുത്തെന്നും എന്റെ ഹൃദയത്തിന് ഇണങ്ങിയവന്‍ എന്ന് ഈശോ നമ്മെ നോക്കി പറയുന്നുണ്ടെന്നുമുള്ള ഉറപ്പും ധൈര്യവും നല്‍കിക്കൊണ്ട്, എന്നെ ബലപ്പെടുത്തുന്ന ക്രൂശിതാ നിന്റെ ബലി എന്നിലൂടെ തുടരട്ടെ എന്ന് ഏവരെക്കൊണ്ടും പറയിപ്പിച്ച് മുന്നേറുകയാണ് ‘കണ്ണിമ ചിമ്മാതെ ക്രൂശിതനിലേയ്ക്ക്’ എന്ന ഗാനം.

കീര്‍ത്തി ജേക്കബ്