എങ്ങനെയാണ് വിശുദ്ധ പീറ്റര്‍ ക്ലാവര്‍ ലക്ഷക്കണക്കിന് ആളുകളെ മാനസാന്തരപ്പെടുത്തിയത്

പതിനേഴാം നൂറ്റാണ്ടില്‍ സ്‌പെയിനില്‍ ജീവിച്ചിരുന്ന ജെസ്യൂട്ട് മിഷനറിയാണ് വി. പീറ്റര്‍ ക്ലാവര്‍. സഹപ്രവര്‍ത്തകനായിരുന്ന വി. അല്‍ഫോന്‍സ് റോഡ്രിഗസിന്റെ നിര്‍ദ്ദേശപ്രകാരമാണ് പീറ്റര്‍ ക്ലാവര്‍ സ്‌പെയിനിലെ കോളനികളിലേയ്ക്ക് സുവിശേഷവുമായി കടന്നുചെന്നത്.

വളരെ പരിതാപകരമായ ജീവിതനിലവാരത്തിലാണ് അവിടെ ആളുകള്‍ കഴിഞ്ഞിരുന്നത്. അതുകൊണ്ടു തന്നെ പരിവര്‍ത്തനവും മാനസാന്തരവും സാധ്യമാക്കുന്നതിനു മുമ്പുതന്നെ അവരുടെ ഭൗതിക ആവശ്യങ്ങളിലേയ്ക്കാണ് വിശുദ്ധന്‍ ശ്രദ്ധ എത്തിച്ചത്. ആദ്യം തന്നെ, ആ സമൂഹത്തിലെ രോഗികള്‍ക്ക് ആവശ്യമായ ചികിത്സകളും ശുശ്രൂഷകളും നല്‍കി. അതുപോലെ മരിച്ചവരെ എല്ലാവിധ ആചാരങ്ങളോടും ബഹുമാനത്തോടും കൂടെ സംസ്‌കരിക്കാന്‍ നേതൃത്വം കൊടുത്തു. അങ്ങനെ പലതും.

എല്ലാത്തിനുമുപരിയായി വി. പീറ്റര്‍ ക്ലാവര്‍ മറ്റൊരു പ്രധാന കാര്യം കൂടി ചെയ്തു. അവരോട് മനുഷ്യരെപ്പോലെ പെരുമാറി. കാരണം, അതുവരെ എല്ലാവരും മൃഗങ്ങളോടെന്നതിന് സമാനമായാണ് ആ ജനത്തോട് പെരുമാറിയിരുന്നത്. അതായത്, സുവിശേഷം പ്രസംഗിക്കുകയല്ല, പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം ചെയ്തത്. ക്രിസ്തുവിന്റെ സ്‌നേഹത്തിലേയ്ക്ക് ഒരു ജനതയെ അടുപ്പിക്കാന്‍ അതിലും നല്ല മാര്‍ഗ്ഗമില്ലെന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. പിന്നീട് മൂന്നു ലക്ഷത്തിലധികം ആളുകള്‍ വി. പീറ്റര്‍ ക്ലാവറില്‍ നിന്ന് മാമ്മോദീസ സ്വീകരിച്ച് സഭയില്‍ അംഗങ്ങളായി.