ക്രിസ്തുവിനെപ്പോലെ മുറിവേറ്റ ഹൃദയമുള്ള വിശുദ്ധ അമ്മത്രേസ്യ

ഫാ. ഫിലിപ്പ് നടുത്തോട്ടത്തില്‍

നിഷ്പാദുക കർമ്മലീത്താ സഭയുടെ സ്ഥാപകയും തിരുസഭയിലെ പ്രഥമ വനിതാ വേദപാരംഗതയും പ്രാർത്ഥനയുടെ ഗുരുഭൂതയും വിശ്വവിഖ്യാതമായ ഒട്ടനവധി ആത്മീയഗ്രന്ഥങ്ങൾ രചിച്ചവളുമായ ആവിലായിലെ വി. അമ്മത്രേസ്യയുടെ ഓർമ്മത്തിരുനാളാണ് ഇന്ന് തിരുസഭ ആഘോഷിക്കുന്നത്. എല്ലാവർക്കും തിരുനാളിന്റെ മംഗളാശംസകളും പ്രാർത്ഥനകളും നേരുന്നു.

“ദൈവത്തെ സ്വന്തമാക്കിയവന് മറ്റൊന്നും വേണ്ട, ദൈവം മാത്രം മതി. ദൈവത്തെ സ്വന്തമാക്കാത്തവന് എന്തു കിട്ടിയാലും തൃപ്തി വരികയുമില്ല” – തന്റെ ജീവിതാനുഭവങ്ങളിലൂടെ അമ്മത്രേസ്യ കണ്ടെത്തിയ ആത്മീയ ഉൾക്കാഴ്ച ഇതായിരുന്നു.

സ്പെയിനിലെ ആവിലാ പട്ടണത്തിൽ 1515 മാർച്ച് 28-ന് ഡോൺ അലോൻസോയുടേയും ഡോണാ ബിയാട്രിസിന്റെയും പുത്രിയായി ത്രേസ്യാ ജനിച്ചു. അടിയുറച്ച ദൈവവിശ്വാസത്തിൽ വളർന്നുവന്ന ത്രേസ്യയ്ക്ക്, ‘എനിക്ക് ദൈവത്തെ കാണണം’ എന്ന തീഷ്ണമായ ആഗ്രഹം എന്നും ഉള്ളിലുണ്ടായിരുന്നു. അതിന് സ്വർഗ്ഗത്തിലേയ്ക്ക് പോകാനുള്ള എളുപ്പവഴി രക്തസാക്ഷിത്വമാണ് എന്ന തിരിച്ചറിവിൽ, തന്റെ ഏഴാമത്തെ വയസ്സിൽ സഹോദരൻ റോഡ്രിഗോയും ചേർന്ന് രക്തസാക്ഷിത്വം വരിക്കാൻ മുസ്ലിം രാജ്യമായ മൊറൊക്കോയിലേയ്ക്ക് ഒളിച്ചോടിയ ത്രേസ്യയെ, വഴിക്കു വച്ച് അമ്മാവൻ കണ്ടുപിടിച്ചു തിരികെ കൊണ്ടുവന്നു.

രക്തസാക്ഷികളുടെ ഈ ത്യാഗജീവിതം ചെറുപ്പകാലം മുതൽ അമ്മത്രേസ്യായെ ഒത്തിരിയേറെ സ്വാധീനിച്ചിട്ടുണ്ട്. ഇന്നും ക്രിസ്തുവിനുവേണ്ടി ലോകത്തിന്റെ പല സ്ഥലങ്ങളിലും പലരും രക്തസാക്ഷിത്വം വരിക്കുന്നതു കേൾക്കുമ്പോൾ “ദൈവമേ, എനിക്ക് അങ്ങനെയൊന്നും സംഭവിക്കരുതേ. എന്നെ കാത്തുകൊള്ളണമേ” എന്നല്ലേ സുഹൃത്തേ പലപ്പോഴും നമ്മുടെ പ്രാർത്ഥന.

