വിശുദ്ധ സെറാഫിന! ശാരീരികവൈകല്യമുള്ളവരുടെ മദ്ധ്യസ്ഥയായ പുണ്യവതി

ഇറ്റലിയിലെ ടസ്‌കനിയിലുള്ള സാന്‍ ജിമിഞ്ഞാനോയിലെ ഒരു പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച സാധാരണ പെണ്‍കുട്ടിയായിരുന്നു സെറാഫിനാ. 1238 ആയിരുന്നു അവളുടെ ജനനവര്‍ഷം. അവളുടെ ചെറുപ്പത്തിലേ പിതാവ് മരിച്ചു. വിധവയായിത്തീര്‍ന്ന അമ്മ പണിയെടുത്താണ് ഉപജീവനത്തിനുള്ള വക കണ്ടെത്തിയത്. ആകര്‍ഷകയും സന്തോഷവതിയും സഹാനുഭൂതി നിറഞ്ഞവളുമായ ഒരു പെണ്‍കുട്ടിയായിരുന്നു അവള്‍.

കൂടുതല്‍ സമയവും അവള്‍ പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചു. അല്ലാത്തപ്പോഴെല്ലാം ജോലികളില്‍ മുഴുകി. തുന്നല്‍, നൂല്‍നൂല്‍ക്കല്‍ തുടങ്ങിയവയായിരുന്നു ആ ജോലികള്‍. ചെറുപ്പം മുതലേ അവള്‍ പരിത്യാഗപ്രവൃത്തികള്‍ ചെയ്യാന്‍ ശ്രദ്ധിച്ചിരുന്നു. അല്പം ഭക്ഷണം മാത്രം കഴിക്കുക, രുചികരമായ ഭക്ഷണം ഒഴിവാക്കുക അങ്ങനെയൊക്കെ. നല്ല വസ്ത്രങ്ങളോ ആഭരണങ്ങളോ ഒന്നും അവളെ ആകര്‍ഷിച്ചില്ല.

പത്താമത്തെ വയസിലാണ് അവള്‍ക്ക് തളര്‍വാതം പിടിപെടുകയും കഴുത്തിനു കീഴ്‌പ്പോട്ട് മുഴുവനായും തളര്‍ന്നുപോവുകയും ചെയ്തത്. ചലിപ്പിക്കാവുന്ന ഒരേയൊരു ശരീരഭാഗം മുഖമായിരുന്നു. ശരീരമാകെ വികലമായി. പിന്നീടുള്ള കാലം മുഴുവന്‍ അമ്മയെ ആശ്രയിച്ചാണ് അവള്‍ കഴിഞ്ഞത്. ഓക്കുമരത്തിന്റെ തടിപ്പലകയിലാണ് അവള്‍ കിടന്നത്. ഒരു വശം ചെരിഞ്ഞുകിടക്കാന്‍ മാത്രമേ അവള്‍ക്ക് ആകുമായിരുന്നുളളൂ. അതിനാല്‍ ആ ഭാഗം മുഴുവന്‍ പൊട്ടുകയും വ്രണമാകുകയും ചെയ്തു. വ്രണങ്ങളില്‍ പുഴുക്കളുമുണ്ടായി. ഇതുകൂടാതെ, മാംസം കഴിക്കാനായി എലികളും അവളുടെ ദേഹത്ത് വരുമായിരുന്നു. ഇതൊക്കെയായിട്ടും അവള്‍ സമാധാനപൂര്‍ണ്ണയും പ്രാര്‍ത്ഥനാപൂര്‍ണ്ണയുമായി കാണപ്പെട്ടു.

സെറാഫിനായുടെ 15-ാം വയസില്‍ അവളുടെ അമ്മ മരിച്ചു. മാര്‍പാപ്പയായിരുന്ന വി. ഗ്രിഗറി, സെറാഫിനായുടെ ഇഷ്ടവിശുദ്ധനായിരുന്നു. ഒരു ദിവസം വിശുദ്ധന്‍ സെറാഫിനായ്ക്ക് പ്രത്യക്ഷപ്പെട്ടുകൊണ്ട്, അവള്‍ പെട്ടെന്നുതന്നെ സ്വര്‍ഗത്തില്‍ തന്നോടൊപ്പം ദൈവത്തെ ആരാധിക്കുമെന്ന് അറിയിച്ചു. സെറാഫിനാ സന്തോഷത്തോടെ ആ ദിവസത്തിനായി കാത്തിരുന്നു. വിശുദ്ധന്റെ തിരുനാള്‍ ദിനമായ മാര്‍ച്ച് 15 അടുത്തുവരികയായിരുന്നു. സെറാഫിനായാകട്ടെ, ദൈവസന്നിധിയിലെത്താന്‍ വെമ്പല്‍കൊണ്ടിരിക്കുകയും. അങ്ങനെ ആ മാര്‍ച്ച് 15-ന് അവള്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ആത്മാവ് ദൈവസന്നിധിയിലേയ്ക്ക് യാത്രയായ ആ നിമിഷത്തില്‍ തന്നെ സാന്‍ ജിമിഞ്ഞാനോയിലെ പള്ളിമണികള്‍ താനെ മുഴങ്ങി.

പാരമ്പര്യം പറയുന്നതനുസരിച്ച്, ബെ ലിഡിയ സെറാഫിനായുടെ ശരീരം, നാളുകളായി അവള്‍ കിടന്നിരുന്ന മരപ്പലകയില്‍ നിന്ന് മാറ്റിയപ്പോള്‍ അതില്‍ നിറയെ പൂക്കള്‍ വിരിഞ്ഞുനിന്നു. മാത്രമല്ല, അതില്‍ നിന്നും അവളുടെ ശരീരത്തില്‍ നിന്നും മനോഹരമായ സുഗന്ധം ഉയര്‍ന്നുപൊങ്ങാന്‍ തുടങ്ങുകയും ചെയ്തു. അവളുടെ മാദ്ധ്യസ്ഥ്യം വഴിയായി അനേകം അത്ഭുതങ്ങള്‍ പില്‍ക്കാലത്തും സംഭവിക്കുന്നു. മാര്‍ച്ച് 15-ന് പുണ്യവതിയായ സെറാഫിനായുടെ തിരുനാള്‍ ആഘോഷിക്കുന്നു. ശാരീരികവൈകല്യമുള്ളവരുടെ പ്രത്യേക മദ്ധ്യസ്ഥയാണ് ഈ പുണ്യവതി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