ഇറ്റലിയിൽ അത്ഭുത മാതാവിന്റെ രൂപം പ്രദക്ഷിണം ആരംഭിച്ചു

ഔർ ലേഡി ഓഫ് മിറാക്കുലസ് മെഡലിന്റെ രൂപം വെള്ളിയാഴ്ച ഇറ്റലിയിലെ ഇടവകകളിലേക്ക് ഒരു തീർത്ഥാടനം ആരംഭിച്ചു. ഫ്രാൻസിലെ വിശുദ്ധ കാതറിനു പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടതിന്റെ നൂറ്റിത്തൊണ്ണൂറാം വാർഷികത്തോടനുബന്ധിച്ചാണ് മാതാവിന്റെ രൂപം ഇറ്റലിയിലെ ഇടവകകളിലൂടെ പ്രദക്ഷിണം നടത്തുന്നത്.

റോമിലെ റീജിയണൽ സെമിനാരി കൊളീജിയോ ലിയോനിയാനോയിൽ നടന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം നവംബർ 27 -ന് വൈകുന്നേരം രൂപം അടുത്തുള്ള സാൻ ജിയോഅച്ചിനോ പള്ളിയിലേക്ക് പ്രദക്ഷിണമായി കൊണ്ടുപോയി. കൊറോണ വൈറസ് നിയന്ത്രണങ്ങൾ അനുവദിക്കുകയാണെങ്കിൽ, ഇറ്റലിയിലുടനീളമുള്ള ഇടവകകളിലേക്ക് രൂപം എത്തിക്കുവാനാണ് തീരുമാനം. 2021 നവംബർ 22 -ന് സാർഡിനിയ ദ്വീപിൽ മാതാവിന്റെ അത്ഭുത രൂപത്തിന്റെ തീർത്ഥാടനം അവസാനിക്കും.

വിൻസെൻഷ്യൻ കോൺഗ്രേഷൻ ഓഫ് മിഷന്റെ സുവിശേഷവത്ക്കരണ സംരംഭമാണ് ഈ തീർത്ഥാടനം നടത്തുന്നത്. പലതരത്തിലുള്ള സമ്മർദ്ദങ്ങളുടെയും പിരിമുറുക്കങ്ങളുടെയും നടുവിൽ ലോകരാഷ്ട്രങ്ങൾ വലയുമ്പോൾ ഈ മരിയൻ തീർത്ഥാടനം ദൈവത്തിനു നമ്മോടുള്ള കരുണയെ ഓർമിപ്പിക്കുമെന്നു സംഘാടകർ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.