പട്ടിണി മനുഷ്യാന്തസ്സിനെ മുറിപ്പെടുത്തുന്ന വാള്‍

മണ്ണിന്‍റെ ഫലങ്ങള്‍ വിതരണം ചെയ്യുന്നതിലുള്ള അസന്തുലിതാവസ്ഥയാണ് പട്ടിണിയും പോഷണവൈകല്യവും മൂലം അനേകര്‍ യാതനകള്‍ അനുഭവിക്കുന്നതിനു കാരണമെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി മോണ്‍. ഫെര്‍ണാണ്ടൊ കീക്ക അരെല്യാനൊ. ലോകത്തില്‍ അമിതാഹാരം മൂലം അധികഭാരമുള്ളവരുടെ സംഖ്യ ഒരുവശത്ത് കുത്തനെ കൂടിവരുമ്പോള്‍, മറുവശത്ത് ഒട്ടിയ വയറുമായി കഴിയുന്നവരുടെ സംഖ്യ 82 കോടിയാണെന്ന് പഠനങ്ങള്‍ കാണിക്കുന്നതിനെ അനുസ്മരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒക്ടോബര്‍ 16-ന് ആചരിക്കപ്പെട്ട ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് റോമില്‍, ഭക്ഷ്യകൃഷി സംഘടനയുടെ- എഫ്.എ.ഒ.യുടെ ആസ്ഥാനത്തു നടന്ന ഒരു ചര്‍ച്ചായോഗത്തില്‍ വ്യാഴാഴ്ച (17/10/19) പങ്കെടുക്കുകയായിരുന്നു ഈ സംഘടനയിലും, കാര്‍ഷികവികസന നിധിയിലും (IFAD), ലോക ഭക്ഷ്യ പരിപാടിയിലും (WFP) പരിശുദ്ധ സിംഹാസനത്തിന്‍റെ  സ്ഥിരം നിരീക്ഷകനായ ഇദ്ദേഹം.

“ആരോഗ്യകരമായ ഭക്ഷണവും മാനവാന്തസ്സും” എന്നതായിരുന്നു ചര്‍ച്ചയുടെ പ്രമേയം. പട്ടിണി ആരോഗ്യത്തെക്കാള്‍ മനുഷ്യാന്തസ്സിനെ മുറിപ്പെടുത്തുന്ന വാളാണെന്ന് അദ്ദേഹം ഒരു സ്പാനിഷ് പഴമൊഴി ഉദ്ധരിച്ചുകൊണ്ട് വ്യക്തമാക്കി.