വത്തിക്കാനിലെ വി. പത്രോസിന്റെ വെങ്കലരൂപവും ചരിത്രവും

ഇറ്റലിയിലേക്ക് ആദ്യമായി വന്നപ്പോൾ മനസിലുണ്ടായിരുന്ന വലിയ ആഗ്രഹങ്ങളായിരുന്നു വത്തിക്കാൻ സന്ദർശിക്കുക എന്നതും മാർപാപ്പായെ കാണുക എന്നതും. ദൈവാനുഗ്രഹം കൊണ്ട്, വന്നതിന്റെ രണ്ടാം നാൾ വത്തിക്കാൻ സന്ദർശിക്കാൻ അവസരം കിട്ടി. ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ വളരെ മനോഹരമായ ബസിലിക്ക നോക്കിക്കാണുമ്പോൾ എന്റെ കണ്ണുകൾ വി. പത്രോസിന്റെ വലിയ രൂപത്തില്‍ ഉടക്കി.

വലതുകാലിന്റെ ആകൃതി നഷ്ടപ്പെട്ട വി. പത്രോസിന്റെ രൂപം

ആ രൂപത്തിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു. അതിന്റെ വലതുകാലിന്റെ ആകൃതി നഷ്ടമായിരിക്കുന്നു! വെങ്കലത്തിൽ പണിതിരിക്കുന്ന രൂപത്തിന്റെ ആകൃതി എങ്ങനെ നഷ്ടമായെന്നു ഞാൻ കുറെ ചിന്തിച്ചു. കൂടെ വന്ന സിസ്റ്ററിനോട് ചോദിക്കാൻ ഭാഷയുടെ പരിമിതികൾ അന്ന് എന്നെ അനുവദിച്ചില്ല. വർഷങ്ങൾക്കിപ്പുറം റോമിൽ താമസിക്കാനും മനസിൽ കടന്നുകൂടിയ ആ ചെറിയ സംശയം നികത്താനും സാധിച്ചു.

സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ അമൂല്യങ്ങളായ നിരവധി കലാസൃഷ്ടികളുണ്ട്. വത്തിക്കാനിലെ ഓരോ കലാസൃഷ്ടിക്കും പിന്നിൽ ആകർഷകമായ ഓരോ ചരിത്രമുണ്ട്. ഇതിൽ ഒന്നാണ് അപ്പസ്തോലനായ പത്രോസിന്റെ വെങ്കലരൂപത്തിന്റെ ചരിത്രം. പതിമൂന്നാം നൂറ്റാണ്ടിലാണ് ഇതിന്റെ തുടക്കം.

വെങ്കലരൂപത്തിന്റെ ശില്പി

ബസിലിക്കയുടെ മദ്ധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന വി. പത്രോസിന്റെ വെങ്കലപ്രതിമ നവോത്ഥാന കാലഘട്ടത്തിലെ മാർബിൾ സിംഹാസനത്തിൽ ഇരിക്കുന്ന രീതിയിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ദാർശനിക പാലിയം (Pallio filosofico) ആണ് ധരിച്ചിരിക്കുന്നത്. വലതുകൈ ഗ്രീക്ക് രീതിയിൽ അനുഗഹിക്കുന്നതായും (രണ്ട് വിരലുകൾ ഉപയോഗിച്ച്) ഇടതുകൈയ്യിൽ ദൈവരാജ്യത്തിന്റെ താക്കോലുകൾ നെഞ്ചോട് ചേർത്തുപിടിച്ചിരിക്കുന്ന രീതിയിലുമാണ് ഇത്. 1200-ന്റെ അവസാനത്തോടെ അർനോൾഫോ ഡി കാംബിയോയാണ് (Arnolfo di Cambio) ഇത് പണികഴിപ്പിച്ചത് എന്ന് പറയപ്പെടുന്നു. വ്യത്യസ്തമായ അഭിപ്രായം ഉള്ളവരുമുണ്ട്.

