തോമാശ്ലീഹായുടെ പ്രേഷിതചൈതന്യം കാലഘട്ടത്തി ക്രൈസ്തവ മാതൃക: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

മാര്‍തോമാ ശ്ലീഹയുടെ പ്രേഷിതചൈതന്യം സമകാലിക സമൂഹത്തില്‍ ക്രൈസ്തവ സമൂഹത്തിന് പ്രചോദനാത്മകമായ മാതൃകയാണെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വിവിധ തലങ്ങളില്‍ നിന്ന് വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ വിശ്വാസതീക്ഷ്ണതയോടും സഭാസ്‌നേഹത്തോടും കൂടി പ്രവര്‍ത്തിക്കുവാന്‍ മാര്‍തോമാ ശ്ലീഹായുടെ ജീവിതമാതൃക അനുകരിക്കുവാന്‍ സഭാമക്കള്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കണം. ദുക്‌റാന തിരുനാളിനോടും സീറോ മലബാര്‍ സഭാദിനാചരണത്തോടുമനുബന്ധിച്ച് സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ അര്‍പ്പിക്കപ്പെട്ട റാസാ കുര്‍ബാന മദ്ധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു മേജര്‍ ആര്‍ച്ച്ബിഷപ്.

റാസാ കുര്‍ബാനയില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോടൊപ്പം താമരശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലും കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലും സഹകാര്‍മ്മികരായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള 35 രൂപതകളിലും അപ്പസ്‌തോലിക് വിസിറ്റേഷനുകളിലും മറ്റു സ്ഥലങ്ങളില്‍ ചിതറികിടക്കുന്നതുമായ എല്ലാ സീറോ മലബാര്‍ വിശ്വാസീസമൂഹങ്ങളെയും മേജര്‍ ആര്‍ച്ച്ബിഷപ് അഭിവാദനം ചെയ്യുകയും ദുക്‌റാനാ തിരുനാളിന്റെയും സഭാദിനത്തിന്റെയും മംഗളങ്ങള്‍ ആശംസിക്കുകയും ചെയ്തു. മൗണ്ട് സെന്റ് തോമസിലെ കാര്യാലയത്തില്‍ സേവനം ചെയ്യുന്ന വൈദികരും സമര്‍പ്പിതരും അത്മായരും മാത്രമാണ് റാസാ കുര്‍ബാനയില്‍ പങ്കെടുത്തത്.

രാവിലെ 9.30 -ന് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സഭാദിന പതാക ഉയര്‍ത്തി. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സഭാദിന സന്ദേശം നല്‍കി. കോവിഡ്-19 ന്റെ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പതിവ് ആഘോഷങ്ങളൊന്നും ഉണ്ടായിരുന്നില്ല. വിശുദ്ധ കുര്‍ബാനയര്‍പ്പണത്തില്‍ പങ്കെടുക്കുന്നതിന് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ റാസാ കുര്‍ബാന സഭയുടെ യൂട്യൂബ് ചാനല്‍, ഷെക്കെയ്‌ന ടെലിവിഷന്‍ എന്നീ മാധ്യമങ്ങള്‍ വഴി ലൈവ് സ്ട്രീമിംങ്ങ് നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.