ജിഹാദിസ്റ്റ് ആക്രമണത്തിന് ശേഷം കാണാതായ സന്യാസിനികളെ ഓർത്ത് ആശങ്കയിൽ മൊസാംബിക്

മൊസാംബിക്കിൽ ജിഹാദികളുടെ ആക്രമണത്തിനു ശേഷം കാണാതായവരെ കുറിച്ച് യാതൊരു വിവരവും നല്കാൻ കഴിയാതെ സർക്കാർ. രണ്ടു സന്യാസിനികളെയും അറുപതിലധികം ആളുകളെയുമാണ് തീവ്രവാദികൾ തട്ടികൊണ്ട് പോയത്. ഓഗസ്റ്റ് മാസം ആദ്യവാരം നടന്ന ആക്രമണത്തിലാണ് തീവ്രവാദികൾ ഇത്രയധികം ആളുകളെ തട്ടിക്കൊണ്ടുപോയത്.

സിസ്റ്റേഴ്സ് ഓഫ് കോൺഗ്രിഗേഷൻ ഓഫ് സെന്റ് ജോസഫ് ഓഫ് ചെമ്പേരി സന്യാസ സമൂഹത്തിലെ രണ്ടു സന്യാസിനികളാണ് തട്ടിക്കൊണ്ടു പോകപ്പെട്ടവരിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇത്രയധികം ആളുകളെ തട്ടിക്കൊണ്ടു പോയിട്ടും യാതൊരു വിധ നടപടികളും സർക്കാർ സ്വീകരിച്ചിട്ടില്ല. സംഭവത്തിൽ വിശദീകരണം നൽകുവാൻ പോലും ഗവണ്മെന്റ് അധികൃതർക്ക് കഴിയുന്നില്ല എന്ന് എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടനയോട് പെമ്പ രൂപതയിലെ വൈദികനായ ക്വിരിവി ഫോൺസെക്ക വെളിപ്പെടുത്തി.

മൊസാംബിക്കിലെ മോകാംബോ ഡാ പ്രിയയിൽ ജിഹാദികൾ ആക്രമണം നടത്തുമ്പോൾ ഈ മഠത്തിൽ ഉണ്ടായിരുന്നവരാണ് തട്ടികൊണ്ട് പോകപ്പെട്ടവർ. ഓഗസ്റ്റ് അഞ്ചിന് തുടങ്ങിയ ആക്രമണം പതിനൊന്നാം തീയതിയാണ് അവസാനിച്ചത്. ഈ സമയം അവിടേയ്ക്കുള്ള മറ്റു വഴികളെല്ലാം അടച്ചിരുന്നു. അതിനാൽ തന്നെ ഒരു സഹായത്തിനു പോലും അവിടേയ്ക്കു പോകുവാൻ കഴിഞ്ഞിരുന്നില്ല എന്ന് ഫാ. ക്വിരിവി പറയുന്നു.

തട്ടികൊണ്ട് പോകപ്പെട്ടവരിൽ കൂടുതൽ പേരും പ്രായമായവർ ആണ്. ഒപ്പം ചെറിയ കുട്ടികളും ഉണ്ട്. അവരെ എവിടേക്കാണ് കൂട്ടികൊണ്ടു പോയതെന്ന് അവരിൽ ആരെങ്കിലും മരിച്ചിട്ടുണ്ടോ എത്രപേർ ജീവനോടെയുണ്ടെന്നോ ഒന്നും അറിയില്ല. അതിനാൽ തന്നെ തങ്ങൾ വളരെ ആശങ്കാകുലരാണെന്നു പെമ്പ രൂപതാധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.