വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ വെങ്കല രൂപവും ചരിത്രവും

ഇറ്റലിയിലേക്ക് ആദ്യമായി വന്നപ്പോൾ മനസിലുണ്ടായിരുന്ന വലിയ ആഗ്രഹങ്ങളായിരുന്നു വത്തിക്കാൻ സന്ദർശിക്കുക എന്നതും മാർപ്പാപ്പായെ കാണുക എന്നതും. ദൈവാനുഗ്രഹം കൊണ്ട് വന്നതിന്റെ രണ്ടാം നാൾ വത്തിക്കാൻ സന്ദർശിക്കാൻ അവസരം കിട്ടി. കൊച്ചുകുട്ടിയുടെ കൗതുകത്തോടെ വളരെ മനോഹരമായ ബസിലിക്ക നോക്കി കാണുമ്പോൾ എന്റെ കണ്ണുകൾ വിശുദ്ധ പത്രോസിന്റെ വലിയ രൂപത്തില്‍ ഉടക്കി.

വലതുകാലിന്റെ ആകൃതി നഷ്ട്ടപ്പെട്ട വി. പത്രോസിന്റെ രൂപം

ആ രൂപത്തിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു. അതിന്റെ വലതു കാലിന്റെ ആകൃതി നഷ്ടമായിരിക്കുന്നു! വെങ്കലത്തിൽ പണിതിരിക്കുന്ന രൂപത്തിന്റെ ആകൃതി എങ്ങനെ നഷ്ടമായെന്നു ഞാൻ കുറെ ചിന്തിച്ചു. കൂടെ വന്ന സിസ്റ്ററിനോട് ചോദിക്കാൻ ഭാഷയുടെ പരിമിതികൾ അന്ന് എന്നേ അനുവദിച്ചില്ല. വർഷങ്ങൾക്കിപ്പുറം റോമിൽ താമസിക്കുവാനും മനസ്സിൽ കടന്നുകൂടിയ ആ ചെറിയ സംശയം നികത്തുവാനും സാധിച്ചു.

സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ അമൂല്യങ്ങളായ നിരവധി കലാസൃഷ്ടികള്‍ ഉണ്ട്. വത്തിക്കാനിലെ ഓരോ കലാസൃഷ്ടിക്കും പിന്നിൽ ആകർഷകമായ ഓരോ ചരിത്രമുണ്ട്. ഇതിൽ ഒന്നാണ് അപ്പസ്തോലനായ പത്രോസിന്റെ വെങ്കല രൂപത്തിന്റെ ചരിത്രം. പതിമൂന്നാം നൂറ്റാണ്ടിലാണ് ഇതിന്റെ തുടക്കം.

വെങ്കല രൂപത്തിന്റെ ശില്പി

ബസിലിക്കയുടെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന വിശുദ്ധ പത്രോസിന്റെ വെങ്കല പ്രതിമ നവോത്ഥാന കാലഘട്ടത്തിലെ മാർബിൾ സിംഹാസനത്തിൽ ഇരിക്കുന്ന രീതിയിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ദാർശനിക പാലിയം (Pallio filosofico) ആണ് ധരിച്ചിരിക്കുന്നത്. വലതുകൈ ഗ്രീക്ക് രീതിയിൽ അനുഗഹിക്കുന്നതായും (രണ്ട് വിരലുകൾ ഉപയോഗിച്ച്) ഇടതുകൈയ്യിൽ ദൈവരാജ്യത്തിന്റെ താക്കോലുകൾ നെഞ്ചോട് ചേർത്തുപിടിച്ചിരിക്കുന്ന രീതിയിലുമാണ് ഇത്. 1200 -ന്റെ അവസാനത്തോടെ അർനോൾഫോ ഡി കാംബിയോയാണ് (Arnolfo di Cambio) ഇത് പണികഴിപ്പിച്ചത് എന്ന് പറയപ്പെടുന്നു. വ്യത്യസ്തമായ അഭിപ്രായം ഉള്ളവരും ഉണ്ട്.