ത്രേസ്യയ്ക്ക് പതിനാല്‌ വയസ്സുള്ളപ്പോൾ അവളുടെ അമ്മ മരിച്ചു. അതവളെ ഒത്തിരി ആഘാതമേൽപിച്ചു. ആ കാലഘട്ടങ്ങളിലുണ്ടായിരുന്ന ആധുനികശാസ്ത്രത്തെക്കുറിച്ചുള്ള പുസ്തകങ്ങളുടെ അതിപ്രസരം അവളെ ഒരുപാട് സ്വാധീനിച്ചു. ആഡംബരജീവിതവും പ്രേമബന്ധങ്ങളെക്കുറിച്ചുമുള്ള വായനകൾ അവളുടെ ആത്മീയജീവിതത്തിൽ ഉലച്ചിലുണ്ടാക്കി. തന്റെ ആത്മകഥയിൽ അമ്മത്രേസ്യ ഇപ്രകാരം പറയുന്നുണ്ട്: “ആവിലാ പട്ടണത്തിലെ സൗന്ദര്യമായിരുന്നു ത്രേസ്യ” എന്ന് ആളുകൾ പറയുമായിരുന്നു. അതുകൊണ്ട് അന്യരുടെ ശ്രദ്ധ ആകർഷിക്കാൻ വിശേഷവസ്ത്രങ്ങൾ ധരിക്കുവാൻ എപ്പോഴും താൽപര്യം കാട്ടി. മുടി എപ്പോഴും ഭംഗിയാക്കിയിടാൻ ശ്രമിച്ചു. സുഗന്ധദ്രവ്യങ്ങൾ മാറി മാറി ഉപയോഗിച്ചിരുന്നു.” അതെ, ഒരു സാധാരണ പെൺകുട്ടിയുടെ എല്ലാ സ്വഭാവങ്ങളും അവളിൽ ഉണ്ടായിരുന്നു.

മകളിൽ വന്ന മാറ്റം ശ്രദ്ധിച്ച പിതാവ് അവളെ പഠനത്തിനായി ആവിലായിലെ അഗസ്തീനിയൻ സന്യാസിനികളുടെ ആശ്രമത്തില്‍ അയച്ചെങ്കിലും ഒന്നര വർഷം കഴിഞ്ഞ് കടുത്ത മലേറിയ പിടിച്ച് അവശനിലയിലായപ്പോൾ വീട്ടിലേയ്ക്കു മടങ്ങി. എങ്കിലും ആ കന്യകാലയത്തിന്റെ ചുറ്റുപാടുകളിൽ അവൾക്കു ലഭിച്ച ആത്മീയചിന്തകൾ ത്രേസ്യയെ സന്യാസത്തിലേയ്ക്ക് ആകർഷിച്ചു. “ഒരു കന്യാസ്ത്രീയാവുക എന്നത്രയും വെറുപ്പുള്ള ഒരു സംഗതി എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല” എന്നു പറഞ്ഞവളെ ദൈവം പിന്നീട് എത്തിച്ചത് ആവിലായിലെ കർമ്മലീത്താ മഠത്തിലായിരുന്നു.

അക്കാലങ്ങളിൽ, സ്പയിനിലെ കർമ്മലീത്താ മഠങ്ങളിൽ അച്ചടക്കരാഹിത്യവും ലോകവ്യഗ്രതയും കൊടികുത്തി വാണിരുന്നു. ആദ്യമൊക്കെ ത്രേസ്യായും അതിന്റെ സ്വാധീനത്തിൽപെട്ടങ്കിലും മന:സാക്ഷി അവരെ കുറ്റപ്പെടുത്തി. സഭാപിതാവായ വി. അഗസ്റ്റിന്റെ “ഏറ്റുപറച്ചിൽ” (confessions) എന്ന ആത്മകഥ അമ്മത്രേസ്യയുടെ ജീവിതം മാറ്റിമറിച്ചു. മഠത്തിലെ സാഹചര്യങ്ങൾ ഉത്തമ താപസജീവിതം കാംക്ഷിക്കുന്നവരെ തൃപ്തിപ്പെടുത്തുന്നതല്ലായിരുന്നെന്ന തിരിച്ചറിവിൽ, കർമ്മലീത്താ സഭയെ അവൾ നവീകരിച്ചു.

