ആവിലായിലെ വി. അമ്മത്രേസ്യ – ജീവിതവും സന്ദേശവും

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

സഭയിലെ ആദ്യത്തെ വേദപാരംഗതയും ആത്മജ്ഞാനിയും സന്യാസ സമൂഹ പരിഷ്ക്കർത്താവും എഴുത്തുകാരിയുമായിരുന്ന ആവിലായിലെ അമ്മത്രേസ്യായുടെ തിരുനാളാണിന്ന്. കത്തോലിക്കാ നവോത്ഥാന കാലഘട്ടത്തിൽ കർമ്മലീത്താ സന്യാസി-സന്യാസിനീ സമൂഹനവീകരണം വഴി സഭയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച വിശുദ്ധ. കുരിശിന്റെ വി. യോഹാന്നാൻ ഉൾപ്പെടെയുള്ള യോഗീവര്യന്മാർ അമ്മത്രേസ്യയുടെ സന്യാസചൈതന്യത്തിന്റെ സൃഷ്ടികളാണ്. സഭയ്ക്ക് അകത്തും പുറത്തും ഇന്നും അനേകർ ഈ വിശുദ്ധയുടെ കൃതികൾ വായിക്കുകയും ധ്യാനരീതികളും താപസജീവിതവും അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.

സ്പെയിനിലെ ആവിലായിൽ 1515 മാർച്ച് 28-നാണ് തെരേസയുടെ ജനനം. ഏഴാം വയസ്സിൽ വിശുദ്ധന്മാരുടെ ജീവചരിത്രം വായിച്ച് സഹോദരനോടൊപ്പം രക്തസാക്ഷിത്വം വരിക്കാനായി വീട് വിട്ടിറങ്ങിപ്പോയ അവരെ അമ്മാവൻ അനുനയിപ്പിച്ച് തിരികെ കൊണ്ടുവരുന്നു. തെരേസായുടെ ഇരുപതാം വയസിൽ കർമ്മലീത്ത സന്യാസ സഭയിൽ ചേർന്നു. ആഴമായ പ്രാർത്ഥനയിലും സ്വയനിഗ്രഹത്തിലും ജീവിച്ച തെരേസായ്ക്ക് അതീന്ദ്രിയ ദൈവീകാനുഭവങ്ങൾ ഉണ്ടാകാൻ തുടങ്ങി. ദൈവം, ഈ ലോകത്തിൽ വച്ചുതന്നെ വരാനിരിക്കുന്ന ലോകത്തെക്കുറിച്ച് അവൾക്ക് വെളിപ്പെടുത്തിക്കൊടുത്തു. വി. അഗസ്തീനോസിന്റെ “ഏറ്റുപറച്ചിൽ” എന്ന ഗ്രന്ഥം വായിച്ചത്, പാപികൾക്കും വിശുദ്ധരായിത്തീരാൻ സാധിക്കും എന്ന ചിന്ത അവളിലുളവാക്കി. യേശുവിന്റെ നേരിട്ടുള്ള പ്രത്യക്ഷപ്പെടലുകൾ രണ്ടു വർഷത്തേയ്ക്ക് ഉണ്ടായതായി തെരേസ രേഖപ്പെടുത്തിയിട്ടുണ്ട്.

അമ്മത്രേസ്യ ആഴമായ പ്രാർത്ഥനയിൽ ലയിച്ചിരിക്കുന്ന സമയത്ത് വായുവിൽ ഉയരുന്ന അവസ്ഥ ഉണ്ടാകുമായിരുന്നു. കളിയാക്കലുകൾ ഭയന്ന് കൂടെയുള്ള സിസ്റ്റർമാരോട്, ഇങ്ങനെ സംഭവിക്കുമ്പോൾ തന്നെ പിടിച്ചിരുത്തണമെന്ന് അവൾ ആവശ്യപ്പെട്ടിരുന്നു. ഈ അനുഭവങ്ങൾ പിന്നീട് വലിയ മെഡിക്കൽ പഠനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. 1563-ൽ പൂർണ്ണമായ ദാരിദ്ര്യത്തിലും പ്രാർത്ഥനയിലും ജീവിക്കുന്നതിനായി പുതിയ ഒരു സന്യാസ സമൂഹത്തിന് രൂപം നൽകി. അവിടെ ആദ്യത്തെ അഞ്ചു വർഷം പ്രാർത്ഥനയ്ക്കും പഠനത്തിനുമായി സമയം ചിലവഴിച്ചു. പിന്നീട് തെരേസയുടെ നേതൃത്വത്തിൽ സ്പെയിനിലുടനീളം സന്യാസ-സന്യാസിനീ സമൂഹങ്ങൾ സ്ഥാപിക്കപ്പെട്ടു. അന്നത്തെ സാമൂഹിക ചുറ്റുപാടിൽ ഒരു സ്ത്രീ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് പല രീതിയിൽ എതിർപ്പുകൾ ക്ഷണിച്ചുവരുത്തി. എന്നാൽ തെരേസയുടെ വിശുദ്ധിയും ലളിത ജീവിതശൈലിയും പ്രാർത്ഥനാജീവിതവും എതിർപ്പുകളെ നിഷ്പ്രഭമാക്കി. 1852 ഒക്ടോബർ 15-ന് നിര്യാതയായ വിശുദ്ധയുടെ അവസാന വാക്കുകൾ ഇപ്രകാരമായിരുന്നു: “എന്റെ കർത്താവും മണവാളനുമേ, ഞാൻ ഇതുവരെ നോക്കിപ്പാർത്തിരുന്ന സമയം ആസന്നമായിരിക്കുന്നു. നമുക്ക് പരസ്പരം കാണാനുള്ള അവസരം കൈവന്നിരിക്കുന്നു.”

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.