ആകുലതയെ അകറ്റാൻ ആവിലയിലെ വിശുദ്ധ തെരേസ പഠിപ്പിക്കുന്ന പ്രാർത്ഥന

അനുദിന ജീവിതത്തിൽ നമ്മെ വിട്ടുമാറാതെ കൂടെക്കൂടുന്ന ഒരു വികാരമാണ് ഭയം. ഓരോരുത്തരെയും ഭയപ്പെടുത്തുന്നത് വ്യത്യസ്ത കാരണങ്ങളാണെന്ന് മാത്രം. എന്നാൽ നമ്മെ അലട്ടുന്ന ആ വികാരഭാരത്തെ എടുത്തുമാറ്റാനുള്ള ശക്തി ദൈവത്തിനുണ്ട്. ഈശോ തന്നെ പറഞ്ഞിട്ടുണ്ട്, “ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍ നിന്ന് പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക്‌ ആശ്വാസം ലഭിക്കും. എന്തെന്നാല്‍, എന്റെ നുകം വഹിക്കാന്‍ എളുപ്പമുള്ളതും ചുമട്‌ ഭാരം കുറഞ്ഞതുമാണ്” (മത്തായി 11: 29-30) എന്ന്.

സമാധാനം കണ്ടെത്താനുള്ള ഏറ്റവും മികച്ച മാർഗ്ഗം ദൈവത്തിൽ ആശ്രയം വയ്ക്കുക എന്നതാണ്. ഇത്തരത്തിൽ ദൈവത്തോട് ഹൃദയസമാധാനം യാചിച്ചുകൊണ്ട് ആവിലായിലെ വി. തെരേസ എഴുതിയ ഒരു ചെറുകവിതയുണ്ട്. നൂറ്റാണ്ടുകളായി അതൊരു പ്രാർത്ഥനയായി ആളുകൾ കരുതിപ്പോരുന്നതുമാണ്. ചെറുതെങ്കിലും ആവർത്തിച്ചു ചൊല്ലുന്നതുവഴി ദുഃഖവും ഭാരവുമെല്ലാം നീങ്ങിപ്പോകുന്നതായി അനേകർ സാക്ഷ്യപ്പെടുത്തുകയും ചെയ്തുവരുന്നു. ഈ പ്രാർത്ഥനയോടൊപ്പം നമ്മുടെ സ്വന്തം വാക്കുകളും ഈശോയോട് പറയാനുള്ള കാര്യങ്ങളും കൂട്ടിച്ചേര്‍ക്കുകയും ചെയ്യാം.

“ഒന്നും നിന്നെ അസ്വസ്ഥതപ്പെടുത്താതിരിക്കട്ടെ.

ഒന്നും നിന്നെ ഭയപ്പെടുത്താതിരിക്കട്ടെ.

എല്ലാം മാറിപ്പോകും.

എന്നാൽ മാറ്റമില്ലാത്തവനായി എന്നും ദൈവമുണ്ട്.

ക്ഷമയാണ് എല്ലാം നേടിത്തരുന്നത്.

ദൈവത്തിന് ഒന്നും അസാധ്യമല്ല, അവിടുത്തേക്ക് ഇല്ലാത്തതായി ഒന്നുമില്ല.

പരിപൂർണ്ണനായവൻ ദൈവം മാത്രം.”