ആകൃതി നഷ്ടപ്പെടാനുള്ള കാരണം

അപ്പസ്തോലന്മാരിൽ ഒന്നാമനും ആദ്യത്തെ മാർപാപ്പയുമായ വി. പത്രോസിന്റെ പ്രതിമയുടെ വലതുകാൽ തൊട്ടുമുത്തുന്നത് ഭക്തിനിർഭരമായ പ്രവൃത്തിയാണെന്ന ജനപ്രിയ പാരമ്പര്യമുണ്ട്. നൂറ്റാണ്ടുകളായിട്ടുള്ള തീർത്ഥാടകരുടെ ഭക്തിനിർഭരമായ ഈ പുണ്യകർമ്മം മൂലം പ്രതിമയുടെ വലതുകാൽ നശിച്ചിരിക്കുന്നത് ഇന്ന് നമുക്ക് കാണാവുന്നതാണ്. എത്ര കോടി തീര്‍ത്‌ഥാടകരുടെ കരങ്ങള്‍ സ്പര്‍ശിച്ചിട്ടുണ്ടാവും ആ കാല്‍പ്പാദത്തെ!

മധ്യകാലഘട്ടത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഈ ശില്പം, പുരാതന ബസിലിക്കയിലെ വി. മാർട്ടിന്റെ ക്ലോയിസ്റ്ററിൽ സൂക്ഷിരുന്നു. പുതിയ ബസിലിക്കയുടെ താഴികക്കുടം പൂർത്തിയാക്കിയപ്പോൾ പോൾ അഞ്ചാമൻ മാർപാപ്പ ഇത് സെന്റ് പീറ്റേഴ്സിലേക്കു മാറ്റി.

പാരമ്പര്യം

പുരാതനകാലം മുതൽ വലിയ തിരുനാളുകളുടെ അവസരത്തിൽ പ്രത്യേകിച്ചും ജൂൺ 29-ന് റോമൻ അപ്പസ്തോലന്മാരുടെ തിരുനാളിന് പത്രോസിന്റെ ഈ രൂപം അതിമനോഹരമായ മാർപാപ്പയുടെ വസ്ത്രങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. ധൂമ്രനൂൽ ചുവപ്പും തിളക്കമുള്ള സ്വർണ്ണനൂലുകൾ കൊണ്ടുമാണ് വസ്ത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. വി. പത്രോസിന്റെ രാജത്വത്തിന്റെ പ്രതീകങ്ങളായി ഇവ കണക്കാക്കപ്പെടുന്നു. ചുവപ്പ് സഹനത്തെയും സ്വർണ്ണം രാജത്വത്തയും ഓർമ്മിപ്പിക്കുന്നു.

ചില തടസങ്ങള്‍

1798-ലും 1799-ലും മാത്രമാണ് മാർപാപ്പായുടെ വസ്ത്രങ്ങൾ ധരിപ്പിക്കുന്ന ചടങ്ങ് സർക്കാർ നിരോധിച്ചത്. ആദ്യമൊന്നും ആളുകൾ ഇത് കാര്യമായി എടുത്തില്ല എങ്കിലും രണ്ടാമത്തെ അവസരത്തിൽ സംശയാസ്പദമായ കിംവദന്തികൾ പ്രചരിക്കാൻ തുടങ്ങി. റോമൻ ഭരണാധികാരികൾ പ്രതിമ അലങ്കരിക്കാൻ ഉപയോഗിച്ചിരുന്ന ആചാരപരമായ ഉടുപ്പ് സ്വന്തമാക്കി എന്നൊരു കഥയും ഈ സമയത്ത് ഉണ്ടായി. ഏതായാലും ചെറിയ ഒരു ഇടവേളക്കു ശേഷം ഈ ചടങ്ങ് പുനരാരംഭിച്ചു. അതിനു ശേഷം ജൂൺ 29 റോമൻ അപ്പോസ്തോലന്മാരുടെ തിരുനാളിന് വി. പത്രോസിന്റെ പ്രതിമയെ മാർപാപ്പയുടെ വസ്ത്രങ്ങൾ കൊണ്ട് അലങ്കരിക്കുന്നത് തുടർന്നു പോരുന്നു.

ലോകത്ത്, കസേരയിൽ ഇരിക്കുന്ന രീതിയിലുള്ള വി. പത്രോസിന്റെ രൂപത്തിന്റെ നിരവധി പകർപ്പുകളുണ്ട്. അവയിലൊന്ന്, പാരീസിലെ നോട്രെ-ഡാം കത്തീഡ്രലിൽ സ്ഥിതിചെയ്യുന്നു. ആ രൂപത്തിനും നിരവധി പ്രത്യേകതകള്‍ കാണാന്‍ സാധിക്കും.

സി. ലിബി ജോര്‍ജ് SDP

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.