പുതിയ സന്യാസ സമൂഹം, നിഷ്പാദുക കർമ്മലീത്തർ (Discalced Carmelites) എന്നറിയപ്പെട്ടു. മറ്റു സന്യാസികളിൽ നിന്ന് ഭിന്നരായി അവർ, കാലിൽ ഷൂവിനു പകരം ചെരുപ്പു മാത്രം ധരിച്ചിരുന്നതുകൊണ്ടാണ് ഈ പേരു കിട്ടിയത്. ‘സന്യാസിനികൾ’ക്കു വേണ്ടി ത്രേസ്യാ തുടങ്ങിയതുപോലെയുള്ള സമൂഹങ്ങൾ ‘സന്യാസികൾ’ക്കായും തുടങ്ങി. ഈ സം‌രംഭത്തിൽ ത്രേസ്യായുടെ സഹായി അവളുമായി വലിയ ആത്മീയസൗഹൃദം പങ്കിട്ട യുവതാപസൻ, പ്രസിദ്ധ മിസ്റ്റിക് കവി, കുരിശിന്റെ വി. യോഹന്നാൻ (St. John of the Cross) ആയിരുന്നു.

അമ്മത്രേസ്യ തന്റെ ആത്മകഥയിൽ പറയുന്നു: “എന്നും ശ്വാസകോശ സംബന്ധമായ രോഗങ്ങളും ഹൃദ്രോഗവും എന്നെ വല്ലാതെ ക്ലേശിപ്പിച്ചു. ഒരു ദിവസം രോഗം മൂർച്ഛിച്ച് അബോധാവസ്ഥയിലായി. ഡോക്ടർമാർ ഞാന്‍ മരിച്ചു എന്ന് വിധിയെഴുതി. തെരേസയെ ശവപ്പെട്ടിക്കുള്ളിലാക്കി ശവസംസ്കാര ചടങ്ങിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. അപ്പോൾ അവളുടെ പിതാവ് ഒരു പ്രവചനം പോലെ അവരോട് പറഞ്ഞു: ‘എന്റെ മകൾ സംസ്കരിക്കപ്പെടാനുള്ളവളല്ല (my daughter is not for burial). പെട്ടെന്ന് അവൾ കണ്ണു തുറന്നു. ആ സമയങ്ങളിൽ എനിക്ക് ഒരു സ്വർഗ്ഗീയദർശനം ഉണ്ടാവുകയും രോഗങ്ങളിൽ നിന്ന് പൂര്‍ണ്ണമായ സൗഖ്യം പ്രാപിക്കുകയും ചെയ്തു.”

മരിച്ചുവെന്ന് സമൂഹം വിധിയെഴുതി, ശവപ്പെട്ടിക്കുള്ളിലാക്കിയവളെയാണ് കർത്താവ് കർമ്മല സഭയെ നവീകരിക്കുവാനായി ആദ്യം ഉയിർപ്പിച്ചത്. അതെ, ദൈവം ഒരു വ്യക്തിയെ തനിക്കുവേണ്ടി തെരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ, തന്റെ ജീവിതദൗത്യം നിർവഹിക്കുവാൻവേണ്ടി ഒരുക്കുന്നുണ്ടെങ്കിൽ ആദ്യം ആ വ്യക്തിയെ സഹനത്തിലൂടെ, യാതനയിലൂടെ, തകർച്ചയിലൂടെ, ഒറ്റപ്പെടലിലൂടെ, ശുദ്ധീകരണത്തിലൂടെ, തച്ചുടച്ച് വാർക്കും. അതെ, ദൈവം ഇടപെടുന്ന വഴികൾ മനുഷ്യന് ചിന്തിക്കാനാവില്ല. ഞാന്‍ നിന്നെ ശുദ്ധീകരിച്ചു; എന്നാല്‍, വെള്ളി പോലെയല്ല. കഷ്‌ടതയുടെ ചൂളയില്‍ നിന്നെ ഞാന്‍ ശോധന ചെയ്‌തു എനിക്കുവേണ്ടി. അതെ, എനിക്കുവേണ്ടി മാത്രമാണ്‌ ഞാനിതു ചെയ്യുന്നത്‌ (ഏശയ്യാ 48:10-11).

