ഇരുട്ടിന്റെ മറവിലെ പാപം ദൈവം കാണുകയില്ലെന്ന് തെറ്റിദ്ധരിച്ച വിശുദ്ധ! വി. തിയഡോറിന്റെ ജീവിതം പാഠമാകണം

പൊതുവേ രാത്രിയിലാണ് പാപം ചെയ്യാന്‍ സാധ്യതയും സാഹചര്യവും കൂടുതല്‍ കല്‍പിക്കപ്പെടുന്ന സമയം. മറ്റുള്ളവരില്‍ നിന്ന് ഇരുട്ടിന്റെ സഹായത്തോടെ, തെറ്റുകള്‍ ഒളിപ്പിക്കാന്‍ സാധിക്കുന്ന സമയം. തിയഡോറ എന്ന വിശുദ്ധയും ഇങ്ങനെ തന്നെയാണ് വിശ്വസിച്ചിരുന്നത്, ‘ഇരുട്ട് തന്നെ ദൈവത്തില്‍ നിന്ന് അകറ്റുമെന്ന്’.

ദൈവത്തോട് ഏറ്റവും അടുത്ത് ജീവിക്കണമെന്ന് ആഗ്രഹിച്ച് അതിനുവേണ്ടി പ്രയത്‌നിച്ചിരുന്ന വ്യക്തിയാണ് അഞ്ചാം നൂറ്റാണ്ടില്‍ അലക്‌സാട്രിയായില്‍ ജീവിച്ചിരുന്ന വി. തിയഡോര്‍. അവളെപ്പോലെ തന്നെ ദൈവവിശ്വാസിയായിരുന്നു അവളുടെ ഭര്‍ത്താവും. അവരുടെ ജീവിതം കണ്ട പിശാച്, അവള്‍ക്ക് നിരന്തരം പ്രലോഭനങ്ങള്‍ അയച്ചുകൊണ്ടിരുന്നു. ശാരീരികതിന്മയ്ക്ക് അവളെ പ്രലോഭിപ്പിച്ചുകൊണ്ട് ധനികനായ ഒരു വ്യക്തിയെ പിശാച് അവളുടെ അടുത്തേയ്ക്ക് നിരന്തരം അയച്ചുകൊണ്ടുമിരുന്നു. ഇതിനിടെ പ്രലോഭനത്തിന്റെ ശക്തി വര്‍ദ്ധിപ്പിച്ചുകൊണ്ട് പരിചയക്കാരിയായ ഒരു സ്ത്രീ അവളോട് പറഞ്ഞു: പകല്‍ വെളിച്ചത്തില്‍ ചെയ്യുന്നതു മാത്രമേ ദൈവം കാണുകയുള്ളൂ. ഇരുട്ടത്ത് ചെയ്യുന്നത് ദൈവം കാണുകയോ കണക്കിലെടുക്കുകയോ ഇല്ല എന്ന്.

പ്രലോഭനങ്ങളുടെ ശക്തിയാല്‍ ഭര്‍ത്താവ് വീട്ടിലില്ലാത്ത ഒരു രാത്രി തിയഡോര്‍ ആ വ്യക്തിയുമായി പാപത്തിലേര്‍പ്പെട്ടു. രാവിലെ ആ വ്യക്തി മടങ്ങിക്കഴിഞ്ഞപ്പോള്‍ കുറ്റബോധം അവളെ വേട്ടയാടി. സങ്കടം സഹിക്കവയ്യാതെ അടുത്തുള്ള ഒരു സന്യാസാശ്രമത്തില്‍ അവള്‍ അഭയം തേടി. പാപബോധം വല്ലാതെ അലട്ടിയതിനാല്‍ മുടി വെട്ടി, വസ്ത്രം മാറി ഒരു പുരുഷന്റെ രൂപത്തിലാണ് തിയഡോര്‍ അവിടെ പാര്‍ത്തത്. താന്‍ ആ രാത്രി ചെയ്ത തെറ്റിന് – ഭര്‍ത്താവിനോട് ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി വര്‍ഷങ്ങളോളം, മരിക്കുന്നതുവരെ തിയഡോര്‍ ആ ആശ്രമത്തില്‍ വിശുദ്ധമായ ജീവിതം കഴിച്ചു.

വി. തിയഡോറിന്റെ ജീവിതം പഠിപ്പിക്കുന്ന ചിലതുണ്ട്. വിശുദ്ധര്‍ക്കു പോലും തെറ്റുകള്‍ സംഭവിച്ചുണ്ടാവാം. എന്നാല്‍ തെറ്റാണെന്ന തിരിച്ചറിവിനു ശേഷം അവര്‍ ചെയ്യുന്ന പരിഹാരവും പിന്നീടുള്ള മനോഭാവവുമാണ് പ്രധാനം. ബലഹീനതകളെ മറികടക്കാനായി ദൈവത്തില്‍ നിന്ന് കൃപകള്‍ ചോദിച്ചു മേടിക്കുന്നതിലൂടെയാണ് അവര്‍ വ്യത്യസ്തരാവുന്നത്. തെറ്റ് ചെയ്താലുടന്‍ സന്യാസജീവിതം തേടണമെന്നുമല്ല ഇതിനര്‍ത്ഥം. മറിച്ച് ഇരട്ടിശക്തിയോടെ ദൈവത്തിലേയ്ക്ക് തിരിച്ചുവരാന്‍ മനസുണ്ടാവണം. അവിടുത്തോട് കരഞ്ഞ് മാപ്പപേക്ഷിക്കാന്‍ തയ്യാറാവണം എന്നതാണ്. അതുപോലെ തന്നെ ദൈവത്തിന്റെ ദൃഷ്ടിയില്‍ നിന്ന് ഒന്നും മറഞ്ഞിരിക്കുന്നില്ല എന്ന ബോധ്യവും ഉണ്ടാവണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.