
വി. യോഹന്നാന്റെ സുവിശേഷത്തില്‍ തോമാശ്ലീഹായെ അവതരിപ്പിക്കുന്നത് തികച്ചും വ്യത്യസ്തനായൊരു ശിഷ്യനായിട്ടാണ്. വളരെ ശ്രദ്ധേയമാണ് 3 പരാമര്‍ശങ്ങള്‍. യോഹ. 11-ാം അധ്യായത്തില്‍, ലാസറിന്റെ ഭവനത്തിലേയ്ക്ക് പോകാനൊരുങ്ങുന്ന യേശുവിനെ മറ്റ് ശിഷ്യന്മാര് തടയുന്നു. കാരണം, ജറുസലേമില്‍ വച്ച് പ്രതിഷ്ഠയുടെ തിരുനാള്‍ ദിവസം ഈശോ, പിതാവുമായിട്ടുള്ള തന്റെ അഭേദ്യ ബന്ധത്തെക്കുറിച്ച് പറഞ്ഞതിന്റെ പേരില്‍ അവനില്‍ ദൈവദൂഷണക്കുറ്റം ആരോപിച്ച് അവനെ ബന്ധിക്കാനും കല്ലെറിയാനും യഹൂദര്‍ ശ്രമിച്ചതാണ്. കഷ്ടിച്ച് അവരുടെ കൈകളില്‍ നിന്നും രക്ഷപെട്ട സംഭവം ശിഷ്യന്മാരുടെ ഓര്‍മ്മയിലുണ്ട്. വീണ്ടും യൂദായായിലേയ്ക്ക് പോകാമെന്ന് ഈശോ പറഞ്ഞപ്പോള്‍, ജീവനില്‍ കൊതിയുണ്ടായിരുന്ന ശിഷ്യന്മാര് തടസ്സവാദങ്ങളുമായി മുന്നോട്ടുവന്നു. പക്ഷേ, തന്റെ തീരുമാനത്തില്‍ നിന്നും ഈശോ പിന്മാറുന്നില്ല. ഇവിടെ തോമാശ്ലീഹാ ധീരതയോടെ തന്റെ നിലപാട് അറിയിക്കുന്നു.
ഗുരു മരിക്കാനാണ് പോകുന്നതെങ്കില്‍ ”അവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം” (11:16). ഗുരുവില്‍ നിന്നും വേറിട്ടൊരു നിലനില്‍പ്പ് തനിക്കില്ലെന്ന് കരുതുന്ന ഒരു യഥാര്‍ത്ഥ ശിഷ്യന്. യേശുവിനെ എത്രയധികമായി തോമാശ്ലീഹാ സ്നേഹിച്ചിരുന്നു! മരണം പോലും അവനോടുള്ള സ്നേഹത്തില്‍ നിന്നും തന്നെ അകറ്റാന്‍ പ്രാപ്തമല്ല എന്ന് തോമാശ്ലീഹാ പ്രഖ്യാപിക്കുന്നു. എത്രയോ ധീരമാണ് തോമാശ്ലീഹായുടെ വാക്കുകള്‍.
യോഹ. 14-ാം അധ്യായത്തില്‍ (V. 5) തോമാശ്ലീഹായുടെ ഒരു ഇടപെടല്‍ വളരെ ശ്രദ്ധേയമാണ്. പിതാവിന്റെ ഭവനത്തില്‍ വാസസ്ഥലമൊരുക്കാന്‍ താന്‍ പോകുന്നു എന്ന് ഈശോ പറഞ്ഞപ്പോള്‍ ശിഷ്യന്മാര്ക്ക് കാര്യമായിട്ടൊന്നും പിടികിട്ടിയില്ല. എന്നാല്‍, തോമാശ്ലീഹാ അവിട ഇടപെട്ട് ചോദിക്കുന്നു. ”കര്‍ത്താവേ, നീ എവിടേയ്ക്ക് പോകുന്നുവെന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങള്‍ എങ്ങനെ അറിയും.” മനുഷ്യരക്ഷയുടെ കേന്ദ്രം താനാണെന്ന്, തന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേയ്ക്ക് വരുന്നില്ല എന്നും ഈശോ പ്രസ്താവിക്കുന്നത് തോമാശ്ലീഹായുടെ ചോദ്യത്തിന് ഉത്തരമായിട്ടാണ്. തനിക്ക് മനസ്സിലാവാത്ത കാര്യങ്ങള്‍ ഗുരുവിനോട് ചോദിക്കാനുള്ള ധൈര്യവും തുറവിയും തോമാശ്ലീഹായ്ക്കുണ്ടായിരുന്നു. ഈയൊരു തുറവിയും ധൈര്യവുമാണ് മറ്റ് ശിഷ്യന്മാരില് നിന്നും തോമാശ്ലീഹായെ വ്യത്യസ്തനാക്കുന്നത്.
