നിശബ്ദത അഭ്യസിക്കുക; ജീവിതത്തിൽ സമാധാനം നഷ്ടപ്പെടുകയില്ല

തിരക്കുപിടിച്ച ജീവിതത്തിൽ ചില അവസരങ്ങളിൽ ഒന്ന് ശാന്തമാകുന്നത് എന്തുകൊണ്ടും നല്ലതാണ്. ഉത്കണ്ഠകളും അസ്വസ്ഥതകളും നമ്മെ അലട്ടുമ്പോൾ നിശബ്തമായി, ശാന്തമായിരിക്കുവാൻ പരിശീലിക്കുക. ശാന്തമായി കണ്ണുകൾ അടച്ച് നിശബ്തമായി നാം ഇരിക്കുമ്പോൾ സമാധാനവും ശാന്തതയും തനിയെ വന്നു ചേരും.

ബൈബിളും ഇക്കാര്യം നമ്മെ പഠിപ്പിക്കുന്നുണ്ട്. സങ്കീർത്തനങ്ങളിൽ ഇപ്രകാരം വായിക്കുന്നു. ശാന്തമാവുക; ഞാൻ ദൈവമാണെന്നറിയുക (സങ്കീർത്തനം 49 – 10). ഏലിയാ പ്രവാചകൻ ദൈവത്തെ കണ്ടെത്തുന്നത് കൊടുങ്കാറ്റിലോ വലിയ ഭൂകമ്പത്തിലോ അല്ല, നിശബ്തതയിലാണ്. അതിനാൽ ദൈവത്തെ തിരിച്ചറിയുവാനും ശ്രവിക്കുവാനും നമുക്ക് സാധിക്കുന്നത് നിശബ്ദതയിലാണ്. എല്ലാ ദിവസവും കുറച്ചുസമയം നിശബ്ദതയിൽ ആയിരിക്കുക. മാനസിക ഉന്മേഷം കൈവരിക്കാൻ അത് നമ്മെ സഹായിക്കും.

നമ്മുടെ വ്യക്തി ജീവിതത്തെ ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. മൊബൈൽ ഫോണോ കമ്പ്യൂട്ടറോ ഉപയോഗിക്കാതെ ഒരു ദിവസം എത്ര സമയം ചിലവഴിക്കാൻ സാധിക്കുന്നുണ്ട്? പകൽ സമയം നിശ്ചലമായി ഇരിക്കാൻ എത്ര സമയം സാധിക്കുന്നുണ്ട്? ഓരോ മിനിട്ടിലും ഫ്രീ ആയി കിട്ടുന്ന സമയം നമ്മുടെ സ്മാർട്ട് ഫോണുകൾ പരിശോധിക്കുന്നതിൽ വ്യാപൃതരാവുക എന്നതാണ് ഇന്ന് ഓരോ ദിവസവും നാം നേരിടുന്ന ഏറ്റവും വലിയ പ്രലോഭനം. ദൈവത്തെ ഓർക്കാൻ ഒരു മിനിറ്റ് പോലും സമയം ഇല്ലാത്തവിധം നമ്മുടെ ജീവിതം പല കാര്യങ്ങളിൽ വ്യാപൃതമാകുന്നുണ്ട്.  സ്വയം നാമൊന്ന് പരിശോധിക്കുന്നത് നല്ലതാണ്.

മദർ തെരേസ തൻ്റെ ജീവിതത്തിലെ തിരക്കുകൾക്കിടയിലും നിശബ്ദതയിൽ ദൈവത്തോട് ഒപ്പമായിരിക്കാൻ സമയം കണ്ടെത്തി. ദൈവം നിശബ്തതയുടെ സുഹൃത്താണ്. അതിനാൽ ബഹളത്തിലും അസ്വസ്ഥതയിലും നമുക്ക് ദൈവത്തെ കണ്ടെത്തുവാൻ സാധിക്കുകയില്ല. ഈ പ്രപഞ്ചത്തിൽ മനുഷ്യനൊഴികെ മറ്റെല്ലാ ജീവനുള്ളവയും നിശബ്ദമായി ചരിക്കുന്നവയാണ്. പുല്ലും പൂവും മരവുമെല്ലാം ശാന്തമായി അവയുടെ ജീവിത ക്രമത്തിൽ വളരുന്നവയാണ്.

നാം ഓരോ ദിവസവും എത്രമാത്രം നിശ്ശബ്ദരായിരിക്കാൻ പരിശ്രമിക്കുന്നുവോ അത്ര മാത്രം ആത്മീയത നമ്മിൽ വളരും. ദൈവ സാന്നിധ്യത്തെ തിരിച്ചറിയുവാൻ നമുക്ക് സാധിക്കും. ഓരോ ദിവസവും പത്തോ അല്ലെങ്കിൽ പതിനഞ്ചോ മിനിറ്റ് ശാന്തമായി ഇരിക്കാൻ സ്വയം ഒരു തീരുമാനമെടുക്കുക. സെൽഫോൺ, സ്മാർട് വാച്ച്, കമ്പ്യൂട്ടർ, ടിവി, റിമോട്ട് എന്നിവ ഉപയോഗിക്കാതെ ജീവിക്കാൻ പരിശ്രമിക്കുക. ദിവസവും അല്പസമയം അതിനായി നിശ്ചയിച്ച് മാറ്റി വയ്ക്കുക.  ദൈവത്തെ അറിയുവാൻ നാം നിശബ്ദമായിരിക്കുക തികച്ചും അനിവാര്യമാണ്.