കടുത്ത മതസ്വാതന്ത്ര്യ ലംഘനം നടത്തുന്ന 10 രാജ്യങ്ങളുടെ പട്ടിക അമേരിക്ക പുറത്തുവിട്ടു

ഏറ്റവും കൂടുതല്‍ മതസ്വാതന്ത്ര്യ ലംഘനം നടത്തുന്ന രാജ്യങ്ങളുടെ പേരുകള്‍ അമേരിക്ക പുറത്തു വിട്ടു.അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ്  രാജ്യങ്ങളുടെ പേരുകള്‍ വെളിപ്പെടുത്തിയത്.  ബർമ, ചൈന, എറിത്രിയ, ഇറാൻ, വടക്കൻ കൊറിയ, സുഡാൻ, സൗദി അറേബ്യ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി മതസ്വാതന്ത്ര്യത്തിന് കടുത്ത വെല്ലുവിളി നേരിടുന്നു എന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. അതിനാല്‍ തന്നെ ഈ രാജ്യങ്ങളെ  പ്രത്യേക പരിഗണന അര്‍ഹിക്കുന്ന രാജ്യങ്ങള്‍ -Countries of Particular Concern” (CPC -സിപിപി) ആയി പ്രഖ്യാപിച്ചിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി ‘സ്പെഷ്യല്‍ വാച്ച് ലിസ്റ്റ്’ എന്നൊരു വിഭാഗം കൂടി ഇത്തവണത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിഭാഗത്തിലാണ് പാക്കിസ്ഥാനെ ചേര്‍ത്തിരിക്കുന്നത്. പട്ടിക പ്രകാരം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ചില സാഹചര്യങ്ങളില്‍ കടുത്ത മതസ്വാതന്ത്ര്യ ലംഘന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ അല്ലെങ്കില്‍ അത്തരം പ്രവര്‍ത്തികള്‍ കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുന്ന രാജ്യങ്ങളാണ് ‘സ്പെഷ്യല്‍ വാച്ച് ലിസ്റ്റില്‍’ ഉള്‍പ്പെടുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന മതസ്വാതന്ത്ര്യ ലംഘനങ്ങളെ കുറിച്ച് പഠിക്കുന്നതിനായി സ്ഥാപിതമായ സര്‍ക്കാര്‍ കമ്മീഷന്‍ യു.എസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളെ അംഗീകരിക്കുകയും  എന്നാല്‍ നിരവധി രാജ്യങ്ങള്‍കൂടി ഇനിയും ഇതില്‍ കൂട്ടിച്ചേര്‍ക്കപ്പെടാന്‍ ഉണ്ടെന്നു അഭിപ്രായപ്പെടുകയും ചെയ്തു. പാക്കിസ്ഥാനെ ‘സ്പെഷ്യല്‍ വാച്ച് ലിസ്റ്റ്’ വിഭാഗത്തിനു പകരം സി‌പി‌സി വിഭാഗത്തിലായിരിന്നു ഉള്‍പ്പെടേണ്ടിയിരിന്നതെന്നും റഷ്യ, വിയറ്റ്നാം, സിറിയ, നൈജീരിയ, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് തുടങ്ങിയ രാജ്യങ്ങള്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന രാജ്യങ്ങളില്‍ ഉള്‍പ്പെടുത്തണം എന്നും കമ്മീഷന്റെ ചെയര്‍മാനായ ഡാനിയല്‍ മാര്‍ക്ക് പറഞ്ഞു.

പാക്കിസ്ഥാനെ സിപിസി വിഭാഗത്തില്‍ നിന്ന് ഒഴിവാക്കിയതില്‍ അത്ഭുതവും നിരാശയും ഡാനിയല്‍ മാര്‍ക്ക് രേഖപ്പെടുത്തി. വിയറ്റ്നാമിനെ സിപിസികളുടെ പട്ടികയിൽ നിന്ന് എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്ന് ഹൌസ് ഫോറിൻ അഫയേഴ്സ് കമ്മിറ്റി ചെയർമാൻ റിപ് റൈ റോയ്സ് ചോദിച്ചു. നിരന്തരമായി മത സ്വാതന്ത്ര്യവും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളും  നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രാജ്യമാണ് വിയറ്റ്നാം എന്നും ഈ ലംഘനങ്ങള്‍ ഇല്ലാതാക്കുവനുള്ള ഉത്തരവാദിത്വം അമേരിക്കയ്ക്ക് ഉണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