യോഹ. 20:19 പറയുന്നു, ആഴ്ചയുടെ ആദ്യ ദിവസമായ അന്നു വൈകിട്ട് ശിഷ്യന്മാര് യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ, യേശു അവര്‍ക്കു പ്രത്യക്ഷനായി. വീണ്ടും 20:24 പറയുന്നു ”പന്ത്രണ്ടു പേരിലൊരുവനും ദിദിമോസ് എന്നു വിളിക്കപ്പെടുന്നവനുമായ തോമസ്, യേശു വന്നപ്പോള്‍ അവരോടു കൂടെ ഉണ്ടായിരുന്നില്ല.” യഹൂദരെ ഭയന്ന് കതകടച്ചിരുന്ന ശിഷ്യന്മാരുടെ കൂടെ തോമസ് ഇല്ലായിരുന്നു. എന്നുവച്ചാല്‍, തോമാശ്ലീഹാ ഭയരഹിതനായി വെളിയില്‍ ജീവിക്കുകയായിരുന്നു. തോമാശ്ലീഹാ ധീരനായിരുന്നുവെന്നതിന്റെ നേര്‍സാക്ഷ്യമാണിത്. അവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം എന്ന് പറഞ്ഞത് വെറും വീരവാദമായിരുന്നില്ല എന്ന് മനസ്സിലാക്കാം. ആത്മാര്‍ത്ഥമായ വാക്കുകളായിരുന്നു അത്.
കര്‍ത്താവിനെ കണ്ടാലേ താന്‍ വിശ്വസിക്കൂ എന്ന തോമാശ്ലീഹായുടെ വാക്കുകള്‍ ഈയൊരു പശ്ചാത്തലത്തിലാണ് കാണേണ്ടത്. ‘നീ എവിടേയ്ക്കാണ് പോകുന്നതെന്നറിയാതെ വഴി ഞങ്ങള്‍ എങ്ങനെ അറിയും’ എന്ന തന്റെ ചോദ്യത്തിന് ഉത്തരം തന്നവന്, പ്രത്യക്ഷീകരണത്തെക്കുറിച്ചുള്ള ചോദ്യത്തിനും ഉത്തരം നല്‍കുമെന്ന് തോമസ് വിശ്വസിച്ചിരുന്നു. തോമാശ്ലീഹായുടെ വിശ്വാസം പോലെ തന്നെ സംഭവിക്കുകയും ചെയ്തു.
തോമാശ്ലീഹാ ധീരനായ ഒരു ക്രിസ്തുശിഷ്യനായിരുന്നു. അതുകൊണ്ടാണ് ഭാരതമണ്ണിലേയ്ക്ക് കപ്പല്‍ കയറാന്‍ തോമാശ്ലീഹാ ധൈര്യം കാണിച്ചത്. ഗുരുവിനോടൊത്തുള്ള മരണം ആഗ്രഹിച്ചവനെ പിന്തിരിപ്പിക്കാന് ഒരു ശക്തിക്കും സാധിക്കില്ല. തോമാശ്ലീഹായുടെ ഈ ധീരമായ വിശ്വാസം പൈതൃകമായി ലഭിച്ചതുകൊണ്ടാവാം ഭാരത നസ്രാണിസഭ ഇത്രയേറെ പ്രേഷിതരെ ഇന്നും ലോകത്തിന് പ്രദാനം ചെയ്തുകൊണ്ടിരിക്കുന്നത്. ഭാരതസഭയില്‍ ഇന്നും തോമാശ്ലീഹായുടെ ധീരമായ വിശ്വാസചൈതന്യം നിലനില്ക്കുന്നു എന്നതിന്റെ തെളിവാണ് നമ്മുടെ പ്രേഷിതാഭിമുഖ്യം. ഈ പ്രേഷിതത്വം മറ്റൊന്നുമല്ല, ഗുരുവിനോടൊപ്പം മരിക്കാനുള്ള ആഗ്രഹമാണത്. അതുകൊണ്ട് തോമാശ്ലീഹായോടൊപ്പം നമുക്കും പറയാം ”എന്റെ കര്‍ത്താവേ, എന്റെ ദൈവമേ”.
റവ. ഫാ. ജോണി വെട്ടുകാട്ടില്‍