ഹൃദയം, സന്തോഷവും സമാധാനവും കൊണ്ട് നിറയ്ക്കാന്‍ കുരിശിന്റെ വി. തെരേസ ബെനഡിക്ട പഠിപ്പിക്കുന്ന പ്രാര്‍ത്ഥന

ഭാവിയെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടാത്തവരില്ല. തൊട്ടടുത്ത ദിവസം നടക്കാന്‍ പോകുന്ന കാര്യം പോലും അറിയാന്‍ വഴിയില്ല എന്നതു തന്നെയാണ് ആ ഭയത്തിന്റെ പ്രധാന കാരണം. എന്നാല്‍, ദൈവത്തോട് ചേര്‍ന്നു നിലനില്‍ക്കുന്ന ഒരു വ്യക്തിയെ അത്തരം ചിന്തകള്‍ അലട്ടാറില്ല. സമാധാനവും സ്വസ്ഥതയുമായിരിക്കും പകരമായി അത്തരം വ്യക്തികള്‍ക്ക് ലഭിക്കുക.

ഭാവിയെക്കുറിച്ച് ആകുലപ്പെടുന്ന അവസരത്തില്‍ ദൈവത്തില്‍ പ്രത്യാശ അര്‍പ്പിക്കുന്നതിനെക്കുറിച്ചും അതില്‍ നിന്ന് നമുക്ക് ലഭിക്കുന്ന ആശ്വാസത്തെക്കുറിച്ചും കുരിശിന്റെ വി. തെരേസ ബെനഡിക്ട പറഞ്ഞുതരുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജീവിച്ചിരുന്ന വിശുദ്ധയാണ് അവര്‍. ജൂതമതത്തില്‍ നിന്ന് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചെത്തിയ വ്യക്തി. നാസി ക്രൂരതകള്‍ ധാരാളം അനുഭവിച്ച വ്യക്തി.

എന്നാല്‍, ഈ ത്യാഗങ്ങളിലെല്ലാം ദൈവത്തില്‍ ദൃഢവിശ്വാസം അര്‍പ്പിക്കാന്‍ അവള്‍ക്ക് സാധിച്ചിരുന്നു. അതുകൊണ്ടു തന്നെ അവള്‍ക്ക് ജീവിതകാലം മുഴുവന്‍ സന്തോഷത്തിലായിരിക്കുവാനും സാധിച്ചിരുന്നു. തെരേസ തന്നെ രൂപപ്പെടുത്തി, പ്രചാരത്തിലാക്കിയ ഒരു പ്രാര്‍ത്ഥന അതിന് തെളിവാണ്. പ്രത്യാശയും സന്തോഷവും പ്രദാനം ചെയ്യുന്ന പ്രാര്‍ത്ഥന എന്ന് ഒറ്റ വായനയില്‍ തന്നെ വ്യക്തമാണ്. ആ പ്രാര്‍ത്ഥന ഇപ്രകാരമാണ്….

ഓ…ദൈവമേ, സ്വര്‍ഗ്ഗീയസന്തോഷം കൊണ്ട് എന്റെ ആത്മാവിനെ നിറയ്ക്കണമേ. അതുവഴിയായി അങ്ങയെ സ്‌നേഹിക്കാനും സേവിക്കാനും എന്നെ സഹായിക്കണമേ. അങ്ങയുടെ സ്‌നേഹം എന്നില്‍ നിറച്ച്, ഞാന്‍ നടക്കുന്ന വഴിയില്‍ എനിക്ക് മുമ്പേ, എന്നോടൊപ്പം നടക്കണമേ. ജീവിതവഴിയുടെ അടുത്ത ഘട്ടം എനിക്ക് നിശ്ചയമില്ല. എന്നാല്‍, അങ്ങെന്റെ മുന്നേ നടന്നാല്‍ എനിക്ക് വഴികള്‍ വെളിപ്പെടുകയും അവയെ സമാധാനത്തോടെ അഭിമുഖീകരിക്കാന്‍ എനിക്ക് സാധിക്കുകയും ചെയ്യും. ദൈവമേ, കൂടെ ആയിരിക്കണമേ.. ആമ്മേന്‍.