സുഹൃത്തേ, ഒരുവേള നീയും സഹനാനുഭവങ്ങളിലൂടെ കടന്നുപോവുകയാണോ? രക്തം വിയർക്കുന്ന ഗദ്സമേൻ അനുഭവങ്ങളാണോ എന്നും നിന്റെ ജീവിതത്തിൽ? പിതാവേ, കഴിയുമെങ്കിൽ ഈ പാനപാത്രം ഒന്നു അകന്നുപോയിരുന്നെങ്കില്‍ എന്ന് നീയും ഓരോ ദിവസവും കണ്ണുനീർ പൊഴിക്കുന്നുണ്ടോ? ഓർക്കുക, മാറാത്ത രോഗവും തീരാത്ത കണ്ണീരുമാണെങ്കിലും നീ തളരരുത്. കാരണം, ബലിക്കല്ലിൽ ബലിയർപ്പിക്കുവാനായി, കൊല ചെയ്യപ്പെടുവാനായി ഉയർത്തപ്പെട്ട കഠാരയ്ക്കു മുന്നിൽ നിന്നും ഇസഹാക്കിനെ രക്ഷിച്ച ദൈവം നിന്റെ കൂടെയുണ്ട്. ചെങ്കടൽ രണ്ടായി വെട്ടിക്കീറി അതിന്റെ നടുവിലൂടെ പാതയൊരുക്കി ഇസ്രായേൽ ജനത്തെ ശത്രുവിന്റെ കെണിയിൽ നിന്നും രക്ഷപ്പെടുത്തിയ ദൈവം നിന്റെ കൂടെയുണ്ട്.

“ഒന്നെങ്കിൽ സഹിക്കുക അല്ലെങ്കിൽ മരിക്കുക” എന്നത് ആപ്തവാക്യമാക്കിയ വി. അമ്മത്രേസ്യ പുണ്യവതി നമ്മോട് പറയുന്നു: ഏതെങ്കിലുമൊക്കെ പ്രതിസന്ധികളിൽ, പ്രശ്നങ്ങളിൽ, സഹനങ്ങളിൽ മുങ്ങിത്താഴുന്ന ജീവിതമായിരിക്കാം നിന്റേതെങ്കിലും നീ ഓർക്കുക, ഒരു കുശവന് തന്റെ സൃഷ്ടിയായ കളിമണ്ണിനെ തനിക്കിഷ്ടമുള്ളതുപോലെ തച്ചുടച്ചു വാർക്കുവാൻ അവകാശമില്ലെന്ന് ആരാണ് പറഞ്ഞത്. അതെ, ദൈവം നിനക്ക് ഗത്സമേൻ അനുഭവങ്ങൾ നൽകിയെന്നു വരാം. കാരണം സഹനാനുഭവങ്ങളാണ് ഒരുവന്റെ ജീവിതത്തിന്റെ നിയോഗങ്ങൾ വെളിപ്പെടുത്തി തരുന്നത്. എന്തെന്നാല്‍, സ്വര്‍ണ്ണം അഗ്നിയില്‍ ശുദ്ധി ചെയ്യപ്പെടുന്നു; സഹനത്തിന്റെ ചൂളയില്‍ കര്‍ത്താവിനു സ്വീകാര്യരായ മനുഷ്യരും (പ്രഭാ. 2:5).

മാനുഷികമായി ചിന്തിച്ചാൽ അപ്രാപ്യമായ കാര്യങ്ങളായിരുന്നു തന്റെ 67 വയസ്സിനുള്ളിൽ വി. അമ്മത്രേസ്യ പുണ്യവതി ചെയ്തു തീർത്തത്. നിഷ്പാദുക കർമ്മലീത്ത സന്യാസിനികൾക്കായി 17 മഠങ്ങളും സന്യാസികൾക്കായി 15 ആശ്രമങ്ങളും അവൾ സ്ഥാപിച്ചു. വിദ്യാഭ്യാസം വളരെക്കുറച്ചു മാത്രം കിട്ടിയിരുന്ന അവൾക്ക് എങ്ങനെയാണ് ഇത്രമാത്രം ഈടുറ്റ ആത്മീയഗ്രന്ഥങ്ങൾ രചിക്കാൻ സാധിച്ചത്? ആത്മകഥ (Autobiography), സുകൃതസരണി (Way of Perfection), ആഭ്യന്തരഹർമ്മ്യം (Interior Castle) മതസ്ഥാപന ചരിതം(Book of Foundations), കവിതാസമാഹാരങ്ങൾ തുടങ്ങി അവൾ എഴുതിയ ആത്മീയപ്രബന്ധങ്ങൾ ഒരിക്കലെങ്കിലും ആത്മാർത്ഥമായി ഒരാൾ വായിച്ചാൽ, ആ വ്യക്തിയുടെ ജീവിതത്തിൽ ദൈവം ഒരു അനുഭവമായി മാറും; “ദൈവത്തോട് സ്നേഹസംഭാഷണം നടത്തുന്നവരായി” മാറും.

