
സ്നേഹം എന്നത് എല്ലാ പരിധികൾക്കുമപ്പുറമാണ്. ഒരാളെ നമ്മൾ നിസ്വാർത്ഥമായി സ്നേഹിക്കാൻ തുടങ്ങിയാൽ എന്തൊക്കെ സംഭവിച്ചാലും നാം അതിൽ നിന്നും പിന്നോട്ട് പോകില്ല. മറ്റുള്ളവരെ നിസ്വാർത്ഥപരമായി സ്നേഹിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്ന അടിസ്ഥാന ഘടകം അനുകമ്പയാണ്. ഉപവിയുടെ ശുശ്രൂഷകനായിരുന്ന വി. വിൻസെന്റ് ഡി പോൾ യഥാർത്ഥ സ്നേഹപ്രവർത്തികൾ എപ്രകാരം ആയിരിക്കണമെന്ന് നമ്മെ പഠിപ്പിക്കുന്നു.
സ്വീകരിക്കുന്നതിനേക്കാൾ കൂടുതൽ കൊടുക്കുന്ന മനോഭാവം ഒരു വ്യക്തിക്ക് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. അവിടെ നിന്നുമാണ് അനുകമ്പ എന്ന വാക്കിന്റെ അർത്ഥം അതിന്റെ പൂർണതയിൽ നിറവേറുവാൻ ആരംഭിക്കുന്നത്. ഒരു സമൂഹത്തിന്റെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായ ഘടകമാണ് അത്. സഹോദരങ്ങളോടും കൂട്ടുകാരോടും അനുകമ്പ കാണിക്കുമ്പോൾ അത് സ്വീകരിക്കുന്നവരും ഹൃദയത്തിൽ നല്ല മനോഭാവം വളർത്തിയെടുക്കും. അതിനാൽ സ്നേഹം അതിന്റെ പ്രവർത്തിപദത്തിൽ എത്തിക്കുന്ന അനുകമ്പ ജീവിതത്തിൽ നിന്നും നഷ്ട്ടപെടരുത്.
എന്താണ് അനുകമ്പ? അത് പണം കൊണ്ട് മാത്രം കൊടുത്ത് തീർക്കാവുന്നതോ കൊടുക്കാവുന്നതോ ആയ ഒന്നല്ല. മറിച്ച് മനുഷ്യത്വം ആണ് അനുകമ്പയുടെ ഏറ്റവും ഉദാത്തമായ മുഖം. വേദനിക്കുന്നവർക്കു നാം ഫോണിലൂടെ നൽകുന്ന ഒരു ആശ്വാസമായിരിക്കാം അല്ലെങ്കിൽ ഒരു രോഗിയുടെ അടുത്ത് കുറച്ചു സമയം ചിലവഴിക്കുന്നതായിരിക്കാം അവർക്ക് ആശ്വാസമേകുന്നത്. ചുറ്റുമുള്ള വ്യക്തികളുമായി നല്ല സ്നേഹബന്ധം സ്ഥാപിക്കുന്നതും അനുകമ്പ നിറഞ്ഞ പ്രവർത്തനങ്ങളാണ്.
കരുണയുടെ പ്രവർത്തനങ്ങൾ കൊണ്ട് മിഷൻ പ്രചാരകനായ മഹാ വിശുദ്ധനാണ് വി. വിൻസെൻറ് ഡി പോൾ. പതിനേഴാം നൂറ്റാണ്ടിൽ ഫ്രാൻസിൽ ജീവിച്ചിരുന്ന അദ്ദേഹം വൈദികനായ ശേഷം കടൽകൊള്ളക്കാരാൽ അടിമയായി കുറെ വർഷങ്ങൾ ജീവിച്ചു. മോചിതനായ ശേഷം പാരീസിൽ സ്ഥിരതാമസമാക്കുകയും സമ്പന്നരായ ആളുകളെ കണ്ടെത്തി ദരിദ്രരെ സഹായിക്കുവാൻ അദ്ദേഹം പ്രചോദിപ്പിക്കുകയും ചെയ്തു. നാം മറ്റുള്ളവരോട് അനുകമ്പ കാണിക്കുമ്പോൾ സമ്പത്ത് മാത്രം അവർക്ക് കൊടുത്താൽ പോരാ. സനേഹവും പുഞ്ചിരിയും ആവശ്യമാണ് എന്ന് അദ്ദേഹം തന്റെ കൂടെയുള്ളവരെ നിരന്തരം ഓർമ്മിപ്പിക്കുമായിരുന്നു.
അപരനോട് സ്നേഹവും കരുതലും കാട്ടി വിശുദ്ധനായ വ്യക്തിയാണ് വി. വിൻസെൻറ് ഡി പോൾ. അദ്ദേഹം നമുക്ക് പറഞ്ഞുതരുന്ന കാര്യങ്ങൾ കരുണയുടെ വക്താക്കൾ ആകുവാൻ നമ്മെ സഹായിക്കട്ടെ.