ആകൃതി നഷ്ട്ടപ്പെടാനുള്ള കാരണം

അപ്പസ്തോലന്മാരിൽ ഒന്നാമനും ആദ്യത്തെ മാർപ്പാപ്പയും ആയ വിശുദ്ധ പത്രോസിന്റെ പ്രതിമയുടെ വലതുകാൽ തൊട്ടുമുത്തുന്നത് ഭക്തിനിർഭരമായ പ്രവൃത്തിയാണെന്ന ജനപ്രിയ പാരമ്പര്യമുണ്ട്. നൂറ്റാണ്ടുകളായിട്ടുള്ള തീർത്ഥാടകരുടെ ഭക്തിനിർഭരമായ ഈ പുണ്യകർമ്മം മൂലം പ്രതിമയുടെ വലതുകാൽ നശിച്ചിരിക്കുന്നത് ഇന്ന് നമുക്ക് കാണാവുന്നതാണ്. എത്ര കോടി തീര്‍ഥാടകരുടെ കരങ്ങള്‍ സ്പര്‍ശിചിച്ചിട്ടുണ്ടാവും ആ കാല്‍ പാദത്തെ!

മധ്യകാലഘട്ടത്തിൽ, വളരെ പ്രാധാന്യമർഹിക്കുന്ന ഈ ശില്പം, പുരാതന ബസിലിക്കയിലെ വിശുദ്ധ മാർട്ടിന്റെ ക്ലോയിസ്റ്ററിൽ സൂക്ഷിരുന്നു. പുതിയ ബസിലിക്കയുടെ താഴികകുടം പൂർത്തിയാക്കിയപ്പോൾ പോൾ അഞ്ചാമൻ മാർപ്പാപ്പ ഇത് സെന്റ് പീറ്റേഴ്സിലേക്ക് മാറ്റി.

പാരമ്പര്യം

പുരാതന കാലം മുതൽ വലിയ തിരുനാളുകളുടെ അവസരത്തിൽ പ്രത്യേകിച്ചും ജൂൺ 29 – ന് റോമൻ അപ്പസ്തോലന്മാരുടെ തിരുനാളിന് പത്രോസിന്റെ ഈ രൂപം അതിമനോഹരമായ മാർപ്പാപ്പയുടെ വസ്ത്രങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. ധൂമ്രനൂൽ ചുവപ്പും തിളക്കമുള്ള സ്വർണ്ണ നൂലുകൾ കൊണ്ടുമാണ് വസ്ത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. വിശുദ്ധ പത്രോസിന്റെ രാജത്വത്തിന്റെ പ്രതീകങ്ങളായി ഇവ കണക്കാക്കപ്പെടുന്നു. ചുവപ്പ് സഹനത്തെയും സ്വർണ്ണം രാജത്വത്തയും ഓർമ്മിപ്പിക്കുന്നു.

ചില തടസങ്ങള്‍

1798 – ലും 1799 – ലും മാത്രമാണ് മാർപ്പാപ്പായുടെ വസ്ത്രങ്ങൾ ധരിപ്പിക്കുന്ന ചടങ്ങ് സർക്കാർ നിരോധിച്ചത്. ആദ്യമൊന്നും ആളുകൾ ഇത് കാര്യമായി എടുത്തില്ല എങ്കിലും രണ്ടാമത്തെ അവസരത്തിൽ സംശയാസ്പദമായ കിംവദന്തികൾ പ്രചരിക്കാൻ തുടങ്ങി. റോമൻ ഭരണാധികാരികൾ പ്രതിമ അലങ്കരിക്കാൻ ഉപയോഗിച്ചിരുന്ന ആചാരപരമായ ഉടുപ്പ് സ്വന്തമാക്കി എന്നൊരു കഥയും ഈ സമയത്ത് ഉണ്ടായി. ഏതായാലും ചെറിയ ഒരു ഇടവേളയ്ക്കു ശേഷം ഈ ചടങ്ങ് പുനരാരംഭിച്ചു. അതിനുശേഷം ജൂൺ 29 റോമൻ അപ്പോസ്തോലന്മാരുടെ തിരുനാളിന് വിശുദ്ധ പത്രോസിന്റെ പ്രതിമയെ മാർപ്പാപ്പയുടെ വസ്ത്രങ്ങൾ കൊണ്ട് അലങ്കരിക്കുന്നത് തുടർന്നുപോരുന്നു.

ലോകത്ത്, കസേരയിൽ ഇരിക്കുന്ന രീതിയിലുള്ള വിശുദ്ധ പത്രോസിന്റെ രൂപത്തിന്റെ നിരവധി പകർപ്പുകൾ ഉണ്ട്. അവയിലൊന്ന്, പാരീസിലെ നോട്രെ-ഡാം കത്തീഡ്രലിൽ സ്ഥിതിചെയ്യുന്നു. ആ രൂപത്തിനും നിരവധി പ്രത്യേകതകള്‍ കാണാന്‍ സാധിക്കും.

സി. ലിബി ജോര്‍ജ് SdP

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.