വിദ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥന! വി. തോമസ് അക്വീനാസ് പഠിപ്പിക്കുന്നത്

യഥാര്‍ത്ഥത്തില്‍ ഏറ്റവും സന്തോഷപ്രദമായ കാലമാണെങ്കിലും വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് അവരുടെ പഠന കാലഘട്ടം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. കുരിശിന്റെ വി. ജോണ്‍ പറയുന്നതനുസരിച്ച്, ‘അറിയാത്ത കാര്യം ആസ്വദിക്കണമെങ്കില്‍ അറിയാത്ത കാര്യങ്ങളിലൂടെ കടന്നുപോകണം.’ പഠനകാര്യം ഇത്തരത്തിലുള്ള ഒരു പ്രവര്‍ത്തിയാണെങ്കിലും നല്ലൊരു ശതമാനം കുട്ടികള്‍ക്കും അത് വിഷമം പിടിച്ച ജോലിയാണ്.

എന്നാല്‍, ഇത്തരത്തില്‍ ക്ലേശം അനുഭവിക്കുന്ന വിദ്യാര്‍ത്ഥികളുടെ സഹായത്തിനായി വിദ്യാര്‍ത്ഥികളുടെ മദ്ധ്യസ്ഥനായ വി. തോമസ് അക്വീനാസ് ഒരു പ്രാര്‍ത്ഥന പഠിപ്പിക്കുന്നുണ്ട്. അദ്ദേഹം തന്നെ എഴുതിയ ഈ പ്രാര്‍ത്ഥന ദൈവത്തെയും അവിടുന്നില്‍ നിന്ന് ഒഴുകുന്ന സര്‍വ്വജ്ഞാനത്തെയും അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ്. ആ പ്രാര്‍ത്ഥന ഇപ്രകാരമാണ്…

സകലത്തിന്റെയും സൃഷ്ടാവേ, പ്രകാശത്തിന്റെയും ജ്ഞാനത്തിന്റെയും ഉറവിടമേ, എന്റെ ബുദ്ധിയിലെ അന്ധകാരത്തിലേയ്ക്ക് അങ്ങയുടെ ജ്ഞാനത്തിന്റെ പ്രകാശരശ്മികള്‍ അയക്കേണമേ. എന്നിലെ ബൗദ്ധിക അന്ധകാരത്തെ വര്‍ദ്ധിപ്പിക്കുന്ന പാപത്തെയും അറിവില്ലായ്മയെയും എടുത്തുമാറ്റണമേ.

ആഴമായി മനസിലാക്കാനും അവ ഓര്‍മ്മയില്‍ സൂക്ഷിക്കാനും കാര്യങ്ങള്‍ വ്യക്തമായും പൂര്‍ണ്ണമായും ഗ്രഹിക്കാനുമുള്ള കൃപ നല്‍കണമേ. അവശ്യനേരങ്ങളില്‍ അവ പ്രകടിപ്പിക്കാനും പ്രയോഗിക്കാനുമുള്ള കഴിവ് നല്‍കണമേ. വിദ്യ സമ്പാദനത്തിന്റെ ആരംഭത്തിലും അതിന്റെ പുരോഗമനത്തിലും അതിന്റെ പൂര്‍ത്തീകരണത്തിനും എന്നെ സഹായിക്കണമേ. കര്‍ത്താവായ യേശുക്രിസ്തുവിലൂടെ എനിക്കിത് സാധിച്ച് തരണമേ, ആമ്മേന്‍.