ആണവനിരീകരണം ആവശ്യമായ കാൽവയ്‌പ്: കർദ്ദിനാൾ പരോളിൻ

സുരക്ഷ എന്ന നമ്മുടെ ആശയത്തെക്കുറിച്ചുള്ള നമ്മുടെ ബോധ്യങ്ങൾ പുനർവിചിന്തനം ചെയ്യാനും ആണവായുധ നിർമ്മാണത്തിനായി ചിലവഴിക്കുന്ന പണം മനുഷ്യരുടെ സുരക്ഷക്കും മാനവിക വികസനപ്രവർത്തനങ്ങൾക്കും വേണ്ടി ഉപയോഗിക്കാനും ആവശ്യപ്പെട്ട് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരൊളിൻ. ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകൾക്കു വേണ്ടിയുള്ള സന്നദ്ധപ്രവർത്തനത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും മേഖലയിൽ പ്രവർത്തിക്കുന്ന ‘സ്നേഹത്തിന്റെ നാഗരികതക്കുള്ള സമിതി’ എന്ന സംഘടന നവംബർ 17 -ന് ഇറ്റലിയിലെ അസ്സീസിയിൽ “ആണവായുധങ്ങളുടെ പരിവർത്തനം സ്വാഗതാർഹം” എന്ന പേരിൽ ഒരുക്കിയ സമ്മേളനത്തിലേക്ക് അയച്ച വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ലോകത്ത് ആണവായുധങ്ങളുടെ നിരീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കർദ്ദിനാൾ പരോളിൻ സംസാരിച്ചു. ആണവായുധങ്ങൾ ഫലപ്രദമായി ഇല്ലാതാക്കുന്നതിനും അവയെ സമാധാനസംരംഭങ്ങളാക്കി മാറ്റുന്നതിനുമുള്ള പ്രതിബദ്ധതയിൽ നടത്തുന്ന പ്രസ്തുത സമ്മേളനം, മനുഷ്യവ്യക്തിയുടെ അന്തസ്സിലും നിയമത്തിന്റെ പ്രാഥമികതയിലും അടിസ്ഥാനമിട്ട, സമാധാനത്തിന്റെയും ജീവന്റെയും ഒരു സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പരിശ്രമത്തെയാണ് വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ ഒരു പരിശ്രമം സാധ്യമാകുന്നത്, അന്താരാഷ്ട്രതലത്തിൽ പരസ്പരസംവാദങ്ങളും സത്യസന്ധവും അനുയോജ്യവും ഉത്തരവാദിത്വപൂർണ്ണമായ സഹകരണവും ഉറപ്പാക്കുന്നതു വഴിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര തലത്തിൽ സുരക്ഷയും സമാധാനവും ഉറപ്പു വരുത്തണമെങ്കിൽ, മേൽപറഞ്ഞ പരസ്പരസംവാദങ്ങളും സഹകരണവും വഴി ബലപ്പെടുത്തിയെടുക്കാൻ സാധിക്കുന്ന പരസ്പരവിശ്വാസം ആവശ്യമാണെന്നാണ് പരിശുദ്ധ സിംഹാസനം കരുതുന്നതെന്ന് കർദ്ദിനാൾ പരോളിൻ എടുത്തുപറഞ്ഞു.

ഇപ്പോൾ നാം നേരിടുന്ന മഹാമാരി തന്നെ സുരക്ഷയെക്കുറിച്ചുള്ള നമ്മുടെ ആശയം തന്നെ മാറ്റിയെഴുതാൻ ആവശ്യപ്പെടുന്നുണ്ട്. സുരക്ഷാ എന്നത് പരസ്പരമുള്ള വിനാശത്തിലൂടെയോ, ഭയപ്പെടുത്തലിലൂടെയോ അല്ല നേടിയെടുക്കുന്നത്. മറിച്ച്, നീതിയിലും സമഗ്രമായ മനുഷ്യവികസനത്തിലും മനുഷ്യാവകാശങ്ങളോടുള്ള ബഹുമാനത്തിലും സൃഷ്ടിയുടെ പരിപാലനത്തിലും വിദ്യാഭ്യാസ-ആരോഗ്യഘടനകളുടെ ഉന്നമനത്തിലും പരസ്പര സംവാദത്തിലും ഐക്യദാർഢ്യത്തിലുമാണ് സുരക്ഷ എന്ന ആശയത്തിന്റെ അടിസ്ഥാനം കണ്ടെത്തേണ്ടത്. ചുരുക്കത്തിൽ ആത്മാർത്ഥമായ ഇച്ഛാശക്തിയോടെ പൊതുനന്മ അന്വേഷിക്കുകയും ദൃഢനിശ്ചയത്തോടെ അത് നടപ്പിലാക്കുകയും ചെയ്യുന്നതിലൂടെയാണ്.

2022 ജനുവരിയിൽ നടക്കാനിരിക്കുന്ന ആണവ നിർവ്യാപന കരാറിന്റെ പത്താം സമ്മേളനത്തെക്കുറിച്ച് സംസാരിക്കവെ, അത് അന്താരാഷ്ട്ര സമൂഹത്തിന്, പ്രത്യേകിച്ച് ആണവശക്തികൾക്ക് വളരെ നിർണ്ണായകമായ ഒരു സമയമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.