വിശുദ്ധ റഫായേല്‍! സൗഖ്യദായകനും സഹായകനുമായ വിശുദ്ധ ദൂതന്‍

മുഖ്യദൂതന്മാരുടെ കൂട്ടത്തില്‍, വിശുദ്ധ ഗ്രന്ഥത്തില്‍ ഏറ്റവും കുറവ് പരാമര്‍ശമുള്ള ദൂതനാണ് വി. റഫായേല്‍. പഴയനിയമത്തില്‍ മാത്രമാണ് അദ്ദേഹത്തെക്കുറിച്ച് പരാമര്‍ശമുള്ളത്. വി. ഗബ്രിയേലിനെയും വി. മിഖായേലിനെയും കുറിച്ച് പുതിയ നിയമത്തിലും പരാമര്‍ശമുണ്ട്.

പരമ്പരാഗതമായി ഓക്ടോബര്‍ 24-നാണ് വി. റഫായേലിന്റെ തിരുനാള്‍ ആഘോഷിച്ചിരുന്നതെങ്കിലും അടുത്ത കാലത്തായി മറ്റ് രണ്ട് മുഖ്യദൂതരോടുമൊപ്പം സെപ്റ്റംബര്‍ 29-നാണ് വി. റഫായേലിന്റെയും തിരുനാള്‍ ആചരിക്കുന്നത്.

വിശുദ്ധ ഗ്രന്ഥത്തില്‍ അധികം പരാമര്‍ശമില്ലെങ്കിലും വി. റഫായേല്‍ മാലാഖയുടെ സഹായവും സംരക്ഷണവും നാം ഒരിക്കലും മറക്കരുത്. പ്രത്യേകമായി രോഗാവസ്ഥകളില്‍ ആയിരിക്കുമ്പോള്‍.

തോബിത്തിന്റെ പുസ്തകത്തില്‍ ‘ഞാന്‍ റഫായേലാണ്, വിശുദ്ധരുടെ പ്രാര്‍ത്ഥനകള്‍ സമര്‍പ്പിക്കുകയും പരിശുദ്ധനായവന്റെ മഹത്വത്തിന്റെ സന്നിധിയില്‍ പ്രവേശിക്കുകയും ചെയ്യുന്ന ഏഴ് വിശുദ്ധ ദൂതന്മാരില്‍ ഒരുവന്‍’ എന്നാണ് ദൂതന്‍ സ്വയം വെളിപ്പെടുത്തുന്നത്. തോബിത്തിന്റെ നഷ്ടപ്പെട്ട കാഴ്ചശക്തി തിരികെ നല്‍കുന്നതും, സാറാ എന്ന യുവതിയെ ശല്യപ്പെടുത്തിക്കൊണ്ടിരുന്ന പിശാചിനെ ബന്ധിച്ച്, തോബിയാസിനെ അവള്‍ക്ക് ഭര്‍ത്താവായി നല്‍കിയതും വി. റഫായേലാണ്.

വിശുദ്ധ ഗ്രന്ഥത്തില്‍ റഫായേലിന്റെ ദൗത്യത്തെക്കുറിച്ച് വ്യക്തമായി രേഖപ്പെടുത്തുന്നുണ്ട്. ‘തോബിത്തിന്റെ കണ്ണുകളിലെ വെളുത്തപടലം നീക്കം ചെയ്യാനും റഗുവേലിന്റെ പുത്രി സാറായെ തോബിത്തിന്റെ പുത്രന്‍ തോബിയാസിന് വധുവായി നല്‍കാനും അസ്‌മോദേവൂസ് എന്ന ദുഷ്ടഭൂതത്തെ ബന്ധിക്കാനും റഫായേല്‍ നിയുക്തനായി’ (തോബിത്ത് 3:16) എന്ന്.

തോബിയാസിനെ അവന്റെ യാത്രയിലുടനീളം സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്തതിന്റെ സൂചകമായി യാത്രികരുടെയും പ്രത്യേകിച്ച് തീര്‍ത്ഥാടകരുടെയും മദ്ധ്യസ്ഥനായും വി. റഫായേല്‍ വണങ്ങപ്പെടുന്നു. ഏറ്റവും പ്രധാനമായി ദൈവം സുഖപ്പെടുത്തുന്നു, ദൈവികവിമോചകന്‍, ദൈവത്തിന്റെ പരിഹാരദൂതന്‍ എന്നൊക്കെയാണ് റഫായേല്‍ എന്ന ഹീബ്രു വാക്കിന്റെ അര്‍ത്ഥവും.

അതുകൊണ്ട് മറക്കാതിരിക്കാം, രോഗാവസ്ഥകളേതായാലും ആവശ്യങ്ങള്‍ എന്തു തന്നെയായാലും ദൈവത്തിന്റെ മുമ്പില്‍ അവയെ അര്‍പ്പിക്കുന്ന ഈ സഹായകനെ.