ഉണ്ണീശോയെ കൂട്ടുകാരായി കൂടെ കൂട്ടിയ അനേകം വിശുദ്ധരുണ്ട്. അതിലൊരാളാണ് ലീമയിലെ വി. റോസ്. ഈ വിശുദ്ധയ്ക്ക് ഉണ്ണീശോയോട് വലിയ സ്നേഹമായിരുന്നു. ആ സ്നേഹത്തിനു പിന്നില്‍ വലിയൊരു കഥയുണ്ട്.
ലാറ്റിൻ അമേരിക്കൻ രാജ്യമായ പെറുവിൽ ലീമ എന്ന പട്ടണത്തില്‍ ജനിച്ച വിശുദ്ധയാണ് ലീമായിലെ റോസ്. സ്കൂൾ ഒരു മൈൽ അകലെയായിരുന്നതിനാൽ വലുതായ ശേഷം പഠനത്തിനയയ്ക്കാം എന്നു കരുതി മാതാപിതാക്കൾ റോസിനെ ചെറുപ്പത്തിൽ സ്കൂളിലയച്ചില്ല. പക്ഷേ, അവൾക്ക് പഠിക്കണം എന്നു വലിയ ആഗ്രഹമായിരുന്നു. ഈ ആവശ്യവുമായി മാതാപിതാക്കളെയും സഹോദരങ്ങളെയും സമീപിച്ചുവെങ്കിലും അവരൊക്കെ അവരുടേതായ തിരക്കുകളിലായിരുന്നു.
അവൾ സങ്കടപ്പെട്ട് വീട്ടിനുള്ളിൽ ഉണ്ണീശോയുടെ രൂപത്തിനടുത്തെത്തി മുട്ടുകുത്തി പ്രാർത്ഥിച്ചു, “എന്റെ ഉണ്ണീശോയെ, അങ്ങയെ അറിയാനും സ്നേഹിക്കാനും എന്നെ പഠിപ്പിക്കണമേ, എനിക്കു കൂട്ടിനു വരണമേ.” ഏറെ നേരം പ്രാർത്ഥിച്ച് കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അവൾ മൂത്ത സഹോദരൻ ഫെർഡിനാന്റിനെ തേടിയെങ്കിലും കണ്ടില്ല. പെട്ടന്ന് ഒരു കോമളബാലൻ അവളുടെ മുമ്പിലെത്തി സങ്കടകാരണം ചോദിച്ചു. ചേട്ടനെ കാണാഞ്ഞ കാര്യം അവൾ കരഞ്ഞുകൊണ്ടു പറഞ്ഞു. “എങ്കിൽ വരൂ, നമുക്കൊരുമിച്ചു കളിക്കാം” എന്ന് ബാലൻ പറഞ്ഞു. അവർ ഒരുമിച്ച്, റോസിന് പ്രിയപ്പെട്ട കല്ലുകളി തുടങ്ങി. കളിയിൽ റോസ് ആ ബാലനെ തോൽപ്പിച്ചു. ബാലൻ അവളോട് ചോദിച്ചു: “എന്താ നിന്റെ പേര് ?” അവൾ മറുപടി പറഞ്ഞത് “ഉണ്ണീശോയുടെ റോസ്” എന്നായിരുന്നു. റോസ് ബാലന്റെ പേരു ചോദിച്ചപ്പോൾ മറുപടിയായി അവൻ പറഞ്ഞ പേര് “റോസിന്റെ ഉണ്ണീശോ” എന്നായിരുന്നു. സംശയം മാറ്റാനായി അവൾ “രൂപക്കൂട്ടിൽ ഇരിക്കുന്ന ഉണ്ണീശോ ആണോ നീ” എന്ന് ചോദിച്ചു. “അതെ” എന്ന് ബാലനും മറുപടി പറഞ്ഞു. അപ്പോൾ ഏറെ സന്തോഷത്തോടെ അവൾ പഠിക്കുവാനുള്ള തന്റെ ആഗ്രഹം ഉണ്ണീശോയെ അറിയിച്ചു.
“ഞാൻ പഠിപ്പിക്കാം” എന്ന് ഉണ്ണീശോ നൽകിയ ഉറപ്പിൽ അവൾ ഓടിപ്പോയി കാതറിന്റെ പുസ്തകം എടുത്തുകൊണ്ടു വന്നു. ഉണ്ണീശോ അത് അവൾക്ക് വായിച്ചുകൊടുത്തു. അവൾ പതിയെ വായിച്ചുതുടങ്ങി. തെറ്റുകൂടാതെ, നിർത്താതെ അവൾ വായന തുടർന്നപ്പോൾ ഉണ്ണീശോ പതിയെ നടന്നകന്നു. പിന്നീട് ഒരിക്കലും അവൾക്ക് ഉണ്ണീശോയോടുള്ള സ്നേഹവും സൗഹൃദവും കുറഞ്ഞിട്ടില്ല.