വി. അമ്മത്രേസ്യയുടെ ജീവചരിത്രം വായിച്ച്, യഹൂദയായിരുന്ന എഡിത് സ്റ്റൈൻ പോലെ വിശുദ്ധരായവർ എത്രയോ പേര്. സുഹൃത്തേ, സാധിക്കുമെങ്കിൽ അമ്മത്രേസ്യയുടെ കൃതികൾ ഒന്ന് വായിക്കുക, ജീവിതത്തിൽ നിന്റെ കാഴ്ചപ്പാടുകൾ മാറുക തന്നെ ചെയ്യും.

‘എന്നെ അറിയുന്ന, എന്റെ ദൈവവുമായുള്ള സ്നേഹസംഭാഷണമാണ് യഥാർത്ഥ പ്രാർത്ഥന’ എന്ന് കണ്ടെത്തിയ അവളുടെ പ്രാർത്ഥനാവേളയിൽ കർത്താവിന്റെ തിരുഹൃദയത്തിലെ തിരുമുറിവ് തമ്പുരാൻ സമ്മാനമായി അവൾക്കു നൽകി. ഒരു മാലാഖ തീയമ്പ് കൊണ്ട് അവളുടെ ഹൃദയത്തിൽ ഒരു മുറിവുണ്ടാക്കി (transverberatio cordis). അവൾ പറയുന്നു: “ഈശോയുടെ ആ തലോടൽ തന്നെ ഒത്തിരി വേദനിപ്പിച്ചുവെങ്കിലും ഈശോയോടുള്ള സ്നേഹത്താൽ അന്നുമുതൽ എന്റെ ഹൃദയം ജ്വലിക്കുകയായിരുന്നു.”

ഈശോയോടുള്ള സ്നേഹത്താൽ ജ്വലിച്ച ആ ഹൃദയം, ത്രേസ്യ മരിച്ച് നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും അഴുകാതെ തിരുശേഷിപ്പായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ആ ‘ഹൃദയത്തിലുള്ള മുറിവ്’ ഒത്തിരിപേരെ ദൈവവിശ്വാസത്തിൽ ആഴപ്പെടാൻ ഇന്നും കാരണമാവുകയും ചെയ്യുന്നു. 1582 ഒക്ടോബർ 4-ന്, “ദൈവമേ, ഞാൻ തിരുസഭയുടെ ഒരു മകളാണ്” എന്ന് ഉച്ചരിച്ചുകൊണ്ട് അവൾ മരിച്ചു. സ്പെയിനിലെ അൽബായിലുള്ള കർമ്മല പള്ളിയുടെ അൾത്താരയിലെ ഉന്നതപീഠത്തിലാണ് അവളുടെ വിശുദ്ധശരീരം അടക്കിരിക്കുന്നത്. പതിനഞ്ചാം ഗ്രിഗോറിയോസ് മാർപ്പാപ്പ 1622-ൽ ത്രേസ്യായെ വിശുദ്ധപദവിയിലേയ്ക്കുയർത്തി.

അതെ, സഹനങ്ങളിൽ പരാതികളും കുറ്റപ്പെടുത്തലുകളുമില്ലാതെ എങ്ങനെ ജീവിക്കാൻ സാധിക്കുമെന്ന് നമ്മെ പഠിപ്പിച്ചവൾ! പ്രാർത്ഥനയിലൂടെ ഒരു വ്യക്തിക്ക് ദൈവത്തോട് എത്രമാത്രം അടുക്കുവാൻ സാധിക്കുമെന്ന് ജീവിച്ച് കാണിച്ചുതന്നവൾ! ‘ഞാൻ ഈശോയുടെ ത്രേസ്യയാണെന്നും ഞാൻ തിരുസഭയുടെ മകളാണെന്നും’ ഉറച്ച ബോധ്യമുണ്ടായിരുന്നവൾ. ആ അമ്മത്രേസ്യയോട് ‘നമ്മുടെ ജീവിതത്തിലും ആത്മീയമായ ഉൾക്കാഴ്ചകൾ നൽകണമേ’ എന്നു പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

വിശുദ്ധ അമ്മത്രേസ്യ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.

ഫാ. ഫിലിപ്പ് നടുത്തോട്ടത്തില്‍ OCD

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.